വാങ്ങിപ്പിനുശേഷം മൂന്നാം ഞായര്‍. വി. മത്തായി 17: 22-27
യേശുതമ്പുരാന്‍ തന്‍റെ പരസ്യശുശ്രൂഷയില്‍ തന്‍റെ ശിഷ്യന്മാരെ പല രീതിയില്‍ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്‍റെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത് വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ്. ഈ വേദഭാഗത്തിന്‍റെ ആദ്യഭാഗത്ത് വി. മത്തായി 17:22 മുതല്‍ 23 വരെയുള്ള വാക്യങ്ങളില്‍ തന്‍റെ പീഢാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. ഇതു കൂടാതെ മറ്റുപല അവസരങ്ങളിലും പീഢാനുഭവത്തെക്കുറിച്ചും പറയുന്നുണ്ട്. വി. മര്‍ക്കോസ് 9:30 മുതല്‍ 32 വരെയും വി. ലൂക്കോസ് 9:43 മുതല്‍ 45 വരെയും. വി. മത്തായി 17:22 മുതല്‍ 23 വരെ, തന്‍റെ പീഢാനുഭവത്തെപ്പറ്റി രണ്ടാം പ്രാവശ്യം ആണ് പറയുന്നത്. യേശുതമ്പുരാന്‍ ശിഷ്യാന്മാരോടായി പറയുന്നു, “മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടും. അവര്‍ അവനെ വധിക്കും. എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇതു കേട്ടപ്പോള്‍ ശിഷ്യന്മാര്‍ അതീവ ദുഃഖിതരായി. വി. മര്‍ക്കോസും വി. ലൂക്കോസും പറയുന്നത് മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും കേട്ടപ്പോള്‍ ശിഷ്യന്മാര്‍ക്ക് വളരെ ദുഃഖമുണ്ടായി. ഈ വചനം അവര്‍ ഗ്രഹിച്ചില്ല. ഇത്രയും നാള്‍ അവര്‍ യേശുതമ്പുരാന്‍റെ കൂടെ ഉണ്ടായിരുന്നിട്ടും കഷ്ടാനുഭവം, മരണം, പുനരുത്ഥാനം ഈ കാര്യങ്ങളെക്കുറിച്ച് വേണ്ട രീതിയില്‍ ഗ്രഹിപ്പാന്‍ അവര്‍ക്കു സാധിച്ചില്ല.
പീഢാനുഭവത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ഒരു മുന്നൊരുക്കമായിരുന്നു
യേശുതമ്പുരാന്‍ ശിഷ്യന്മാരോട് തന്‍റെ കഷ്ടാനുഭവത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുമ്പോള്‍ ശിഷ്യന്മാര്‍ക്ക് അതീവ ദുഃഖമുണ്ടായി എന്നു വായിക്കുന്നു. ഇത് അവര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് ഇത് ഒരു ആകസിമികമായ ആഘാതമായിത്തീരാതിരിക്കാനാണ് തന്‍റെ കഷ്ടാനുഭവത്തെക്കുറിച്ച് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നത്. അതിലേക്ക് അവരെ മാനസികമായി ഒന്നു പാകപ്പെടുത്തുവാനാണ് വീണ്ടും ഓര്‍പ്പിച്ചുകൊണ്ടിരുന്നത്. യേശുവിന്‍റെ മരണത്തെപ്പറ്റി അവിടുന്നു പറയുമ്പോള്‍ എല്ലാം അവിടുത്തെ പുനരുത്ഥാനത്തെപ്പറ്റിയും പറയുന്നു. മരണവും പുനരുത്ഥാനവും തമ്മില്‍ അവിഭാജ്യ ബന്ധമുണ്ട്. വിശുദ്ധനായ പൗലോസ് ശ്ലീഹായും യേശുവിന്‍റെ മരണവും പുനരുത്ഥാനവും ബന്ധപ്പെടുത്തി പറയുന്നുണ്ട്. “ക്രിസ്തുയേശു മരിച്ചവന്‍, മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവന്‍ തന്നേ” (റോമര്‍ 8:34). അപ്പോള്‍ മരണം ഉള്ളിടത്ത് ഒരു ഉയിര്‍പ്പുണ്ട്. ശിഷ്യന്മാര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കുന്ന കാര്യമാണ്. എന്നാള്‍ ശിഷ്യന്മാര്‍ക്ക് ഈ സമയം ക്രിസ്തു പറഞ്ഞത് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചില്ല. ഇത് യേശുക്രിസ്തുവിന്‍റെ മരണത്തിനും ഉയിര്‍പ്പിനും ശേഷമാണ് അവര്‍ക്ക് ഈ പറഞ്ഞതിന്‍റെ ശരിയായ അര്‍ത്തം മനസ്സിലായത്. ഈ ഓര്‍മ്മപ്പെടുത്തലിലൂടെ യേശുതമ്പുരാന്‍ ശിഷ്യന്മാരെ കര്‍ത്താവിന്‍റെ മരണം സംഭവിക്കുമ്പോള്‍ മാനസികമായി ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.
സമൂഹത്തില്‍ ഇടര്‍ച്ച ഉണ്ടാകാതിരിക്കുവാന്‍ ശ്രമിക്കുന്നു
ഈ വേദഭാഗത്തിന്‍റെ രണ്ടാം ഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നത് ശിഷ്യന്മാര്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ദേവാലയ നികുതി പിരിക്കുന്നവര്‍ പത്രോസിനെ സമീപിച്ച് നിങ്ങളുടെ ഗുരു തലവരി കൊടുക്കാറില്ലേ? “ഉണ്ട്” എന്ന് പത്രോസ് മറുപടി പറഞ്ഞു. പിന്നീട് അവര്‍ വീട്ടിലെത്തിയപ്പോള്‍ യേശു ശീമോനോടു ചോദിക്കുന്നു. നിനക്ക് എന്തു തോന്നുന്നു ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍ നിന്നാണ് ചുങ്കം പിരിക്കുന്നത് സ്വന്തം മക്കളില്‍ നിന്നോ അതോ അന്യരില്‍ നിന്നോ? അന്യരില്‍ നിന്ന് എന്ന് പത്രോസ് മറുപടി പറഞ്ഞപ്പോള്‍ യേശു പത്രോസിനോട് അങ്ങനെയെങ്കില്‍ മക്കള്‍ ഒഴിവാതക്കപ്പെട്ടിരിക്കയാണല്ലോ. എങ്കിലും നാം അവര്‍ക്ക് ഇടര്‍ച്ചയാകാതിരിക്കുക ആവശ്യമാണ്. നീ കടലില്‍ പോയി ചൂണ്ടയിടുക. ആദ്യം കിട്ടുന്ന മത്സ്യത്തിന്‍റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം നീ കണ്ടെത്തും. അതെടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്കുക.
ഈ സുവിശേഷത്തില്‍ മാത്രം വിവരിക്കുന്ന ഒരു സംഭവമാണിത്. യേശു ദേവാലയ നികുതി കൊടുക്കുമോ എന്നു പരീക്ഷിക്കുവാനായിട്ടാണ് ചുങ്കം പിരിവുകാര്‍ യേശുവിനെ സമീപിക്കുന്നത്. ശിഷ്യസമൂഹത്തിന്‍റെ വക്താവ് എന്ന നിലയില്‍ അവര്‍ പത്രോസിന്‍റെ അടുത്തുവന്നു ചോദിച്ചു. ഈ നികുതി യഹൂദന്മാരില്‍ ഇരുപതു വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ ദേവാലയ സംരക്ഷണത്തിനും ദേവാലയ ചെലവുകള്‍ക്കുമായി അര ശേക്കെല്‍ പണം വര്‍ഷംതോറും കൊടുക്കണമെന്ന നിയമമുണ്ട്. അതിനുവേണ്ടിയാണ് പിരിവുകാര്‍ യേശുവിനെ സമീപിച്ചത്. അപ്പോള്‍ യേശു പത്രോസിനോടു പറയുന്നത് താന്‍ ദൈവപുത്രനാണ്. ദൈവപുത്രനായ തനിക്ക് ചുങ്കം കൊടുക്കേണ്ട ആവശ്യമില്ല. കാരണം ചുങ്കം മക്കളില്‍ നിന്നു പിരിക്കാറില്ല. എങ്കിലും നാം അവര്‍ക്ക് തടസ്സമുണ്ടാക്കാതിരിപ്പാനായിട്ട് കൊടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. യേശു ദൈവപുത്രനാണെന്ന് യഹൂദന്മാര്‍ സമ്മതിച്ചിട്ടില്ലാത്തതുകൊണ്ട് കൊടുക്കാതിരുന്നാലും അതും ഒരു സംസാരത്തിനിടയാകും. യേശുവും ശിഷ്യന്മാരും ദേവാലയത്തെ അവഗണിക്കുന്നതായിട്ട് ഇതു ജനങ്ങളുടെ ഇടയില്‍ ഒരു ഇടര്‍ച്ചയ്ക്ക് കാരണമാവും. അതുകൊണ്ടാണ് യേശു പത്രോസിനോടു പറയുന്നത്. എങ്കിലും നാം അവര്‍ക്ക് ഇടര്‍ച്ചയാകാതിരിപ്പാനായി നീ എനിക്കും നിനക്കും വേണ്ടി കൊടുക്കുക.
നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗതടസ്സമാകാതിരിക്കാന്‍ ശ്രമിക്കുക
യേശു പത്രോസിനോട് നീ പോയി ചൂണ്ടല്‍ ഇട്ട് മീന്‍ പിടിച്ച് അതിന്‍റെ വായില്‍നിന്നു ലഭിക്കുന്ന നാണയം നമുക്കുവേണ്ടി കൊടുക്കുക എന്നു പറയുന്നു. ഇവിടെ വ്യക്തമാകുന്ന കാര്യം നമുക്ക് പലതിലും സ്വാതന്ത്ര്യമുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗതടസ്സമാവുകയോ മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നതോ ആകാതിരിക്കുവാന്‍ ശ്രമിക്കുക. പരിശുദ്ധനായ പൗലോസ് ശ്ലീഹാ പറയുന്നു. ‘നിങ്ങള്‍ നിമിത്തം ദൈവനാമം ജീതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു (റോമര്‍ 2:24). നമ്മുടെ പ്രവൃത്തി മുഖാന്തിരം ഒരിക്കലും മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച ഉണ്ടാകുവാനോ ദൈവനാമം ദുഷിക്കപ്പെടുവാനോ ഇടയാകരുത്. നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം നന്മകള്‍ പ്രവര്‍ത്തിക്കാനാണെന്നു മനസിലാക്കി മറ്റുള്ളവരോടു സ്നേഹത്തോടും മറ്റുള്ളവരെ കരുതിയും ജീവിക്കുവാന്‍ നമുക്ക് കഴിയണം. “എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല. ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.” (1 കോരി. 9:12). നമുക്ക് ലോകപ്രകാരം പല അധികാരങ്ങള്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും അത് ഒരിക്കലും ഒരാളുടെ വ്യക്തിത്വത്തെ മുറിവേല്‍പ്പിക്കുന്നതോ മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതോ ആയിരിക്കുവാന്‍ പാടില്ല. കര്‍ത്താവിനും ശിഷ്യന്മാര്‍ക്കും ചുങ്കം കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. താന്‍ ആ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ ഒരുപക്ഷേ സമൂഹത്തില്‍ ഇടര്‍ച്ച വന്നേക്കാം എന്നു കരുതി പൊതുനിയമങ്ങള്‍ അനുസരിക്കുന്നു.
ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല എന്നു കര്‍ത്താവ് പഠിപ്പിക്കുന്നു.
പത്രോസിനോട് കര്‍ത്താവ് പോയി ചൂണ്ടല്‍ ഇട്ട് മീന്‍ പിടിച്ച് മീനിന്‍റെ വായില്‍ നിന്നു കിട്ടുന്ന നാണയം എടുത്ത് കരം കൊടുക്കാന്‍ പറയുന്നതിനെ മറ്റു രീതിയില്‍ വ്യാഖ്യാനിക്കുന്നവരും ഉണ്ട്. സുവിശേഷകന്‍റെ വിവരണത്തെ ഒരു അലങ്കാര പ്രയോഗമായിട്ടാണ് വീക്ഷിക്കുന്നത്. തലവരി ആവശ്യപ്പെട്ടപ്പോള്‍ അതു കൊടുക്കുവാന്‍ വേണ്ട പണം കൈവശമില്ലായിരുന്നു എന്നു ന്യായമായി ഊഹിക്കാം. പണമില്ലാതെ വന്നപ്പോള്‍ പത്രോസിനോടു അദ്ദേഹം പരിചയിച്ചിരുന്ന തൊഴിലായ മീന്‍ പിടിത്തത്തിനു പോകുവാനും കിട്ടുന്ന മത്സ്യം വിറ്റ് ആവശ്യമുള്ള പണം സമ്പാദിച്ച് തലവരി കൊടുക്കുവാനും പറയുന്നു എന്ന് വ്യാഖ്യാനിക്കുന്നവരും ആക്ഷരീകമായി ഇവിടെ കാണുന്ന വിധത്തില്‍ മത്സ്യത്തിന്‍റെ വായില്‍ നിന്നു ദ്രഹ്മപ്പണം ലഭിച്ചു എന്നു പിതാക്കന്മാര്‍ പഠിപ്പിക്കുന്നു. ഇതിനെ കര്‍ത്താവിന്‍റെ കന്യാജനനവുമായി ബന്ധിപ്പിക്കുന്നു. മത്സ്യത്തിന്‍റെ വായില്‍ നാണയം കരുതിയവനായ ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല എന്നു പഠിപ്പിക്കുന്നു. “ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു…. ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” (വി. ലൂക്കോസ് 1: 34-37).
“കുഞ്ഞാടിനെ വൃക്ഷം നല്‍കി
തീക്കല്‍ പാറജലം നല്‍കി
എസ്തീറാ മത്സ്യവുമേകി
കന്യാക്ഷേപകരെ മൂന്നും
പരിഹാസത്തൊടു വീക്ഷിപ്പു.”
യേശുക്രിസ്തുവിന്‍റെ കന്യാജനനത്തെ വിശ്വസിക്കാത്തവര്‍ക്ക് ഇതില്‍ കൂടുതല്‍ ദൃഷ്ടാന്തം എന്താണ് വേണ്ടത്. ആയതിനാല്‍ ഈ ഒരു സംഭവിത്തിലൂടെ ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല എന്നു പിതാക്കന്മാരും അടിവരയിട്ടു പഠിപ്പിക്കുന്നു. കൂടാതെ ഈ സംഭവത്തിലൂടെ കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് നാം മാതൃകയായിരിക്കത്തക്കവണ്ണം നമ്മുടെ കടമകളെ നാം നിര്‍വ്വഹിക്കുക. അവിടെ സ്വാതന്ത്ര്യത്തിനോ അധികാരത്തിനോ ഒന്നും സ്ഥാനമില്ല. ദൈവസ്നേഹവും കരുതലും ആണ് പ്രാധാന്യം.