മാർ ഒസ്താത്തിയോസ് ദിശാബോധം നൽകുന്ന ഊർജ്ജപ്രവാഹം: പ. കാതോലിക്കാ ബാവാ

തിരുവല്ല: സ്നേഹത്തിന്റെയും സാമൂഹിക നീതിയുടെയും പ്രവാചകനായിരുന്ന സഭാരത്നം ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് എന്നും ആലംബഹീനർക്കും അശരണർക്കും ഒപ്പംനിന്ന് ലാഭേച്ഛകൂടാതെ പ്രവർത്തിക്കുവാൻ സഭയ്ക്ക് ദിശാബോധം നൽകിയ ഗുരുഭൂതൻ ആണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ പ്രസ്താവിച്ചു. മാർ ഒസ്താത്തിയോസ് ജന്മശതാബ്ദിയോടനുബന്ധിച്ച് നിരണം ഭദ്രാസനം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.ജന്മശതാബ്ദി ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും ഗ്രന്ഥങ്ങളുടെ പ്രകാശനവും പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു.

ഉപരിപ്ലവമായ പ്രകടനപ

തക്ക് അപ്പുറം ക്രിസ്തു പഠിപ്പിച്ച നൈതിക മൂല്യങ്ങളുടെ വക്താവും പ്രചാരകനുമായി വളർന്ന മാർ ഒസ്താത്തിയോസിന്റെ ആശയങ്ങൾക്ക് ഈ കാലഘട്ടത്തിൽ പ്രസക്തിയേറി വരികയാണെന്ന് സ്മാരക പ്രഭാഷണം നിർവഹിച്ച ഡോക്ടർ സുനിൽ പി ഇളയിടം അനുസ്മരിച്ചു.

മലങ്കര കത്തോലിക്കാ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, അഭി. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, അഡ്വ. മാത്യു ടി തോമസ് എംഎൽഎ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, തിരുവല്ല നഗരസഭാ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറക്കൽ, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ജോജി എബ്രഹാം, മത്തായി റ്റി വർഗീസ് എന്നിവർ പ്രസംഗിച്ചു. നിരണം ഭദ്രാസന യുവജനപ്രസ്ഥാനം ക്വയർ മാർ ഒസ്താത്തിയോസ് രചിച്ച ഗാനങ്ങൾ ആലപിച്ചു.