നാളെയും ഉണ്ട് പിരിയലേ നടക്കു; എങ്കിലും.. / ഡെറിൻ രാജു

മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ മാനേജിംഗ് കമ്മറ്റിയുടെ ബഡ്ജറ്റ് സമ്മേളനം 28/2/2019 -ൽ കൂടുകയാണല്ലോ. 800-ഓ 900-മോ കോടിയുടെ ബഡ്ജറ്റ് പാസാക്കി കൈയടിച്ച് ഉച്ചയുണ്ട് പിരിയുക എന്നതിനപ്പുറം കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും ചർച്ചയോ തീരുമാനമോ പ്രതീക്ഷിക്കുന്നില്ല. ആഗ്രഹമില്ലാത്തത് കൊണ്ടല്ല; മറിച്ച് പ്രതീക്ഷിക്കുന്നതിൽ വലിയ അർഥമില്ലായെന്നാണ് കഴിഞ്ഞ രണ്ട് വർഷത്തെ മാനേജിംഗ് കമ്മറ്റിയുടെ പ്രവർത്തനത്തിൽ നിന്ന് ബോദ്ധ്യമായതാണ്.

ഭരണഘടനയുടെ 84-ാം വകുപ്പിൽ ആണ്ടിൽ ഒരു തവണ ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന് പറഞ്ഞിരിക്കുന്നതു കൊണ്ട് ആ ഭരണഘടനാ ബാധ്യത നിർവഹിക്കുവാൻ കൂടുന്നു എന്നതിനപ്പുറം നാളെയും ഒന്നും നടക്കില്ല.

“നമ്മുടെ സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യണം. അതു ചുമതലയാണ്. അല്ലെങ്കിൽ ഇനിയത്തെ തലമുറ നമ്മെ കുറ്റം പറയും.” അബ്ദള്ള പാത്രിയർക്കീസിന്റെ മുടക്ക് കൽപനയ്ക്കു ശേഷം 1087 ചിങ്ങം 14-ാം തീയതി ആലുവായിൽ കൂടിയ മലങ്കര പള്ളി പ്രതിപുരുഷൻമാരുടെ യോഗത്തിൽ പ്രതിനിധിയായ ഇ. ജെ. ജോൺ ചെയ്ത പ്രസംഗത്തിലെ വാചകമാണിത്. ഇന്നും പ്രസക്തമാണ് ഈ വാചകം. ദൈവാനുഗ്രഹത്താൽ സ്വാതന്ത്ര്യത്തിനു യുദ്ധം ചെയ്യേണ്ട സാഹചര്യം ഇന്നില്ല. എന്നാൽ വരും തലമുറ പഴി പറയേണ്ടി വരുന്ന ഒരുപാട് സാഹചര്യങ്ങളിൽ കൂടിയാണ് മലങ്കര സഭാന്തരീക്ഷം കടന്നു പോകുന്നത്. നിരവധിയായ പ്രശ്നങ്ങളെ സഭ അകത്തു നിന്നും പുറത്ത് നിന്നും നേരിടുമ്പോൾ അതിൽ ഏറ്റവും ക്രിയാത്മകവും ഫലപ്രദവുമായ പങ്കു വഹിക്കേണ്ട മാനേജിംഗ് കമ്മറ്റി നിഷ്ക്രിയമാകുന്നത് സഹതാപകരമാണ്. പ്രതീക്ഷയ്ക്ക് ഫലമുണ്ടാകില്ലെങ്കിലും നാളെത്തെ മാനേജിംഗ് കമ്മറ്റിയേയും പ്രതീക്ഷയോടെ നോക്കി കാണുവാനേ ഒരു സാധാരണ വിശ്വാസിക്കു സാധിക്കു. ആ പ്രതീക്ഷകൾ മാത്രമാണ് പങ്കുവയ്ക്കുന്നത്.


ബഹു. സുപ്രീം കോടതിയിൽ നിന്ന് അന്തിമ വിധി വന്നിട്ട് 2 വർഷം ആകുന്നു. ആ വിധിക്ക് ശേഷം വന്ന ഓരോ വിധിയിലും ബഹു. സുപ്രീം കോടതി 2017 ജൂലൈ 3-ലെ വിധി അവർത്തിക്കുകയുണ്ടായി. ഇത്രയും അനുകൂല സാഹചര്യത്തിലും വിധി നടത്തിപ്പിൽ അസാധാരണമായ കാലതാമസം സൃഷ്ടിക്കപ്പെടുന്നു. ലീഗൽ സെൽ എന്നയൊന്ന് പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കാര്യപ്രാപ്തിയുള്ളവരെ വച്ച് അത് പുന:സംഘടിപ്പിക്കണം. ഇല്ലെങ്കിൽ പുതിയത് നിയമിക്കണം. വിധി നടത്തിപ്പിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ലീഗൽ സെൽ മാനേജിംഗ് കമ്മറ്റിക്ക് രണ്ട് മാസം കൂടുമ്പോൾ റിപ്പോർട്ട് നൽകണമെന്നും അസോസിയേഷൻ സെക്രട്ടറി ആ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് വരുന്ന മാനേജിംഗ് കമ്മറ്റിയിൽ അവതരിപ്പിക്കുകയും ചെയ്യണമെന്ന് ഒരു തീരുമാനം എടുക്കുവാൻ നാളെത്തെ കമ്മറ്റിക്ക് സാധിക്കുമോ? അവതരിപ്പിക്കുന്നയാൾക്കോ കേൾക്കുന്നയാൾക്കോ പ്രയോജനമില്ലാത്ത എത്രയെത്ര പ്രമേയങ്ങളാണ് അവതരിപ്പിച്ചു കൂട്ടുന്നത്? അങ്ങനെയാകരുത്. ഇതൊന്നും അസാധ്യമല്ല; അന്ത്യോഖ്യൻ സഭയ്ക്കുള്ളതു പോലെ തന്നെ മലങ്കരസഭയ്ക്ക് അന്ത്യോഖ്യൻ സിംഹാസനത്തിൽ അവകാശമുണ്ടെന്ന് പ. പത്രോസ് തൃതീയൻ പാത്രിയർക്കീസിനെക്കൊണ്ട് സമ്മതിപ്പിച്ച് മുദ്ര വയ്പ്പിച്ചവർ നിങ്ങളുടെ മുൻഗാമികളായി ഉണ്ട്. ഇന്ന് സഭ ഏറ്റവും സവിശേഷമായ പ്രതിസന്ധി നേരിടുന്നത് പെരുമ്പാവൂരാണ്. അനുകൂലമായ വിധിയുണ്ടായപ്പോൾ 40 വർഷമായി സഭയ്ക്കുണ്ടായിരുന്ന വീതം നഷ്ടമായി; സഭ അടിയന്തിരമായ ഇടപെടേണ്ടത് അവിടെയാണ്. രണ്ട് രക്തസാക്ഷികളുടെ രക്തം വീണ മണ്ണാണത്. അതിനോട് ഒരു പ്രതിപത്തി സഭ കാണിച്ചില്ലെങ്കിൽ പിന്നെ ആരോടാണ് കാണിക്കുന്നത്; ആരാണ് നീതി പ്രതീക്ഷിക്കേണ്ടത്. ഈ അവസ്ഥ നാളെ അങ്കമാലി ഭദ്രാസനത്തിൽ നിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുകയും സഭയാകമാനം അതിനു പിന്തുണ നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

രണ്ടാമതായി പരിഗണിക്കേണ്ടത് പ. പിതാവിന്റെ ഭരണഭാരം ലഘൂകരിക്കുവാനുള്ളതാണ്. നിലവിൽ സെൻട്രൽ ഭദ്രാസനത്തെ കുടാതെ കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, സൗത്ത് വെസ്റ്റ് അമേരിക്ക, കുന്നംകുളം, മലബാർ എന്നീ ഭദ്രാസനങ്ങൾ പ. ബാവാ തിരുമേനിയാണ് ഭരിക്കുന്നത്. പേരിനു സഹായമെത്രാൻമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും മുഴുവൻ സമയ മെത്രാന്മാരില്ലാത്തത് പല പ്രതിസന്ധികളും ഭരണ നിർവണത്തിൽ ഉണ്ടാകുന്നു. അതിനു രണ്ട് പരിഹാരങ്ങൾ നിർദ്ദേശിക്കാം. ഒന്നുകിൽ ഭരണഘടനയുടെ 113-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി, മുഴുവൻ സമയ മെത്രാപ്പോലീത്താമാരെ വാഴിച്ച് ചുമതല ഏൽപ്പിക്കുക. അല്ലെങ്കിൽ പത്ത് വർഷം മുമ്പ് സൃഷ്ടിച്ച അശാസ്ത്രീയമായ ഭദ്രാസന വിഭജനം റദ്ദ് ചെയ്ത് ഭദ്രാസനങ്ങൾ പുന:ക്രമീകരിച്ച് നിലവിലെ മെത്രാപ്പോലീത്താമാരെ ചുമതല ഏൽപ്പിക്കുക. എന്ത് തന്നെയായാലും ഇപ്പോൾ നിലവിലിരിക്കുന്ന അവസ്ഥ എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണ്.

അവസാനമായി, ഒരു അന്വേഷണ കമ്മീഷന്റെ കാര്യമാണ്. അടുത്ത കാലത്ത് സഭ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് അഞ്ച് വൈദികർ ഉൾപ്പെട്ട പീഡനക്കേസാണ്. അഞ്ചെട്ടു മാസങ്ങൾക്ക് മുമ്പൊരു അന്വേഷണ കമ്മീഷനെ വച്ചിരുന്നു. എന്നാൽ എന്താണ് നിലവിലെ അവസ്ഥ? കമ്മീഷൻ ഒരു തവണയെങ്കിലും കൂടിയോ? എന്തായി തീരുമാനം? ഇത്തരം കാര്യങ്ങളിൽ ഒരു വിവരവും പുറത്തേക്ക് വന്നിട്ടില്ല. സഭ ഇത്രയേറ അവഹേളിക്കപ്പെട്ട ഒരു സാഹചര്യം അടുത്തെങ്ങും ഉണ്ടായിട്ടില്ല. അതിൽ ഒരു നടപടി ഉണ്ടായി കാണേണ്ടത് ഈ വിഴുപ്പിന്റെ ഭാണ്ഡം കുറച്ചെങ്കിലും പേറിയ ഓരോ വിശ്വാസിക്കുമുണ്ട്. ആ ഒരു ഉത്തരവാദിത്തവും മാനേജിംഗ് കമ്മറ്റി ഏറ്റെടുക്കണം.

ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തോട് അൽപം നീതി പുലർത്തുക മാത്രമാണ് ആവശ്യപ്പെടുന്നത്. അബ്ദുള്ള പാത്രിയർക്കീസിന്റെ മുഖത്ത് നോക്കി ലൗകികാധികാരം തരാൻ സൗകര്യമില്ലെന്ന് പറഞ്ഞ എം. പി. വർക്കിക്കും, മെത്രാപ്പോലീത്താ ഒറ്റക്കല്ല ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ കൂടെയാണെന്നും പറഞ്ഞ ഇ. ജെ. ജോണിനും പിൻഗാമികൾ ഉണ്ടാകണം. ആ മണ്ണ് വിളിച്ചു പറയുന്ന ശബ്ദം ആ നടുമുറ്റത്ത് നിൽക്കുമ്പോൾ കേൾക്കുവാൻ സാധിക്കണം. അപ്പോൾ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യമാകും. പേരിന്റെ കൂടെ മുൻ മാനേജിംഗ് കമ്മറ്റിയംഗം എന്ന ലേബലിനു മാത്രമാണോ ഞാൻ വരുന്നതെന്ന് കമ്മറ്റി ഹാളിലേക്ക് കയറുമ്പോൾ ഒന്നു ആലോചിക്കുക. എന്താണ് ഉത്തരവാദിത്തമെന്ന് മനസിലാക്കുക; അതനുസരിച്ച് പ്രവർത്തിക്കുക. സഭ അതത്രയും നിങ്ങളിൽ നിന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.

(തലക്കെട്ടിനു കടപ്പാട് : ഡോ. എം. കുര്യൻ തോമസിന്റെ “വരുവിൻ നമുക്ക് ഉണ്ട് പിരിയാം” എന്ന ലേഖനം)

ഒരു പരാതി കിട്ടിയാല്‍ / ഡോ. എം. കുര്യന്‍ തോമസ്