ഡോ. സാമുവല്‍ ചന്ദനപ്പള്ളി

പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ചരിവുകാലായില്‍ ഗീവറുഗീസ് ദാനിയേലിന്‍റെയും കുഞ്ഞമ്മയുടെയും മകനായി 1940 മെയ് 13-നു ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി. 1962 മുതല്‍ 1993 വരെ കാതോലിക്കേറ്റ് കോളജില്‍ അദ്ധ്യാപകനും കാതോലിക്കേറ്റ് കോളേജ് മലയാളം റിസേര്‍ച്ച് സെന്‍റര്‍ ഡയറക്ടറുമായിരുന്നു.

ഡോ. ചന്ദനപ്പള്ളിയുടെ ഗ്രന്ഥങ്ങള്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ പാഠപുസ്തകമായി ഉപയോഗിച്ചുവരുന്നു. മിഷണറിമലയാളത്തിന്‍റെ പഠനത്തിനും ഗവേഷണത്തിനും ആദ്യമായി ഇറങ്ങിത്തിരിച്ച ഗവേഷകനാണ്. മികച്ച ഗവേഷകനുള്ള യു.ജി.സി. അവാര്‍ഡ് (1969), മികച്ച അദ്ധ്യാപകനുള്ള ഫാ. മത്ത്യാസ് അഖിലേന്ത്യാ അവാര്‍ഡ് (1989) എന്നിവ ലഭിച്ചിട്ടുണ്ട്. മലങ്കര സഭയിലെ ആത്മീയ പിതാക്കന്മാരുടെ രചനകള്‍ സമാഹരിച്ച് ആമുഖ പഠനത്തോടെ പ്രസിദ്ധീകരിച്ച ‘മലങ്കര സഭാപിതാക്കന്മാര്‍’ എന്ന ബ്രഹദ് ഗ്രന്ഥം നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പി.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഡോക്ടറല്‍ കമ്മറ്റി എന്നിവയില്‍ അംഗം, വൈ.എം.സി.എ. സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍ സാഹിത്യവിഭാഗം ചെയര്‍മാന്‍, മലയാളം ബൈബിള്‍ പരിഭാഷാ സമിതിയംഗം, മലങ്കര ഓര്‍ത്തഡോക്സ് ആര്‍ക്കൈവ്സ് അഡ്വൈസറി ബോര്‍ഡ് അംഗം, ഉള്ളൂര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1993-ല്‍ യു.ജി.സി. യുടെ സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹനായി. ഇരുപതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000 ജൂലൈ 3-ന് അന്തരിച്ചു.

Dr. Samuel Chandanappally: Blog