റാസയും ഊരുവലത്തും: പദങ്ങളും പ്രയോഗങ്ങളും | ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്


ആമുഖം

നമ്മുടെ പള്ളിപ്പെരുന്നാളുകളോടു ചേര്‍ത്ത് നാം ഉപയോഗിക്കുന്ന പദങ്ങളാണ് റാസ, പ്രദക്ഷിണം (വലംവയ്പ്), ഊരുവലത്ത് എന്നിവ. ഇവയുടെ അര്‍ത്ഥവും പ്രയോഗവും സംബന്ധിച്ച് ഒരു പഠനം ചുവടെ ചേര്‍ക്കുന്നു. പെരുന്നാളുകള്‍ ആഘോഷങ്ങള്‍ തന്നെ. ഇവിടെ രണ്ടു കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കാം. ഒന്ന്, ആഘോഷങ്ങള്‍ ഭക്തിപ്രഘോഷങ്ങള്‍ ആണെന്നും ആയിരിക്കണം എന്നും തിരിച്ചറിയുക. രണ്ട്, മുന്‍ പഠനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ എല്ലാ പള്ളിയാഘോഷങ്ങളും അനുഷ്ഠാനങ്ങള്‍ ആണെന്നും അനുഷ്ഠാനങ്ങള്‍ അര്‍ത്ഥമറിഞ്ഞും നിഷ്ഠ പാലിച്ചും വേണമെന്നും ഓര്‍മ്മയില്‍ വയ്ക്കുക. ഇവ രണ്ടുമുണ്ടാവുമ്പോഴേ ആഘോഷാനുഷ്ഠാനങ്ങള്‍ അനുഭവങ്ങളായിത്തീരുന്നുള്ളു; വിശ്വാസികളെ രൂപാന്തരപ്പെടുത്താന്‍ ഉതകുന്നുമുള്ളു.

1. റാസ – റോസോ = വി. കുര്‍ബാന.

റാസچഅല്ലെങ്കില്‍ റോസോ എന്ന വാക്കിനര്‍ത്ഥംڅ’രഹസ്യം’ എന്നത്രെ.څറാസچപൗരസ്ത്യ (കല്‍ദായ) സുറിയാനി രൂപവും ‘റോസോ’ പാശ്ചാത്യ (അന്ത്യോക്യന്‍) സുറിയാനി രൂപവുമാകുന്നു; ഒരു ഭാഷയുടെ തന്നെ എഴുതാനും വായിക്കാനുമുള്ള രണ്ട് സമ്പ്രദായങ്ങള്‍. മലങ്കര ഓര്‍ത്തഡോക്സ് സഭ പാശ്ചാത്യ സുറിയാനി ആരാധന പാരമ്പര്യമാണല്ലോ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പോര്‍ട്ടുഗീസുകാരുടെ വരവിനു (1498 എ.ഡി.) മുമ്പ് മലങ്കരയില്‍ പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം നിലവിലിരുന്നു. കത്തോലിക്കാ സഭയില്‍ ചേര്‍ന്ന നസ്രാണികള്‍ അതായത് സീറോ മലബാര്‍ സഭ പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം തുടര്‍ന്നു. രണ്ടു സുറിയാനി പാരമ്പര്യങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്ക് ‘റാസ’ അല്ലെങ്കില്‍ ‘റോസോ’ എന്ന് പറഞ്ഞിരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭ അവലംബിച്ചു വരുന്ന പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ ‘റോസോ’ എന്ന പദം വിശുദ്ധ മാമോദീസാ, വിശുദ്ധ മൂറോനഭിഷേകം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകള്‍ക്ക് പൊതുവേയും വിശുദ്ധ കുര്‍ബാനയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നു. വിശുദ്ധ കുര്‍ബാന തക്സായില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് തത്തുല്യമായി ‘റോസോ’ എന്ന പദം ആവര്‍ത്തിച്ചു കാണാനാകും.

വിശുദ്ധ കുര്‍ബാനയെ ‘വിശുദ്ധ കൂദാശ’ എന്ന് സാധാരണയായി നാം വിശേഷിപ്പിക്കുമെങ്കിലും വിശുദ്ധ കുര്‍ബാന തക്സായില്‍ കൂദാശ എന്ന് പരാമര്‍ശിക്കുന്നില്ല. മറിച്ച് ‘റോസോ’ (രഹസ്യം) എന്ന് ഏകവചനത്തിലോ ‘റോസേ’ (രഹസ്യങ്ങള്‍) എന്ന് ബഹുവചനത്തിലോ പറഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ റാസാ, റോസോ എന്നീ ശബ്ദങ്ങള്‍ വിശുദ്ധ കുര്‍ബാനയെ സൂചിപ്പിക്കുന്നു എന്നു സാരം.

2. റാസയും പെരുന്നാള്‍ പ്രദക്ഷിണവും

റാസ – റോസോ ശബ്ദങ്ങള്‍ വിശുദ്ധ കുര്‍ബാനയെ സൂചിപ്പിക്കുന്നുവെങ്കില്‍ പെരുന്നാള്‍ പ്രദക്ഷിണത്തെ എന്തുകൊണ്ട് ‘റാസ’ എന്നു വിശേഷിപ്പിക്കുന്നു? ഉത്തരം: തീര്‍ത്തും അറിവില്ലായ്മ. എങ്ങനെ ഇത് നമ്മുടെ പള്ളിപ്പെരുന്നാള്‍ ഭാഷയില്‍ വന്നുപെട്ടു? കത്തോലിക്കാ സഭയിലൂടെ; അന്ധമായ അനുകരണം മൂലം.

ഒന്നു വിശദീകരിക്കാമോ? ഉവ്വ്: കത്തോലിക്ക സഭ തിരുന്നാള്‍ (നമ്മുടെڅപെരുനാള്‍ കത്തോലിക്കാ സഭയ്ക്ക് തിരുനാള്‍ ആണ്) ആഘോഷിക്കുമ്പോള്‍ പ്രദക്ഷിണത്തിന് വൈദികന്‍ തിരുവസ്ത്രം (നാം അംശവസ്ത്രം എന്ന വാക്കുപയോഗിക്കുന്നു) അണിഞ്ഞ് അരുളിക്കയില്‍ തിരുവോസ്തി (നമുക്ക് വിശുദ്ധ കുര്‍ബാന) നിക്ഷേപിച്ച് എഴുന്നള്ളിച്ചുകൊണ്ടുപോകുന്നു. പ്രദക്ഷിണം ഊരുചുറ്റി നീങ്ങുമ്പോള്‍ വിശ്വാസികള്‍ തിരുവോസ്തി വണങ്ങുന്നു. തിരുവോസ്തി അതായത് വിശുദ്ധ കുര്‍ബാന = റാസ എഴുന്നള്ളിച്ചു നീങ്ങുന്ന പ്രദക്ഷിണം റാസയായി പരിണമിച്ചു. ഓര്‍ത്തഡോക്സ് സഭയിലാകട്ടെ, വൈദികര്‍ അരുളിക്കയില്‍ വിശുദ്ധ കുര്‍ബാന നിക്ഷേപിക്കുന്നില്ല, പകരം പരിശുദ്ധന്‍റെയോ പരിശുദ്ധയുടെയോ ചിത്രം വച്ചും അല്ലാതെയും കുരിശുള്ള അരുളിക്ക വഹിച്ച് വിശ്വാസികള്‍ക്ക് അനുഗ്രഹം പകര്‍ന്ന് പ്രദക്ഷിണത്തിന്‍റെ പിന്‍നിരയില്‍ നീങ്ങുന്നു. ഇതും റാസാ (റോസോ = വിശുദ്ധ കുര്‍ബാന) ഇല്ലെങ്കിലും റാസയായി വിശേഷിപ്പിക്കുന്നു.

ഇങ്ങനെയെങ്കില്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രദക്ഷിണത്തെയും ഊരുവലത്തിനെയും ‘റാസ’ എന്നു വിളിക്കാമോ? ശുദ്ധാബദ്ധം എന്നല്ലാതെ എന്തു പറയാന്‍; ഒരിക്കലും റാസ എന്നു വിശേഷിപ്പിക്കാന്‍ പാടുള്ളതല്ല.څ’മംഗളമായ് തീരണമീ റാസ’ എന്നു പാടുന്നതോ? അതും അബദ്ധം എന്നു വ്യക്തമാണല്ലോ.څ’മംഗളമായ് തീരണമീ പെരുന്നാള്‍’ എന്ന് വിശുദ്ധ കുര്‍ബാനക്രമത്തില്‍ കൊടുത്തിരിക്കുന്നതുപോലെ ചൊല്ലിയാല്‍ മതിയാവും. അങ്ങനെയേ ആകാവൂ.

3. പ്രദക്ഷിണമോ, ഊരുവലത്തോ?

ഈ വാക്കുകളില്‍ ഏതാണ് പെരുന്നാള്‍ പ്രദക്ഷിണത്തിന് യുക്തം? ‘ഊരുവലത്ത്’ തന്നെ. എന്തുകൊണ്ട്? വിശദീകരിക്കാം. പ്രദക്ഷിണം എന്നാല്‍ പ്രകര്‍ഷേണയുള്ള വലംവയ്പ് എന്നര്‍ത്ഥം.څവലംവയ്പ് പ്രദക്ഷിണം എന്നീ വാക്കുകള്‍ എല്ലാം പ്രായോഗികമായി ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു. പള്ളിക്കു ചുറ്റുമുള്ളതാവുമ്പോള്‍ വലംവയ്പും പ്രദക്ഷിണവും ഉചിതമാവും. എന്നാല്‍ ഊരു (ഗ്രാമം, പട്ടണം) ചുറ്റിയുള്ള വലംവയ്പാകുമ്പോള്‍ ‘ഊരുവലത്ത്’ എന്ന വാക്കാണ് വലംവയ്പ്, പ്രദക്ഷിണം എന്നീ പദങ്ങളേക്കാള്‍ ഏറെ ഉചിതം. ‘ഊരുവലത്ത്’ ഒരു നല്ല പഴയ ദ്രാവിഡ മലയാള പദമാണ്. എന്നാല്‍ ഇന്ന് പൊതുവേ സംസ്കൃത ഭാഷയില്‍ നിന്നുള്ള പദങ്ങള്‍ ഉപയോഗിക്കുന്നതാണ് മലയാളികള്‍ക്ക് കൂടുതല്‍ പ്രിയമായി കാണുന്നത്; ഒരു തരം പൊങ്ങച്ചം എന്നു പറയാം. അങ്ങനെ ഊരുവലത്ത് എന്ന പദത്തേക്കാള്‍ ‘പ്രദക്ഷിണ’ത്തിന് ആകര്‍ഷണം കൂടി. എന്നാല്‍ ഊരുവലത്ത് എന്ന പദമാണ് ഏറെ സംഗതം.

4. കുരിശു വഹിച്ചുകൊണ്ടുള്ള വലംവയ്പും ഊരുവലത്തും

ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യത്തില്‍ കുരിശിനാണ് പ്രാധാന്യം. ഏതു ശുശ്രൂഷയ്ക്കും കുരിശു നടുക്കും, മെഴുകുതിരികള്‍ ഇടവും വലവും വച്ച് ധൂപാര്‍പ്പണം നടത്തി പ്രാര്‍ത്ഥന നടത്തുന്നുണ്ടല്ലൊ. കുരിശു നടുക്കും മെഴുകുതിരികള്‍ ഇടവും വലവും വഹിച്ചുകൊണ്ട് ധൂപാര്‍പ്പണം നടത്തിയും വലംവയ്പും ഊരുവലത്തും നടത്തുന്നു. ഊരുവലത്ത് നടത്തുമ്പോള്‍ വിശ്വാസികള്‍ വന്ന് കുരിശു വഹിച്ചുകൊണ്ട് വരുന്ന വൈദികന്‍റെ കൈമുത്തി അനുഗ്രഹം പ്രാപിക്കുന്നു.

ഇപ്രകാരമുള്ള ഊരുവലത്തു മൂലം വസന്തയും, വ്യാധിയും, രോഗവും, പൈശാചിക ബന്ധനങ്ങളും, ഉപദ്രവവും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും നീങ്ങിപ്പോകും. വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ചുപിടിച്ചും ‘ദൈവമേ അനുഗ്രഹിക്ക, അപേക്ഷ കൈകൊള്ളണമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചും ഊരുചുറ്റി വലംവയ്ക്കുമ്പോള്‍ ദൈവം ഇറങ്ങിവരും, ഇടപെടും.

പെരുന്നാള്‍ സന്ദര്‍ഭത്തിലുള്ള ഊരുവലത്തുകള്‍ ഇന്ന് ഈ അന്തരീക്ഷം നിലനിര്‍ത്തുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും. ഒന്നിലേറെ വിവിധ ചെണ്ടമേളങ്ങള്‍; ബാന്‍റ്സെറ്റുകള്‍; വാഹനങ്ങളിലൂടെ കാതടിപ്പിക്കുന്നവിധമുള്ള അറിയിപ്പുകളും, ഗാനാലാപനങ്ങളും; അങ്ങനെ ആകെ ശബ്ദ കോലാഹലങ്ങള്‍. ഇതിനു നടുവില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനാലാപങ്ങള്‍ മുങ്ങിപ്പോവുന്നു. ഭക്തിനിര്‍ഭരം എന്നത് ഭക്തിശൂന്യമായി മാറുകയായി. ആരുടെ നാമത്തിലാണോ പെരുന്നാള്‍ നടത്തുന്നത് ആ പരിശുദ്ധന്‍/പരിശുദ്ധ അകന്നു പോവുകയുമായി. അനുഗ്രഹം കൂടുതലുണ്ടാവുന്നതിനു പകരം, ഉള്ള അനുഗ്രഹവും കൂടി അന്യമായി പോകുന്നു. ഇവയെല്ലാം തിരുത്തപ്പെടേണ്ടവയാകുന്നു.