ഭജേ ഭാരതം മാത്തുണ്ണി | അമ്പിളി ശ്രീകുമാര്‍

കുളനട ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ ലളിതമായ ഈ കല്ലറയിൽ ശാന്തമായി ഉറങ്ങുന്നത് ഒരു സിംഹമാണ്. തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം എഴുതിചേർത്ത ഉള്ളന്നൂർ കുറ്റിയിൽ പീടികയിൽ എം മാത്തുണ്ണി എന്ന ഭജേ ഭാരതം മാത്തുണ്ണി.

ഉള്ളനൂരിലെ സാമാന്യം സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച മാത്തുണ്ണി 40 വർഷം കൊണ്ട്ഒരു പുരുഷായുസ്സിനപ്പുറം ചെയ്തു വിടവാങ്ങുമ്പോൾ തികച്ചും നിസ്വനായിരുന്നു. ബ്രിട്ടീഷ് സർക്കാരിനെ നിർദ്ദയം വിമർശിച്ചും ദിവാന്റെ ഉറക്കം കെടുത്തിയും സാമാന്യ ജനങ്ങളെ രാഷ്ട്രീയ പ്രബുദ്ധരാക്കിയും അദ്ദേഹമാരംഭിച്ച ‘ഭജേ ഭാരതം ‘സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാരുടെ ആവേശമായിരുന്നു. ചെങ്ങന്നൂരിലെ പഴയ മിൽസ് മൈതാന(ഇപ്പോഴത്തെ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷൻ)ത്തായിരുന്നു ഭജേ ഭാരതം പ്രസ്സ് പ്രവർത്തിച്ചിരുന്നത്.തിരുവിതാം കൂറിലെ ആദ്യകാല കോൺഗ്രസ്‌ നേതാക്കളായ ബാരിസ്റ്റർ ജോർജ് ജോസഫ്, ചിറ്റേടത്തു ശങ്കുപിള്ള, എം. ആർ. മാധവവാര്യർ, ചങ്ങരത്തു സഹോദരന്മാർ തുടങ്ങി ആക്കാലത്തെ പൊതു പ്രവർത്തകരുടെ പ്രവർത്തനകേന്ദ്രമായിരുന്നു ‘ഭജേ ഭാരതം :ഓഫീസ്.. ഭജേ ഭാരതത്തിന്റെ പത്രാധിപരും മാനേജരും പ്യുണുമെല്ലാം അദ്ദേഹമായിരുന്നു. പിൽക്കാലത്തു മഹാകവിയായി മാറിയപുത്തൻ കാവ് മാത്തൻ തരകൻ, പ്രശസ്ത നോവലിസ്റ്റ് പി. കേശവദേവ് ഇവരൊക്കെ ഭജേ ഭാരതത്തിന്റെ സഹപത്രധിപൻമാരായി പ്രവർത്തിച്ചിട്ടുണ്ട്.. മാത്തൻ തരകൻ തന്റെ സ്മരണകളിൽ ഇങ്ങിനെ കുറിക്കുന്നുണ്ട് “ഒരു ജ്യേഷ്ഠ സഹോദരനെ പ്പോലെ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നതിനാലും ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിപ്പിക്കണമെന്നആഗ്രഹം ചെറുപ്പം മുതൽ എന്നിൽ അങ്കുരിച്ചിരുന്നതിനാലും മാത്തുണ്ണിയെ സഹായിക്കാൻ ഞാൻ ഭജേ ഭാരതം ഓഫീസിൽ ചെല്ലുമായിരുന്നു.. പത്രം മുഴുവൻ അച്ചടിച്ചു കഴിഞ്ഞാൽ അതു മടക്കി റാപ്പർ ഒട്ടിച്ചു അഞ്ചൽ ആഫിസിൽ കൊണ്ട് ചെന്ന് ഇട്ടിരുന്നതും പലപ്പോഴും വരിക്കാ രുടെ അടുക്കൽ നിന്നും പണം പിരിക്കുന്നതിനും ഞാൻ ഉത്സാഹിച്ചിരുന്നു. മാത്തുണ്ണി യുടെ സതീർഥ്യരിൽ ഒരാളായിരുന്ന കരിമ്പനയ്ക്കൽ കെ. വി. ചാക്കോ യും അന്ന് അദ്ദേഹത്തെ സഹായിച്ചിരുന്നതായി ഓർക്കുന്നു.” പി. കേശവദേവിന്റെ തീ തുപ്പുന്ന മുഖപ്രസംഗങ്ങൾ കുറച്ചൊന്നുമല്ല ഭരണകൂടത്തെ ബുദ്ധിമുട്ടിച്ചത്.. ഭാഗത് സിങ്ങും കൂട്ടരും ഡൽഹി ലെജിസ്ലേറ്റിവ് അസംബ്ലിയിൽ ബോംബ് എറിഞ്ഞപ്പോൾ “അവൻ ഇന്ത്യയുടെ മറുപടി “എന്ന പേരിലാണ് ദേവ് മുഖപ്രസംഗം എഴുതിയത്. ഉറക്കം കെട്ട ഭരണകൂടം ഭജേ ഭാരതം നിരോധിച്ചു.. പ്രസ് കണ്ടു കെട്ടി.. തടവും ഭാരിച്ച പിഴയും. ദീർഘകാലം ജയിലിൽ. പുറത്തിറങ്ങുമ്പോഴേക്കും സർവ്വവും നഷ്ടപെട്ടിരുന്നു. 40 വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുമ്പോൾ സാഹിത്യകാരനും പത്രപ്രവർത്തകനും ഇരമ്പുന്ന സ്മരണകൾ ഉണർത്തുന്ന സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നിട്ടും അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും അവശേഷിച്ചിട്ടില്ല.. ആകെയുള്ള സ്മാരകം ഈ കല്ലറയും അവിടെ കൊത്തി വച്ചിരിക്കുന്ന ഒരു വരിയും.. ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്കിവിടെ നമിക്കാം.. പ്രക്ഷോഭങ്ങളിൽ വെടിയേറ്റു മരിക്കുന്ന വർ പ്രണമിക്ക പ്പെടേണ്ട രക്തസാക്ഷികളാണ്.. ഒപ്പം ആരോഗ്യവും സ്വത്തും കുടുംബവും എല്ലാം ഹോമിച്ചു നിരാലംബരായി മരിക്കേണ്ടി വരുന്നവരും രക്തസാക്ഷി കളാണ്… ഓർക്കപ്പെടേണ്ടവരാണ്.. ചെങ്ങന്നൂരിലെ പഴയ മിൽസ് മൈതാനത് നിരവധി പോരാളികളുടെ രക്തം തളംകെട്ടി നിൽപ്പുണ്ട്. ഒപ്പം പോരാട്ടങ്ങൾക്കിറങ്ങാൻ ആയിരക്കണക്കിന് യുവാകൾക്ക് പ്രചോദനം നൽകിയ, മർദ്ദ ക ഭരണകൂടത്തിന്റെ സ്വസ്ഥത നശിപ്പിച്ച് അവരെ വിറപ്പിച്ച ‘ഭജേ ഭാരതം ‘പിറന്ന മണ്ണ് കൂടിയാണ്. അവിടെ ഉയരുന്ന ഏത് സ്മാരകത്തിലും ഒടുവിലാ യെങ്കിലും ഭജേ ഭാരതം മാത്തുണ്ണി യുടെ പേരു കൂടി ഉണ്ടാവേണ്ടത് സാമാന്യ മര്യാദ മാത്രം.

Source