കോട്ടയം: മലങ്കര സഭയുടെ നിയുക്ത കാതോലിക്കാ ബാവ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്ത ഗുരുക്കന്മാരുടെ ഗുരുവായ സഭാരത്നം ഡോ.റ്റി. ജെ.ജോഷ്വാച്ചനെ ഭവനത്തിൽ സന്ദർശിച്ച് ആശീർവാദം സ്വീകരിച്ചു. 2021 സെപ്തബർ 19 ന് ഞായറാഴ്ച ഉച്ചക്ക് 1.45 നായിരുന്നു സന്ദർശനം.
ഗുരുവിന്റെ കാല്പാദത്തിൽ നമസ്ക്കരിച്ച നിയുക്ത കാതോലിക്കായെ ഫാ. ഡോ. റ്റി. ജെ. ജോഷ്വാ തലയ്ക്ക് കൈ വെച്ച് അനുഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ശിഷ്യന് പോക്കറ്റ് വാച്ചും പേനയും സമ്മാനമായി നൽകി. ഗുരുവിന് ശിഷ്യനും ഉപഹാരം നൽകി.
ഫാ. ഡോ. റ്റി .ജെ.ജോഷ്വാച്ചന്റെ കുടുംബത്തിൽ എത്തിയ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്തായെ ഡോ. ജോളി മാത്യു, ഡോ. രേണു ജോളി എന്നിവർ ചേർന്നു സ്വീകരിച്ചു.
വേദശാസ്ത്രം, സഭാചരിത്രം, സഭാ ഭരണഘടന, കാനോൻ നിയമം എന്നിവയിൽ അതീവ ജ്ഞാനം നേടിയ ശിഷ്യന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ഡോ.റ്റി.ജെ.ജോഷ്വാ അച്ചൻ സംതൃപ്തി രേഖപ്പെടുത്തി. ഏൽക്കുന്ന ചുമതലകൾ ഏറ്റവും വിശ്വസ്തയോടും കൃത്യനിഷ്ഠയോടും ആസൂത്രിതമായി നിർവ്വഹിക്കുന്നു എന്നുള്ളത് സേവേറിയോസ് തിരുമേനിയുടെ സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കാതോലിക്കാമാരുടെ ഗുരുവാകുവാൻ കഴിയുന്നത് അപൂർവ്വഭാഗ്യവും ദൈവ കൃപയെന്നും ഡോ.റ്റി. ജെ.ജോഷ്വാച്ചൻ പറഞ്ഞു.
ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ. മോഹൻ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. ഗുരുവിനൊപ്പം ഉച്ച ഭക്ഷണവും കഴിച്ചിട്ടാണ് നിയുക്ത ബാവ മടങ്ങിപ്പോയത്.