അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ഇങ്ങനെ അപമാനിക്കരുത് / ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ കരീം പാത്രിയര്‍ക്കീസ് 2015 ഫെബ്രുവരി മാസത്തില്‍ കേരളം സന്ദര്‍ശിക്കുകയാണ്. അദ്ദേഹത്തിനു രാജോചിതമായ സ്വീകരണം നല്‍കുന്നതിന്‍റെ മുന്നോടിയായി അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ തെരുവോരങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. അതിഥി ദേവോ ഭവഃ എന്നു വിശ്വസിക്കുന്ന കേരളത്തില്‍ ഇതു സ്വാഭാവികം. പക്ഷേ അവയില്‍ അപൂര്‍വം ചിലതെങ്കിലും അദ്ദേഹത്തിന് അപമാനകരമാകുന്ന തരത്തിലുള്ളതായതാണ് ഇത്തരമൊരു പ്രതികരണത്തിനു ഹേതു. ഇവയില്‍ ചില സ്വാഗതവചനങ്ങളില്‍ അദ്ദേഹത്തെ Prince Patriarch – രാജകുമാരന്‍ – എന്നു വിശേഷിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ സ്ഥാനത്തെ അപമാനിക്കുന്നതാണ്.

പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍, അന്ത്യോഖ്യന്‍ സുറിയാനി സഭയുടെ (The Syriac Orthodox Church of Antioch) പ്രധാന മേലദ്ധ്യക്ഷനും, പാത്രിയര്‍ക്കീസും, പ. പത്രോസിന്‍റെ ശ്ലൈഹിക സിംഹാസനത്തില്‍ ആരൂഢനുമാണ്. അദ്ദേഹം ആരുടേയും കീഴ്സ്ഥാനിയല്ല. അതിനാല്‍ അദ്ദേഹം രാജകുമാരനുമല്ല. രാജകുമാരനു മുകളില്‍ മേല്‍സ്ഥാനി – രാജാവ് – കാണണമല്ലോ? അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ഇഹലോകത്തില്‍ മേല്‍സ്ഥാനിയില്ല. അതിനാല്‍ അദ്ദേഹത്തെ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ പുകഴ്ത്തുകയല്ല, മറിച്ച് ഇകഴ്ത്തുകയാണ് ചെയ്യുന്നത്.

റോമാ പാപ്പാ, റോമിലെ കിരീടം വെച്ച രാജാവായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ കീഴ്സ്ഥാനികളും റോമിലെ മാടമ്പികളുമായിരുന്ന കര്‍ദ്ദിനാള്‍മാര്‍ക്ക് ലഭിച്ച വിശേഷണമാണ് സഭയുടെ രാജകുമാരന്‍. കോളനിവാഴ്ചകള്‍ റോമാ സഭയെ ലോകമെങ്ങും എത്തിക്കുകയും കര്‍ദ്ദിനാള്‍സ്ഥാനം മെത്രാന്മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്ത വര്‍ത്തമാന കാലത്തും അവരെ അപൂര്‍വമായി സഭയുടെ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. പക്ഷേ എന്തായാലും അവര്‍ റോമാപാപ്പായുടെ വെറും കീഴ്സ്ഥാനികള്‍ മാത്രമാണ്.

ശ്രേഷ്ഠപുത്ര ജനനം എന്ന അര്‍ത്ഥത്തില്‍ കലയുള്ള മക്കള്‍ ഉണ്ടാകട്ടെ എന്നു ആശീര്‍വദിക്കുന്ന പതിവ് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നു. സ്നേഹം മൂത്ത് ഒരാള്‍ ഇത് സംസ്കൃതീകരിച്ച് ഖലന്മാരായ പുത്രന്മാരുണ്ടാകട്ടെ എന്ന് ആശീര്‍വദിച്ചത്രെ! രാജകല മുതലായ സൗഭാഗ്യ യോഗങ്ങളാണ് കലയുള്ള എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് മേല്പടി വിദ്വാന് അറിയാമായിരുന്നെങ്കിലും ദുഷ്ടന്‍, ക്രൂരന്‍ എന്നൊക്കെയാണ് ഖലന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ന് ആ സാധുവിന് അറിയില്ലായിരുന്നു. ഇതിലെ ഖലന്‍ പോലൊരു പ്രയോഗമാണ് Prince Patriarch.

1980-കളില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അത്യുന്നത പദവി കല്പിച്ചുകൊടുക്കാന്‍ കേരളത്തിലെ ഏതോ വിദ്വാന്‍ കണ്ടുപിടിച്ച പ്രയോഗമാണ് Prince Patriarch. കുറേക്കാലം ഇത് പരക്കെ ഉപയോഗിച്ചിരുന്നു. അധികം താമസിയാതെ – ഈ പ്രയോഗത്തിലെ പൊരുത്തക്കേട് മനസിലാക്കിയിട്ടാണെങ്കിലും അല്ലെങ്കിലും – അപ്രത്യക്ഷമായി. പിന്നീട് ഇപ്പോഴാണ് വീണ്ടും രംഗത്തു വരുന്നത്.

പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ Prince Patriarch ന് കേരളത്തില്‍ സ്വീകരണം നല്‍കുന്ന സമിതികളുടെ ഔദ്യോഗിക പദപ്രയോഗമാണ് Prince Patriarch എന്നു തോന്നുന്നില്ല. കാരണം അത്തരം ബോര്‍ഡുകളിലൊന്നും ഈ വിശേഷണം കാണുന്നില്ല. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ Prince Patriarch എന്നു വിശേഷിപ്പിച്ച് സ്വന്തനിലയില്‍ സ്വന്തം പേരു വെച്ച ഫ്ളെക്സ് പ്രദര്‍ശിപ്പിച്ച് സ്വാഗതമോതുന്നോരോട്, പ്ലീസ്, പ. പാത്രിയര്‍ക്കീസ് ബാവായ അപമാനിക്കരുത്. റോമന്‍ കത്തോലിക്കാ സഭയിലെ വെറും സാമന്തന്മാരായ കര്‍ദ്ദിനാള്‍മാരുടെ നിലവാരത്തിലേയ്ക്ക് അദ്ദേഹത്തെ തരംതാഴ്ത്തരുത്. അദ്ദേഹം അപ്പോസ്തോലിക സിംഹാസനാരൂഢനായ പ്രധാന മേലദ്ധ്യക്ഷന്മാരില്‍ ഒരുവനാണ്. കുറഞ്ഞത് അതെങ്കിലും മനസിലാക്കുക.

prince-patriarch