മേഞ്ഞു ഭരിക്കാനല്ല; മേയിച്ചു ഭരിക്കാനാണ്… | ഡെറിൻ രാജു

ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു പ്രസ്താവനയാണ് ഞാൻ നല്ല ഇടയനാകുന്നുവെന്നത്. ഒരുപക്ഷേ രണ്ടായിരം വർഷങ്ങൾക്കപ്പുറം തങ്ങളുടെ വിളിയും തങ്ങളുടെമേൽ വയ്ക്കപ്പെട്ട നുകത്തിന്റെ ഭാരവും അറിയാത്തവർ തന്നെ പിൻപറ്റുമെന്ന ബോധ്യത്തിന്റെ പുറത്താകാം അവൻ അന്നത് പറഞ്ഞത്. ഞാൻ ആടുകളുടെ വാതിലാകുന്നു എന്നവൻ പറഞ്ഞത് ഉള്ളിൽനിന്നാണ്! അതിലൂടെ അവൻ ബോധ്യപ്പെടുത്തിയത് തന്നെ പിൻപറ്റേണ്ടവർ പുലർത്തേണ്ട ചില മിനിമം യോഗ്യതകളാണ്.

ഇടയൻ തന്റെ ആടുകളുടെ പ്രാണനെ തണുപ്പിക്കുന്നു എന്ന് പണ്ടൊരു ഇടയച്ചെറുക്കൻ പാടിയിട്ടുണ്ടല്ലോ. അതിന്റെ വേറൊരു തലമാണ്, നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുമെന്ന് മലഞ്ചെരുവുകളിലും കടൽത്തീരങ്ങളിലും നടന്ന് ആടുകളെ നേടിയവൻ വിളിച്ചു പറഞ്ഞത്. ഉറക്കത്തിലും ഉണർവ്വിലും അവനെ പിൻപറ്റാമെന്ന പ്രതിജ്ഞ എടുത്തവർക്ക് എങ്ങിനെയാണ് തൊണ്ണൂറ്റൊമ്പതിനെ വിട്ട് മലമടക്കുകളിൽ തെറ്റിപ്പോയ ഒന്നിനെ തിരഞ്ഞ് പോയ ആ ഇടയനെ കണ്ടെത്താനാകാതെ പോകുന്നത്? അതാകാനാകാതെ പോകുന്നത്? ഇടയത്വമേറ്റെടുത്ത അന്ന് വായിച്ച സുവിശേഷത്തിലും ആവർത്തിച്ചു കേട്ടത് ആടുകൾക്കുവേണ്ടി ജീവനെ കൊടുക്കാനുള്ള വ്യഗ്രതയായിരുന്നല്ലോ!

മേഞ്ഞു ഭരിക്കാനല്ല; മേയിച്ചു ഭരിക്കാനാണ് വിളിച്ച് ആക്കി വച്ചിരിക്കുന്നതെന്ന ബോദ്ധ്യമുണ്ടായില്ലെങ്കിൽ ഇടയന്റെ വടി ഒരലങ്കാരവും ആഡംബരവും എന്നതിനപ്പുറം ആടുകളെ ചേർത്ത് നിർത്തുന്നതാകില്ല. നസറായൻ പറഞ്ഞ കഥയിലെ താലന്ത് കുഴിച്ചിട്ട ദാസനിലും ഒത്ത ഉദാഹരണവും അവർക്ക് ചേർന്നതുണ്ടാകുമോ എന്ന് സംശയമാണ്.

04.01.2023