ഓർത്തഡോക്സ് സഭയോടു നീതിനിഷേധം തുടരുന്നുവെന്ന് മാർ ദിയസ്‌കോറസ്


കൊച്ചി∙ ഓർത്തഡോക്സ് സഭയോടുള്ള സംസ്‌ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്നു സ്‌ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. കോടതിവിധി നടപ്പാക്കും മുൻപു പള്ളികളിൽ വ്യാപകമായി മോഷണം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വടവുകോട്, പന്നൂർ, തിരുവാർപ്പ് പള്ളികളിൽ മോഷണം നടന്നു. മാമോദീസ തൊട്ടിയും പള്ളിയുടെ വാതിലുകളും മോഷണം പോയിട്ടുണ്ട്.

കോതമംഗലം പള്ളിയിൽ കോടതിവിധി നടപ്പാക്കുന്നതിനു പൊലീസ് സഹായിച്ചില്ല. കൂട്ടം കൂടാൻ അനുവദിച്ചശേഷം ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുമ്പോഴാണു പ്രശ്നമുണ്ടാകുന്നത്. പള്ളിയിൽ നിന്നു മടങ്ങിപ്പോയ 4 വൈദികർക്കു മർദനമേറ്റു. അഭിഭാഷക കമ്മിഷനെ ഓണക്കൂർ പള്ളി കാണിക്കാൻ കൊണ്ടുപോയ ഫാ. ബിജു ഏലിയാസിനെ പൊലീസിന്റെ മുൻപിൽ വച്ചു മർദിച്ചിട്ടും നടപടിയെടുത്തില്ല. അക്രമം നടത്തി സഭയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സുപ്രീം കോടതി വിധി അതേപടി പാലിച്ച് മൃതദേഹ സംസ്കാരം നടത്താമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. ബന്ധുക്കൾ ആവശ്യപ്പെട്ടാൽ ഇടവകാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാൻ തടസ്സമില്ല. ഇടവക വികാരിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ സംസ്കാരം നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.