കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പിറവം അടക്കമുളള പളളികൾ ഓർത്തോഡോക്സ് വിഭാഗം പിടിച്ചെടുത്തതിനുപിന്നാലെ നിർണായക നീക്കവുമായി യാക്കോബായ സഭ. ആഗോള സുറിയാനി സഭയുടെ തലവാനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിന് സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കത്തയച്ചു. മലങ്കര സഭയിലെ സമാധാന ശ്രമങ്ങളെ തകർത്തത് ഓർത്തഡോക്സ് വിഭാഗമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
പിറവം പളളി പിടിച്ചെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് അതൃപ്തിയറിയിച്ച് പാത്രയർക്കീസ് ബാവ ദമാസ്കസിൽ നിന്ന് കത്തയിച്ചിരിക്കുന്നത്. ആഗോള സുറിയാനി സഭയുടെ തലവൻ താനാണ്. തന്‍റെ ആതമീയാധികാരത്തെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കണം. അല്ലെങ്കിൽ സുറിയാനി സഭയെന്ന നിലയിൽ ഓർത്തഡോക്സ് വിഭാഗത്തിന് നിയമപരമായ നിലനിൽപ്പില്ലെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
അന്ത്യോക്യയുമായി ആൽമീയ ബന്ധമില്ലെന്ന നിലപാട് ഓർത്തഡോക്സ് വിഭാഗം തിരുത്തണം. ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനമുണ്ടാകണമെന്നും ചർച്ച വേണമെന്നും താൻ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാൽ ആ നീക്കങ്ങളെ തകർത്തത് ഓർത്തഡോക്സ് വിഭാഗമാണ്. പാത്രയർക്കീസ് ബാവയെന്ന നിലയിൽ ആൽമീയ തലവനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കണമെന്നും പാത്രയർക്കീസ് ബാവ കത്തിലൂടെ ആവശ്യപ്പെടുന്നു.
മലങ്കരസഭയിലെ പളളികൾ സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വന്നെങ്കിലും പുതിയൊരു വാദ മുഖം തുറക്കാനാണ് യാക്കോബായ സഭയുടെ നീക്കമെന്നാണ് വിവരം. മലങ്കര സഭയിലെ പളളികൾ 1934 ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ സഭയുടെ ആൽമീയ പ്രതിപുരുഷനായി അന്തോക്യയിലെ പാത്രയർക്കീസ് ബാവയെ അംഗീകരിക്കുന്നുവെന്നാണ് ഈ ഭരണ ഘടനയുടെ ആദ്യഭാഗത്ത് തന്നെ പറയുന്നത്. പാത്രയർക്കീസ് ബാവയെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കുന്നില്ലെങ്കിൽ ഈ ഭരണഘടനയ്ക്കുതന്നെ നിലനിൽപ്പില്ലെന്ന വാദമുഖം ഉയർത്താനാണ് യാക്കോബായ വിഭാഗത്തിന്‍റെ ശ്രമം.