1876-ല്‍ മുളന്തുരുത്തി സുന്നഹദോസിനുശേഷം മലങ്കരസഭയെ ഏഴ് ഭദ്രാസനങ്ങളായി വിഭജിച്ചു. അവയില്‍ ഒന്നാണ് തുമ്പമണ്‍ ഭദ്രാസനം. 21 പള്ളികള്‍ ചേര്‍ത്താണ് ഈ ഭദ്രാസനം രൂപീകരിച്ചത്. ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ കോനാട്ട് ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായായിരുന്നു (1876-1884). ഇദ്ദേഹത്തിന്‍റെ കാലശേഷം ഭദ്രാസനഭരണം പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസിന്‍റെ കൈകളില്‍ (1884-1902) വന്നു ചേര്‍ന്നു. തുമ്പമണ്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഇദ്ദേഹത്തിന്‍റെ ഉത്സാഹത്താല്‍ ഉണ്ടായിട്ടുള്ളതാണ്. 1913-ല്‍ യൂയാക്കീം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഈ ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി വാഴിച്ചു. 1930-ല്‍ പുത്തന്‍കാവ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ ഭരണമേറ്റെടുത്തു. ഇദ്ദേഹത്തിന്‍റെ കാലത്ത് അനേകം പൊതുസ്ഥാപനങ്ങള്‍ ഭദ്രാസനത്തിന്‍റേതായി ഉടലെടുത്തു. 1953 മുതല്‍ 1990 ഡിസംബര്‍ വരെ ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ ഭരണം നടത്തി. 1985 മുതല്‍ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു വന്ന ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ 1991-ല്‍ ഭദ്രാസന മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ്, വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ്, ബസ്സേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍, ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്നീ മലങ്കര മെത്രാപ്പോലീത്താമാരും ഈ ഭദ്രാസനം ഹ്രസ്വകാലങ്ങളില്‍ നേരിട്ട് ഭരിച്ചിട്ടുണ്ട്.
രണ്ട് കത്തീഡ്രലുകള്‍ ഉള്‍പ്പെടെ 80 പള്ളികളുള്ള ഈ ഭദ്രാസനത്തിലാണ് പുരാതനമായ തുമ്പമണ്‍, ചന്ദനപ്പള്ളി, ഓമല്ലൂര്‍, മൈലപ്ര, കൈപ്പട്ടൂര്‍ എന്നീ ദേവാലയങ്ങള്‍ ഉള്‍പ്പെടുന്നത്. ഈ ഭദ്രാസനത്തിലെ 32 പള്ളികള്‍ ചേര്‍ത്താണ് നിലയ്ക്കല്‍ ഭദ്രാസനം രൂപീകരിച്ചത്. പത്തനംതിട്ട ബേസില്‍ ദയറാ, തണ്ണിത്തോട് സെന്‍റ് ആന്‍റണീസ് ആശ്രമം, മൈലപ്ര സെന്‍റ് കുറിയാക്കോസ് ആശ്രമം, തുമ്പമണ്‍ സെന്‍റ് മേരീസ് കോണ്‍വെന്‍റ് എന്നീ ആശ്രമങ്ങള്‍ ഈ ഭദ്രാസനത്തിലാണ്. മൈലപ്ര മാര്‍ പീലക്സിനോസ് ഐ.റ്റി.സി., തുമ്പമണ്‍ സെന്‍റ് മേരീസ് സ്കൂള്‍, മാരാമണ്‍ റിട്രീറ്റ് സെന്‍റര്‍ (സമഷ്ടി), പത്തനംതിട്ട മാര്‍ യൗസേബിയോസ് പാലിയേറ്റീവ് കെയര്‍ സെന്‍റര്‍, പ്രകാശധാര സ്പെഷ്യല്‍ സ്കൂള്‍, മാക്കാംകുന്ന് സെന്‍റ് ഗ്രീഗോറിയോസ് ശാന്തി ഭവന്‍, അങ്ങാടിക്കല്‍ പകല്‍വീട്, വികാസ് ലേഡീസ് ട്രെയിനിങ് സെന്‍റര്‍, പത്തനംതിട്ട മാര്‍ പീലക്സീനോസ് സ്മാരക മന്ദിരം, തട്ട ബാലികാ ഭവന്‍, തവളപ്പാറ സെല്‍ഫ് ഫിനാന്‍സ് കോളജ് എന്നിവയാണ് ഭദ്രാസനത്തിലെ മറ്റു സ്ഥാപനങ്ങള്‍. എം.ഒ.സി. മാനേജുമെന്‍റില്‍പ്പെട്ട പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഈ ഭദ്രാസനത്തിലാണ്. ഭദ്രാസന ആസ്ഥാനമായ പത്തനംതിട്ട ബേസില്‍ അരമനയില്‍ മുന്‍ മെത്രാപ്പോലീത്താമാരായ ദാനിയേല്‍ മാര്‍ പീലക്സിനോസ്, ഫിലിപ്പോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നു. സഭാകവി സി.പി. ചാണ്ടിയെയും ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്.
(Source: മലങ്കരസഭാ വിജ്ഞാനകോശം)