അംശവടി


എപ്പിസ്കോപ്പായുടെ ഇടയസ്ഥാനചിഹ്നമായ തല വളഞ്ഞ വടി. ഇത് തടിയും വെള്ളിയുംകൊണ്ട് നിര്‍മ്മിക്കാറുണ്ട്. എല്ലാ പാരമ്പര്യങ്ങളിലുമുള്ള എപ്പിസ്കോപ്പാമാര്‍ ഇത് ഉപയോഗിക്കുന്നു. സംരക്ഷണത്തിന്‍റെയും അജപാലനത്തിന്‍റെയും പ്രതീകമായി ഇതിനെ കരുതിവരുന്നു. ആടുകളെ മേയിക്കുന്ന ഇടയന്മാര്‍ അവരുടെ കൃത്യനിര്‍വ്വഹണത്തിന് അറ്റം വളഞ്ഞനീണ്ട വടികള്‍ ഉപയോഗിക്കാറുണ്ട്. അജപാലന ധര്‍മ്മം നിറവേറ്റുന്ന എപ്പിസ്കോപ്പാമാരുടെ ദൗത്യത്തിന്‍റെ പ്രതീകമാണ് അംശവടി (അപ്പോ. പ്ര. 20:28; 1 പത്രോ. 5:3).

കര്‍ദ്ദിനാളന്മാരും ഉയര്‍ന്ന മേല്പട്ടക്കാരും ഉപയോഗിക്കുന്ന അംശവടി സ്വര്‍ണ്ണം പൂശിയതായിരിക്കും. സഭാമേലദ്ധ്യക്ഷന്മാരെ കൂടാതെ സന്യാസമഠാധിപന്മാരായ പട്ടക്കാരും അംശവടി ഉപയോഗിക്കാറുണ്ട്. വടി കനം കുറഞ്ഞതും ഏകദേശം നാലര അടി നീളമുള്ളതും ആയിരിക്കണം. മേല്പട്ടക്കാരുടെ അംശവടിയുടെ മുകള്‍ഭാഗം മോശ മരുഭൂമിയില്‍ നാട്ടിയ പിച്ചളസര്‍പ്പത്തിന്‍റെയോ (യോഹ. 3:14), അഹറോന്‍റെ തളിര്‍ത്ത വടിയുടെയോ ആകൃതിയിലായിരിക്കും. ക്രൂശിതനായ ക്രിസ്തുവിന്‍റെ പ്രതീകമായിട്ടാണ് സര്‍പ്പരൂപത്തെ അംശവടിയില്‍ സങ്കല്പിച്ചിരിക്കുന്നത്. സര്‍പ്പത്തിന്‍റെ തലയുടെ മുകളില്‍ കുരിശുരൂപം കൂടി കാണണമെന്നാണ് അലിഖിതനിയമം. പാശ്ചാത്യസഭയിലെ മെത്രാന്മാരുടെ അംശവടികളില്‍ പാമ്പിന്‍തലയുടെ സ്ഥാനത്ത് മിക്കവാറും കാണുന്നത് കുരിശു വഹിക്കുന്ന ഒരു ആടിന്‍റെ രൂപമാണ്. അത് കാല്‍വറിയില്‍ ക്രൂശിതനായി ബലിയര്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്‍റ പ്രതീകമാകുന്നു.

കാതോലിക്കാമാരുടെയും പാത്രിയര്‍ക്കീസന്മാരുടെയും അംശവടിയുടെ മുകളില്‍ രണ്ടു സ്വര്‍ണ്ണസര്‍പ്പങ്ങളുടെ രൂപം കൊടുത്തിരിക്കുന്നതായി കാണാം. രണ്ടിന്‍റെയും മദ്ധ്യത്തില്‍ ഒരു കുരിശും കാണുന്നുണ്ട്. അംശവടിയുടെ മൗലികമായ സൂചന നല്ല ഇടയന്‍റെ മരവടി എന്നുള്ളതുതന്നെയാകുന്നു. മലങ്കരയിലെ പ. കാതോലിക്കാ ബാവായുടെ സ്ഥാനചിഹ്നങ്ങളില്‍ ഒന്നാണ് അംശവടി. പത്തിപോലെ വളഞ്ഞ ഇലകളോടുകൂടിയ രണ്ടു കമ്പുകളാണ് ഈ വടിയിലുള്ളത്. അഹറോന്‍റെ തളിര്‍ത്ത വടിയോടു സാദൃശ്യമുള്ള ഈ അംശവടി രൂപപ്പെടുത്തിയത് പ. വാകത്താനത്തു ബാവയാണ്.

എപ്പിസ്കോപ്പായെ വാഴിക്കുമ്പോള്‍ മറ്റു മേല്പട്ടക്കാര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ അംശവടി പിടിപ്പിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ്. അതിനുശേഷം നവാഭിഷിക്തന്‍ ജനങ്ങളെ ആശീര്‍വദിക്കുന്നത് അംശവടി ഉയര്‍ത്തിയാണ്. എപ്പിസ്കോപ്പാ ആരാധനകളിലും ചില ഔദ്യോഗികകര്‍മ്മങ്ങളിലും അംശവടി ഉപയോഗിക്കുന്നു.

(മലങ്കരസഭാ വിജ്ഞാനകോശത്തില്‍ നിന്നും)