ചര്‍ച്ചകളുടെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് അപലപനീയം: ഓര്‍ത്തഡോക്സ് സഭ

ചര്‍ച്ചകളുടെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് അപലപനീയമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. ബഹു. സുപ്രീംകോടതിയുടെ വിധികളും പരാമര്‍ശങ്ങളും ഇനിയെങ്കിലും സര്‍ക്കാരിന് നിശാബോധം നല്‍കാന്‍ പര്യാപ്തമാകണം. വിധി നടത്തിപ്പ് സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണങ്ങളോട് ഓര്‍ത്തഡോക്‌സ് സഭ പുലര്‍ത്തി വന്ന സമീപനം ഒരിക്കല്‍കൂടി ശരിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. വിശ്വാസികളുടെയിടയില്‍ കുപ്രചാരണം നടത്തി പാത്രിയര്‍ക്കീസ് വിഭാഗത്തിന് പിടിച്ച് നില്‍ക്കാനാവില്ല. കേസുകള്‍ പൂര്‍ണ്ണമായും പരാജയപ്പെടുമ്പോള്‍ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യുന്നത് അപഹാസ്യമാണ്. വിധി നടപ്പാക്കുന്നതിന് കാലതാമസം സൃഷ്ടിക്കാന്‍ നടത്തുന്ന അടവു നയം മാത്രമാണ് ചര്‍ച്ചകള്‍. തുടരെ തുടരെ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോടതി ഉത്തരവുകള്‍ ഒന്നും ബാധകമല്ല എന്ന വിധത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇത് അങ്ങേയറ്റം ദു:ഖകരവും നീതി നിഷേധവുമാണ്.സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് പ്രശ്‌നപരിഹാരത്തിന് ഏകമാര്‍ഗ്ഗമെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. എന്നാല്‍ വീണ്ടും ചര്‍ച്ചകളുമായി മുന്നോട്ടു പോകുവാനുളള സര്‍ക്കാര്‍ നീക്കം ദൗര്‍ഭാഗ്യകരവുമാണ്. ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത്. അതുകൊണ്ടു തന്നെ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങണം. കോടതി വിധി നടപ്പാക്കാന്‍ താമസിക്കുന്നതുകൊണ്ട് കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചു.