മലങ്കര സഭാതര്‍ക്കം: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിശ്വാസികളാണ് പുതിയ റിട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇടപെടാനാവില്ലെന്ന് അറിയിച്ചത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേ സമയം ഇതേ വിഷയത്തില്‍ ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലും ഒരു ഹര്‍ജിയുണ്ട്.

മലങ്കരസഭയ്ക്കു കീഴിലെ പള്ളികള്‍ 1934-ലെ സഭാഭരണഘടനപ്രകാരം ഭരിക്കണമെന്നുകാട്ടി, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി 2017-ല്‍ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിന്നെയും കേസുകള്‍ വന്നെങ്കിലും 2017-ലെ വിധിയുടെ ചുവടുപിടിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് ഉത്തരവുകള്‍ വന്നത്. സഭാതര്‍ക്കം തുടര്‍ന്നതോടെ, വിധി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പലതവണ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നുവരെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് അറുപതിലേറെ യാക്കോബായ വിശ്വാസികള്‍ റിട്ടു ഹര്‍ജി നല്‍കിയത്. ആരാധാനാ സ്വാതന്ത്ര്യത്തിനുപുറമേ സെമിത്തേരിയില്‍ അടക്കംചെയ്യാനുള്ള അവകാശവും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഏതു മതവിശ്വാസിയുടെയും മൃതദേഹം അയാളുടെ വിശ്വാസപ്രകാരം അടക്കംചെയ്യുന്നത് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു നിയമപരമായ ബാധ്യതയുണ്ടെന്ന് അഡ്വ. അഡോള്‍ഫ് മാത്യു ഫയല്‍ചെയ്ത ഹര്‍ജിയില്‍ പറഞ്ഞു.

കേസില്‍ കക്ഷിചേരാനായി യാക്കോബായ സമുദായക്കാരനായ മറ്റൊരാളും അഡ്വ. വി.കെ. ബിജു വഴി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച തനിക്കു സ്വന്തം പിതാവിന്റെ മൃതദേഹം വിശ്വാസപ്രകാരം സംസ്‌കരിക്കാന്‍ സാധിച്ചില്ലെന്ന വിഷയമാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. വരിക്കോലി, കട്ടച്ചിറ പള്ളികളിലെ തര്‍ക്കവിഷയത്തില്‍ യാക്കോബായ വിഭാഗത്തിനുകൂടി അനുകൂലമാകുംവിധം മാര്‍ച്ചില്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു.

പള്ളിയിലെ സെമിത്തേരിയില്‍ത്തന്നെ യാക്കോബായക്കാര്‍ക്കും സംസ്‌കാരം നടത്താമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍, സംസ്‌കാരശുശ്രൂഷകള്‍ മറ്റെവിടെയെങ്കിലുംവെച്ചു ചെയ്യണമെന്നതുള്‍പ്പെടെ ചില നിബന്ധനകളും വെച്ചു. ഹൈക്കോടതി വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം സമീപിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തതിനെതിരേ ജൂലായ് രണ്ടിന് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചത്.

Source