ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ?

സഭാ നിയമപ്രകാരം വിവാഹം നടത്തുന്നതിന് അനുവദിക്കുന്ന ദിവസങ്ങളില്‍ ഹേവോറോ ശനിയാഴ്ചയും ഉള്‍പ്പെടുത്തിക്കാണുന്നു (ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍, പേജ് 71). പിറ്റേന്ന് കര്‍തൃദിനം (ഞായറാഴ്ച) ആയതുകൊണ്ടാണല്ലോ ശനിയാഴ്ച വിവാഹകൂദാശ അനുവദിക്കാത്തത്. സാധാരണ ശനിയാഴ്ചയ്ക്കുള്ള നിരോധനത്തിന്‍റെ അതേകാരണം തന്നെ ഹേവോറോ ശനിയാഴ്ചയ്ക്കും (2023ല്‍ ഏപ്രില്‍ 15) ബാധകമല്ലേ?

ബുധന്‍, വെള്ളി നോമ്പുദിവസങ്ങളായതുകൊണ്ടാണല്ലോ അന്നും തലേന്നും വിവാഹകൂദാശ അനുവദിക്കാത്തത്. കൂടാതെ കാനോനിക നോമ്പാരംഭങ്ങളുടെയും മാറാനായപെരുന്നാളുകളുടെയും തലേന്നും (ഞായര്‍/തിങ്കള്‍ ആയാലും) വിവാഹം പാടില്ലല്ലോ. ഹേവോറോ ആഴ്ചയില്‍ നോമ്പില്ലാത്തതിനാലും ഞായറാഴ്ച പോലെ ആചരിക്കുന്നതുകൊണ്ടുമാണ് വിവാഹം അനുവദിക്കുന്നത് എന്നു കരുതുന്നു. പക്ഷേ ഹേവോറോ ശനിയാഴ്ചയുടെ കാര്യം വ്യത്യസ്തമല്ലേ? ഞായറാഴ്ച പോലെ ആചരിക്കുന്നതുകൊണ്ട് വിവാഹം അനുവദിക്കുന്നു എന്ന വാദം യുക്തിയായി തോന്നുന്നില്ല.

നോമ്പില്ലാത്തതിനാല്‍ ഉയിര്‍പ്പുപെരുന്നാള്‍ മുതല്‍ സ്വര്‍ഗാരോഹണപെരുന്നാളിനു തൊട്ടുമുമ്പുള്ള ചൊവ്വാഴ്ച വരെയുള്ള ഏതു ദിവസവും (അഞ്ച് ശനിയാഴ്ചകള്‍ ഒഴികെ) വിവാഹകൂദാശ അനുവദിക്കാവുന്നതല്ലേ ? “കുറിയാക്കോ പാത്രിയര്‍ക്കീസ്: … പെന്തിക്കോസ്തിയുടെ അമ്പതു ദിവസങ്ങള്‍ ഒഴികെയുള്ള ബുധനാഴ്ചയും വെള്ളിയാഴ്ചയും നോമ്പ് ലംഘിക്കുവാന്‍ പാടില്ല…” എന്നും “ഹൂദായ: ഞങ്ങളുടെ കാലത്ത് ഹേവോറെ ആഴ്ചയില്‍ മാത്രമല്ലാതെ പെന്തിക്കോസ്തിക്കാലം മുഴുവനുമുള്ള ബുധനാഴ്ചകളും വെള്ളിയാഴ്ചകളും ലംഘിച്ചിരുന്നില്ല” എന്നും ഹൂദായ കാനോനില്‍ (5:1) വ്യത്യസ്തമായ രീതിയില്‍ പറയുന്നു. നോമ്പില്ലെങ്കിലും പുതുഞായറാഴ്ച മുതല്‍ സ്വര്‍ഗാരോഹണപെരുന്നാളിനു തൊട്ടുമുമ്പുള്ള ചൊവ്വാഴ്ച വരെയുള്ള ഏതു ദിവസവും (അഞ്ച് ശനിയാഴ്ചകള്‍ ഒഴികെ) വിവാഹകൂദാശ അനുവദിക്കാത്തതിനു കാരണം ഇതാണോ ?

നോമ്പു വീടുന്ന ദിവസവും നോമ്പിനിടയിലല്ലാതെ മാറാനായപെരുന്നാളോ അതിനു സമാനമായ പെരുന്നാളോ വരുന്ന ദിവസവും ബുധനാഴ്ചയോ വെള്ളിയാഴ്ചയോ (ഉദാ:- 2023 ജനുവരി 6 വെള്ളി) ആയി വന്നാല്‍ പ്രത്യേക അനുവാദം വാങ്ങാതെ തന്നെ അന്ന് വിവാഹം നടത്താവുന്നതല്ലേ? മാറാനായപെരുന്നാളിന്‍റെയോ അതിനു സമാനമായ പെരുന്നാളിന്‍റെയോ (ഉദാ:- ജനുവരി 1) തലേന്ന് വിവാഹം നടത്താമോ?

തീരെ ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം, സാധാരണ ആഴ്ചകളില്‍ ബുധന്‍, ശനി ദിവസങ്ങളിലും നോമ്പുകാലങ്ങളില്‍ ശനിയാഴ്ച മാത്രവും വിവാഹം നടത്താന്‍ സഭാതലവന്‍ പ്രത്യേക അനുവാദം നല്‍കാറുണ്ട് (ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍, പേജ് 71). നോമ്പിനെക്കാള്‍ പ്രാധാന്യം കര്‍തൃദിനത്തിനായതുകൊണ്ട് ശനിയാഴ്ച അനുവദിക്കാതിരിക്കുകയും സാധാരണ ആഴ്ചകളില്‍ ബുധനാഴ്ചയും, നോമ്പുകാലങ്ങളില്‍ ഞായറാഴ്ചയും നോമ്പിന്‍റെ ഭക്ഷണക്രമവും മറ്റും പാലിച്ചുകൊണ്ട് അനുവദിക്കുന്നതല്ലേ ഉചിതം?

ഏതു ദിവസവും വിവാഹം നടത്താന്‍ അനുവദിക്കാത്തതിനു നല്‍കുന്ന കാരണവും വിശദീകരണവും, യുക്തവും ന്യായവുമല്ല എന്നു ചിന്തിക്കുന്നവര്‍ക്ക് ഈയുള്ളവന്‍റെ സംശയങ്ങള്‍ ബാലിശമായി തോന്നുന്നുണ്ടെങ്കില്‍ പരാതിയില്ല. നിയമമുണ്ടെങ്കില്‍ അതു യുക്തിപൂര്‍വം പാലിക്കണമെന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ – 9446412907

(ബഥേല്‍ പത്രിക 2012 ഏപ്രില്‍ ലക്കത്തില്‍ (പേജ് 17) വന്ന ലേഖനം കാലിക പരിഷ്കാരത്തോടെ)

*2023-ല്‍ വിവാഹകൂദാശ നടത്താവുന്ന തീയതികള്‍*

ജനുവരി – 01, 02, 08, 09, 15, 16, 22, 23
ഫെബ്രുവരി – 05, 06, 12, 13
മാര്‍ച്ച് – 00
ഏപ്രില്‍ – 09, 10, 11, 12, 13, 14, 16, 17, 23, 24, 30
മേയ് – 01, 07, 08, 14, 15, 28, 29
ജൂണ്‍ – 04, 05, 11, 12
ജൂലൈ – 02, 03, 09, 10, 16, 17, 23, 24, 30
ഓഗസ്റ്റ് – 20, 21, 27, 28
സെപ്റ്റംബര്‍ – 03, 04, 10, 11, 17, 18, 24, 25
ഒക്ടോബര്‍ – 01, 02, 08, 09, 15, 16, 22, 23, 29, 30
നവംബര്‍ – 05, 06, 12, 13, 19, 20, 26, 27
ഡിസംബര്‍ – 25, 31