ശാശ്വത സമാധാനത്തിന് സഭ ഒന്നാകണം: കാതോലിക്കാ ബാവാ

കോട്ടയം ∙ സഭയിൽ ശാശ്വത സമാധാനം പുന:സ്ഥാപിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭ ഒന്നാകുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. യാക്കോബായ സഭ ഇതു തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണം.

തൃശൂർ ചാലിശ്ശേരി പളളി സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ഈ ലക്ഷ്യത്തിലേക്ക് സഭയെ നയിക്കണം. സമാന്തര ഭരണ സംവിധാനങ്ങൾ നിലനിർത്താനും നിയമനടപടികൾ ആവുന്നത്ര താമസിപ്പിക്കാനുമായി ഏതു തന്ത്രവും സ്വീകരിക്കുന്ന സമീപനം ജനാധിപത്യത്തിന്റെ അന്ത:സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. തീർപ്പാക്കപ്പെട്ട വാദമുഖങ്ങൾ വീണ്ടും ഉന്നയിച്ച് പുകമറ സൃഷ്‌ടിക്കുകയല്ല, കോടതിവിധി പൂർണമായി പാലിക്കുകയാണ് ആവശ്യം.

കോതമംഗലം പളളിക്കേസിൽ യാക്കോബായ സഭ സ്വീകരിച്ച നിലപാടുകൾ പിഴ ശിക്ഷ വിളിച്ചു വരുത്താനിടയാക്കി. തൃശൂർ ഭദ്രാസനത്തിലെ മാന്ദാമംഗലം പളളിയിലുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. കോടതിവിധിയുടെ പിൻബലത്തോടെ പള്ളിയിൽ പ്രവേശിക്കാനെത്തിയ യൂഹാനോൻ മാർ മിലിത്തിയോസും വിശ്വാസികളും പുറത്തിരിക്കേണ്ടി വന്നു, മാത്രമല്ല ആക്രമിക്കപ്പെടുകയും ചെയ്‌തു. പൊലീസ് സംവിധാനം നിഷ്‌ക്രിയമായി നിലകൊണ്ടതു മൂലമാണ് പ്രശ്‌നങ്ങൾ അതീവ രൂക്ഷമായത്. ഇതിൽ സഭയുടെ ശക്തമായ പ്രതിഷേധമറിയിക്കുന്നതായും കാതോലിക്കാ ബാവാ പറഞ്ഞു.