200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം കാണ്മാന്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ പോയിരുന്നു. ആ യാത്രയ്ക്കു വട്ടംകൂട്ടിയപ്പോള്‍ (മുറിമറ്റത്തു) മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ഇപ്രകാരം കല്പിക്കയുണ്ടായി. തീത്തോസിനെ കാണ്മാന്‍ പോകാന്‍ ഇപ്പോള്‍ ധൃതി വെച്ചിട്ടു കാര്യമില്ല. അയാള്‍ ഈയിടെ മരിക്കയില്ല. പാത്രിയര്‍ക്കീസ് ബാവാ ഇവിടെത്തുമ്പോള്‍ ഇസ്രായേലിനു പെസഹായും മിസ്രേംകാര്‍ക്കു കടിഞ്ഞൂല്‍ പുത്രന്മാരുടെ മരണവുമായിരിക്കും. അന്നേ അയാള്‍ മരിക്കത്തൊള്ളു. ഇങ്ങനെ ഒരു വാക്ക് മാര്‍ ഈവാനിയോസ് അന്നു പറഞ്ഞിരുന്നതു അക്ഷരപ്രകാരം ഒത്തിരിക്കുന്നു. ഇതൊരാശ്ചര്യം തന്നെ.
234. മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞ ഒരു ദീര്‍ഘദര്‍ശനത്തിന്‍റെ നിവര്‍ത്തി മേല്‍ 200-ാം വകുപ്പില്‍ എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം ഈയ്യിടെ പറഞ്ഞ വേറൊരു ദീര്‍ഘദര്‍ശനം താഴെ ഓര്‍മ്മയ്ക്കായി പകര്‍ത്തുന്നു. 1087 വൃശ്ചിക മാസത്തില്‍ അദ്ദേഹം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരെഴുത്തില്‍ പാമ്പാക്കുട കോനാട്ട് കഴിഞ്ഞുപോയ അബ്രഹാം മല്പാനും യോഹന്നാന്‍ മല്പാനും സുറിയാനി സഭയ്ക്കു വളരെ ദോഷം ചെയ്തവരാണെന്നും ആ കുടുംബത്തില്‍ ഇപ്പോള്‍ ഉള്ള മാത്തന്‍ മല്പാന്‍ അവരെപ്പോലെ തന്നെ ഈ സഭയെ വളരെ ഉപദ്രവിക്കുന്നു എന്നും ഈ മാത്തന്‍ മല്പാന്‍ 39 മാസവും പത്തു ദിവസവും തികയുന്നതിനകം മരിച്ചുപോകുമെന്നും പാമ്പാക്കുട പള്ളി മാരാമണ്‍ പള്ളി ഇടിഞ്ഞുവീണതുപോലെ ഇടിഞ്ഞു വീഴുമെന്നും എഴുതിയിരിക്കുന്നു. ഓര്‍മ്മയ്ക്കായി ഇതെഴുതുന്നു. ഇതുപോലെ തന്നെ വേറെയും ചില ദീര്‍ഘദര്‍ശനങ്ങള്‍ അദ്ദേഹം ബലമായി പറയുന്നു. അതായത് കൂറിലോസ് മെത്രാച്ചന്‍ കുരുടനാകുമെന്നും സി. ജെ. കുര്യന് പല കുടുംബനാശങ്ങള്‍ വരുമെന്നും അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ സിംഹാസനം പ്രാപിക്കയില്ല എന്നും മറ്റുമാണ്. ഇതിന്‍റെ ഒക്കെയും ഫലം കാണ്മാന്‍ ഇത് എഴുതുന്നു എന്നേ ഉള്ളു.
265. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു കണ്ണു കാണാനും ചെവി കേള്‍ക്കാനും പാടില്ലാത്തവിധത്തില്‍ പൂനിക്കിയില്‍ താമസിക്കുന്നു എന്നു അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുകള്‍ വന്നിരിക്കുന്നതായി ആ കൂട്ടര്‍ പറയുന്നു. വാസ്തവം ദൈവത്തിനറിയാം.
274. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ പൂനിക്കിയില്‍ താമസിക്കയായിരുന്നല്ലോ. ഇദ്ദേഹത്തെയും പാത്രിയര്‍ക്കാ സ്ഥാനത്തില്‍ നിന്നു മര്‍ദ്ദീനിലെ മജിലിസ് (കമ്മിറ്റിക്കാര്‍) നീക്കി സഭാകാര്യം അന്വേഷിപ്പാന്‍ മാര്‍ അത്താനാസ്യോസ്, മാര്‍ ഈവാനിയോസ് എന്ന രണ്ടു മെത്രാന്മാരെ നിയമിച്ചിരിക്കുന്നു എന്ന് 1913 ജൂലൈ 19-ലെ മലയാള മനോരമയില്‍ ഒരു മുഖപ്രസംഗത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. കാരണം എന്താണെന്നു പറഞ്ഞിട്ടില്ല. അവര്‍ക്കു കിട്ടിയ അറിവ് എവിടെ നിന്നെന്നും പറഞ്ഞിട്ടില്ല.
284. തുറബ്ദീനില്‍ മാര്‍ അബ്ദല്‍ ആഹാദ് പീലക്സിനോസ് എന്നു പേരായ ഒരു മെത്രാന്‍റെ എഴുത്ത് 1914 ഇടവ മാസത്തില്‍ വന്നതില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ കണ്ണുകള്‍ പോയി എന്നും അകത്തും വെളിക്കും ഇറക്കുന്നതു കൈയ്ക്കു പിടിച്ചു വേണമെന്നും പറഞ്ഞിരിക്കുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)