ഐക്യത്തിലൂടെ സമാധാനമുണ്ടാകണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം)

‘2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി, തുടര്‍നടപടികള്‍’ എന്നിവ സംബന്ധിച്ച് 2017 ഓഗസ്റ്റ് എട്ടിനു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ലേഖകന്‍  സമര്‍പ്പിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുന്നു. പ. കാതോലിക്കാ ബാവാ തിരുമേനിയുടെ കല്‍പന (185/11-07-2017)യില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഇവ സമര്‍പ്പിച്ചത്. ബഹു. സുപ്രിംകോടതിവിധി വന്നിട്ട് രണ്ടര വര്‍ഷമാകുമ്പോള്‍ സമാനചിന്തയുള്ളവരുടെ ഉപദേശം മാനിച്ച് ഓര്‍മ്മയില്‍ നിന്ന് ഇവ പകര്‍ത്തുന്നു.

വടക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുള്ള മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ പങ്കുവച്ച, അവര്‍ അനുഭവിച്ച വേദനകളും യാതനകളും ഉള്‍ക്കൊള്ളുന്നു. ഇനിയും ഈ അവസ്ഥ തുടരണമോ എന്നാണ് നാം ചിന്തിക്കേണ്ടത്. മലങ്കരസഭയില്‍ ഐക്യത്തിലൂടെ സമാധാനമുണ്ടായെങ്കില്‍ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുകയുള്ളൂ എന്നാണ് എന്‍റെ വ്യക്തമായ അഭിപ്രായം.

വികാരി നിയമനം, ബാങ്കിടപാട് മരവിപ്പിക്കല്‍ തുടങ്ങിയ കഠിനമായ നടപടികള്‍ മറുകക്ഷിക്കെതിരെ  സ്വീകരിക്കണമെന്നു ചിലര്‍ നിര്‍ദേശിച്ചതു കേട്ടു. അതിനോട് എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ അവയൊക്കെ കുറച്ചു സാവകാശത്തില്‍ ചെയ്താല്‍ മതി. അതിനു മുമ്പ് ഐക്യത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് നാം ആരായണം.  അതിന് അല്‍പം കാത്തിരിക്കുക; മൂന്നോ ആറോ മാസം മതി. അതിനു ശേഷം ആവശ്യമെങ്കില്‍ ശക്തമായ നിയമനടപടികളിലേക്കു നമുക്കു നീങ്ങാം. നിയമത്തിന്‍റെ ആനുകൂല്യങ്ങള്‍ അനുസരിച്ച് ശാശ്വതസമാധാനത്തിനു ശ്രമിക്കുകയും അതു നടക്കാത്ത പക്ഷം മാത്രം മറ്റു നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതല്ലേ നല്ലത് ?

ഐക്യത്തിലൂടെയുള്ള സമാധാനത്തിനായി അങ്ങേയറ്റം വരെ ശ്രമിക്കണം. മലങ്കര സഭ ഒന്നായി തീരുന്നതിനുള്ള ഫോര്‍മുല തയ്യാറാക്കണം. ശ്രമം പരാജയപ്പെട്ടാല്‍ കാര്യകാരണങ്ങളും നമ്മുടെ നിലപാടുകളും യാഥാര്‍ത്ഥ്യങ്ങളും എല്ലാവരെയും ബോദ്ധ്യപ്പെടുത്തണം.

ആവശ്യം വന്നാല്‍ പ. പാത്രിയര്‍ക്കീസ് ബാവായുമായോ മറുകക്ഷിയുമായോ ചര്‍ച്ച നടത്തുന്നതിന് ഒരു അനുരഞ്ജനസമിതി ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന പ. എപ്പിസ്കോപ്പല്‍ സുന്നഹദോസും വര്‍ക്കിംഗ് കമ്മറ്റിയും ചേര്‍ന്ന് രൂപീകരിക്കണം. അംഗങ്ങള്‍ നീതിപൂര്‍വ്വം ചിന്തിക്കുന്നവരും നിഷ്പക്ഷരും പക്വതയുള്ളവരും പ്രഗത്ഭരും കാര്യവിവരമുള്ളവരും ആയിരിക്കണം. ഇരുപക്ഷത്തിനും സ്വീകാര്യര്‍ ആയിരിക്കണം. കഴിഞ്ഞ അസോസിയേഷന്‍ തെരഞ്ഞെടുപ്പു സമയത്തെ ഗ്രൂപ്പും പക്ഷവുമൊന്നും ഇവിടെ നോക്കേണ്ട കാര്യമില്ല.

1996ലെ അനുരഞ്ജനസമിതിയിലുണ്ടായിരുന്നവരില്‍ ഇപ്പോഴും സജീവമായുള്ളവരെ അതില്‍ ഉള്‍ക്കൊള്ളിക്കുന്നത് നല്ലതാണ്. ഒറ്റ വാക്കിലാണ് അന്നത്തെ സമാധാനശ്രമം തകര്‍ന്നുപോയതെന്നാണ് ബഹു. സി.സി. ചെറിയാനച്ചന്‍ തന്ന വിവരം. ഐക്യത്തിന്‍റെ വക്കുവരെ എത്തിച്ച അന്നത്തെ സമിതിയില്‍ പെട്ടവരെ തീര്‍ച്ചയായും ഉപയോഗിക്കണം. അന്നു നിര്‍ത്തിവച്ച ഇടത്തു നിന്ന് നമുക്കു തുടങ്ങാമല്ലോ.

അനുരഞ്ജനചര്‍ച്ച നടത്തണമെന്ന് ബഹു. സുപ്രിം കോടതിയും പറയുന്നുണ്ടല്ലോ. ചര്‍ച്ച നടത്തുന്നത് ഭരണഘടനയില്‍ മായം ചേര്‍ക്കാനോ കോടതിവിധിയില്‍ വെള്ളം ചേര്‍ക്കാനോ അല്ല. കോടതിവിധി ക്രിയാത്മകമായി നടപ്പാക്കേണ്ട മാര്‍ഗങ്ങളെ പറ്റി മാത്രമായിരിക്കണം ചര്‍ച്ച. അടിസ്ഥാന കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ആവശ്യമെങ്കില്‍ വ്യക്തിപരമായ ചില നീക്കുപോക്കുകളും ക്രമീകരണങ്ങളും മാത്രമേ ആകാവൂ. അതിനു വിജയിച്ചവര്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്.

സുപ്രിം കോടതി വിധിയെ പറ്റി പ. പാത്രിയര്‍ക്കീസ് ബാവായുടെ അഭിപ്രായം ആരായണം. അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കണം. വട്ടശേരില്‍ തിരുമേനി 1923ല്‍ മര്‍ദീനിലും പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ 1934ല്‍ ഹോംസിലും പോയി പ. ഏലിയാസ് തൃതീയന്‍ ബാവായെയും പ. അപ്രേം പ്രഥമന്‍ ബാവായെയും സന്ദര്‍ശിക്കാമെങ്കില്‍ എന്തുകൊണ്ട് ഒരു പ്രതിനിധി സംഘത്തെ അയച്ചു കൂടാ ? പ. ബാവാ തിരുമേനി പോകണമെന്നില്ല.

ഇതൊരു ക്രൈസ്തവ സഭയാണെന്നുള്ള ബോദ്ധ്യം എല്ലാവര്‍ക്കും ഉണ്ടാകണം. അനുരഞ്നത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. പ്രകോപനപരമായ പ്രസ്താവനകളും പ്രസംഗങ്ങളും ഒഴിവാക്കണം. നമ്മുടെ മുമ്പില്‍ ഒട്ടേറെ സാദ്ധ്യതകളുണ്ട്; അത് ആരായുകയാണു വേണ്ടത്. ഇപ്പോഴത്തെ അനുകൂല സാഹചര്യം പിന്നീട് ലഭിക്കണമെന്നില്ല. അന്തരീക്ഷം വഷളാകാന്‍ അവസരം നല്‍കരുത്. പ. മാത്യൂസ് ദ്വിതീയന്‍ ബാവാ സ്വപ്നം കണ്ട സഭൈക്യം നാം നേടിയെടുക്കണം. വര്‍ഗീസ് പേരയില്‍ സാര്‍ പറഞ്ഞതു പോലെ സെമിത്തേരികളില്‍ മൃതദേഹം വച്ചുകൊണ്ടുള്ള വിലപേശല്‍ നടത്താന്‍ ഇടയാകരുത്.

പ. ബാവാ തിരുമേനിയുടെ അദ്ധ്യക്ഷപ്രസംഗത്തില്‍ “സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സഭാംഗങ്ങള്‍ ഏവരും ഒന്നായി തീരേണ്ടത് അങ്ങേയറ്റം ആവശ്യമാണ്. പ. പാത്രിയര്‍ക്കീസ് ബാവായ്ക്ക് വിധി സംബന്ധിച്ച അഭിപ്രായം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭാരതത്തിലെ സഭയില്‍ സമാധാനം ഉണ്ടാക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുവെങ്കില്‍ അതു വളരെ നന്നായിരിക്കും” എന്നു പ്രസ്താവിച്ചു.

ചര്‍ച്ചകളില്‍ 23 പേര്‍ പ്രസംഗിച്ചു. ആറു പേര്‍ രേഖാമൂലം പ്രതികരണങ്ങള്‍ അറിയിച്ചു. ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. വര്‍ഗീസ് കളീയ്ക്കല്‍, ഡോ. വര്‍ഗീസ് പേരയില്‍ തുടങ്ങിയവര്‍ സമാനമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. യോഗശേഷം വൈദികര്‍ ഉള്‍പ്പെടെ പല അംഗങ്ങളും പക്വമായ സമീപനം എന്നു വിശേഷിപ്പിച്ച് എന്‍റെ നിലപാടിനെ സ്വാഗതം ചെയ്തതില്‍ സന്തോഷം തോന്നി.   എന്‍റെ നിലപാടിനോട് അന്നു വിയോജിച്ച പലരും പിന്നീട് അനുഭാവം പ്രകടിപ്പിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നി.

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ പ്രസ്താവന (2018 ഫെബ്രുവരി)യില്‍ “സ്പര്‍ദ്ധയും വിദ്വേഷവും വെടിഞ്ഞ് ഏക ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കൂടിവരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിനുവേണ്ടി മലങ്കരസഭ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ്.  ഈ ലക്ഷ്യത്തെ ദോഷമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കരസഭാ വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകുവാന്‍ പാടില്ല; അതേസമയം, നീതിനിര്‍വ്വഹണം ഉണ്ടാകുന്നത് ഇനിയും വൈകിക്കൂടാ. സഭയിലെ ഐക്യവും സമാധാനവും സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ആയതിനായി ഏവരുടെയും പ്രാര്‍ത്ഥനയും സഹായവും പങ്കാളിത്തവും ദൈവനാമത്തില്‍ ഉണ്ടാകണം എന്ന് പരിശുദ്ധ സുന്നഹദോസ് ആഗ്രഹിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നു.

ഒരു ആത്മപരിശോധനയ്ക്കായി ഇതു സമര്‍പ്പിക്കുന്നു.