കോൺഫറൻസ് ക്രോണിക്കിൾ പ്രസിദ്ധീകരണത്തിന് ഒരുങ്ങി

 രാജൻ വാഴപ്പള്ളിൽ

വാഷിങ്ടൻ ഡിസി: പെൻസിൽവേനിയയിലെ പോക്കോണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കൺവൻഷൻ സെന്ററിൽ ജൂലൈ 17 മുതൽ 20 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി കോൺഫറൻസ് ക്രോണിക്കിൾ എന്ന ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിന് തയാറായതായി കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു

മുൻ വർഷത്തെപ്പോലെ തന്നെ വർഷവും കോൺഫറൻസിന്റെ വാർത്തകൾ അംഗങ്ങളിലേക്ക് എത്തിക്കുവാൻ അതിന്റെ ചുമതലക്കാർക്ക് ഇടയാകട്ടെയെന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ ആശംസിച്ചു.

കോൺഫറൻസിൽ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യത്തിൽ ആഴ്ന്നു പോകുമ്പോൾ ഇതിനുവേണ്ടി ത്യാഗ മനോഭാവത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം അംഗങ്ങുടെ പ്രയത്നഫലമാണ് ക്രോണിക്കിൾ എന്ന ന്യൂസ് ലെറ്റർ. കാർട്ടൂണും ഫോട്ടോ ഓഫ് ദി ഡേയും ഫോട്ടോ സ്നാപ്പ്സും കോൺഫറൻസ് റൗണ്ട് അപ്പുമൊക്കെ സ്ഥിരം പംക്തികളായി ഇതിലുണ്ട്. ഉയർന്ന നിലവാരത്തിലുള്ള പ്രിന്റിംഗ് , മനോഹരമായ പേജ് ലേഔട്ട് എന്നിവകൊണ്ട് കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ക്രോണിക്കിൾ ഒരു സ്മരണികയായി മാറിക്കഴിഞ്ഞു. ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി റിസോർട്ടിലെ കോൺഫറൻസ് വേദിയോട് ചേർന്ന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മീഡിയാ സെന്റർ പൂർണസജ്ജമാക്കും. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് രാവിലെ തന്നെ പ്രിന്റിംഗ് എഡീഷനായും സോഷ്യൽ മീഡിയാ വഴിയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാക്കുന്നവിധത്തിലാണ് ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നത്. ഫാ. ഷിബു ഡാനിയേൽ, ജോർജ് തുമ്പയിൽ, രാജൻ യോഹന്നാൻ, മാത്യു സാമുവേൽ, പീലിപ്പോസ് ഫിലിപ്പ് എന്നിവരാണ് ഓൺ സൈറ്റ് പബ്ലിക്കേഷൻ കോൺട്രിബ്യൂട്ടിംഗ് എഡിറ്റേഴ്സായി പ്രവർത്തിക്കുന്നത്.

ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയാണ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും കോൺഫറൻസിലെ വിവിധ സെഷനുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കറസ്പോണ്ടന്റുമാരും ഉണ്ട്. ഇവർ വൈകിട്ടോടെ എത്തിക്കുന്ന വാർത്തകൾ എഡിറ്റ് ചെയ്തു മനോഹരമാക്കി പുലർച്ചയോടെ പേജ് വിന്യാസം പൂർത്തിയാക്കി പ്രിന്റ് ചെയ്യാനാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി ജോബി ജോൺ പറഞ്ഞു. കോൺഫറൻസിൽ പങ്കെടുത്തതിന്റെ സ്മരണികയായി പലരും ന്യൂസ് ലെറ്റർ വീടുകളിലേക്ക് കൊണ്ടുപോകാറുണ്ട്. വർഷവും കൂടുതൽ പുതുമകളോടെയാവും ന്യൂസ് ലെറ്റർ പുറത്തിറക്കുകയെന്ന് ഫാ. ഷിബു ഡാനിയേൽ അറിയിച്ചു.

വിവരങ്ങൾക്ക് :കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് 718 608 5583, ജനറൽ സെക്രട്ടറി ജോബി ജോൺ 201 321 0045, ട്രഷറർ മാത്യൂ വർഗീസ് 631 891 8184.