രോഗികളുടെ തൈലാഭിഷേകം / ഫാ. ഡോ. ടി. ജെ. ജോഷ്വ


രോഗികളുടെ സൗഖ്യത്തിനുവേണ്ടി നടത്തുന്ന ഒരു കൂദാശയാണ് ഇത്. രോഗികളുടെ പാപമോചനത്തിനും അതുവഴി രോഗശാന്തിക്കുമായി പ്രാര്‍ത്ഥനയാലും അഭിഷേകത്താലും പട്ടക്കാര്‍ നടത്തുന്ന ഒരു കൂദാശയാണ് തൈലാഭിഷേക ശുശ്രൂഷ. റോമന്‍ കത്തോലിക്കരെ അനുകരിച്ച് ഇതിനെ ‘അന്ത്യകൂദാശ’ എന്നു വിളിക്കുന്നത് ശരിയല്ല. കാരണം രോഗി സൗഖ്യം പ്രാപിച്ച് എഴുന്നേല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടും പ്രത്യാശയോടുമാണ് തൈലാഭിഷേകം നടത്തുന്നത്. അല്ലാതെ മരണാസന്നനായി കിടക്കുന്ന ഒരാളിന്‍റെ അന്ത്യ യാത്രയ്ക്കുള്ള ഒരുക്കമല്ല.

രോഗികളുടെ മേല്‍ തൈലം പൂശുമ്പോള്‍ ആദ്യം നെറ്റി, നെഞ്ച്, കാല്‍മുട്ടുകള്‍ എന്നിവയില്‍ തൈലം പൂശുന്നു. തുടര്‍ന്ന് കണ്ണ്, ചെവി, മൂക്ക്, ചുണ്ടും നാക്കും, കൈകള്‍, കാലുകള്‍, പെക്കിളിന് താഴെ ഭാഗം എന്നീ അംഗങ്ങളിലും തൈലം പൂശുന്നു. തന്മൂലം പാപമോചനവും ആത്മശുദ്ധീകരണവും ശരീര സൗഖ്യവും ലഭിക്കുന്നു. ഈ കൂദാശ ഏതു രോഗത്തിനും ഒരു വിശ്വാസിക്ക് സ്വീകരിക്കാവുന്നതാണ്.

1. തൈലാഭിഷേകം അന്ത്യകൂദാശയാണോ. എന്തുകൊണ്ട്?

അന്ത്യകൂദാശ എന്ന സങ്കല്പം കത്തോലിക്കാ സഭയില്‍ നിന്ന് കടന്നുവന്നതാണ് ഓര്‍ത്തഡോക്സ് സഭയില്‍ ഇത് തൈലാഭിഷേക ശുശ്രൂഷ എന്നാണ് അറിയപ്പെടുന്നത്. ഇത് ജീവിതാന്ത്യത്തില്‍ മാത്രം നടത്തുന്നതല്ല. രോഗസൗഖ്യത്തിനായി നടത്തുന്ന ശുശ്രൂഷയാണ്. രോഗാവസ്ഥയില്‍ ഇരിക്കുന്ന വ്യക്തി സുബോധത്തോടെ ഇരിക്കുമ്പോഴാണ് ഇത് നടത്തേണ്ടത്. കാരണം ശുശ്രൂഷയ്ക്ക് ഇടയില്‍ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറയുവാന്‍ രോഗിക്ക് അവസരം ഉണ്ട്. കാരണം പാപമോചനം രോഗസൗഖ്യത്തിന് ഉതകുന്നു. തൈലാഭിഷേക ശുശ്രൂഷ സുഖപ്രാപ്തിക്ക് വേണ്ടിയുള്ളതാണ്. സുഖമരണത്തിനുവേണ്ടിയുള്ളതല്ല.

2. തൈലാഭിഷേക ശുശ്രൂഷ എന്ന് നിലവില്‍വന്നു?

വി. വേദപുസ്തകത്തിന്‍റെ വെളിച്ചത്തില്‍ കര്‍ത്താവിന്‍റെ കാലത്തും തൈലം പൂശി സുഖപ്പെടുത്തുന്ന രീതി ഉണ്ടായിരുന്നു. (വി. മര്‍ക്കോസ് 6:13) “വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികള്‍ക്ക് എണ്ണ തേച്ച് സൗഖ്യം വരുത്തുകയും ചെയ്തു.” തുടര്‍ന്ന് അപ്പോസ്തോലിക സഭയിലും ഇത് തുടര്‍ന്നുപോന്നു. (യാക്കോബ് 5:14) “നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ മൂപ്പന്മാരെ (കശീശന്മാരെ) വിളിക്കട്ടെ അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം (എണ്ണപൂശി) ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.” കര്‍ത്താവിന്‍റെ കാലത്ത് ഉണ്ടായിരുന്നതും അപ്പോസ്തോലിക സഭയിലൂടെ തുടരുന്നതുമായ ഒരു കൂദാശയാണ് രോഗികള്‍ക്ക് വേണ്ടിയുള്ള വി. തൈലാഭിഷേക ശുശ്രൂഷ.

3. തൈലാഭിഷേകത്തിനുവേണ്ടി എന്തു തൈലമാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ട?

സൈത്ത് എണ്ണ അഥവാ ഒലിവെണ്ണയാണ് സാധാരണയായി ഉപയോഗിക്കുന്നത്. വി. മൂറോന്‍ കൂദാശയോടൊപ്പമോ പ്രത്യേകമായിട്ടോ പ്രാര്‍ത്ഥനകള്‍ നടത്തി വിശുദ്ധീകരിച്ച ഒലിവെണ്ണയാണ് ഉപയോഗിക്കുന്നത്. തൈലം ശുദ്ധീകരിക്കുന്ന പ്രാര്‍ത്ഥനകളില്‍ സൗഖ്യദാനത്തിനുള്ള നല്‍വരം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. വി. മൂറോന്‍ തൈലമല്ല തൈലാഭിഷേകത്തിന് ഉപയോഗിക്കുന്നത്. വേദപുസ്തകത്തില്‍ നല്ല ശമര്യാക്കാരന്‍റെ ഉപമയില്‍ എണ്ണയും വീഞ്ഞും ഉപയോഗിച്ച് മുറിവുകള്‍ കെട്ടുന്നതായി കാണുന്നു. എണ്ണയ്ക്ക് ഒരു സൗഖ്യദായക ശക്തി ഉള്ളതുകൊണ്ടാണ് എണ്ണ ഉപയോഗിക്കുന്നത്. കൂടാതെ ദൈവകൃപ ലഭിക്കുന്നതിനുവേണ്ടിയുള്ള ദൃശ്യമായ ഒരു മാധ്യമമാണ് എണ്ണ. സുഖപ്രാപ്തിക്ക് ദൃശ്യമായ ഉപാധികള്‍ കര്‍ത്താവ് തന്നെ കാട്ടിതരുന്നു. യേശുവിന് ഒരു വാക്കാലോ സ്പര്‍ശനത്താലോ സൗഖ്യമാക്കാമായിരുന്നിട്ടും കുരുടനു കാഴ്ച നല്‍കുവാന്‍ അവന്‍റെ കണ്ണില്‍ ചേറ് പുരട്ടി, ശീലോഹാമില്‍ കഴുകിച്ച് അവന് കാഴ്ചനല്‍കി (യോഹന്നാന്‍ 9:6,7) ഇക്കാരണങ്ങളാല്‍ ആണ് സൗഖ്യദാനശുശ്രൂഷയ്ക്ക് എണ്ണ ഉപയോഗിക്കുന്നത്.

4. രോഗികളുടെ തൈലാഭിഷേകവും കന്തീലാശുശ്രൂഷയും തമ്മിലുള്ള വ്യത്യാസം എന്ത്?

ഒരേ ലക്ഷ്യം വ്യത്യസ്ത ശുശ്രൂഷ. തൈലാഭിഷേക ശുശ്രൂഷയുടെ കുറെക്കൂടി വിപുലമായ ശുശ്രൂഷയാണ് കന്തീലാ ശുശ്രൂഷ. കന്തീലാ എന്ന വാക്കിന് ഇമിറഹല (തിരി) എന്ന് അര്‍ത്ഥം. അഞ്ച് ഘട്ടങ്ങളിലായി 5 തിരികള്‍ കത്തിച്ചുകൊണ്ട് നടത്തുന്ന ശുശ്രൂഷയാണിത്. പഞ്ചേന്ദ്രിയങ്ങളില്‍ ഓരോന്നിനും ഓരോക്രമം നടത്തുകയും ആ സമയത്ത് ഓരോ തിരി കത്തിക്കുകയും ചെയ്യുന്നു. തൈലാഭിഷേക ശുശ്രൂഷയെക്കാള്‍ കൂടുതല്‍ സമയം വേണ്ടി വരുന്നു എന്നതല്ലാതെ ഫലപ്രാപ്തി രണ്ടിനും ഒരുപോലെ തന്നെയാണ്.

5. കന്തീലാശുശ്രൂഷ വൈദികസ്ഥാനികള്‍ക്ക് മാത്രമേ നടത്താവൂ എന്ന് കാനോന്‍ നിയമം ഉണ്ടോ?

വൈദികര്‍ക്ക് മാത്രം എന്നു നിയമമൊന്നുമില്ല. വിശ്വാസികളായ ആര്‍ക്കും ഈ ശുശ്രൂഷ നടത്താവുന്നതാണ്.