സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംഭാവന കൊണ്ട് പണിത ദേവലോകം അരമന ചാപ്പല്‍ (1956)

മലങ്കരസഭയിലെ സ്ത്രീകളും കുഞ്ഞുങ്ങളും പിടിയരിയും മുട്ടയും മിച്ചം വച്ചുണ്ടാക്കിയ ദേവലോകം അരമന ചാപ്പല്‍ സംബന്ധമായ രേഖകള്‍

നമ്പര്‍ 211
The Orthodox Church of The East
ശ്ലീഹായ്ക്കടുത്ത പൗരസ്ത്യ സിംഹാസനത്തിന്‍റെ രണ്ടാമത്തെ
ഗീവറുഗീസായ മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാ
നമ്മുടെ … പള്ളിയില്‍ വികാരിയും ദേശത്തു പട്ടക്കാരും പള്ളി കൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.

അനുഗ്രഹിക്കപ്പെട്ടവരെ,

ഇവിടെ നമ്മുടെ അരമനയില്‍ ഒരു ചാപ്പല്‍ ഇല്ലാതിരുന്നതുകൊണ്ടു വളരെ വിഷമം തോന്നി ഒരു ചാപ്പല്‍പണി ആരംഭിച്ചു. ഇപ്പോള്‍ മദ്ബഹാ ഒഴിച്ചുള്ള ചാപ്പലിന്‍റെ പണി മിക്കവാറും തീര്‍ന്നു. ആറേഴായിരം രൂപാകൊണ്ടു ചാപ്പല്‍പണി തീര്‍ക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ഇരുപതിനായിരത്തില്‍പരം രൂപാ ചെലവിട്ടെങ്കിലേ അതു തീരുകയുള്ളു. ആദ്യത്തെ കണക്കനുസരിച്ചു തീര്‍ന്നിരുന്നു എങ്കില്‍ നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശക്തിയില്‍ കവിഞ്ഞ ഒരു സംഖ്യ ആവശ്യമായിരിക്കുന്നു. വി. മാതാവിന്‍റെയും മാര്‍ തോമാശ്ലീഹായുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും നാമത്തിലാണ് ഈ ചാപ്പല്‍ സ്ഥാപിച്ചിരിക്കുന്നത്. നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുംവേണ്ടി എന്നും ബലി അര്‍പ്പിപ്പാനുള്ള സ്ഥലമാണ് ഇത്. അതിനാല്‍ ആ ഇടവകയിലെ സ്ത്രീകളും കുഞ്ഞുങ്ങളും ചേര്‍ന്ന് അവരുടെ ശക്തിക്കും ഭക്തിക്കും മനസ്സിനും തക്കവണ്ണം ഒരു പിരിവെടുത്ത് നമുക്ക് അയച്ചുതരണം. ആ പിരിവ് കോഴിയോ താറാവോ മുട്ടയോ എന്തുതന്നെ ആയാലും തങ്ങളുടെ ശക്തിക്കു തക്കവണ്ണം ഇടവകയില്‍പ്പെട്ട എല്ലാ സ്ത്രീകളും അതില്‍ ഹൃദയപൂര്‍വ്വം പങ്കുകൊള്ളണം. ഈ പിരിവില്‍ സ്ത്രീകള്‍ പുരുഷന്മാരെ ബദ്ധപ്പെടുത്തരുത്. പിരിയുന്ന പണം സ്ത്രീകള്‍ തന്നെ മണിആര്‍ഡര്‍ ആയോ ചെക്കായോ എത്രയുംവേഗം നമ്മുടെ പേര്‍ക്കയച്ചുതരണം. ശേഷം പിന്നാലെ.

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാശ്ലീഹായുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും ശേഷം എല്ലാ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.
ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ. … ഇത്യാദി.

എന്ന്, 1952 ഡിസംബര്‍ 8-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും.

നമ്പര്‍ 210
സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)
വിശുദ്ധ മാര്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ്
എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ.

നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.

പ്രിയരെ,
……………
കൂടാതെ, നാം ഇവിടെ പണികഴിപ്പിച്ചിട്ടുള്ള ചാപ്പലിന്‍റെ മദ്ബഹാ പണി ആരംഭിച്ചിരിക്കുന്നു. ചാപ്പല്‍ പണി വകയ്ക്ക് സ്ത്രീകളും കുഞ്ഞുങ്ങളും സഹായിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ സ്ത്രീകളും ഈ സംഗതി വേണ്ടപോലെ അറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നാം വിചാരിക്കുന്നില്ല. അറിയാത്തവരെ എല്ലാ പള്ളിക്കാരും ഉത്സാഹിച്ച് അറിയിക്കണം. സ്ത്രീകളുടെ സഹായത്താല്‍ മേലാലുള്ള പണിയും നടത്തണമെന്നു നാം ആഗ്രഹിക്കുന്നതുകൊണ്ട് എല്ലാ സ്ത്രീകളും ആത്മാര്‍ത്ഥമായി അതില്‍ പങ്കു കൊള്ളണം. ചാപ്പല്‍ പണിയുടെ വരവുചെലവു കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും നമ്മുടെ കാവല്‍പിതാവായ മാര്‍ തോമ്മാശ്ലീഹായുടെയും ശേഷം എല്ലാ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ……. ഇത്യാദി.
1953 ഡിസംബര്‍ 1-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും.

കാതോലിക്കേറ്റ് അരമന ചാപ്പല്‍ കൂദാശ (1956)


നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും ശേഷം ജനങ്ങളുംകൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.

പ്രിയരെ, നമ്മുടെ അരമനചാപ്പലിന്‍റെ കൂദാശ 1956 ആഗസ്റ്റ് മാസം 15-നു ബുധനാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെല്ലാവരെയും അറിയിക്കുന്നതില്‍ നമുക്കു സന്തോഷമുണ്ട്. ചാപ്പല്‍ കെട്ടിടത്തിന്‍റെ പണി മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞു. ഹൈക്കലായുടെ ഭിത്തികള്‍ അല്പംകൂടി ഉയര്‍ത്തുക, അതനുസരിച്ച് മുഖവാരം പുതുക്കുക, ചാപ്പലിന്‍റെ മുറ്റം നിരപ്പാക്കി ചുറ്റും മതില്‍കെട്ടുക എന്നിങ്ങനെ ചില പണികള്‍ ഇനിയും ചെയ്തുതീര്‍ക്കാനുണ്ടെങ്കിലും പണച്ചുരുക്കം കൊണ്ട് അവ തല്‍ക്കാലം വേണ്ടെന്നുവയ്ക്കുകയും ചാപ്പല്‍ കൂദാശ ചെയ്യാന്‍ നിശ്ചയിക്കയും ചെയ്തിരിക്കയാണ്. ചാപ്പല്‍ കെട്ടിടവും മറ്റും സാമാന്യം ഭംഗിയായിത്തന്നെ പണിതിരിക്കുന്നു. ഇതിനു മൊത്തം നാല്പത്തയ്യായിരം രൂപയോളം ചെവായിട്ടുള്ളതില്‍ ഒരു ഗണ്യമായ ഭാഗം നമ്മുടെ സഭാംഗങ്ങള്‍ പ്രത്യേകിച്ചു സ്ത്രീകള്‍ നേരിട്ടും, മര്‍ത്തമറിയം വനിതാസമാജങ്ങള്‍ മുതലായ സംഘടനകള്‍ വഴിയായും അയച്ചുതന്നിട്ടുള്ളത് കൃതജ്ഞതാപൂര്‍വ്വം നാം സ്മരിക്കുന്നു. ഈ ചാപ്പല്‍ സ്ഥാപിച്ചിട്ടുള്ളത് ദൈവമാതാവിന്‍റെയും മാര്‍തോമ്മാ ശ്ലീഹായുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും പ. പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെയും നാമത്തിലാണ്. ദൈവമാതാവിന്‍റെ വാങ്ങിപ്പിന്‍റെ പെരുന്നാള്‍ ആഗസ്റ്റ് പതിനഞ്ചാം തീയതി ആണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. പൗരസ്ത്യ കാതോലിക്കാ സിംഹാസനം മലങ്കരയില്‍ പുനഃസ്ഥാപിച്ചതിലും മലങ്കരസഭയുടെ സ്വാതന്ത്ര്യസമ്പാദനത്തിലും സഹകരിച്ച അന്ത്യോഖ്യായുടെ മാര്‍ അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസു ബാവായുടെ ഓര്‍മ്മയും ആഗസ്റ്റ് പതിനഞ്ചിനു തന്നെയാണ്. ഇങ്ങനെ പലതുകൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്ന ആ ശുഭദിനത്തില്‍ നടത്തപ്പെടുന്ന പെരുന്നാളിലും ചാപ്പലിന്‍റെ കൂദാശയിലും സഭാംഗങ്ങള്‍ ഏവരും നേര്‍ച്ചകാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു പോകണമെന്നു നാം താല്‍പര്യപ്പെടുന്നു.
ചാപ്പല്‍ പണിയുടെ വരവുചെലവു കണക്കുകള്‍ നമ്മുടെ ആപ്പീസില്‍ നിന്നും പ്രസിദ്ധപ്പെടുത്തുവാന്‍ നാം ആജ്ഞാപിച്ചിട്ടുണ്ട്. ശേഷം പിന്നാലെ.

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടുംകൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വി. കന്യകമറിയാമിന്‍റെയും ശേഷം എല്ലാ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാ ശ്ലീഹായുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍. ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ…. ഇത്യാദി.

1956 ജൂലൈ 25-നു കോട്ടയം കാതോലിക്കേറ്റ് അരമനയില്‍നിന്നും.

Source