(വാങ്ങിപ്പോയ വൈദികരുടെ ഞായറാഴ്ച)
(വിശുദ്ധ മത്തായി 24:42-51)
ഫാ. യോഹന്നാന്‍ കെ.
(സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി, നാഗ്പ്പൂര്‍)
പരിശുദ്ധ മൂന്നു നോമ്പ് കഴിഞ്ഞുള്ള, വലിയ നോമ്പിനാരംഭത്തിനിടയ്ക്കുള്ള രണ്ടു ഞായറാഴ്ചകളില്‍ നാം ഓര്‍ക്കുക ഇഹലോക ജീവിതത്തില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പട്ടക്കാരെയും വിശ്വാസികളെയുമാണ്. ഇന്ന് വാങ്ങിപ്പോയ വൈദികരെ ഓര്‍ക്കുന്ന ഞായര്‍ ആണ്. ‘നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍. അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍’ (എബ്രായര്‍ 13:7) എന്ന വചനം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് ഉചിതമാണ്. വി. മാമോദീസാ വഴി സഭയിലേക്ക് ആത്മീയ മക്കളെ ജനിപ്പിക്കുന്നതിനാല്‍ ഓരോ വൈദികരും നമ്മുടെ പിതാവായി ത്തീരുന്നു. അങ്ങനെ ദൈവവിശ്വാസത്തില്‍ നമ്മെ വളര്‍ത്തിയ വൈദികശ്രേഷ്ഠരെ ഓര്‍ത്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് പ. സഭ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്. അതോടൊപ്പം പൗരോഹിത്യ ശ്രേണിയിലുള്‍പ്പെടുന്നവര്‍ ജാഗ്രതയുള്ളവരും, ഉണര്‍വ്വുള്ളവരും, ശുശ്രൂഷാ തല്‍പരരും ആയിരിക്കണമെന്നും, മറിച്ചായാല്‍ തീവ്രമായ തിരസ്ക്കരണത്തിന് ഇടയാകും എന്നുമുള്ള സൂചനയാണ് ഇന്നത്തെ ഏവന്‍ഗേലിയോനില്‍ കൂടി നമുക്ക് ലഭിക്കുന്നത്. മനുഷ്യപുത്രന്‍റെ ആഗമനത്തെ പറ്റിയാണ് വിശുദ്ധ മത്തായി 24, 25 അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. വെളിപാടാത്മക ഭാഷയാണ് ഇവിടെ ഉപയോഗിക്കുന്നത്. അതിനാല്‍ മാനവിക സമയക്രമത്തില്‍ നിന്നും ദൈവിക സമയക്രമത്തിലേക്കുള്ള മാറ്റം ഇവിടെ കാണുന്നു. ദൈവപുത്രന്‍റെ ആഗമനത്തില്‍ യുഗാന്ത്യം വരെ നാം എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് ക്രിസ്തു രണ്ട് ചെറിയ ഉപമകളില്‍ കൂടി വെളിപ്പെടുത്തുകയാണ്.
1. ഒരു ഗൃഹനാഥന്‍റെ ഉത്തരവാദിത്വബോധത്തില്‍ ജീവിക്കുക
ഒരു ഭവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അതിലെ ഗൃഹനാഥന്‍ ആണ്. ഭവനത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയും, ഭവന നിവാസികള്‍ക്ക് വേണ്ടുന്ന ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുകയും, ഭവനത്തെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുകയും ചെയ്യുക എന്നതാണ് ഗൃഹനാഥന്‍റെ കര്‍ത്തവ്യം. ഭവനത്തെ ആക്രമിച്ച് കീഴ്പ്പെടുത്താന്‍ കള്ളന്‍ വരുന്നു എന്നറിഞ്ഞാല്‍ ഉണര്‍ന്നിരുന്ന് ജാഗരൂകനായി, തയ്യാറായി നില്‍ക്കുന്നതിനും, കള്ളനെ നേരിടുന്നതിനും ഗൃഹനാഥന് കഴിയുന്നു. അങ്ങനെ സ്വഭവനത്തെ സംരക്ഷിക്കുന്നതിന് ഇടയാകുന്നു. അത്തരത്തിലുള്ള ജാകരൂകതയും ഒരുക്കവും ഓരോ വ്യക്തിക്കും ഉണ്ടാകണമെന്ന് ക്രിസ്തു മുന്നറിയിപ്പ് നല്‍കുന്നു.
ദൈവഭരണത്തിന്‍റെ ചുമതല ഏല്‍പ്പിക്കപ്പെട്ട വ്യക്തിയാണ് ഇവിടെ ഗൃഹനാഥന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ഓരോ പുരോഹിതനും ഗൃഹനാഥരാണ്. ജനങ്ങള്‍ ഭവനാംഗങ്ങളും. എങ്കില്‍ ആ ദൈവഭവനത്തെ ഭംഗിയായും, ചുമതലാബോധത്തോടെയും കാത്തു സംരക്ഷിക്കേണ്ടത് ഓരോ പുരോഹിതന്‍റെയും കടമയാണ്. ആ കടമകള്‍ മറക്കാതിരിക്കുവാന്‍ പൗരോഹിത്യശ്രേണിയിലുള്‍പ്പെടുന്നവര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.
കള്ളന്മാരുടെ പല തരത്തിലുള്ള ആക്രമണങ്ങള്‍ ഗൃഹത്തിന് നേരെയുണ്ടാകാം. ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കപ്പെടാം. പക്ഷേ, ഏതു സമയവും ഉണര്‍ന്നിരുന്ന്, തന്‍റെ ഗൃഹത്തെ കാക്കുന്നവന് ലഭിക്കുന്ന സമ്മാനമാണ് മനുഷ്യപുത്രന്‍റെ വരവില്‍ നല്‍കപ്പെടുന്ന മഹനീയ സ്ഥാനം.
പരിശുദ്ധ സഭയിലെ കൂദാശാ നിര്‍വഹണം വഴി തെരഞ്ഞെടുക്കപ്പെട്ട പുരോഹിതര്‍ ദൈവഭവനത്തിന്‍റെ കാവല്‍ക്കാരാകുന്നു. യാതൊരു മലിന വികാരങ്ങളോ, ചെളിക്കുത്തുകളോ ഇല്ലാതെ തന്‍റെ ജനങ്ങളെ ദൈവീകരണത്തിലേക്ക് നയിക്കുന്നു. കള്ളന്മാര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്തവിധം വിശുദ്ധിയുടെ ഒരു മതില്‍ ഭവനത്തിനു ചുറ്റും, പ്രാര്‍ത്ഥനാജീവിതം വഴി, തന്‍റെ കൗദാശിക കൃത്യനിര്‍വഹണം വഴി നിര്‍മ്മിക്കുന്നു. ഇങ്ങനെയുള്ള ഒരുക്കമാണ് ഒരു പുരോഹിതന് വേണ്ടത്.
2. ഒരു ഉത്തമ ദാസന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കുക
ദാസന്‍ എന്നുള്ളതിന്‍റെ ശരിയായ പദം ഇവിടെ അടിമ എന്നതാണ്. അതിന്‍റെയര്‍ത്ഥം പരിപൂര്‍ണ്ണമായും യജമാനന് കീഴടങ്ങിയിരിക്കുന്ന വ്യക്തി എന്നാണ്. ഈ ഉപമയിലെ രണ്ട് ദാസന്മാര്‍ രണ്ട് വ്യത്യസ്ത സ്വഭാവങ്ങള്‍ ഉള്ളവരാണ്. ഒരാള്‍ വിശ്വസ്തനും ബുദ്ധിമാനും. മറ്റെയാള്‍ ദുഷ്ടനും അവിശ്വസ്തനും. രണ്ടുപേരെയും ഏല്‍പ്പിക്കുന്ന ജോലി ഒന്നു തന്നെയാണ്. യജമാനന്‍റെ ഭവന നിവാസികള്‍ക്ക് സമയത്ത് ഭക്ഷണം ഒരുക്കിക്കൊടുക്കുക. ബുദ്ധിമാനും വിശ്വസ്തനുമായ ദാസന്‍ ആ ജോലി കൃത്യമായി നിര്‍വഹിക്കുമ്പോള്‍ മറ്റേയാള്‍ അതിന് നേര്‍വിപരീത പ്രവര്‍ത്തിയാണ് ചെയ്യുന്നത്. തന്‍റെ പരിജ്ഞാനത്തിന്‍റെ കുറവിനാലും അധാര്‍മിക പ്രവൃത്തിയാലും അവന്‍ വലിയ പാപത്തിലേക്ക് വീഴുകയാണ്.
യജമാനന്‍റെ മടങ്ങിവരവില്‍ ഈ ദുഷ്ടനായ ദാസന് ലഭിക്കുന്ന ശിക്ഷ വളരെ വലുതാണ്. ഒരു യഹൂദ അടിമയ്ക്ക് ലഭിക്കുന്ന ശിക്ഷ, 1 ശമുവേല്‍ 15:33-ല്‍ അമാലോക്യ രാജാവായ ആഗാഗിനെ ശിക്ഷിച്ച രീതിയില്‍ നാം കാണുന്നുണ്ട്. എബ്രായ ഭാഷയില്‍ ‘കഷണങ്ങളാക്കുക’ എന്ന പദ ഘടനയ്ക്ക് ‘സഭയ്ക്ക് പുറത്താക്കുക’ എന്നര്‍ത്ഥമാണ് ഉള്ളത്. എന്നാല്‍ ഇവിടെ ആ പദം ഉപയോഗിക്കുന്നത് കുറച്ചുകൂടി കഠിനമായ തലത്തിലാണ്. കരച്ചിലും പല്ലുകടിയും ഉള്ള സ്ഥലത്ത് പങ്കുകാരാകുന്ന കപട ഭക്തരുടെ സ്ഥാനമാണ് അവര്‍ക്കുണ്ടാകുന്നത്.
ഏല്‍പ്പിച്ച ഉത്തരവാദിത്വം ചുമതലാബോധത്തോടെ നിര്‍വഹിക്കേണ്ട ദാസന്മാരാണ് ഓരോ പുരോഹിതരും. എന്നാല്‍ അജ്ഞത കൊണ്ട് മതിയായ കാരണങ്ങളില്ലാതെ തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്നും പിന്മാറുന്ന പുരോഹിതര്‍ ഇന്നത്തെ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു വരുന്നു. നല്ലവനും വിശ്വസ്തനുമായ ദാസന്‍ എന്നുള്ള യജമാനന്‍റെ വിളി കേള്‍ക്കുവാനും ചുമതലാബോധം ഉള്ളവരായിരിപ്പാനും എല്ലാ പുരോഹിതര്‍ക്കും കഴിയേണ്ടതാണ്.
നമ്മില്‍ നിന്നും വാങ്ങിപ്പോയ പുരോഹിതരെ ഇന്ന് നാം സ്മരിക്കുമ്പോള്‍ അവരില്‍ ഉത്തമരായ ഗൃഹനാഥരെയും, വിശ്വസ്തരായ ദാസരെയും ആണ് നാം കാണുന്നതെങ്കില്‍, പ. സഭ ഏറ്റവും ധന്യമായ പ്രവര്‍ത്തി ഏല്‍പ്പിച്ച വ്യക്തികളുടെ ശ്രേഷ്ടതയാണ് തെളിയുന്നത്. അങ്ങനെയുള്ള ശ്രേഷ്ഠമായ ജീവിതം നയിക്കുവാനും ദൈവഭവനത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പുകാരായിരിക്കാനും നമുക്ക് സാധിക്കട്ടെ. പുറത്തെ അന്ധകാരവും പല്ലുകടിയും കരച്ചിലും ഉള്ള ദണ്ഡനസ്ഥലവും, കപടഭക്തിക്കാരും ഒന്നുംതന്നെ നമ്മില്‍ നിന്ന് വിദൂരമല്ല എന്ന മുന്നറിയിപ്പും ഇവിടെ പ്രസക്തമാണ്.