യാഥാർത്ഥ്യം തിരിച്ചറിയൂ……
മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും, അല്ലാതെയും, ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്ന ഒരു സംഗതിയാണ് സ്വത്തുക്കൾക്ക് വേണ്ടിയുള്ള തർക്കമാണ്, സ്വത്തുള്ള വലിയ പളളികളിൽ മാത്രമാണ് തർക്കം, റിയൽ എസ്‌റ്റേറ്റ് ബിസിനസ് ആണ് എന്നെല്ലാം. എന്നാൽ യാഥാർത്ഥ്യം എന്താണ് എന്ന് പരിശോധിക്കാം.
2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഏകദേശം 40 ന് അടുത്ത് പള്ളികളിൽ അന്തിമ വിധി വരികയും, വിധി നടപ്പാക്കുകയോ, വിധി നടത്തിപ്പ് നടന്നുകൊണ്ടിരിക്കുകയോ ആണ്. എന്നാൽ മാധ്യമങ്ങളും, മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നവരും പലപ്പോഴും കോലഞ്ചേരി, പിറവം, കോതമംഗലം തുടങ്ങിയ ഏതാനും ചില പള്ളികൾ മാത്രമേ പരമാർശിക്കാറുള്ളൂ. അങ്ങനെയാണ് സഭാതർക്കം സമ്പത്ത് ഉള്ളയിടങ്ങളിൽ മാത്രം എന്ന തോന്നൽ ഉളവാക്കുന്നത്.
എന്നാൽ വിധി നടപ്പിലാക്കിയ 30 ൽ അധികം ദേവാലയങ്ങൾ ഉണ്ട് എന്നതാണ് സത്യം .
ഒന്നു രണ്ട് ചെറിയ ഉദാഹരണങ്ങൾ പറയാം. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ (ഇടമറുക് , ഊരമന, ചാത്തമറ്റം )പരിശോധിക്കുക. ഈ ദേവാലയങ്ങളിലും വിധി വരികയും, മലങ്കരസഭ വിധി നടപ്പിലാക്കുകയും ചെയ്തു വരുന്നതാണ്.
ഇവിടെ എവിടെയെങ്കിലും നിങ്ങൾ പ്രതിഷേധക്കാരെയോ, സഹനസമരക്കാരെയോ, മതസൗഹാർദ കൂട്ടായ്മക്കാരെയോ കണ്ടോ? ഇവിടെ എവിടെയെങ്കിലും വിധി നടപ്പാക്കുവാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ?
ഇവിടെയുള്ള പാവപ്പെട്ട ഇടവക ജനങ്ങളുടെ വിശ്വാസത്തിന് പിറവം, കോതമംഗലം തുടങ്ങിയ ഇടങ്ങളിലെ വിശ്വാസികളുടെ വിശ്വാസത്തിന്റെ അത്ര വിലയില്ലേ?
ഈ പള്ളികളിൽ ഉള്ള യാക്കോബായ വിഭാഗത്തിലുള്ളവർക്ക് സ്വന്തം പുരോഹിതരുടെ ശവസംസ്ക്കാരവും, പിതാക്കന്മാർ കബറടക്കിയ കല്ലറകളും വേണ്ടേ?
ഒരാരോപണം വിശ്വാസികളെ തടയുന്നു എന്നാണ്. ആരാണ് വിശ്വാസികൾ? സമാധാനപരമായി ആരാധനയ്ക്ക് എത്തുന്ന ആരെയും എങ്ങും തടയുന്നില്ല. പിന്നെയോ ഇരുട്ടിന്റെ മറവിൽ ദുരുദ്ദേശത്തോടെ വരുന്നവരേയും, “പുത്തൻകുരിശ് ലിറ്റർജി” ( മുണ്ടു പൊക്കി കാണിക്കൽ, മുളക് പൊടി വിതറൽ, കുരവയിടീൽ, ആദിയായവ) പിന്തുടരുന്നവരെയും തീർച്ചയായും തടയും. എവിടെയെങ്കിലും അങ്ങനെ അല്ലാത്തവരെ തടഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണവും നിങ്ങൾ തന്നെ. നിങ്ങളെ കയറ്റിയാൽ അങ്ങനെ ചെയ്യാൻ സാധ്യത ഉണ്ടെന്ന് പോലീസുകാർക്ക് തോന്നിയാൽ അത് ആരുടെ കുറ്റം? ആരാണ് സമൂഹത്തിൽ ചെയ്ത് കാണിച്ചത്?
പിന്നെ മറ്റു മതസ്ഥരോട് നിങ്ങൾക്ക് വിശ്വാസമുള്ള ദേവാലയങ്ങളിൽ ഏതു വിഭാഗം വി. ബലി അർപ്പിച്ചാലും നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നത് എങ്ങനെ? നിങ്ങൾ ഈ ദേവാലയങ്ങളിൽ വരുന്നത് കോതമംഗലം ബാവാ യോടും, മണർകാട്ട് അമ്മയോടും, കരിങ്ങാച്ചിറ മുത്തപ്പനോടും ഉള്ള വിശ്വാസം കൊണ്ടും ബഹുമാനം കൊണ്ടുമല്ലേ? പള്ളി ഭരണം വ്യവസ്ഥാപിതമായ മാർഗത്തിൽ വരുന്നതിൽ നിങ്ങളുടെ വിശ്വാസത്തിൽ എന്ത് മാറ്റമാണ് വരുന്നത്?
വിശ്വാസ വിപരീതത്തിന്റെയും, 34 ലെ ഭരണഘടനയുടെ പേരും പറഞ്ഞ് പറ്റിക്കപ്പെടുന്ന യാക്കോബായ വിശ്വാസികളോട്…
തൊടുപുഴ പള്ളി, കൂത്താട്ടുകുളം കോഴിപ്പള്ളി പള്ളി തുടങ്ങിയിടങ്ങളിൽ ഭരണം നടക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുക. ആ ദേവാലയങ്ങളിൽ 34 അനുസരിച്ച് നിയമിച്ചിരിക്കുന്ന വികാരിയോട് ചേർന്ന് യാക്കോബായ വിഭാഗത്തിൽ ഉണ്ടായിരുന്നവർ തന്നെ ഭരണം നടത്തുന്നു. അവിടെ ചെന്ന് പളളിയും അനുബന്ധ വസ്തുക്കളും അവിടെയുണ്ടോ, അതോ ദേവലോകത്ത് കൊണ്ടു പോയോ എന്ന് പരിശോധിക്കുക.
മലങ്കരസഭയെ സംബന്ധിച്ച് കോടതി വിധി ബാധകമായ എല്ലാ ദേവാലയങ്ങളിലും ( മലങ്കര സഭയുടെ 1700 ൽ അധികം പള്ളികളിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരിക്കുന്ന 400 ന് അടുത്ത് ദേവാലയങ്ങളിൽ ) വിധി നടപ്പാക്കി വ്യവസ്ഥാപിതമായ ഭരണത്തിൻ കീഴിൽ കൊണ്ടു വരിക എന്നതാണ്.
അതിൽ ചെറുപ്പമോ വലിപ്പമോ ഇല്ല…..
ഒരു അംഗം എങ്കിലും മൂവായിരം അംഗങ്ങൾ എങ്കിലും..
ഒരു സെന്റ് സ്ഥലമേ ഉള്ളുവെങ്കിലും ഏക്കറു കണക്കിന് സ്വത്ത് ഉണ്ടെങ്കിലും…
സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും…
എല്ലാം ഒരു പോലെ……..
ആർക്കാണ് സമ്പത്ത് വേണ്ടത്?
ആരാണ് സ്വത്തുള്ള പളളികളിൽ മാത്രം വിധി നടത്തിപ്പിന് തടസം നിൽക്കുന്നത്?
ആർക്കാണ് സ്വത്തുള്ള പള്ളികളിലെ മാത്രം വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് ?
പൊതു സമൂഹം വിവേകത്തോടെ ചിന്തിച്ച് നോക്കുക.