മാ നിഷാദ… / യൂഹാനോൻ മോർ മിലിത്തോസ്‌ മെത്രാപ്പോലീത്ത

അനേകവട്ടം ആലോചിച്ച ശേഷമാണു ഞാൻ ഈ കുറിപ്പ്‌ എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്‌, കാരണം ഇന്ന് കേരളത്തിലെ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട വിഷയമാണു എന്നതു തന്നെ. ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നിലപാട്‌ സംബന്ധിച്ച്‌ ഒത്തിരി ചർച്ച നടക്കുന്നുണ്ട്‌. എന്റെ ഈ കുറിപ്പ്‌ എന്റെ ചില സുഹൃത്തുക്കളെ ദേഷ്യം പിടിപ്പിച്ചേക്കാം, ചിലരെ നിരാശരാക്കിയേക്കാം, ചിലരെ സന്തോഷിപ്പിച്ചേക്കാം. ഞാൻ ഇത്‌ സംബന്ധിച്ച്‌ അഭിപ്രായം പറയണം എന്ന് പലരും നിർബ്ബന്ധിച്ചിരുന്നു. അവർക്ക്‌ ഞാൻ വ്യക്തിപരമായി എന്റെ അഭിപ്രായം അറിയിച്ചു. എന്നാൽ അതുപോരാ എന്ന നിലപാടുണ്ട്‌ പലർക്കും. അതുകൊണ്ടുംകൂടിയാണു ഞാൻ ഇത്‌ കുറിക്കുന്നത്‌.

പലർക്കും അറിയാവുന്നതുപോലെ ഞാൻ സഭാ വ്യവഹാരത്തിന്റെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നായ തൃശൂർ ഭദ്രാസനത്തിന്റെ ചുമതലയാണു വഹിക്കുന്നത്‌. 1997 ൽ ആരംഭിച്ച സഭയിലെ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള എന്റെയും എന്റെ ബ. വൈദികരുടെയും ജനത്തിന്റെയും പരിശ്രമത്തിൽ ഞങ്ങളെ ദ്രോഹിച്ച ഒത്തിരിപേരുണ്ട്‌ ഇടത്‌ വലത്‌ മുന്നണികളിൽ. അതുപോലെ സഹായിച്ചവരും ഉണ്ട്‌ രണ്ട്‌ മുന്നണികളിലും. ദ്രോഹിച്ചവരെ പൊതു വേദിയിൽ ഞാൻ അതാത്‌ സന്ദർഭങ്ങളിൽ പൊതു മാധ്യമങ്ങളിൽ തുറന്ന് കാണിച്ചിട്ടുണ്ട്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആൾ ശ്രീ ഉമ്മൻ ചാണ്ടിയാണു. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയിലും മുന്നണിയിലും പെട്ട ശ്രീ ആന്റണി, ശ്രീ വയലാർ രവി, ശ്രീ തിരുവഞ്ചൂർ, ശ്രീ മാണി സാർ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കാനും അതിലൂടെ എന്റെ പ്രശ്നത്തിൽ ഗുണകരമായ മാറ്റമുണ്ടാക്കാനും എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇതേപോലെ തന്നെ ഇടതു മുന്നണിയിൽ മുൻ സ്പീക്കർ ശ്രീ കെ. രാധാക്രഷ്ണൻ എനിക്ക്‌ ഒത്തിരി ഉപദ്രവം ചെയ്തിട്ടുണ്ട്‌, ഏറ്റവും അവസാനം മാന്ദമംഗലം വിഷയത്തിൽ വരെ. ഇതും ഞാൻ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണു. എന്നാൽ പല സന്ദർഭങ്ങളിലായി ശ്രീ വാസവൻ, ശ്രീ കൊടിയേരി, ശ്രീ കാനം എന്നിവരുടെ സഹായവും ഞങ്ങൾക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഈ സഹായങ്ങളെല്ലാം വ്യക്തി ബന്ധങ്ങളിലൂടെ മാത്രം ലഭിച്ചിട്ടുള്ളതാണു. ഈ സന്ദർഭങ്ങളിലൊന്നും ഞാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സഹായം തേടിയിട്ടില്ല ഇപ്പോൾ പിറവത്തുണ്ടായ ബുദ്ധിമുട്ടിനേക്കാൾ വലിയ ബുദ്ധിമുട്ട്‌ നേരിട്ടപ്പോഴും. അതിനു പ്രധാന കാരണം രണ്ടാണു. ഒന്നാമത്‌ ഈ ഭരണകക്ഷി ഏതൊരു സംഘടനയുടെ പോഷക വിഭാഗമായിരിക്കുന്നുവോ അവരുടെ തത്വങ്ങളാണു. അത്‌ ജർമ്മനിയിലെ ഹിറ്റ്ലറുടെത്‌ തന്നെയാണു. ആര്യവംശത്തിന്റെ ഏകശ്ചത്രാധിപത്യത്തിൽ ഈ ബഹുസുര, സ്വതന്ത്ര, സെക്കുലർ രാജ്യത്തെ കൊണ്ടുവരിക എന്നതാണു അത്‌ എന്നെനിക്ക്‌ ഉത്തമ ബോദ്ധ്യമുണ്ട്‌. ഈ തത്വം നടപ്പാക്കിയ നാട്‌ ഞാൻ നേരിട്ട്‌ കണ്ടതാണു എന്നതാണു രണ്ടാമത്തെ കാരണം. ഒഡീഷായിലെ ഖണ്ടമാൽ എന്നിടത്തെ അൻപതിനായിരം ക്രിസ്ത്യാനികളെയാണു വീടുകൾ അഗ്നിക്കിരയാക്കിയും ഇടിച്ചുനിരത്തിയും വനങ്ങളിലേക്ക്‌ ഓടിച്ചത്‌. 190 ൽ ശിഷ്ടം പേർ കൊല്ലപ്പെട്ടു. വൈദികരെയും കന്യാസ്ത്രീകളെയും നഗ്നരാക്കി തെരുവിലൂടെ നടത്തി. ഇതുപോലുള്ള അനേകം ഉദാഹരണങ്ങൾ നിരത്താൻ എനിക്ക്‌ കഹിയും. ഈ അടുത്ത ദിവസം ഈ പ്രസ്ഥാനത്തിന്റെ തലവൻ പറഞ്ഞത്‌ ഈ ശെയിലി തുടരണം എന്നാണു. ആരോടെങ്കിലും ഉള്ള വിരോധം കൊണ്ടോ താൽക്കാലിക നേട്ടത്തിനു വേണ്ടിയോ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗം പിഴച്ചാൽ ഒരിക്കലും തിരുത്താൻ പറ്റാത്ത അപകടത്തിലേക്കായിരിക്കും നാം നിപതിക്കുക. വിശ്വസികൾ അവരുടെ ഇംഗിതം അനുസരിച്ച്‌ പെരുമാറട്ടെ, നമുക്ക്‌ വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കാം, നമ്മുടെ നീതിപൂർവ്വമായ അവകാശങ്ങളെ അവർക്ക്‌ ബോദ്ധ്യപ്പെടുത്താം. വട്ടശ്ശേരിൽ പരി. തിരുമേനി മറ്റൊരു സന്ദർഭത്തിൽ പറഞ്ഞത്‌ ഇവിടെ പ്രസക്തമാണു: “ഒരു നുകത്തിൽ നിന്നും രക്ഷ നേടാൻ മറ്റൊരു നുകം ചുമലിൽ ഏറ്റാതിരിക്കാം”.