1903 സെപ്റ്റംബര്‍ 6-ന് പുത്തന്‍കാവില്‍ ജനിച്ചു. അമ്മ: മറിയാമ്മ മാത്തന്‍. അപ്പന്‍: കിഴക്കേത്തലയ്ക്കല്‍ ഇപ്പന്‍ മാത്തന്‍. വിവാഹം: 1927 മെയ് 2-ന്. പത്നി: ശ്രീമതി മറിയാമ്മ. സഹോദരങ്ങള്‍: കെ. എം. ഈപ്പന്‍, കെ. എം. ജോര്‍ജ്, അന്നമ്മ ജോസഫ്. പുത്രന്മാര്‍: പ്രൊഫ. കെ. എം. തരകന്‍, ഡോ. കെ. എം. ജോസഫ്.
ചെങ്ങന്നൂര്‍ ഗവണ്മെന്‍റ് ഹൈസ്കൂളില്‍ നിന്നും ഈ.എസ്.എല്‍.സി. ജയിച്ചു. പ്രൈവറ്റായി പഠിച്ചു എം.എ. ഡിഗ്രി നേടി. എം. പി. പോള്‍സ് ട്യൂട്ടോറിയല്‍ കോളജിലും, പാളയംകോട്ട സെന്‍റ് ജോണ്‍സ് കോളജിലും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ യു.ജി.സി. പ്രൊഫസറായി. 1971-ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. പത്തനംതിട്ടയിലായിരുന്നു സ്ഥിരതാമസം.
സാഹിത്യാദികലകളില്‍ ചെറുപ്പംമുതലേ താല്പര്യം പ്രദര്‍ശിപ്പിച്ചു. നാലാം ഫാറത്തില്‍ പഠിക്കുമ്പോള്‍ ആദ്യത്തെ ഗാനം പ്രസിദ്ധപ്പെടുത്തി. സിനിമാഗാനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ രചിച്ചു.
ആദ്യം പ്രകാശം കണ്ട കാവ്യകൃതി 1920-ല്‍ പുറത്തുവന്ന ‘പരുമലപ്പെരുന്നാള്‍’ ആണ്. തുടര്‍ന്ന് അഞ്ചു കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. മനോരമയ്ക്കു വേണ്ടി നോവലുകള്‍ വിവര്‍ത്തനം ചെയ്തു. വിവര്‍ത്തന കാവ്യകൃതികളില്‍ റുബായിയാത്തിന്‍റെ തര്‍ജ്ജമയായ ജീവിതമാധുരിയും കാളിദാസന്‍റെ പുഷ്പബാണവിലാസത്തിന്‍റെ തര്‍ജമയുമാണ് മുന്നിട്ടു നില്ക്കുന്നത്. സ്വസഹോദരന്‍റെ അകാലദേഹവിയോഗത്തില്‍ എഴുതിയ വിലാപകാവ്യമാണ് ബാഷ്പധാര.
1926 മുതല്‍ ശ്രദ്ധ ബൈബിളിലും ശ്രീയേശുവിന്‍റെ ജീവിതകഥയിലും പതിഞ്ഞു. ക്രിസ്തുചരിതമായ അദ്ദേഹത്തിന്‍റെ ‘വിശ്വദീപം’ മഹാകാവ്യത്തെ ബൃഹത്തെന്നും മഹത്തെന്നും സഹൃദയര്‍ വിശേഷിപ്പിക്കുന്നു. “കാവ്യസങ്കീര്‍ത്തനം” സങ്കീര്‍ത്തനങ്ങളുടെ കാവ്യാവിഷ്ക്കാരമാണ്.
കൃതികള്‍
1. വിശ്വദീപം (മഹാകാവ്യം)
2. പ്രഥമ പ്രളയം (കാവ്യങ്ങള്‍)
3. ഹേരോദാവ് (കാവ്യങ്ങള്‍)
4. കൈരളീലീല (കാവ്യങ്ങള്‍)
5. ഉദയതാരം (കാവ്യങ്ങള്‍)
6. വികാരമുകുരം (കാവ്യങ്ങള്‍)
7. വേദാന്തമുരളി (കാവ്യങ്ങള്‍)
8. ശൂലേംകുമാരി (കാവ്യങ്ങള്‍)
9. ബാഷ്പധാര (കാവ്യങ്ങള്‍)
10. മഴപെയ്യിച്ച മഹാറാണി (കാവ്യങ്ങള്‍)
11. പരുമലപ്പെരുനാള്‍ (കാവ്യങ്ങള്‍)
12. ശബരിമലസ്തോത്രം (കാവ്യങ്ങള്‍)
13. ജീവിതമാധുരി (കാവ്യങ്ങള്‍)
14. ഉദ്യാനപാലകന്‍ (കാവ്യങ്ങള്‍)
15. പുഷ്പബാണവിലാസം (കാവ്യങ്ങള്‍)
16. മഹാത്മജി (കാവ്യങ്ങള്‍)
17. ക്രൈസ്തവ ഗാനമഞ്ജരി (സംഗീതം)
18. ഭക്തിമാഹാത്മ്യ ഗീതങ്ങള്‍ (സംഗീതം)
19. സംഗീതകൗതുകം (സംഗീതം)
20. ദിവ്യനക്ഷത്രം (നാടകം)
21. ഉയിര്‍ത്തെഴുന്നേല്‍പ്പ് (നാടകം)
22. പ്രസംഗമാല (ഉപന്യാസങ്ങള്‍)
23. ശാസ്ത്രരംഗം (ഉപന്യാസങ്ങള്‍)
24. പ്രകൃതിസാമ്രാജ്യം (ഉപന്യാസങ്ങള്‍)
25. സാഹിത്യവേദി (നിരൂപണം)
26. സാഹിത്യസോപാനം (നിരൂപണം)
27. പൗരസ്ത്യ നാടകദര്‍ശനം (നിരൂപണം)
28. ടാര്‍സന്‍ (3 ഭാഗങ്ങള്‍) (നോവല്‍)
29. ഇണങ്ങാത്ത മനുഷ്യന്‍ (നോവല്‍)
30. പ്രതികാരം (നോവല്‍)
31. ദുരന്തചുംബനം (നോവല്‍)
32. ചിത്രാലയം (നോവല്‍)
33. ജീവാമൃതം (നോവല്‍)
34. മധുബാലിക (നോവല്‍)
35. ഭാനുമതി (നോവല്‍)
36. പ്രേമഗീതം (നോവല്‍)
37. പൗരുഷകഥകള്‍ (കഥകള്‍)
_______________________________________________________________________________________
പഴയനിയമത്തിലെ ഉത്പത്തിയിൽ തുടങ്ങി പുതിയനിയമത്തിലെ വെളിപാടിൽ അവസാനിക്കുന്ന സംഭവങ്ങളുടെ പുനരാഖ്യാനമാണ് ഈ സമാഹാരം. വേദചരിത്രപണ്ഡിതനായ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ലളിതമായ ഭാഷയിലും പ്രതിപാദനശൈലിയിലും കഥകൾ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്നു. ബൈബിളിന്റെ അന്തസ്സത്ത ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ ഈ സമാഹാരം നമ്മെ സഹായിക്കും.
_______________________________________________________________________________________