പ്രമുഖ ചരിത്രകാരനും എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന ക്ലേറി ഡോ. സി. വി. ചെറിയാൻ അന്തരിച്ചു. ദീർഘകാലം കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗം HOD യായി സേവനമനുഷ്ഠിച്ചു.
Orthodox Christianity in India: a history of the Malankara Orthodox Church എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടതാണ്. ഇന്ന് വൈകുന്നേരം 6.15ന് അന്ത്യം സംഭവിച്ചു. ഭൗതികശരീരം നാളെ വൈകുന്നേരം 4 മണിക്ക് സി.എം എസ് കോളജ് റോഡിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് എണ്ണയ്ക്കാട് പെരിങ്ങാലിപ്പുറം സെൻറ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.
പ്രമുഖ ചരിത്രകാരനും അന്തർദേശീയ പഠനങ്ങൾക്ക് കേരളത്തിൽ തുടക്കംകുറിച്ച പണ്ഡിതനുമായിരുന്നു അന്തരിച്ച പ്രൊഫ. സി. വി . ചെറിയാൻ. ദീർഘകാലം കോട്ടയം സി. എം. എസ് കോളേജിലെ ചരിത്രവകുപ്പ് അദ്ധ്യാപകനായും വകുപ്പ് തലവനായും (1953 – 1983) പ്രവർത്തിച്ചതിന് ശേഷമാണ് മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പ് രൂപീകരിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അദ്ദേഹം നിയോഗിക്കപ്പെട്ടത്. 1989 ൽ സർവകലാശാലയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം വകുപ്പ് തലവനായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രാരംഭദശയിൽ നിർണ്ണായകമായ പല ഉത്തരവാദിത്തങ്ങളും അദ്ദേഹം നിർവഹിച്ചിരുന്നു.


