പരിശുദ്ധ സഭയുടെ കൊമ്പ് ഉയരട്ടെ /ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍


അഭിവന്ദ്യരായ നമ്മുടെ സഹോദര മെത്രാപ്പോലീത്താമാരെ, വൈദികട്രസ്റ്റി ഡോ. ഒ. തോമസ് കത്തനാര്‍, അല്‍മായ ട്രസ്റ്റി ശ്രീ. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, അസോസിയേഷന്‍ സെക്രട്ടറി ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, വന്ദ്യ കോര്‍എപ്പിസ്കോപ്പാമാരെ, റമ്പാച്ചന്മാരെ, സ്നേഹമുള്ള വൈദികരെ, മലങ്കരസഭയുടെ അഭിമാനവും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നമ്മുടെ വാത്സല്യ മക്കളെ!
മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി യോഗത്തിലേക്ക് വീണ്ടും നാം നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു.
പരിശുദ്ധ സഭയുടെ അഗ്നിപരിശോധനകളുടെ സന്ദര്‍ഭങ്ങളിലെല്ലാം ഭാഗ്യവാന്മാരായ നമ്മുടെ മുന്‍ഗാമികള്‍ക്ക് കരുത്തേറിയ കരങ്ങള്‍പോലെ താങ്ങായിരുന്നത് അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി ആയിരുന്നു എന്നുള്ള ചരിത്രസത്യം നാം ഇപ്പോള്‍ അനുസ്മരിക്കുകയാണ്.
യഥാസമയത്ത് ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് നീതിപൂര്‍വ്വമായ നമ്മുടെ 157/2006-ാം നമ്പര്‍ നോട്ടീസ് കല്പനപ്രകാരമുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ നിശ്ചയിച്ചപ്രകാരം തന്നെ 21-ാം തീയതി ആരംഭിക്കുവാന്‍ നമുക്ക് സാധ്യമായി. കരുണയുള്ള കര്‍ത്താവ് തന്‍റെ കരങ്ങളില്‍ നമ്മുടെ പരിശുദ്ധ സഭയെ താങ്ങുന്നു എന്നുള്ളതിന്‍റെ പ്രകടമായ തെളിവായി നാം അതിനെ കാണുകയാണ്. തിരശ്ശീലയ്ക്കപ്പുറത്തേക്ക് പോയ അനേക പൂര്‍വ്വ പിതാക്കന്മാരുടെ മദ്ധ്യസ്ഥതയും നിര്‍ദ്ദോഷികളായ അനേകരുടെ കണ്ണീരോടുകൂടിയ പ്രാര്‍ത്ഥനയുമാണ് ഇതിനു പുറകിലുള്ളത് എന്ന് നാം വിശ്വസിക്കുന്നു.
വാത്സല്യ മക്കളെ, നിങ്ങളുടെ ഐക്യമാണ് ബലഹീനനായ നമ്മുടെ കരുത്ത്. ഒരുമയോടെ, പ്രാര്‍ത്ഥനയോടെ നമുക്ക് മുന്നേറാം.
മുന്‍സിഫ് കോടതിയുടെ നിരോധനം നിലനിന്നിരുന്ന സാഹചര്യത്തില്‍ അസ്സോസിയേഷന്‍ യോഗത്തിനു മുമ്പായി മാനേജിംഗ് കമ്മിറ്റി ഔദ്യോഗികമായി വിളിച്ചുചേര്‍ത്ത്, ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സാധിക്കാതെ വന്നതിനാലാണ് പതിവുരീതിയില്‍ നിന്നും വ്യത്യസ്തമായി ഈ യോഗം വിളിച്ചു കൂട്ടിയത്. സെപ്റ്റംബര്‍ 21-ാം തീയതി ആരംഭിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ തുടര്‍ച്ചയെന്നോണം 2006 ഒക്ടോബര്‍ 12-നു കൂടുന്ന അസ്സോസിയേഷന്‍ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടേണ്ട വിഷയങ്ങള്‍ ഇന്ന് നമുക്ക് ചര്‍ച്ച ചെയ്യുവാനുണ്ട്. പ. സഭയെ സംബന്ധിച്ചിടത്തോളം ആന്തരികവും ബാഹ്യവുമായ പ്രതികൂലതകളും പ്രതിപ്രവര്‍ത്തനങ്ങളും നിലനില്ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടും പ്രാര്‍ത്ഥനയോടും ഏകമനസ്സോടും കൂടി ആവശ്യമായ തീരുമാനങ്ങള്‍ ഈ സുപ്രധാന സമിതി കൈക്കൊള്ളണമെന്ന് നാം ആവശ്യപ്പെടുകയാണ്.
വാത്സല്യമുള്ളവരെ,
ഒക്ടോബര്‍ 12-ാം തീയതി നാം സമ്മേളിക്കുന്നത് പ്രധാനമായും ബലഹീനനായ നമുക്ക് ഒരു പിന്‍ഗാമിയെ, അതായത് പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണല്ലോ. നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരില്‍ ഒരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ബലഹീനനായ നാം ദൈവത്തോട് ആയതിന് യാചിച്ചു വരികയായിരുന്നു. പരിശുദ്ധ സഭയുടെ പിതാക്കന്മാര്‍ എന്ന നിലയില്‍ നാമും നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരും ഇന്നലെ (26/09/2006) ഇവിടെ ഒരുമിച്ചുകൂടി പ്രാര്‍ത്ഥനാപൂര്‍വ്വം ഈ കാര്യം ചര്‍ച്ച ചെയ്യുകയും നമ്മുടെ കുന്നംകുളം ഭദ്രാസനത്തിന്‍റെ അഭിവന്ദ്യ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ സഭാ മാനേജിംഗ് കമ്മിറ്റിയുടെ നോമിനേഷന്‍ വഴിയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗം തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായ സമന്വയം ഉണ്ടാവുകയും ചെയ്തു. ആയത് മാനേജിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി നാം സമര്‍പ്പിക്കുന്നു.
വാത്സല്യ മക്കളെ, പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനു നോമിനേഷന്‍ നല്‍കുക എന്ന ഒരു വലിയ പദവിയും അവകാശവും അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിക്കുണ്ട്. ആയതിനാല്‍ നമ്മുടേയും നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരുടെയും ആലോചനയെ പരിഗണിച്ച് ഉചിതമായ തീരുമാനം നിങ്ങള്‍ കൈക്കൊള്ളുമെന്ന് നാം പ്രത്യാശിക്കുന്നു. ആയതിനായി പ്രാര്‍ത്ഥിക്കുന്നു.
വാത്സല്യമുള്ളവരെ,
സഭ ദൈവത്തിന്‍റേതാണ്. നാം ഓരോരുത്തരും സര്‍വ്വശക്തന്‍റെ കരങ്ങളിലെ ആയുധങ്ങള്‍ മാത്രം. പുകഴുവാനും അതിരുവിട്ട് അഭിമാനിക്കുവാനും നമുക്കവകാശമില്ല. ദൈവമുമ്പാകെ നമുക്ക് താഴാം. അവന്‍റെ നാമം മഹത്വപ്പെടട്ടെ. പരിശുദ്ധ സഭയുടെ കൊമ്പ് ഉയരട്ടെ.
ദൈവം ഇന്നത്തെ നമ്മുടെ യോഗനടപടികളെ അനുഗ്രഹപ്രദമാക്കട്ടെ.
(26/09/2006-ല്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍
മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ചെയ്ത പ്രസംഗം)