കോവിഡ്കാല മത വിമര്‍ശനം: ഒരു ചെറു പ്രതികരണം / ഫാ. ബിജേഷ് ഫിലിപ്പ്

കോവിഡ് കാലത്ത് മതങ്ങളെ പൊതുവെയും മതാചാരങ്ങളെ പ്രത്യേകിച്ചും അവഹേളനപരമായി വിമര്‍ശിക്കുന്ന ചില എഴുത്തുകളും പങ്കുവയ്ക്കലുകളും കാണുവാനിടയായിട്ടുണ്ടല്ലോ. ആഴമായ വിശ്വാസ ബോധ്യങ്ങളും ആത്മാര്‍ത്ഥമായ ആത്മീയ നടപടികളും ഉള്ളവര്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങളെ നിസ്സാരമായി അവഗണിക്കും. എങ്കിലും ഇങ്ങനെയുള്ള ചില വിമര്‍ശനങ്ങള്‍ ചിലരുടെയെങ്കിലും വിശ്വാസ ജീവിതത്തെ തളര്‍ത്തുവാന്‍ ഇടയാക്കും എന്നതുകൊണ്ട് ഒരു ചെറു പ്രതികരണം പ്രസക്തമാകുമെന്ന് കരുതുന്നു.

മതവിശ്വാസികളെ മാനസാന്തരപ്പെടുത്തി മതരഹിതരാക്കാനുള്ള ഊര്‍ജിതശ്രമത്തിലാണ് ചിലര്‍. എല്ലാ മതങ്ങളെയും അടച്ചാക്ഷേപിക്കുന്നവര്‍ ഭൗതികതയുടെ മതം മാത്രമാണ് ഏക സത്യം എന്ന് ചിന്തിക്കുന്നവരാകും. പുരാതന ഭാരതത്തിലെ ലോകായത ദര്‍ശനം വച്ചുപുലര്‍ത്തിയവരെ ഓര്‍മ്മിപ്പിക്കുന്ന ആധുനിക ഭൗതിക വാദികളില്‍ ചിലരെങ്കിലും തങ്ങളുടെ ബൗദ്ധികാക്രമണത്തിലൂടെ മതാനുയായികളെ സംഹരിക്കുകയോ ‘രക്ഷിക്കുകയോ’ ചെയ്യുന്ന ഉദ്യമത്തിലാണ്. അജ്ഞതയിലും അന്ധവിശ്വാസത്തിലും കഴിയുന്നവരെ രക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാകും ഇക്കൂട്ടര്‍ മതങ്ങള്‍ക്കു നേരെ അപമാനശരങ്ങള്‍ തൊടുത്തു വിടുന്നതും ഹാസ്യ വിമര്‍ശനം നടത്തുന്നതും.

മതത്തെ ദുരുപയോഗപ്പെടുത്തുന്നവരെ മാത്രം വേര്‍തിരിച്ചു പറയാതെ മതത്തെ പൊതുവായി അടച്ചാക്ഷേപിക്കുന്നത് അജ്ഞതയും സങ്കുചിതത്വവും ആണ്. വിദ്വേഷവും വിഭാഗീയതയും വളര്‍ത്തി മതജീവനെ ശ്വാസം മുട്ടിക്കുന്ന വര്‍ഗ്ഗീയതയുടെ വൈറസുകള്‍ മതങ്ങളുടെ ഭാഗമല്ല. മനുഷ്യരുടെ ബലഹീനതകളെ ചൂഷണം ചെയ്തു പണാപഹരണം നടത്തുവാന്‍ ശ്രമിക്കുന്ന ചില മതനേതാക്കളുടെ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണ് എന്നതിനു സംശയമില്ല. എന്നാല്‍ മതത്തിന്‍റെ അന്തസത്തയില്‍ ഉള്ള ധാര്‍മ്മിക വെളിച്ചവും ശക്തിയും മാനവീകരണത്തിന് പ്രയോജനകരവും പ്രചോദനപ്രദവുമെന്ന് മനസ്സിലാക്കാന്‍ അധികമായ മതപഠനം പോലും ആവശ്യമെന്നു തോന്നുന്നില്ല.

ഒരു യുക്തിവാദവും, കാണപ്പെടുന്ന ഈ പ്രപഞ്ചത്തിന്‍റെ പിന്നിലെ ആത്മീയ സ്രോതസ്സിന്‍റെ അസ്തിത്വം ഇല്ലായെന്നു തെളിയിക്കുവാന്‍ ശക്തമോ പര്യാപ്തമോ അല്ല. ഇതുപോലെ തന്നെ യുക്തി കൊണ്ടും ബുദ്ധി കൊണ്ടും മാത്രം ദൈവാസ്തിത്വം തെളിയിക്കുവാനുള്ള ശ്രമവും വിജയകരമാകില്ല. എന്നാല്‍ വിവിധ കാലങ്ങളില്‍ വിവിധ ഗുരുക്കന്മാരിലൂടെ ഒഴുകിയെത്തിയ ആത്മീയ വെളിച്ചത്തിലാണ് ഭൗതികതയുടെ പരിമിതികളെ അതിജീവിക്കാന്‍ നമ്മില്‍ തന്നെ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ദൈവിക സാധ്യതകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.

ദൈവിക വെളിപ്പെടുത്തലുകളുടെ സമുന്നത ദര്‍ശനം ക്രിസ്തുവിലൂടെ സ്വശിഷ്യര്‍ക്കു ലഭിച്ചു. ആ അടിസ്ഥാനത്തിലാണല്ലോ ക്രിസ്തീയ വിശ്വാസം രൂപപ്പെട്ടിരിക്കുന്നത്. തിന്മകളുടെ ബന്ധനങ്ങളില്‍ നിന്നു മോചിപ്പിക്കുന്നതും സ്നേഹവും നീതിയും നിറയുന്ന സമൂഹ നിര്‍മ്മിതിക്കു പ്രചോദിപ്പിക്കുന്നതും ദൈവ സംസര്‍ഗ്ഗത്തിലൂടെ മാനവീകരണം വളര്‍ത്തുന്നതും മരണാനന്തര ജീവിതത്തിന് ശക്തമായ പ്രത്യാശ പകരുന്നതുമായ ഈ ദര്‍ശനം അനുസരിച്ചും അനുഭവിച്ചും ലക്ഷക്കണക്കിനാളുകള്‍ പ്രകാശിതരായി ലോകത്തിനു വെളിച്ചമായി. ജീവിത വിജയത്തിനും സാക്ഷാത്കാരത്തിനും ഇത് സഹായിക്കുമെന്ന അനേക തലമുറകളുടെ സാക്ഷ്യത്തിന്‍റെ അടിസ്ഥാനത്തിലും കൂടെയാണല്ലോ നമ്മുടെ വിശ്വാസവും പ്രധാന ആത്മീയാനുഷ്ഠാനങ്ങളും വളര്‍ന്നു വന്നിട്ടുള്ളത്. ഇതൊന്നും മനസ്സിലാക്കാതെ ആത്മീയാനുഷ്ഠാനങ്ങളെ ‘കോപ്രായങ്ങള്‍’ എന്നു പരാമര്‍ശിക്കുന്നത് അജ്ഞതയുടെ രോഗബാധയില്‍ നിന്നാകാം.

യൂറോപ്പില്‍ കത്തോലിക്കാ സഭയുടെ നേതൃത്വം, ബൗദ്ധികവും മാനസികവുമായ ആത്മാവിഷ്ക്കാരത്തിനു പ്രതിബന്ധമാണെന്നു കണ്ടപ്പോഴാണല്ലോ ബുദ്ധിജീവികള്‍ സഭയെ എതിര്‍ത്തത്. ഇവര്‍ സഭയുടെ അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നതിന്‍റെ ഭാഗമായി ദൈവാസ്തിത്വം നിഷേധിക്കുകയും യുക്തിയെ ദൈവതുല്യം ആരാധിക്കാന്‍ പ്രചോദനം പകരുകയും ചെയ്തു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ യൂറോപ്പിലുണ്ടായ ഈ പ്രബുദ്ധതാ നീക്കത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം വളര്‍ന്നു വന്നിട്ടുള്ളതാണ് പല ആധുനിക പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസ രീതികളും. ആധുനികത തന്നെ അങ്ങനെയുണ്ടായി എന്നു പറയാം.

ആധുനികതയുടെ പരിമിത ദര്‍ശനം മാത്രം മതമാക്കി ചിന്തകളെ രൂപപ്പെടുത്തുന്നവര്‍ മതനേതാക്കളില്‍ ചിലരുടെ ദുഷിപ്പുകളെ കാണുമ്പോള്‍ മതങ്ങളുടെ അടിസ്ഥാനങ്ങളെപ്പോലും വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ‘രോഗത്തോടൊപ്പം രോഗിയെ കൂടി നശിപ്പിക്കാന്‍’ ശ്രമിക്കുന്നവരുടെ സങ്കുചിത നിലപാട് നാം തിരിച്ചറിയേണ്ടതാണ്.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആത്മീയ കൂടിവരവുകളും ശുശ്രൂഷകളും നിര്‍ത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തതിനെ ഹാസ്യ വിമര്‍ശനം നടത്തിയാണ് ചിലര്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്. ആത്മീയ കൂടിവരവുകളുടെയും അനുഷ്ഠാനങ്ങളുടെയും പരമ പ്രധാന ലക്ഷ്യം അത്ഭുത രോഗസൗഖ്യമാണെന്ന ധാരണയാണ് ഇങ്ങനെയുള്ള പലര്‍ക്കും ലഭിച്ചിരിക്കുന്നത് എന്നു തോന്നുന്നു. ആത്മീയ നേതാക്കളായ പലരും അങ്ങനെ ഒരു ധാരണയാണ് പൊതുസമൂഹത്തിന് നല്‍കുന്നതും. സൗഖ്യം ഏതു വിധേന ലഭിച്ചാലും അതിനെ ദൈവകൃപയായി കരുതാനും ദ്രുതഗതിയില്‍ സൗഖ്യം ലഭിച്ചില്ലെങ്കിലും അതിനെ കൂടുതല്‍ കൃപയ്ക്കായി ദൈവാശ്രയത്തില്‍ തുടരാനുള്ള അവസരമാക്കാനും യഥാര്‍ത്ഥ വിശ്വാസികള്‍ക്കു സാധിക്കും. വിശ്വാസത്തോടും വിനയത്തോടും അടുത്തു വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സൗഖ്യം നല്‍കുന്ന ദൈവസാന്നിധ്യം അനുഭവിക്കുവാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു.

അത്ഭുതങ്ങളെ ആത്മീയ ജീവിതത്തിന്‍റെ സുപ്രധാന ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നത് ഉചിതമല്ല എന്ന പുരാതന ആത്മീയ ദര്‍ശനം വീണ്ടും ഉറപ്പിച്ചു പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അത്ഭുതങ്ങളിലൂടെ ദൈവശക്തി വെളിപ്പെടുത്തുകയും സ്നേഹവും സൗഖ്യവും പങ്കുവയ്ക്കുകയും ചെയ്ത ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോള്‍ ‘നീ രക്ഷകനെങ്കില്‍ സ്വയം രക്ഷിച്ച് താഴെ ഇറങ്ങി വരാന്‍’ പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചവരുടെ പരിഹാസം അവഗണിച്ച് ക്രൂശില്‍ കിടന്നത് നമുക്കോര്‍ക്കാം. ആ ക്രിസ്തുവിനെപ്പോലെ പരിഹാസ വിമര്‍ശനങ്ങളോടു പ്രതികരിക്കാനുള്ള വിശ്വാസ ധീരതയും വിശുദ്ധിയുമാണ് നമുക്കിന്നാവശ്യം.

ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും മറ്റും അവഗണിച്ച് ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടി വന്നിരുന്നെങ്കില്‍ പരിഹാസപ്രിയരായ വിമര്‍ശകര്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുമായിരുന്നു എന്നുമോര്‍ക്കാം. സമൂഹ ആരാധന എന്നത് വിശ്വാസജീവിതത്തിലെ അനേക ആത്മീയാനുഷ്ഠാനങ്ങളില്‍ ഒരു പ്രധാന കാര്യം മാത്രമാണല്ലോ. ബാക്കിയുള്ളവ പലതും കോവിഡ് നിയന്ത്രണ കാലത്തും മുടക്കം കൂടാതെ നിറവേറ്റി ദൈവീകരണ പാതയില്‍ മുന്നേറുന്ന അനേക വിശ്വാസികളുള്ള സമൂഹമാണ് സഭയെന്നത് പലരും അറിയാതെ പോകുന്നുണ്ടാകും.

വൈദികരെയും ഇതര ആത്മീയ ശുശ്രൂഷകരെയും ‘പരാന്ന ജീവികള്‍’ എന്നും മറ്റും വിളിക്കുന്നതും വിചിത്രമായ അജ്ഞതയായി തോന്നുന്നു. കള്ളക്കഥകളുണ്ടാക്കി പ്രസിദ്ധീകരിച്ച് വായനക്കാരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഏതാനും പത്രപ്രവര്‍ത്തകരെ പ്രതി വിശ്വസ്തതയോടെ പത്രപ്രവര്‍ത്തനം നടത്തുന്ന സകലരെയും കൂടി ‘പത്ര ഉഡായിപ്പുകാരെന്നും പരാന്നജീവികളെന്നും’ വിളിച്ചാക്ഷേപിക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമാണെന്ന് ഈ പരിഹാസ്യ വിമര്‍ശകര്‍ കരുതുന്നുണ്ടോ എന്നും ചോദിക്കേണ്ടിയിരിക്കുന്നു. അല്പം ആഴമായി ചിന്തിക്കുമ്പോള്‍ സമൂഹത്തിനു പ്രയോജനപ്രദമായ സേവനങ്ങള്‍ നല്‍കി വേതനം കൈപ്പറ്റി ജീവിക്കുന്ന സമൂഹത്തിന്‍റെ വിവിധ തുറകളില്‍പെട്ടവരെല്ലാം ‘പരാന്നജീവികള്‍’ എന്ന് വിനയപൂര്‍വ്വം സമ്മതിക്കേണ്ടി വരും.

മതവും ശാസ്ത്രവും പരസ്പരം ശത്രുക്കളെന്ന വളരെ പഴഞ്ചന്‍ നിലപാടാണ് പല മത പരിഹാസ വിമര്‍ശകരും കൈക്കൊണ്ടിട്ടുള്ളത്. പോള്‍ ഡേവീസിനെപ്പോലുള്ള പ്രസിദ്ധ ശാസ്ത്രജ്ഞരുടെയും പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെപ്പോലുള്ള ദൈവശാസ്ത്രജ്ഞരുടെയും ചിന്തകളെ മനസ്സിലാക്കാനുള്ള ശ്രമം ഇവര്‍ക്ക് ഒരു പുതിയ ഉള്‍ക്കാഴ്ചയാകും. അപ്പോള്‍ മതവും ശാസ്ത്രവും എങ്ങനെ പരസ്പരപൂരകമായി നിന്ന് ജീവനെ സംരക്ഷിച്ച് സമ്പുഷ്ടമാക്കാന്‍ സഹായിക്കുന്നു എന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും.
പരിഹാസ വിമര്‍ശനങ്ങളെപ്പോലും സ്വയം തിരുത്തലുകള്‍ക്ക് അവസരമാക്കാന്‍ മതങ്ങള്‍ക്ക് കഴിയും, കഴിയേണ്ടതാണ്. പരിഹസിക്കുന്നവരെ തിരികെ അപമാനിച്ച് അപകീര്‍ത്തിപ്പെടുത്താതെയും അവരുടെ വിമര്‍ശനങ്ങളെ അഹങ്കാരത്തോടെ അവഗണിക്കാതെയും തിരുത്തലുകള്‍ക്കായി ആത്മശോധനാപരമായ ഒരു ഒരന്വേഷണം പ്രസക്തമാണോ എന്ന ചിന്തയാണ് ആവശ്യം. വിശ്വാസികളെന്ന് അവകാശപ്പെടുന്നവരുടെ അടിസ്ഥാന ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്നും വിശ്വാസബോധ്യങ്ങളില്‍ നിന്നും ഉള്ള വ്യതിചലനങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ മതരഹിതരെപ്പോലും ദൈവം ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പാടില്ല. വിമര്‍ശനം അടിസ്ഥാനരഹിതമെങ്കില്‍ അത് പറഞ്ഞു മനസ്സിലാക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. ഭൂതങ്ങളെ കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പറഞ്ഞ് ക്രിസ്തുവിനെ വിമര്‍ശിച്ചവരോടുള്ള അവിടുത്തെ പ്രതികരണം അങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു നല്ല വെളിച്ചമാകും.