ചര്‍ച്ച് ആക്ടിനായുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ഗുഡല്ലൂര്‍ എം ജെ ചെറിയാനും മറ്റ് മൂന്ന് പേരും നല്‍കിയ റിട്ട് ഹര്‍ജി ആണ് സുപ്രീം കോടതി തള്ളിയത്. 2009-ല്‍ അന്നത്തെ കേരള നിയമപരിഷ്‌കാരക്കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയത്. ഇടവക അംഗങ്ങള്‍ യോഗം ചേര്‍ന്ന് തെരെഞ്ഞെടുക്കുന്നവര്‍ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ചര്‍ച്ച് ആക്ടിലൂടെ ലക്ഷ്യം ഇട്ടിരുന്നത്. എന്നാല്‍ ചര്‍ച്ച് ആക്ട് നടപ്പിലാകുന്നതിനെ കെ സി ബി സി ശക്തമായി എതിര്‍ത്തിരുന്നു.

നിലവില്‍ പല സംസ്ഥാനങ്ങളിലും ചര്‍ച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തില്‍ അത്തരമൊരു നിയമമില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പാസാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.