“ഇതാ, മനുഷ്യരുടെ ഇടയില്‍ ദൈവത്തിന്‍റെ കൂടാരം” / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

പ. സഭയുടെ ആരാധനാക്രമീകരണം അനുസരിച്ച് ആഗസ്റ്റ് 6-ലെ വി. കൂടാരപ്പെരുന്നാള്‍ മുതല്‍ തേജസ്കരണകാലത്തിലേക്ക് (Season of Transfiguration) നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഒപ്പം പ. ദൈവമാതാവിന്‍റെ മഹത്വകരമായ വാങ്ങിപ്പുപെരുന്നാളിലേക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി വിശുദ്ധിയോടെ നാം ശൂനോയോ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. “മര്‍ത്ത മറിയം ലോകബന്ധങ്ങളെ ഒക്കെയും വെടിഞ്ഞ് വിശുദ്ധിയില്‍ ജീവിച്ച് സര്‍വ്വനന്മകളാലും അലങ്കരിക്കപ്പെട്ടതിനാല്‍ അവള്‍ ദൈവത്തിന്‍റെ മാതാവായി തീരുവാന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലെ നമ്മളും ദൈവത്തിന് വസിപ്പാന്‍ തക്ക വിശുദ്ധ ആലയങ്ങളായി തീരുവാന്‍” ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ!

പുറപ്പാട് പുസ്തകം 34-ാം അദ്ധ്യായത്തിലും ലേവ്യ പുസ്തകം 23-ാം അദ്ധ്യായത്തിലും അടിസ്ഥാനമായി കാണപ്പെടുകയും മറ്റു പഴയനിയമ ഗ്രന്ഥങ്ങളില്‍ ഉടനീളം പ്രതിപാദിക്കപ്പെടുകയും ചെയ്യുന്ന മൂന്ന് പ്രധാന പെരുന്നാളുകളാണ് ദൈവജനത്തിന് ഉണ്ടായിരുന്നത്. ഒന്നാമത്തേത്, ആബീബ് മാസത്തില്‍ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച്, സംഹാരദൂതനില്‍ നിന്നും കുഞ്ഞാടിന്‍റെ രക്തത്താല്‍ രക്ഷിച്ച് (passover) അവരുടെ രക്ഷണ്യയാത്ര ആരംഭിക്കുന്ന ‘പുളിപ്പില്ലാത്ത അപ്പത്തിന്‍റെ’ പെരുന്നാള്‍ എന്നറിയപ്പെടുന്ന പെസഹാ പെരുന്നാള്‍. അതുവരെയും ഏഴാം മാസമായിരുന്ന ആബീബ് മാസത്തിനു പകരം ഒരു പുതിയ ക്രമീകരണം യഹോവയാല്‍ ഉണ്ടായി. ‘പുറപ്പെടലിന്‍റെ’ (Exodus) ആ മാസത്തെ അവര്‍ നീസ്സാന്‍ മാസം എന്നു വിളിക്കുകയും, മാസമദ്ധ്യത്തില്‍ (നീസ്സാന്‍ 14) അവര്‍ തലമുറകളായി പെസഹാ പെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഏഴ് യാമങ്ങള്‍ വീതമുള്ള ഏഴ് വാരങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ‘വാരപ്പെരുന്നാള്‍’ എന്നു വിളിക്കുന്ന അമ്പതാം പെരുന്നാള്‍ (Pentecost) ആചരിക്കുന്നു. നീസ്സാനില്‍ ആരംഭിച്ച പുതിയ ക്രമീകരണപ്രകാരമുള്ള ഏഴാം മാസം (Tisherei) 15-ാം തീയതി (പഴയ ക്രമീകരണത്തിലെ വര്‍ഷാരംഭം) യഹോവയ്ക്ക് വിശുദ്ധമായ ശബത്തായി ആചരിക്കുവാനും തുടര്‍ന്ന് ഏഴ് ദിവസം കൂടാരങ്ങളില്‍ താമസിച്ച് മരുഭൂമിയില്‍ 40 വര്‍ഷം അവരെ നടത്തിയ യഹോവയെ ധ്യാനിക്കുവാനും പുറപ്പാട് ചരിത്രം തലമുറകളോട് അറിയിക്കുവാനും എട്ടാം ദിവസം വീണ്ടും ശബ്ബത് ആഘോഷിച്ച് സമാഗമനകൂടാരത്തില്‍ കൂടിവന്ന് കൂടാരപ്പെരുന്നാള്‍ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുവാനും യഹോവ കല്പിക്കുന്നു. കൂടാരങ്ങളില്‍ പാര്‍ക്കുന്ന ഈ ദിനങ്ങളെ അവര്‍ വര്‍ഷാദ്ധ്യ-കായ്കനി പെരുന്നാള്‍ എന്നും വിളിക്കുന്നു.

നിഴലായ പഴയനിയമത്തില്‍ നിന്നും പൂര്‍ത്തീകരണം ആയ പുതിയനിയമത്തിലേക്ക് തന്‍റെ ഏകജാതനായ പുത്രനിലൂടെ പിതാവാം ദൈവം നയിച്ചപ്പോള്‍ പ. സഭ അതിന്‍റെ ആരാധനാ ജീവിതത്തിനും മറ്റു എല്ലാ മതജീവിത രീതികള്‍ക്കും അടിസ്ഥാനം കണ്ടെത്തിയതും പുത്രന്‍തമ്പുരാന്‍ നല്‍കിയ പുതിയ വ്യാഖ്യാനങ്ങളിലൂടെ പുതിയ അര്‍ത്ഥതലങ്ങള്‍ അറിഞ്ഞതും വി. അപ്പോസ്തോലന്മാരുടെ കാലം മുതല്‍ തന്നെ ആയത് ആചരിച്ചു തുടങ്ങിയതും നാം കാണുന്നു. മോശ മുഖാന്തരം ലഭിച്ച ന്യായപ്രമാണം കൃപയും സത്യവുമായി യേശുക്രിസ്തു മുഖാന്തിരം (യോഹ. 1:17) വെളിപ്പെടുമ്പോള്‍ ആരാധനയ്ക്കും പെരുന്നാളുകള്‍ക്കും പുതിയ അര്‍ത്ഥതലങ്ങള്‍ ലഭ്യമാകുന്നു.

“സത്യനമസ്ക്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്നു, കാരണം ദൈവം ആത്മാവാകുന്നു. അവനെ നമസ്കരിക്കേണ്ടത് ആ മലയിലോ ഈ മലയിലോ അല്ല; ആത്മാവിലും സത്യത്തിലും ആകുന്നു” എന്ന് ശമര്യ സ്ത്രീയോട് (യോഹന്നാന്‍ 4) വെളിപ്പെടുത്തുന്ന കര്‍ത്താവ് ആത്മദാഹം തീര്‍ക്കുന്ന ജീവജലം, വിശ്വസിക്കുന്ന ഏവനും വാഗ്ദാനം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് യഹൂദന്മാരുടെ പഴയപെരുന്നാളുകള്‍ക്ക് പരിശുദ്ധ സഭയില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ ലഭ്യമാകുന്നത്.

കുഞ്ഞാടും പുളിപ്പില്ലാത്ത അപ്പവും കയ്പ്പുചീരയും ചേര്‍ന്ന യഹൂദന്‍റെ മാത്രം താല്‍ക്കാലിക വിമോചനം ആയിരുന്ന പെസഹാപെരുന്നാള്‍ സര്‍വ്വലോകത്തിന്‍റെയും ജീവനും രക്ഷയ്ക്കും കാരണമായിത്തീര്‍ന്ന നമ്മുടെ കര്‍ത്താവിന്‍റെ കഷ്ടാനുഭവത്തിലും മരണത്തിലും ഉയര്‍പ്പിലും വിശ്വസിക്കുന്നവന് നിത്യജീവന്‍റെ അപ്പമായി, അപ്പത്തിന്‍റെ വലിയ പെരുന്നാളായി മാറുന്നു (യോഹ 6:35). പുതിയ വ്യാഖ്യാനം ഉണ്ടായപ്പോഴും ‘പെസഹാ പെരുന്നാള്‍’ എന്ന ആശയത്തിനോ പ്രയോഗത്തിനോ വ്യത്യാസം വന്നില്ല എന്നു സാരം.

ഇതുപോലെ തന്നെ വി. പെന്തക്കോസ്തി പെരുനാള്‍ പ. റൂഹായുടെ ആവാസത്തിന്‍റെ വലിയ പെരുനാളും പുതിയ യിസ്രായേല്‍ ആകുന്ന പ. സഭയുടെ ആരംഭ പെരുനാളും ഒക്കെയായി മാറ്റപ്പെട്ടപ്പോഴും വാരപ്പെരുന്നാള്‍ അഥവാ ’50-ാം ദിനം’ എന്നു മാത്രം അര്‍ത്ഥമുള്ള പെന്തിക്കോസ്തി എന്ന പദം മാറ്റപ്പെട്ടില്ല എന്ന് ഓര്‍ക്കണം. ഇതേപ്രകാരം തന്നെ വി. കൂടാരപ്പെരുന്നാളിലും കര്‍ത്താവ് പങ്കെടുക്കുകയും മലമുകളില്‍ പെരുന്നാള്‍ ധ്യാനത്തിന് പോകുകയും യെരുശലേം ദേവാലയത്തിലെ കൂടാരപെരുനാളില്‍ സംബന്ധിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ വ്യാഖ്യാനതത്വം വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് വി. യോഹന്നാന്‍ തന്‍റെ സുവിശേഷത്തിന്‍റെ ഏഴാം അദ്ധ്യായത്തില്‍ കൂടാരപ്പെരുന്നാളിന്‍റെ മദ്ധ്യത്തില്‍ യെരുശലേം ദേവാലയത്തില്‍ നിന്നുകൊണ്ടുള്ള കര്‍ത്താവിന്‍റെ പ്രഖ്യാപനം രേഖപ്പെടുത്തുന്നത്: “ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ” എന്നും അവനില്‍ നിന്ന് ജീവനദി ഒഴുകും എന്നും അത് വിശ്വസിക്കുന്നവര്‍ക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാണ് പറഞ്ഞതെന്നും യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍… (7:37-39) എന്നിങ്ങനെ പോകുന്നു വി. യോഹന്നാന്‍ ശ്ലീഹായുടെ വ്യാഖ്യാനം.

മേല്‍പറഞ്ഞ മൂന്ന് പെരുന്നാളുകളും പഴയനിയമ പശ്ചാത്തലത്തിലും, അന്ന് അവ നടന്ന കാലഘട്ടത്തിലുമാണ് വി. സഭ പുതിയ വ്യാഖ്യാനങ്ങളോടെ ഇന്നും ആഘോഷിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ത്തിരിക്കണം. അതുകൊണ്ടാണ് ‘കൂടാരപ്പെരുന്നാള്‍’ പെസഹായ്ക്കു ശേഷം ഏകദേശം ആറ് മാസം കഴിഞ്ഞും (പെസഹ: ഒന്നാം മാസം, പതിനാലാം തീയതി. കൂടാരപെരുനാള്‍: ഏഴാം മാസം പതിനഞ്ചാം തീയതി) പെന്തിക്കോസ്തി പെരുന്നാളിനു ശേഷവും വരുന്നത് എന്ന് സാരം. കൂടാരപ്പെരുന്നാളിന്‍റെ ആരംഭ ധ്യാനത്തിനായി മറുരൂപമലയില്‍ (താബോര്‍) പോയ സമയത്ത് ഉണ്ടായ സംഭവവും അനുഭവവുമാണ് സമവീക്ഷണ സുവിശേഷങ്ങളില്‍ വിശദമായി കാണുന്നത്.

കൂടാരം എന്നാല്‍ കേവലം ഒരു ടെന്‍റ്, സര്‍ക്കസ് കൂടാരം പോലെ എന്നല്ല മറിച്ച് ഗോത്രപിതാവായ യാക്കോബിന്‍റെ ദര്‍ശനമായ (ഉല്‍പത്തി 28) ദൈവത്തിന്‍റെ ആലയം (ബഥേല്‍) മുതല്‍ മോശയുടെ കാലത്തെ സമാഗമനകൂടാരം തുടങ്ങി ദൈവത്തിന്‍റെ സാന്നിദ്ധ്യം അറിഞ്ഞ എല്ലാ സ്ഥലങ്ങളും സംഭവങ്ങളുമാണ് എന്നും നാം അറിയണം. പുതിയനിയമത്തില്‍ വി. കന്യകമറിയാമിന്‍റെ ഉദരവും ബേത്ലഹേം ഓഫര്‍ത്തായും യോര്‍ദ്ധാനിലെ സ്നാനവും മറുരൂപമലയിലെ മേഘകൂടാരവും എല്ലാം പ. സഭയെ കുറിക്കുന്ന സംജ്ഞകളാണെന്ന് പിതാക്കന്മാര്‍ വ്യക്തമായി പഠിപ്പിക്കുന്നു. മേല്‍പറഞ്ഞതും ഇനിയും ഒട്ടനവധിയായി സഭയുടെ ആരാധനാ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്ന തിരുവചന വ്യാഖ്യാനങ്ങളിലും ദൈവമഹത്വം (shekena) പരിലസിക്കുന്ന (Theophiny) അനുഭവങ്ങള്‍ കാണുന്നു. “ഇവനെന്‍റെ പ്രിയ പുത്രന്‍; ഇവനു ചെവി കൊടുപ്പീന്‍” എന്ന ദൈവശബ്ദം പ. സഭയാകുന്ന കൂടാരത്തിലാണ് കേള്‍ക്കപ്പെടുന്നത്. പഴയനിയമ വായനയ്ക്കു മുമ്പായി ‘നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്ത്വത്തിന്‍റെയും രക്ഷയുടെയും ശബ്ദം എന്ന് ദാവീദു മുഖാന്തരം പരിശുദ്ധ റൂഹാ പാടി’ എന്ന് ആമുഖ വചനങ്ങളായി പറയുന്നു. അവിടെ ന്യായപ്രമാണവും (മോശ) പ്രവചനവും ഏലിയാ, അപ്പോസ്തോലികതയും ജീവലോകവും മൃതലോകവുമെല്ലാം വി. ത്രിത്വത്തില്‍ ഒന്നിക്കുന്നു.

വി. യോഹന്നാനുണ്ടാകുന്ന വെളിപ്പാടില്‍ അദ്ദേഹം കാണുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പുത്തന്‍ യെരുശലേമും മണവറയും മണവാട്ടിയും ഒക്കെ കേവലം മാനുഷിക വിവരണങ്ങള്‍ക്ക് അതീതമാണ്; എത്ര വ്യാഖ്യാനിച്ചാലും മതിവരുകയോ അവസാനിക്കുകയോ ഇല്ല എന്നും പിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അവിടെ സിംഹാസനത്തില്‍ നിന്നും വീണ്ടും മഹാശബ്ദം (ദൈവനാദം) ഉയരുന്നു. “ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം; അവന്‍ അവരോടു കൂടെ വസിക്കും; അവര്‍ അവന്‍റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും (വെളിപ്പാട് 21: 1-3). താബോറില്‍ കണ്ട അതേ ‘ജ്യോതിസ്’ പ. സഭയാകുന്ന കൂടാരത്തിലും (21:11) കാണുന്നു. അതിന്‍റെ പൊക്കമുള്ള മതിലും (സുവിശേഷങ്ങള്‍) പന്ത്രണ്ടു ഗോപുരവും (വി. അപ്പോസ്തോലന്മാര്‍, കര്‍ത്താവിന്‍റെ ജീവപുസ്തകത്തിന്മേല്‍ എഴുതപ്പെട്ടവര്‍ക്കു മാത്രം പ്രവേശനവും എന്നിങ്ങനെ ആ വര്‍ണ്ണന തുടരുകയാണ്.

സര്‍വ്വപ്രപഞ്ചവും സമഞ്ജസമായി സമ്മേളിക്കുന്ന പ. സഭയാകുന്ന വി. കൂടാരത്തില്‍ ദൈവതേജസ്സ് നിത്യമായി ഉജ്ജ്വലകാന്തിയോടെ ശോഭിക്കുന്ന അനുഭവമാണ് വി. കൂടാരപെരുനാളും അവിടെയുണ്ടാകുന്ന മറുരൂപ അനുഭവവും എന്ന സന്ദേശമാണ് കൂടാരപെരുനാളില്‍ ആരംഭിക്കുന്ന നോമ്പുകാലത്ത് പ. സഭയുടെ ധ്യാനചിന്ത എന്ന് സാരം. ഈ മഹത്വീകരണം ആദ്യം പ്രാപിക്കുന്നത് പ. സഭയുടെ കൂടെ നിത്യപ്രതീകമായ രാജമാതാവായ വി. കന്യകമറിയാമാണ്. ആഗസ്റ്റ് 6-ന് ആരംഭിക്കുന്ന കൂടാരപെരുനാള്‍ ഏഴ് മുതല്‍ ഏഴ് ദിവസം പിന്നിട്ടു കഴിയുമ്പോള്‍ ആഗസ്റ്റ് 15-ന് പ. ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളില്‍ അതിന്‍റെ പൂര്‍ത്തീകരണത്തില്‍ എത്തിച്ചേരുന്നു! കര്‍ത്താവ് താന്‍ സര്‍വ്വ സ്വര്‍ഗ്ഗീയ സേനകളുടെയും അകമ്പടിയോടെ സ്വര്‍ഗ്ഗം തുറന്ന് ഇറങ്ങി വന്ന് പ. ദൈവമാതാവിന്‍റെ ആത്മാവിനെ ബഹുമാനത്തോടെ കൈക്കൊണ്ടു എന്നും പിന്നീട് സംസ്കരിക്കപ്പെട്ട അവരുടെ ശരീരം അപ്രകാരം സര്‍വ്വഘോഷത്തോടും കൂടെ ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നും വി. യാക്കോബിന്‍റെ ബോവൂസ്സായില്‍ വി. ശൂനോയോ നോമ്പില്‍ നാം ധ്യാനിക്കുന്നു. ആകയാല്‍ പ. സഭയാകുന്ന കൂടാരത്തില്‍ വസിച്ച് ദൈവമഹത്വത്തില്‍ വളരുവാന്‍ പ. ദൈവമാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ നമുക്കും ശരണപ്പെടാം.

‘തന്‍റെ കരുണയാല്‍ ലോകത്തെ സൃഷ്ടിച്ച പരിശുദ്ധനായ ഏക പിതാവിന്‍റെയും, തന്‍റെ കഷ്ടാനുഭവത്താല്‍ അതിനെ വീണ്ടെടുത്ത പരിശുദ്ധനായ ഏക പുത്രന്‍റെയും, സകലത്തെയും പൂര്‍ത്തിയാക്കുന്ന പരിശുദ്ധനായ ഏക റൂഹായുടേയും സാന്നിധ്യവും സഹവാസവും എപ്പോഴും നമ്മോടു കൂടെ വ്യാപരിക്കട്ടെ.

പ. ദൈവമാതാവിന്‍റെയും നമ്മുടെ അപ്പോസ്തോലനും കാവല്‍പിതാവുമായ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെയും ശ്ലീഹാ മുതല്‍ ഇന്നയോളം നമ്മെ പരിപാലിച്ച നമ്മുടെ സര്‍വ്വ പൂര്‍വ്വ പിതാക്കന്മാരുടെയും പ്രത്യേകാല്‍ മാര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്മാരായ യല്‍ദോ മാര്‍ ബസേലിയോസ്, ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് എന്നീ പിതാക്കന്മാരുടെയും പ്രാര്‍ത്ഥനയും മദ്ധ്യസ്ഥതയും നമുക്ക് കോട്ടയും കൂട്ടും കാവലുമായിരിക്കട്ടെ.