മലങ്കര സഭയുടെ കഴിഞ്ഞ കാലം സഹനത്തിന്റേതും യാതനയുടേതും: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം, ഡിസംബർ 05, 2019: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കഴിഞ്ഞ കാലം ഒരുപാട് സഹനങ്ങളുടെയും യാതനകളുടെയും കാലം കൂടി ആയിരുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മുൻ മാനേജിംഗ്‌ കമ്മിറ്റി അംഗവും സഭയുടെ വടക്കൻ മേഖലയിലെ ശക്തമായ സാന്നിദ്ധ്യവുമായിരുന്ന മലങ്കര വർഗീസ് അനുസ്മരണ സമ്മേളനം കോട്ടയത്ത്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര വർഗീസിന്റ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച കാതോലിക്കാ ബാവ, സഭയ്ക്ക് വേണ്ടി ധനവും സമയവും ആരോഗ്യവും ചിലവഴിച്ചയാളാണ് മലങ്കര വർഗീസെന്നും ഓർമിപ്പിച്ചു.

ഫാ. വർഗീസ് ലാൽ സംവിധാനം നിർവഹിച്ച ‘മലങ്കര വർഗീസ്, സത്യവിശ്വാസം നെഞ്ചിലേറ്റിയ അനശ്വര രക്തസാക്ഷി’ എന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുളള ഡോക്യുമെന്ററിയുടെ പ്രദർശനവും സമ്മേളനത്തിൽ നടന്നു. കോട്ടയം മാർ ഏലിയ കത്തീഡ്രലിൽ നടന്ന സമ്മേളനത്തിൽ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ഫാ. മത്തായി ഇടയനാൽ, മലങ്കര വര്‍ഗീസിന്റെ മകന്‍ റ്റിൽസൻ വർഗീസ്, വെരി. റവ .തോമസ് പോൾ റമ്പാൻ, ഫാ. ഡോ. വർഗീസ് വർഗീസ് മീനടം, ഫാ. പി.കെ കുറിയാക്കോസ് , ഫാ. സി.ഒ ജോർജ്, ഫാ.അലക്സ് ജോൺ എന്നിവര്‍ പ്രസംഗിച്ചു. നിരവധി സഭ വിശ്വാസികൾ പങ്കെടുത്തു.