ഏഥന്‍സ്: ഗ്രീസിലെ ബിഷപ്പുമാരും വൈദികരുമായ പതിനായിരത്തോളം പുരോഹതരെ സര്‍ക്കാര്‍ ശമ്പളപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരും ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ധാരണയിലെത്തിയതോടെ, സര്‍ക്കാരും സഭയും പൂര്‍ണമായും രണ്ടു സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ഒരു പടി കൂടി മുന്നോട്ട്.
നിലവില്‍ ഓര്‍ത്തഡോക്സ് സഭയുടെ പുരോഹിതര്‍ ഗ്രീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗ്രേഡിലാണ്. ഇവരെ പേറോളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും തത്കാലം ഇവര്‍ക്കു നല്‍കുന്ന ശമ്പളം സര്‍ക്കാര്‍ സബ്സിഡിയായി സഭയ്ക്കു നല്‍കും.
ഗ്രീസിലെ പൊതുജീവിതത്തില്‍ നിര്‍ണായക സ്ഥാനമാണ് ഓര്‍ത്തഡോക്സ് സഭയ്ക്കുള്ളത്. ഇതു വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി അലക്സി സിപാരസും ആര്‍ച്ച്ബിഷപ് ഐറോണിമോസും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണ കാരണമാകുമെന്ന് ചില രാഷ്ട്രീയ നേതാക്കളും വൈദികരും വിമര്‍ശനവും ഉന്നയിക്കുന്നു.
വന്‍ കടക്കെണിയില്‍ നിന്നു കരകയറി വരുന്ന ഗ്രീസ്, അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് സര്‍ക്കാരിനെയും സഭയെയും രണ്ടാക്കുന്നത്. 200 മില്യന്‍ യൂറോ ആയിരിക്കും പ്രതിവര്‍ഷം വൈദികര്‍ക്കുള്ള ശമ്പള ഇനത്തില്‍ സബ്സിഡിയായി സര്‍ക്കാര്‍ സഭയ്ക്കു നല്‍കുക. സഭയില്‍ വൈദികരുടെ എണ്ണം കൂടിയാലും കുറഞ്ഞാലും തുകയില്‍ മാറ്റം വരില്ല.