ജോര്‍ജിയോസ് മൂന്നാമന്‍ പുതിയ സൈപ്രസ് ആര്‍ച്ചുബിഷപ്പ്

സൈപ്രസ് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ജോര്‍ജിയോസ് മൂന്നാമന്‍ (73) സ്ഥാനാരോഹണം ചെയ്തു. സൈപ്രസ് സഭയുടെ 76-ാമത്തെ തലവനായ അദ്ദേഹം 2022 നവംബര്‍ 7-ന് കാലംചെയ്ത ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്‍റെ പിന്‍ഗാമിയാണ്. ‘ന്യൂജസ്റ്റീനിയന്‍റെയും സൈപ്രസ് മുഴുവന്‍റെയും ആര്‍ച്ചുബിഷപ്പ്’ ആയി 2023 ജനുവരി 8-നാണ് അദ്ദേഹം സ്ഥാനാരോഹണം ചെയ്തത്. മുന്‍ഗാമിയുടെ കാലശേഷം പാഫോസ് ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയില്‍ സഭാതലവന്‍റെ താല്‍ക്കാലിക ചുമതല നിര്‍വഹിക്കുകയായിരുന്നു.

രണ്ടു ഘട്ടമായിട്ടാണ് സഭാതലവന്‍റ തെരഞ്ഞെടുപ്പു നടന്നത്. ഡിസംബര്‍ 18-നു നടന്ന ജനകീയ വോട്ടെടുപ്പില്‍ 6 സ്ഥാനാര്‍ത്ഥികളില്‍ നിന്ന് 3 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുത്തു. 16 അംഗങ്ങളുള്ള പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ് ഡിസംബര്‍ 24-ന് ഇവരില്‍ നിന്ന് ഒരാളെ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയോസ് മെത്രാപ്പോലീത്തായ്ക്ക് 11 വോട്ടും അത്താനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് 4 വോട്ടും ലഭിച്ചു. ഒരു ബിഷപ്പ് വോട്ടു ചെയ്തില്ല. സിനഡില്‍ പകുതിയിലധികം (ഇത്തവണ കുറഞ്ഞത് 9) വോട്ടു ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ആര്‍ച്ച്ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ റൗണ്ടില്‍ ആരും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ വോട്ടു കിട്ടിയ രണ്ടു പേര്‍ക്ക് വീണ്ടും വോട്ടിടും. രണ്ടാം റൗണ്ടിലും ആരും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ നറുക്കിട്ട് സഭാതലവനെ കണ്ടെത്തും.

സിനഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 35 വയസില്‍ കുറയാതെ പ്രായമുള്ള 10 വര്‍ഷത്തില്‍ കുറയാത സഭാശുശ്രൂഷ നിര്‍വഹിച്ചിട്ടുള്ള വേദശാസ്ത്ര ബിരുദധാരികളായ സന്യാസിമാര്‍ക്ക് ഒന്നാം ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകാം. ബിഷപ്പ് അല്ലാത്ത ഒരാളാണ് രണ്ടാം ഘട്ടത്തിലും തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബിഷപ്പ് വരെയുള്ള പട്ടങ്ങള്‍ സ്വീകരിച്ചിട്ട് ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്യും.

ജനകീയ വോട്ടെടുപ്പില്‍ ലിമാസോള്‍ മെത്രാപ്പോലീത്താ അത്താനാസിയോസ് 35.68 % നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. വളരെ പിന്നിലായിരുന്നെങ്കിലും പാഫോസ് മെത്രാപ്പോലീത്താ ജോര്‍ജിയോസ് (18.39 %), തമസോസ് മെത്രാപ്പോലീത്താ ഐസയാസ് (18.10 %) എന്നിവരാണ് യോഗ്യത നേടിയ മറ്റു രണ്ടു പേര്‍. ജനകീയ വോട്ടെടുപ്പില്‍ പരാജയപ്പെട്ട മൂന്നു പേര്‍ 14.79, 9.80, 3.24 ശതമാനം മാത്രമേ നേടിയുള്ളൂ. ആകെയുള്ള 5,48,793 വോട്ടര്‍മാരില്‍ 1,65,688 പേര്‍ (30.19 %) മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഒരു വര്‍ഷത്തില്‍ കുറയാത്ത കാലം സൈപ്രസ് പൗരനായിട്ടുള്ള 18 വയസ് പൂര്‍ത്തിയായ ഏതൊരു ബൈസന്‍റൈന്‍ (ഗ്രീക്ക്) ഓര്‍ത്തഡോക്സ് ക്രൈസ്തവനും സ്ത്രീപുരുഷ ഭേദമില്ലാതെ വോട്ടവകാശമുണ്ട്. എന്നാല്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് ഇത്തവണ വോട്ടവകാശം നിഷേധിച്ചു. റഷ്യന്‍ – യുക്രൈന്‍ സഭാ-രാഷ്ട്രീയ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നത സൈപ്രസ് സഭാ തലവന്‍റെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് സൂചന. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധികള്‍ സ്ഥാനാരോഹണശുശ്രൂഷയില്‍ സംബന്ധിക്കാതിരുന്നത് ശ്രദ്ധിക്കപ്പെട്ടു.

പുതിയ ആര്‍ച്ചുബിഷപ്പ് 1949 മേയ് 25ന് ജനിച്ചു. രസതന്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദം നേടിയ ശേഷം 1984ല്‍ ശെമ്മാശനും 1985ല്‍ വൈദികനും ആര്‍ച്ച്മാന്‍ഡ്രേറ്റും ആയി. 1994ല്‍ സിനഡ് സെക്രട്ടറിയായി. ഇതോടൊപ്പം സെക്കണ്ടറി സ്കൂളുകളില്‍ രസതന്ത്ര അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1993ല്‍ അസിസ്റ്റന്‍റ് ഡയറക്ടറായി. 1996 മേയ് 26ന് ബിഷപ്പും തുടര്‍ന്ന് മെത്രാപ്പോലീത്തായും ആയി. പല രാജ്യാന്തര സമ്മേളനങ്ങളിലും സൈപ്രസ് സഭയുടെ പ്രതിനിധിയായി സംബന്ധിച്ചിട്ടുണ്ട്.

ആര്‍ച്ചുബിഷപ്പായിരുന്ന മക്കാറിയോസ് മൂന്നാമന്‍ (1950 – 1977) സൈപ്രസിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് (1960 – 1974) ആയിരുന്നു. അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ 1962 നവംബര്‍ 7-ന് തിരുവനന്തപുരം സെന്‍റ് ജോര്‍ജ് പള്ളിയിലും കനകക്കുന്ന് കൊട്ടാരത്തിലും പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ന്യൂഡല്‍ഹിയില്‍ ‘ആര്‍ച്ച് ബിഷപ് മക്കാറിയോസ് മാര്‍ഗ്’ എന്നൊരു റോഡ് ഉണ്ട്; അദ്ദേഹം ഭാരതം സന്ദര്‍ശിച്ചതിന്‍റെ ഓര്‍മയാണ് ഈ വഴിപ്പേര്.

മെഡിറ്ററേനിയന്‍ കടലിലെ ഒരു ദ്വീപ് ആണ് സൈപ്രസ്. ദ്വീപിലെത്തിയ അപ്പോസ്തോലനായ വിശുദ്ധ പൗലോസ് മാനസാന്തരപ്പെടുത്തിയ റോമന്‍ ദേശാധിപതി സേര്‍ജിയസ് പൗലോസ് (അപ്പോസ്തോലപ്രവര്‍ത്തികള്‍ 13: 6 – 12) ആണ് സഭാചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ ക്രൈസ്തവഭരണാധികാരി. വിശുദ്ധ പൗലോസിനോടൊപ്പമെത്തിയ വിശുദ്ധ ബര്‍ന്നബാസ് ശ്ലീഹാ സൈപ്രസിലെ സഭയുടെ സ്ഥാപകനായി കരുതപ്പെടുന്നു. നമ്മുടെ കര്‍ത്താവ് ഉയിര്‍പ്പിച്ച ബഥാന്യയിലെ ലാസറും സൈപ്രസിലെത്തിയതായി പരമ്പര്യമുണ്ട്. ഇരുവരുടെയും കബറിടം സൈപ്രസിലുണ്ട്. നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സഭ വളര്‍ന്നു. എഡി 431-ലെ എഫേസൂസ് സുന്നഹദോസ് സഭയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. സ്വയംശീര്‍ഷകത്വമുള്ള ഈ സഭയില്‍ പത്തു ലക്ഷത്തോളം വിശ്വാസികളും 16 മെത്രാന്മാരും ഇപ്പോഴുണ്ട്. സൈപ്രസിലെ 89.1 % ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. വടക്കന്‍ സൈപ്രസ് ഉള്‍പ്പെടുത്തിയാല്‍ ദ്വീപിലെ 73 % ഓര്‍ത്തഡോക്സുകാരാണ്.