കോവിഡ് മരണം: മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കി ഓര്‍ത്തഡോക്സ് സഭ

 

 

കോട്ടയം∙ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം വേണ്ടിവന്നാൽ ദഹിപ്പിക്കാവുന്നതും ശുശ്രൂഷകൾ പൂർത്തിയാക്കി ഭൗതിക ശേഷിപ്പ് കബറിൽ അടക്കം ചെയ്യാവുന്നതുമാണെന്ന് ഓർത്തഡോക്‌സ് സഭ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കുന്നതിനുള്ള സ്ഥല പരിമിതിയോ മറ്റ് തടസ്സങ്ങളോ ഉണ്ടെങ്കിലാണ് ദഹിപ്പിക്കുന്നതിന് അനുമതി.

സഭാ വിശ്വാസികളിൽ ആരെങ്കിലും കോവിഡ് പോസിറ്റീവായി മരിച്ചാൽ അതതു രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും പ്രോട്ടോക്കോൾ പ്രകാരം എല്ലാ ബഹുമാനാദരവുകളോടും കൂടെ സംസ്‌കാര ശുശ്രൂഷകൾ നിർവഹിക്കണം. മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നൽകുന്ന നിലയിലും സമൂഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിലും സഭയുടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് സംസ്‌കരിക്കുന്നതിനുള്ള നടപടികൾ ഇടവക വികാരിമാരുടെ നേതൃത്വത്തിൽ നടപ്പാക്കണം.

മരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരും അനാരോഗ്യമുള്ളവരും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല. സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സഭാ വിശ്വാസികളിൽ നിന്നുണ്ടാകരുതെന്ന് സഭാ നേതൃത്വം അഭ്യർഥിച്ചു.