മലങ്കരയില്‍ ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഈ സ്ഥാനത്തെ വളരെയധികം ദുര്‍വിനിയോഗം ചെയ്തിട്ടില്ലേയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി ഇതുവരെ ഒരു പഠനവും മലങ്കരയില്‍ നടന്നതായി അറിവില്ല.
ആരാണ് കോര്‍എപ്പിസ്ക്കോപ്പാ?
തികച്ചും പൗരസ്ത്യമായ ഒരു വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഗ്രാമത്തിന്‍റെ മേല്‍വിചാരകന്‍ എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം.1 അന്ത്യോഖ്യന്‍, പേര്‍ഷ്യന്‍ പാരമ്പര്യങ്ങളിലാണ് ഈ സ്ഥാനം കണ്ടെത്താന്‍ കഴിയുക. ദൗര്‍ഭാഗ്യവശാല്‍ അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഈ സ്ഥാനത്തെപ്പറ്റി മനസിലാക്കാനുതകുന്ന രേഖകള്‍ പരിമിതമാണ്. പേര്‍ഷ്യന്‍ പാരമ്പര്യപ്രകാരമുള്ള കോര്‍എപ്പിസ്കോപ്പാ സ്ഥാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഒരളവു വരെ ലഭ്യമാണ്. അഞ്ചാം തുബ്ദേനില്‍ പേര് ഓര്‍ക്കുന്ന സഭാ ഗായകനായ മാര്‍ ബാലായി (+ 450 എ.ഡി.) ആലപ്പോ സ്വദേശിയായ ഒരു കോര്‍എപ്പിസ്കോപ്പാ ആയിരുന്നു.2
സുവിശേഷകേന്ദ്രങ്ങളുടെയും ഗ്രാമീണ സഭകളുടെയും ആശ്രമങ്ങളുടെയും മേല്‍നോട്ടം നടത്തുവാന്‍ പ്രത്യേകാധികാരം നല്‍കപ്പെട്ട ഒരു കശീശയാണ് കോര്‍എപ്പിസ്കോപ്പാ.3 പേര്‍ഷ്യന്‍ (കല്‍ദായ) സഭയില്‍ നിലവിലുള്ളതും എ.ഡി. 410-ല്‍ ക്രോഡീകരിച്ചതുമായ മാര്‍ മാറൂഥായുടെ കാനോനാകളില്‍ കോര്‍എപ്പിസ്കോപ്പായുടെ സ്ഥാനവും അധികാരവും വ്യക്തമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അന്ത്യോഖ്യന്‍ പാരമ്പര്യത്തിലും കോര്‍എപ്പിസ്കോപ്പാ ഗ്രാമീണസഭകളുടെയും ആശ്രമങ്ങളുടെയും അധികാരിയായ4 കശീശയാണ്.
കോര്‍എപ്പിസ്കോപ്പാ: പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍
പൗരസ്ത്യ കല്‍ദായ പാരമ്പര്യപ്രകാരം കശീശാസ്ഥാനത്തിന്‍റെ മൂന്നു പദവികളില്‍ മദ്ധ്യമമാണ് കോര്‍എപ്പിസ്കോപ്പാ (അവ യഥാക്രമം കശീശ, കോര്‍എപ്പിസ്കോപ്പാ, അര്‍ക്കദ്യക്കോന്‍ എന്നിവയാണ്). സ്വര്‍ഗത്തിലെ മാലാഖമാരുടെ ഒമ്പതു ഗണങ്ങളോട് പട്ടത്വപദവികളെ താരതമ്യപ്പെടുത്തിയിരിക്കുന്നതില്‍ ശൂല്‍ത്താനെന്മാരോടാണ് കോര്‍എപ്പിസ്കോപ്പായെ സമാനമാക്കിയിരിക്കുന്നത്.5
മാര്‍ മാറൂഥായുടെ 21-ാം കാനോന്‍പ്രകാരം എപ്പിസ്കോപ്പായുടെ കീഴില്‍ സഭകളുടെയും ആശ്രമങ്ങളുടെയും മേലധികാരിയാണ് കോര്‍എപ്പിസ്കോപ്പാ. ഇവിടെ സഭ എന്നു വിവക്ഷിച്ചിരിക്കുന്നത് മിഷണറി സഭകളെയാണെന്നു വ്യക്തം. ചൈന വരെ വ്യാപിച്ച നെസ്തോറിയന്‍ മിഷനറി പ്രവര്‍ത്തനത്തില്‍ ഇത്തരം സഭകള്‍ ധാരാളമുണ്ടായിരുന്നു.
പേര്‍ഷ്യന്‍ പാരമ്പര്യപ്രകാരം കോര്‍എപ്പിസ്കോപ്പായുടെ ചുമതലകള്‍ താഴെ പറയുന്നവയാണ്: 1. തന്‍റെ അധികാരപരിധിയിലുള്ള സഭകളും ആശ്രമങ്ങളും സന്ദര്‍ശിക്കുക. 2. ഗ്രാമീണ ഇടവകകളില്‍ പട്ടക്കാരെ ആവശ്യാനുസരണം അയയ്ക്കുക. 3. ഉടമ്പടിയുടെ പുത്രന്മാരെ (വൈദിക സ്ഥാനാര്‍ത്ഥികളെ) കണ്ടുപിടിച്ച് അവരെ പരിശീലിപ്പിച്ച് പട്ടത്വത്തിനു ശുപാര്‍ശ ചെയ്യുക. 4. റിശീസാ പിരിക്കുക. 5. ഗ്രാമങ്ങളുടെയും പള്ളികളുടെയും വൈദികാവശ്യങ്ങള്‍ തിരക്കിയറിഞ്ഞ് നിര്‍വഹിക്കുക. 6. ഗ്രാമങ്ങളില്‍ പ്രസംഗയോഗങ്ങളും പ്രബോധനങ്ങളും നടത്തുക. 7. ഗ്രാമീണ സഭകളില്‍ ഇടവകയോഗവും ആശ്രമങ്ങളില്‍ സന്യാസികളുടെ യോഗവും വിളിച്ചുകൂട്ടുക. 8. പള്ളികളില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും സന്ദര്‍ശകരെ (സൗറേ) തിരഞ്ഞെടുത്ത് പ്രദേശം മുഴുവന്‍റെയും സന്ദര്‍ശകരായി നിയമിക്കുക.6
പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍ കോര്‍എപ്പിസ്കോപ്പായുടെ അനുവാദം കൂടാതെ ഗ്രാമങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കുമായി പട്ടംകെട്ടുവാന്‍ എപ്പിസ്കോപ്പായ്ക്ക് അവകാശം ഇല്ലായിരുന്നു.7 വൈദിക സ്ഥാനാര്‍ത്ഥികളെ വി. ഗ്രന്ഥങ്ങള്‍, സഭാ കാനോനുകള്‍ മുതലായവ പഠിപ്പിച്ച് അവരുടെ യോഗ്യത ബോദ്ധ്യപ്പെട്ട ശേഷമാണ് പട്ടം സ്വീകരിക്കുവാന്‍ കോര്‍എപ്പിസ്കോപ്പാ അവരെ എപ്പിസ്കോപ്പായുടെ അടുത്ത് എത്തിക്കുന്നത്. പട്ടം നല്‍കിയശേഷവും അവരുടെ അദ്ധ്യയനം തുടരുന്നു. അവരുടെ ജ്ഞാനത്തെപ്പറ്റി കോര്‍എപ്പിസ്കോപ്പായ്ക്ക് ബോദ്ധ്യം ഉണ്ടാകുന്നതുവരെ അവര്‍ക്ക് വൈദികസ്ഥാനത്തിനടുത്ത കര്‍മ്മങ്ങള്‍ നടത്തുന്നതിന് അനുവാദമില്ലായിരുന്നു.
കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി പിയദോത്തെ (പിയാര്‍ദോത്തെ) എന്ന് ചിലയിടത്ത് പരാമര്‍ശനങ്ങളുണ്ട്. എന്നാല്‍ പേര്‍ഷ്യന്‍ സഭയില്‍ കോര്‍എപ്പിസ്കോപ്പാമാരാല്‍ നിയമിക്കപ്പെടുന്ന സൗറേ (സന്ദര്‍ശകര്‍) എന്ന സ്ഥാനികളും ഹയര്‍ദോത്തെ എന്നറിയപ്പെട്ടിരുന്നു.8 ഇവര്‍ പള്ളികളില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പുരുഷന്മാരാണ്. ഇവര്‍ വൈദികരായിരുന്നില്ല. പള്ളികളുടെയും ആശ്രമങ്ങളുടെയും സൗറേമാര്‍ വ്യത്യസ്ത വ്യക്തികളായിരിക്കണമെന്നും കാനോന്‍ അനുശാസിക്കുന്നുണ്ട്. എങ്കിലും പൊതുവെ കോര്‍എപ്പിസ്കോപ്പന്മാരെപ്പറ്റിയാണ് ഹയിദോത്തെ എന്ന് പില്‍ക്കാല ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നത്.
കോര്‍എപ്പിസ്കോപ്പാമാര്‍ പള്ളികളും, ആശ്രമങ്ങളും സന്ദര്‍ശിക്കുകയും അവയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് സ്വത്തുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്തു സഹായിക്കണമെന്നും കാനോന്‍ അനുശാസിക്കുന്നുണ്ട്.9 പേര്‍ഷ്യന്‍ സഭയില്‍ കോര്‍എപ്പിസ്കോപ്പാമാരുടെ സ്ഥാനം അര്‍ക്കദ്യക്കോനേക്കാള്‍ താഴെയും മറ്റു കശീശാമാരേക്കാള്‍ മുകളിലുമായിരുന്നു. ഇവരെ ദയറാക്കാരില്‍ നിന്നും തിരഞ്ഞെടുക്കണം എന്നൊരു കാനോന്‍ നിയമം ഉണ്ടെങ്കിലും (അതായത് സന്യാസിയായിരിക്കണം) ഇത് പില്‍ക്കാലത്ത് പാലിച്ചിരുന്നോ എന്നു സംശയമാണ്. ഇന്ന് കല്‍ദായ സഭയില്‍ കേവലം ഒരു ബഹുമതി എന്ന നിലയില്‍ മാത്രമാണ് കോര്‍ എപ്പിസ്കോപ്പാ സ്ഥാനം നല്‍കുന്നത്.
കോര്‍എപ്പിസ്കോപ്പാ: അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍
ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റിയുള്ള പരാമര്‍ശം തികച്ചും വിരളമാണ്. ഇവര്‍ പേറദ്യൂത്ത എന്നും അറിയപ്പെട്ടിരുന്നു (അര്‍ത്ഥം: സഞ്ചാര സുവിശേഷകന്‍). എന്നാല്‍ ഹൂദായ കാനോനില്‍ ഇവരെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല.മൗമ്യോനോ മുതല്‍ പാത്രിയര്‍ക്കീസ്, കാതോലിക്കാ വരെയുള്ള സ്ഥാനികളുടെ ജോലികളും അധികാരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയ ഹൂദായ കാനോന്‍ കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി പരിപൂര്‍ണ്ണ നിശബ്ദത പാലിക്കുകയാണ്. ഹൂദായ കാനോനില്‍, ഒരേ ഒരു സ്ഥലത്ത് റീശ് കശീശയെപ്പറ്റി പരാമര്‍ശനമുണ്ട്10 (ഹൂദായ 4:5). ഇത് കോര്‍എപ്പിസ്കോപ്പായെക്കുറിച്ചല്ല താനും. സുദീര്‍ഘമായ അന്ത്യോഖ്യന്‍ സഭാചരിത്രത്തിലെങ്ങും കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി പരാമര്‍ശനമില്ല.
ഇനി അവലംബിക്കാനുതകുന്ന ഒരൊറ്റ രേഖയേ ഉള്ളു. അത് കോര്‍എപ്പിസ്കോപ്പായുടെ പട്ടംകൊട ക്രമമാണ്. അതാകട്ടെ, വളരെ വിചിത്രമായ ഒരു ക്രമവുമാണ്. ആ ക്രമത്തില്‍ ആദ്യത്തെ പകുതിയിലധികം ഭാഗം റീശ് ദയറായുടെ സ്ഥാനദാന ശുശ്രൂഷ തന്നെയാണ്. ഈ വിവരം അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.11 അതില്‍ കോര്‍എപ്പിസ്കോപ്പായുടെ അധികാര-അവകാശങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ ഉതകുന്ന ഒരു പരാമര്‍ശം പോലുമില്ല. എന്നാല്‍ കശീശയാണ് കോര്‍എപ്പിസ്കോപ്പാ എന്ന് ഈ ക്രമത്തില്‍ നിന്നും വ്യക്തവുമാണ്.
പേര്‍ഷ്യന്‍ സഭയിലേതുപോലെതന്നെ ഇന്ന് ഒരു ബഹുമതി എന്ന നിലയില്‍ മാത്രമാണ് കോര്‍എപ്പിസ്കോപ്പാ സ്ഥാനം മലങ്കരയില്‍ നല്‍കുന്നത്. ആ സ്ഥാനദാനച്ചടങ്ങില്‍ നല്‍കുന്ന സ്ഥാത്തിക്കോനിലും കോര്‍എപ്പിസ്കോപ്പായുടെ അധികാരാവകാശങ്ങളെപ്പറ്റി വളരെ ലളിതമായ പരാമര്‍ശനമേയുള്ളു. … തന്‍റെ വിളിയുടെ ഉദ്ദേശ്യമനുസരിച്ച് ദിവ്യരഹസ്യങ്ങളുടെ നല്ല ശുശ്രൂഷക്കാരനും തന്‍റെ ദിവ്യപരിപാലനയില്‍പ്പെടുന്ന ജനസമൂഹത്തിന്‍റെ ചുമതലാബോധമുള്ള ഗൃഹവിചാരകനും വലത്തേതിനടുത്ത കോര്‍എപ്പിസ്കോപ്പായും പരിപാകതയുള്ള ഭരണകര്‍ത്താവും ആത്മീയ നേതാവും സമര്‍ത്ഥനായ മല്പാനുമായിത്തീരാന്‍….12 എന്നു മാത്രമാണ് സ്ഥാനത്തെപ്പറ്റി പറയുന്നത്.
അന്ത്യോഖ്യന്‍ പാരമ്പര്യപ്രകാരമുള്ള കോര്‍എപ്പിസ്കോപ്പാമാര്‍ മുന്‍കാലങ്ങളില്‍ പേര്‍ഷ്യന്‍ സഭയിലേതുപോലെ തന്നെ സഞ്ചാര മിഷനറിമാരായിരുന്നു എന്നതിനു ചില സൂചനകള്‍ ഉണ്ട്.
കോര്‍എപ്പിസ്കോപ്പായും പട്ടംകൊടയും: പേര്‍ഷ്യന്‍-അന്ത്യോഖ്യന്‍ പാരമ്പര്യങ്ങള്‍പ്രകാരം യൗപ്പദ്യക്കിനോ മുതല്‍ താഴോട്ടുള്ള സ്ഥാനികള്‍ക്കു പട്ടംകെട്ടുവാന്‍ കോര്‍എപ്പിസ്കോപ്പായ്ക്ക് അധികാരമുണ്ട്. പേര്‍ഷ്യന്‍ സഭയില്‍ കോറൂയോ, യൗപ്പദ്യക്കിനോ എന്നീ സ്ഥാനികള്‍ക്ക് പട്ടം നല്‍കുവാന്‍ കോര്‍എപ്പിസ്കോപ്പായ്ക്ക് അധികാരമുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എപ്പിസ്കോപ്പായുടെ അഭാവത്തില്‍ മാത്രമേ ഇപ്രകാരം ചെയ്യുവാന്‍ പാടുള്ളു എന്നൊരു നിബന്ധനയും ഉണ്ട്.
അന്ത്യോഖ്യന്‍ പാരമ്പര്യത്തിലാകട്ടെ, യൗപ്പദ്യക്കിനോ, കോറൂയോ, മൗമ്യോനോ എന്നിവരെ പേറദ്യൂത്താമാര്‍ക്കും പട്ടംകെട്ടാം എന്നൊരു കാനോന്‍ കാണുന്നുണ്ട് (ഹൂദായ 7:8 – അന്ത്യോഖ്യ).14 ഈ ഒരൊറ്റ പരാമര്‍ശനത്തെ മാത്രം ആസ്പദമാക്കി കോര്‍എപ്പിസ്കോപ്പാമാര്‍ക്ക് പട്ടംകെട്ടുവാന്‍ ഇന്നും അധികാരമുണ്ടെന്നും, ഒരു പടി കൂടി കടന്ന് കോര്‍എപ്പിസ്കോപ്പാമാര്‍ താണതരം മെത്രാന്മാരാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
ഇവിടെ ചിന്തിക്കേണ്ട ഒരു വിഷയമുണ്ട്. ഹൂദായ കാനോനിലെ നിയമങ്ങളനുസരിച്ചാണെങ്കില്‍ യൗപ്പദ്യക്കിനോ അടക്കം താഴോട്ടുള്ള സ്ഥാനികള്‍ക്ക് വി. മദ്ബഹായില്‍ കയറാനോ ഇപ്പോള്‍ ചെയ്യുന്നതുപോലെ വി. കുര്‍ബാനയില്‍ ശുശ്രൂഷിക്കാനോ അര്‍ഹതയില്ല.15 വി. മദ്ബഹായ്ക്ക് പുറത്തുള്ള ജോലികളാണ് അവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ന് ഉപശെമ്മാശന്മാര്‍ വി. മദ്ബഹായില്‍ ശുശ്രൂഷിക്കുന്നു എന്നു മാത്രമല്ല, പൗരോഹിത്യപദവിയില്‍ അവരേക്കാള്‍ വളരെ താണപടിയിലുള്ള ശുശ്രൂഷകര്‍ക്ക് – ഇവര്‍ക്ക് നല്‍വരം നല്‍കുന്നത് സാധാരണ കശീശാമാരാണ് – മ്ശംശോനേന്മാരുടെ ഏതാണ്ട് എല്ലാ ജോലികളും ചെയ്യാന്‍ അനുവാദവുമുണ്ട്. പൗരസ്ത്യ കല്‍ദായ സഭയില്‍ ഇന്നും മ്ശംശോനോയില്‍ താഴ്ന്ന സ്ഥാനികള്‍ക്ക് വി. കുര്‍ബാനയില്‍ ശുശ്രൂഷിക്കാന്‍ അനുവാദമില്ല.
കൂടാതെ യൗപ്പദ്യക്കിനോ മുതല്‍ താഴോട്ടുള്ള സ്ഥാനികള്‍ വൈദികഗണത്തില്‍ പെടുന്നില്ല. അവരുടെ ശവസംസ്കാരക്രമം പോലും സാധാരണക്കാരുടേതാണ്.16 ഇതിനാല്‍ ഉപശെമ്മാശന്മാര്‍ക്കു വരെ പട്ടംകൊടുക്കാം എന്ന കാനോന്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കോര്‍എപ്പിസ്കോപ്പാമാര്‍ മെത്രാന്മാരാണെന്ന വാദത്തിനു നിലനില്‍പ്പില്ല.
പേര്‍ഷ്യന്‍ സഭ പില്‍ക്കാലത്ത് (5-ാം നൂറ്റാണ്ടില്‍ തന്നെ എന്നു പറയുന്നു) കോര്‍എപ്പിസ്കോപ്പാമാര്‍ പട്ടം കൊടുക്കുന്നത് നിരോധിച്ചു.17 കല്‍ക്കദൂന്യ സുന്നഹദോസില്‍ ഇതിനു ഉപോല്‍ബലകമായുള്ള ഒരു നിശ്ചയമുള്ളതായി ആണ് പറയുന്നത്. എന്നാല്‍ കല്‍ക്കദൂന്യ സുന്നഹദോസിന്‍റെ നിശ്ചയങ്ങളില്‍ അപ്രകാരം ഒരു തീരുമാനം കാണുന്നില്ല. സമകാലികമായ മറ്റേതെങ്കിലും പ്രാദേശിക സുന്നഹദോസ് പിന്നീട് കല്‍ക്കദൂന്യയായി തെറ്റിദ്ധരിക്കപ്പെട്ടതാകാം. പേര്‍ഷ്യന്‍-അന്ത്യോഖ്യന്‍ സഭകള്‍ക്ക് അറിവുള്ള ഏതെങ്കിലും ഒരു തീരുമാനം ഉണ്ടായിരുന്നു എന്നതു വ്യക്തം. കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി ബാര്‍ എബ്രായയുടെ മൗനത്തിനു കാരണവും ഇതു തന്നെയാകാം. അല്ലെങ്കില്‍ ഇപ്രകാരം ഒരു സുന്നഹദോസിന്‍റെ തീരുമാനം കൂടാതെ തന്നെ കോര്‍എപ്പിസ്കോപ്പാ, ബാര്‍ എബ്രായയുടെ കാലത്തിനു (1225-86) വളരെ മുമ്പുതന്നെ അസ്തമിച്ചു പോയിരിക്കാം. പീഡനങ്ങളില്‍പ്പെട്ട് ദിനംപ്രതി ശോഷിച്ചുവന്ന അന്ത്യോഖ്യന്‍ സഭയില്‍ അതിനുള്ള സാദ്ധ്യത വളരെ ഉണ്ടായിരുന്നു.
കോര്‍എപ്പിസ്കോപ്പാ സ്ഥാനദാനം: കോര്‍എപ്പിസ്കോപ്പാ സ്ഥാനം ഒരു പട്ടമല്ല. ഒരു സ്ഥാനമഹത്വം മാത്രമാണ്. ബാര്‍ എബ്രായയുടെ കാലത്തിനു മുമ്പ് അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഈ സ്ഥാനം നിലച്ചുപോയി എന്നു ചിന്തിച്ചാല്‍ ഇന്ന് കേവലം ഒരു ബഹുമതി മാത്രമായി നല്‍കുന്ന കോര്‍എപ്പിസ്കോപ്പാ സ്ഥാനത്തിനുള്ള ക്രമം പില്‍ക്കാലത്ത് രൂപപ്പെടുത്തിയതാണെന്നു വരാനും സാദ്ധ്യതയുണ്ട്.
വി. കുര്‍ബാനമദ്ധ്യേ, പരിശുദ്ധന്മാരുടെ കുക്കിലിയോനു ശേഷമാണ് കോര്‍എപ്പിസ്കോപ്പായ്ക്ക് സ്ഥാനം നല്‍കുന്നത്.18 സ്ഥാനാര്‍ത്ഥി മുട്ടുകുത്താതെ നിന്നുകൊണ്ടാണ് സ്ഥാനം സ്വീകരിക്കുന്നത്. ശുശ്രൂഷയുടെ അവസാനം മേല്‍പ്പട്ടക്കാരനും അര്‍ക്കദ്യക്കോനും സ്ഥാനാഭിഷേക പ്രഖ്യാപനങ്ങള്‍ നടത്തുകയും തുടര്‍ന്ന് വി. മദ്ബഹായുടെ വളവുങ്കല്‍ നിര്‍ത്തി ഓക്സിയോസ് വിളിക്കുകയും ചെയ്യും. സ്ഥാത്തിക്കോന്‍ വായിച്ചു നല്‍കുന്ന പതിവുണ്ട്.
പേര്‍ഷ്യന്‍ സഭയില്‍ കോര്‍എപ്പിസ്കോപ്പായ്ക്ക് സ്ഥാനം നല്‍കുന്നതിന് പ്രത്യേക ക്രമമുണ്ട്. ഗ്രാമങ്ങളുടെ മേല്‍വിചാരകനായ കോര്‍എപ്പിസ്കോപ്പായുടെ സ്യാമീദാ ശുശ്രൂഷ എന്ന ഈ ക്രമപ്രകാരമാണ്19 മേല്‍പ്പട്ടക്കാരന്‍ കോര്‍എപ്പിസ്കോപ്പാ സ്ഥാനം നല്‍കുന്നത്. അന്ത്യോഖ്യന്‍ ക്രമത്തില്‍ പട്ടാഭിഷേക പ്രഖ്യാപനത്തില്‍ (ഇന്ന) സംസ്ഥാനത്തെ സഭയുടെ മേല്‍വിചാരകനായി എന്നു പറയുന്നുണ്ട്.
കോര്‍എപ്പിസ്കോപ്പാ – സ്ഥാനവസ്ത്രങ്ങള്‍: പേര്‍ഷ്യന്‍ സഭയില്‍ കോര്‍എപ്പിസ്കോപ്പായ്ക്ക് പ്രത്യേക സ്ഥാനവസ്ത്രം ഒന്നുമില്ല. കശ്ശീശായുടെ സ്ഥാനവസ്ത്രം തന്നെയാണ് ധരിക്കുന്നത്. എന്നാല്‍ അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ കോര്‍-എപ്പിസ്കോപ്പാമാര്‍ കാപ്പയും പുറത്ത് അല്‍മത്തി കാപ്പാ എന്നൊരു തോള്‍വസ്ത്രവും ധരിക്കുന്നു. ഇതിനു കുട്ടിക്കാപ്പാ, കോറിക്കാപ്പാ എന്നും പറഞ്ഞു വരുന്നു.
കോര്‍എപ്പിസ്കോപ്പായ്ക്ക് വലിയ കുരിശുമാല, അംശവടി മുതലായ സ്ഥാനചിഹ്നങ്ങള്‍ ഒന്നും ഇല്ല. ചെറിയ കുരിശുമാല ഉപയോഗിക്കാം എന്നൊരു കുറിപ്പ് പട്ടംകൊട പുസ്തകത്തില്‍ കാണുന്നുണ്ട്. കോര്‍എപ്പിസ്കോപ്പാമാര്‍ക്ക് നല്‍കുന്ന വടി, സാധാരണ വസ്ത്രങ്ങളോടൊപ്പം നല്‍കുന്നതായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇത് വി.കര്‍മ്മങ്ങളില്‍ ഉപയോഗിക്കാനുള്ളതല്ല എന്നു സ്പഷ്ടമാണ്. ഇളം ചുവപ്പു കുപ്പായവും പുറമെ കറുത്ത കുപ്പായവുമാണ് സാധാരണ വേഷമായി കാണിച്ചിരിക്കുന്നത്. കോര്‍എപ്പിസ്കോപ്പാ മെത്രാന്മാരെപ്പോലെ സ്ലീബാ മുത്തിക്കരുതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.20
ഇതില്‍നിന്നെല്ലാം കോര്‍എപ്പിസ്കോപ്പാമാര്‍ക്ക് വൈദിക കര്‍മ്മങ്ങളില്‍ കശീശാമാരേക്കാള്‍ യാതൊരു ഉന്നതസ്ഥാനവും നല്‍കിയിട്ടില്ല എന്നു വ്യക്തമാണ്. കശീശയ്ക്കടുത്ത അംശവസ്ത്രങ്ങള്‍ ധരിക്കാതെ (കാപ്പാ അല്ലെങ്കില്‍ ഖമനിഖാ) വി. കര്‍മ്മങ്ങള്‍ നടത്താനോ ഏവന്‍ഗേലിയോന്‍ വായിക്കാനോ പ്രത്യേക അവകാശമൊന്നും കോര്‍എപ്പിസ്കോപ്പായ്ക്ക് നല്‍കിയിട്ടില്ല. കറുത്ത പുറംകുപ്പായം കൂടാതെ ചുവന്ന കുപ്പായം ധരിക്കാനും അനുവാദമൊന്നുമില്ല. എന്നാല്‍ കോര്‍എപ്പിസ്കോപ്പാമാര്‍ മറ്റു കശീശാമാരേക്കാള്‍ ഏറെ മുമ്പനാണെന്നുള്ളതും സത്യമാണ്. റീശ് ദയറായുടെ ക്രമമനുസരിച്ച് വാഴിക്കപ്പെടുന്നതിനാല്‍ കശീശമാരായ ദയറായ (റമ്പാന്‍) ക്കാരേക്കാളും ഉന്നതസ്ഥാനീയനാണ് കോര്‍എപ്പിസ്കോപ്പാ.
കോര്‍എപ്പിസ്കോപ്പാ – കേരളത്തില്‍: 1665-ന് മുമ്പ് കേരളത്തില്‍ പേര്‍ഷ്യന്‍ – അന്ത്യോഖ്യന്‍ പാരമ്പര്യങ്ങളില്‍പ്പെട്ട ഒരു കോര്‍എപ്പിസ്കോപ്പാ എത്തിയതായി രേഖകളൊന്നുമില്ല. 1782-നു ശേഷം കല്‍ദായ പാരമ്പര്യത്തില്‍പ്പെട്ട ഏതാനും കോര്‍എപ്പിസ്ക്കോപ്പാമാര്‍ കേരളത്തില്‍ വന്നിട്ടുണ്ട്. ഇവരില്‍ ഏറ്റവും പ്രമുഖന്‍ 1900 മുതല്‍ 1903 വരെ കേരളത്തിലെ പൗരസ്ത്യ കല്‍ദായ സഭയെ ഭരിച്ച മിഖായേല്‍ ആഗസ്തിന്‍ കോര്‍എപ്പിസ്ക്കോപ്പായാണ്.21 അതിനു മുമ്പ് 1830 മുതല്‍ 1849 വരെ തൃശ്ശൂര്‍ വലിയപള്ളി ഭരിച്ച ജോസഫ് എന്ന കോര്‍എപ്പിസ്ക്കോപ്പാ22 സ്വദേശിയാണോ എന്നറിഞ്ഞു കൂടാ. 1978-ല്‍ കല്‍ദായ സഭയില്‍ റാഫേല്‍ വട്ടക്കുഴി കശീശയെ കോര്‍എപ്പിസ്കോപ്പായായി ഉയര്‍ത്തുകയുണ്ടായി.
കോര്‍എപ്പിസ്കോപ്പാ മലങ്കരയില്‍: എ.ഡി. 1665-ല്‍ അന്ത്യോഖ്യന്‍ പാരമ്പര്യത്തിന്‍റെ ആഗമനത്തോടെ മലങ്കരയില്‍ കോര്‍എപ്പിസ്കോപ്പാ സ്ഥാനവും വന്നെത്തി. മലങ്കരയില്‍ കാലു കുത്തിയ ആദ്യത്തെ അന്ത്യോഖ്യന്‍ മെത്രാനായ യേറുശലേം പാത്രിയര്‍ക്കീസ് മാര്‍ ഗ്രിഗോറിയോസ് അബ്ദുല്‍ ജലീദ് വടക്കന്‍പറവൂര്‍ പള്ളി ഇടവകക്കാരനായ കുളങ്ങര ഗീവര്‍ഗീസ് കത്തനാര്‍ക്ക് കോര്‍എപ്പിസ്കോപ്പാ സ്ഥാനം നല്‍കിയതായി രേഖകളുണ്ട്.23
ഇതിനുശേഷം രണ്ടു നൂറ്റാണ്ടു കാലത്തെ മലങ്കരസഭാ ചരിത്രത്തില്‍ കോര്‍എപ്പിസ്കോപ്പാമാരെ ഒന്നും കാണുന്നില്ല. 1751-ല്‍ മലങ്കരയില്‍ വന്ന ബസേലിയോസ് ശക്രള്ളാ മഫ്രിയാനയോടൊപ്പം ഒരു കോര്‍എപ്പിസ്കോപ്പായും ഉണ്ടായിരുന്നു24 (ഗീവര്‍ഗീസ് എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പേര്). പിന്നീട് മലങ്കരയില്‍ കോര്‍എപ്പിസ്കോപ്പാ സ്ഥാനം കൊടുത്തുതുടങ്ങിയത് കൊ.വ. 1022-ന് മലങ്കരയിലെത്തിയ യൂയാക്കീം കൂറിലോസ് ആയിരിക്കണം. അദ്ദേഹം അനേകംപേര്‍ക്ക് കോര്‍എപ്പിസ്കോപ്പാ സ്ഥാനം നല്‍കി. അപ്രകാരം കോര്‍എപ്പിസ്കോപ്പാ സ്ഥാനം ലഭിച്ചവരില്‍ ഒരാളായിരുന്നു 1861 വൃശ്ചികത്തില്‍ ഈ സ്ഥാനം ലഭിച്ച പ. പരുമല തിരുമേനി.25
കശീശാപട്ടത്തോടൊപ്പം തന്നെ കോര്‍എപ്പിസ്കോപ്പാ സ്ഥാനവും കൂടി നല്‍കുന്ന പതിവും മാര്‍ കൂറിലോസിനുണ്ടായിരുന്നു. 1851 കന്നി 23-നു പഴഞ്ഞിപ്പള്ളിയില്‍ വച്ച് ഇടവഴിക്കല്‍ പീലിപ്പോസ് കോര്‍എപ്പിസ്കോപ്പായ്ക്ക് കശീശാപട്ടം കൊടുത്തത് കോര്‍എപ്പിസ്കോപ്പാ സ്ഥാനത്തോടു കൂടിയായിരുന്നു.26 പ. പരുമല തിരുമേനിക്ക് നല്‍കിയതും അപ്രകാരമാവാനാണ് സാദ്ധ്യത. 1875-ല്‍ മലങ്കരയില്‍ എത്തിയ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസും അനേകര്‍ക്ക് കോര്‍എപ്പിസ്കോപ്പാ സ്ഥാനം നല്‍കി. മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകളില്‍ കമ്മിറ്റി മെമ്പര്‍മാരായും യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളായും മൊത്തം 7 കോര്‍എപ്പിസ്കോപ്പാമാരുടെ പേരുകള്‍ കാണുന്നുണ്ട്.
മലങ്കരയില്‍ കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റിയുള്ള ആദ്യ വിശദീകരണം പാലക്കുന്നത്ത് മാത്യൂസ് അത്താനാസ്യോസ് 1857-ല്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച മാര്‍തോമാ ശ്ലീഹായുടെ ഇടവകയായിരുന്ന മലങ്കര സുറിയാനി സഭയുടെ കാനോന്‍ എന്ന ഗ്രന്ഥത്തിലാവണം. അതിന്‍റെ രണ്ടാം കെപ്പലയോനില്‍ കോര്‍എപ്പിസ്കോപ്പാമാര്‍ തന്‍റെ ഇടവകയിലുള്ള എല്ലാ കശീശന്മാരുടെയും നടപടികളെ ശോധന ചെയ്യുന്നതും അവര്‍ക്ക് മൂപ്പനായിരുന്ന് ഇടവകകളുടെ കുറവുകളെ നികത്തുന്നതും ആകുന്നു27 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിന്‍റെതന്നെ ഒന്നാം കെപ്പാലയോനില്‍ പള്ളി പ്രതിഷ്ഠ മേല്പട്ടക്കാരനോ തന്‍റെ അനുവാദത്തോടുകൂടി റമ്പാനോ കോര്‍എപ്പിസ്കോപ്പായോ നടത്തേണ്ടതാകുന്നു എന്നും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ തരത്തിലുള്ള കോര്‍എപ്പിസ്കോപ്പാമാരെ അദ്ദേഹത്തിന്‍റെ കാലത്ത് വാഴിക്കുകയോ അത്തരം അധികാരങ്ങള്‍ അവര്‍ നടപ്പിലാക്കുകയോ ചെയ്തതായി അറിവില്ല.
മലങ്കര മല്പാന്‍ കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്കോപ്പാ: കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റിയുള്ള ഈ ലേഖനം മലങ്കരയിലെ ഏറ്റവും പ്രശസ്തനും ഏറ്റവും അധികം പ്രത്യേക അധികാരങ്ങള്‍ ലഭിച്ചയാളുമായ കോര്‍എപ്പിസ്കോപ്പായെപ്പറ്റി പരാമര്‍ശിക്കാതെ ഉപസംഹരിക്കുന്നത് ശരിയല്ല. മലങ്കര മല്പാന്‍ കോനാട്ട് കോര മാത്തന്‍ കോര്‍എപ്പിസ്കോപ്പായാണദ്ദേഹം. 1926 ചിങ്ങം 16-നു കരിങ്ങാച്ചിറ പള്ളിയില്‍ വച്ച് സ്ലീബാ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായാണ് കോര്‍എപ്പിസ്കോപ്പാസ്ഥാനം നല്‍കിയത്. പാത്രിയര്‍ക്കീസിന്‍റെ പ്രത്യേക കല്പനപ്രകാരം നടത്തിയ ഈ സ്ഥാനദാനത്തില്‍ മാത്തന്‍ മല്‍പ്പാനെ ധരിപ്പിച്ച കുരിശുമാല പാത്രിയര്‍ക്കീസ് പ്രത്യേകം അയച്ചതായിരുന്നു. ഏതാണ്ട് മെത്രാനടുത്ത സ്ഥാനമാനങ്ങളോടെയാണ് അദ്ദേഹത്തിന് കോര്‍എപ്പിസ്കോപ്പാ സ്ഥാനം നല്‍കിയത്. അവ:
– തലയില്‍ ധരിക്കുവാന്‍ മെത്രാന്മാരുടേതിനോടു സാമ്യമുള്ള ഒരു മുടി. പക്ഷേ ഇതിന്‍റെ മുകള്‍ഭാഗം കൂര്‍ത്തതായിരുന്നില്ല; പരന്നതായിരുന്നു (ഏകദേശം കോപ്ടിക് മെത്രാന്മാരുടെ മുടി പോലെ).
– മറ്റൊരു കശീശ വി. കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ മല്പാന്‍ മദ്ബഹായില്‍ നില്‍ക്കുമ്പോള്‍ മെത്രാന്മാര്‍ ചെയ്യുന്നതുപോലെ എല്ലാം ചെയ്യുവാന്‍ മല്പാന് അനുവാദമുണ്ടായിരുന്നു.
– ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന കൗമ്മാ, പ്രുമിയോന്‍റെ തുടക്കം, ധൂപക്കുറ്റി വാഴ്ത്തല്‍ ഇവയെല്ലാം വി. കുര്‍ബാന ചൊല്ലുന്ന പട്ടക്കാരനല്ല മല്പാനായിരുന്നു ചെയ്തിരുന്നത്.
– മല്പാന്‍ വി. കുര്‍ബാന ചൊല്ലുമ്പോള്‍ സേലൂന്‍ ബ്ശ്ലോമോ പറയുന്ന സമയത്ത് വടി പിടിക്കണം. അതുകഴിഞ്ഞ് മദ്ബഹായിലുള്ളവര്‍ കൈ മുത്തണം.28
ആരാധനയില്‍ പങ്കെടുക്കുമ്പോള്‍ ഏതാണ്ട് മേല്പട്ടക്കാരനടുത്ത എല്ലാ സ്ഥാനങ്ങളും ഇദ്ദേഹത്തിനു കല്പിച്ചു കൊടുത്തിരുന്നു. എന്നാല്‍ ഇവ കോര്‍എപ്പിസ്കോപ്പാമാരുടെ പൊതുവായ അധികാരമായി കണക്കാക്കാനാവില്ല. മാത്തന്‍ മല്പാന് പ്രത്യേകം കൊടുത്ത അവകാശങ്ങളായി മാത്രമേ കണക്കാക്കാവൂ. മെത്രാന്മാരെപ്പോലെ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുവാനും മാത്തന്‍ മല്പാനെ അനുവദിച്ചിരുന്നു. അതനുസരിച്ച് 1927 മേടം 8-നു പെസഹാ വ്യാഴാഴ്ച പാമ്പാക്കുട വെച്ച് ഇദ്ദേഹം കാല്‍കഴുകല്‍ ശുശ്രൂഷയും നടത്തി.29
ഇന്ന് കശീശാമാര്‍ക്ക് കേവലം ബഹുമതിക്കായി മാത്രം മലങ്കരയിലും ബാഹ്യകേരള ഭദ്രാസനങ്ങളിലും നല്‍കുന്ന കോര്‍എപ്പിസ്കോപ്പാ സ്ഥാനത്തെ ധാരാളമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ ദുസ്ഥിതി അവസാനിപ്പിച്ച് ആ സ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ബഹുമാനത്തെ എല്ലാവരും ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
Bibliography
1. കോര്‍എപ്പിസ്കോപ്പാ, റാഫേല്‍ വട്ടക്കുഴി (പരി.), തക്സാ പ്രാര്‍ത്ഥനകള്‍, വാല്യം 2, തൃശ്ശൂര്‍, പേജ് 217.
2. മാത്യൂസ് മാര്‍ ബര്‍ണബാസ്, വി. കുര്‍ബാനയുടെ ധ്യാനപഠനം, ആലുവാ, 1979, പേജ് 141.
3. ചേടിയത്ത് (പരിഭാഷ), മാര്‍ മാറൂഥായുടെ കാനോനാകള്‍, കോട്ടയം, 1989, പേജ് 16.
4. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ പട്ടംകൊട പുസ്തകം.
5. വര്‍ഗീസ് കശീശ, പി. കെ., കോര്‍എപ്പിസ്കോപ്പാ – അര്‍ക്കദ്യക്കോന്‍ പദവികള്‍ (ലേ.), പൗരസ്ത്യ ദൂതന്‍, നവം. – ഡിസം., 1978.
6. ചേടിയത്ത്, ജി. (പരിഭാഷ), മാര്‍ മാറൂഥായുടെ കാനോനാകള്‍, കോട്ടയം, 1989, പേജ് 21-22.
7. Ibid, p. 22.
8. Ibid, p. 19.
9. Ibid, p. 19.
10. കോനാട്ട് അബ്രഹാം കത്തനാര്‍ (പരിഭാഷ), ഹൂദായ കാനോന്‍, പാമ്പാക്കുട, 1952, പേജ് 49.
11. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ പട്ടംകൊട പുസ്തകം.
12. എം. ഇ. ഈപ്പന്‍ കോര്‍എപ്പിസ്കോപ്പായുടെ സ്ഥാത്തിക്കോന്‍, വടക്കന്‍മണ്ണൂര്‍ പള്ളി, 1984 ഡിസം. 30.
13. ചേടിയത്ത്, മാര്‍ മാറൂഥായുടെ കാനോനാകള്‍, കോട്ടയം, 1989, പേജ് 22.
14. കോനാട്ട് അബ്രഹാം കത്തനാര്‍ (പരിഭാഷ), ഹൂദായ കാനോന്‍, പാമ്പാക്കുട, 1952, പേജ് 113.
15. Ibid, pp. 113-114.
16. യൂഹാനോന്‍ മാര്‍ സേവറിയോസ്, ശുശ്രൂഷാ സംവിധാനം, കോട്ടയം, 1983, പേജ് 112.
17. Arthur John Maclean, The Catholicose of the East and His People, London, 1982, pp. 200-201.
18. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ പട്ടംകൊട പുസ്തകം.
19. കോറെപ്പിസ്കോപ്പാ, റാഫേല്‍ വട്ടക്കുഴി (പരിഭാഷ), തക്സാ പ്രാര്‍ത്ഥനകള്‍, വാല്യം 4, തൃശ്ശൂര്‍, 1984, പേജ് 217.
20. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ പട്ടംകൊടപ്പുസ്തകം.
21. മാര്‍ അപ്രേം, മാര്‍ അബിമലേക്ക് തിമോഥിയോസ്, തൃശ്ശൂര്‍, 1975, പേജ് 18-19, 56.
22. റപ്പായി എന്‍. വി., പൗരസ്ത്യ സുറിയാനി സഭ, വാല്യം 1, തൃശ്ശൂര്‍, 1982, പേജ് 125.
23. യോഹന്നാന്‍ കത്തനാര്‍, പി. ജെ., പറവൂര്‍ മാര്‍ത്തോമ്മന്‍ പള്ളി ചരിത്രം, പറവൂര്‍, 1919, പേജ് 91.
24. തോമസ്, എം. കുര്യന്‍, നിരണം ഗ്രന്ഥവരി, സോഫിയാ ബുക്സ്, കോട്ടയം, 2000, പേജ് 86-87.
25. സാമുവല്‍ ചന്ദനപ്പള്ളി, ഡോ., പവിത്രരചനകള്‍, ചന്ദനപ്പള്ളി, 1980, പേജ് 118.
26. ഇടവഴിക്കല്‍ നളാഗമം കയ്യെഴുത്തുപ്രതി.
27. മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ, മാര്‍ തോമാശ്ലീഹായുടെ ഇടവകയായിരുന്ന മലങ്കര സുറിയാനി സഭയുടെ കാനോന്‍, കോട്ടയം, 1857.
28. കോനാട്ട് മാത്തന്‍ മല്പാന്‍റെ 1926 തുലാം 11-ലെ ഡയറിക്കുറിപ്പ്.
29. ത്രിസായ്ശുബ്ഹോ സെന്‍റര്‍ സ്മരണിക, പാമ്പാക്കുട, 1993, പേജ് 34.
(Source: മലങ്കരസഭാ മാസിക, ഒക്ടോബര്‍, 2000)