സഭാകവി സി. പി. ചാണ്ടിയുടെ ആരാധനാഗീതങ്ങള്‍: ഒരു പഠനം / ഫാ. ടിജോ മണലേല്‍

പൗരസ്ത്യസഭയുടെ ആരാധന സ്വര്‍ഗീയമാണ്, പരിപാവനമാണ്. വിശ്വാസികളുടെ ആത്മശരീര മനസുകളെ ദൈവാനുരൂപമാക്കുവാന്‍ പര്യാപ്തവുമാണ്. എന്നാല്‍ ആരാധിക്കുന്നവര്‍ക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം ഈ ആരാധന. അല്ലെങ്കില്‍ ആരാധനയുടെ അന്തഃസത്ത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാദ്ധ്യമാവുകയില്ല. ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിക്കൊണ്ടായിരുന്നു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ, പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ, കോനാട്ട് ഏബ്രഹാം മല്‍പാന്‍, സഭാകവി സി. പി. ചാണ്ടി, കണ്ടത്തില്‍ വറുഗീസ് മാപ്പിള, കൊട്ടാരത്തില്‍ ശങ്കുണ്ണി തുടങ്ങിയ ഭാഷാപണ്ഡിതന്മാര്‍ ആരാധനാഭാഗങ്ങള്‍ സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.

ആരാധനാഗീതങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഗീതങ്ങളാക്കിയവരില്‍ കര്‍മ്മം കൊണ്ട് പ്രഥമഗണനീയനത്രെ സഭാകവി സി. പി. ചാണ്ടി. താളനിബദ്ധമായി, അര്‍ത്ഥസമ്പുഷ്ടമായി, വൃത്തശാസ്ത്ര നിബന്ധനകള്‍ക്ക് വിധേയമായി സി. പി. ചാണ്ടി വിവര്‍ത്തനം ചെയ്ത് രചിച്ചിരിക്കുന്ന ആരാധനാഗീതങ്ങള്‍ പരിശോധിച്ചാല്‍, ഏതൊരു വിശ്വാസിയുടെയും ആത്മീയ ദാഹത്തെ ശമിപ്പിക്കുവാന്‍ പര്യാപ്തമായതാണ് അവ എന്ന് വ്യക്തമാകും. ആര്‍ക്കും അനായാസം ചൊല്ലാവുന്ന പദങ്ങളും രീതിയും അദ്ദേഹത്തിന്‍റെ രചനയുടെ പ്രത്യേകതയാണ്.

സഭാകവി സി. പി. ചാണ്ടി

വെണ്ണിക്കുളത്ത് ചക്കാലക്കുന്നേല്‍ ഫിലിപ്പോസ് ഉപദേശിയുടെയും അക്കാമ്മയുടെയും തൃതീയ പുത്രനായി 1916-ല്‍ (1092 കുഭം 13) ജനിച്ചു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം 1939-ല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ നിന്നു സംസ്കൃതം ശാസ്ത്രിയും, 1945-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ നിന്നു സാഹിത്യവിശാരദും കരസ്ഥമാക്കി. പ. ബസേലിയോസ് ഔഗേന്‍ ബാവായുടെ ശിക്ഷണത്തില്‍ സുറിയാനിഭാഷയും കരസ്ഥമാക്കി. 1945 മുതല്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കല്പനപ്രകാരം സുറിയാനിഗാനങ്ങള്‍ തര്‍ജ്ജമ ചെയ്തുവന്നു. 1948-ല്‍ പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ ശിഷ്യനായി പത്തനംതിട്ട ബേസില്‍ ദയറായില്‍ ചേര്‍ന്നു. നാല്പതിലധികം വര്‍ഷത്തെ നിരന്തര പരിശ്രമത്താല്‍ ശ്ഹീമാനമസ്കാരം, പെരുനാള്‍ ശുശ്രൂഷാക്രമം, വി. കുര്‍ബ്ബാനക്രമം, ദുഃഖവെള്ളിയാഴ്ച നമസ്കാരക്രമം തുടങ്ങി ഇരുപതോളം ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കി. മലയാളം, സുറിയാനി, സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറു ഭാഷകളില്‍ പണ്ഡിതനായ സി. പി. ചാണ്ടിയെ ‘മലങ്കരയുടെ അപ്രേം’ എന്ന് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ വിശേഷിപ്പിച്ചു. 1969-ല്‍ പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവാ ‘സഭാകവിപട്ടം’ നല്‍കി ആദരിച്ചു. കാതോലിക്കേറ്റ് ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍, ഓര്‍ത്തഡോക്സ് സെമിനാരി മലയാളം അദ്ധ്യാപകന്‍, തുമ്പമണ്‍ ഭദ്രാസന ബാലസമാജം ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കുറുമൊഴികള്‍, പരുമലതിരുമേനി, തിരഞ്ഞെടുത്ത പാട്ടുകള്‍, ക്രിസ്തീയ ഭജനകീര്‍ത്തനം, ബഹനാന്‍ സഹദാ (നാടകം), കാതോലിക്കാ മംഗളഗാനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2005 മെയ് മാസം 4-നു അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ പൂകി.

സഭാകവി ഗാനരചന നടത്തിയ ക്രമങ്ങള്‍

1. വി. കുര്‍ബാനക്രമം – സ്ലീബായുടെ നമസ്കാരവും ക്യംതായുടെ നമസ്കാരവും അതാത് ദിവസങ്ങളിലേയ്ക്കുള്ള പ്രത്യേക ഗാനങ്ങളും ഉള്‍പ്പെടെയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടാതെ മേല്പട്ടക്കാരെ സ്വീകരിച്ചാനയിക്കുമ്പോള്‍, തിരിച്ചെഴുന്നള്ളുമ്പോള്‍, വാഴ്വ് നല്‍കുമ്പോള്‍, വി. കുര്‍ബ്ബാനാനന്തരാനുഭവത്തിനുള്ള പ്രത്യേക ഗീതങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടിരിക്കുന്നതാണ് വി. കുര്‍ബാനക്രമം.

2. ദുഃഖവെള്ളിയാഴ്ച നമസ്കാരക്രമം – ദുഃഖവെള്ളിയാഴ്ചയിലെ എല്ലാ യാമങ്ങളിലേയും ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ക്രമമാണ് ഇത്.

“താനടിയേറ്റപ്പോള്‍ ലെഗിയോന്‍ വിറപൂണ്ടു
സ്രഷ്ടാവിനെ ധിക്കാരികള്‍ നിന്ദിച്ചതിനാല്‍
ചിറകു വിടര്‍ത്താര്‍ അവനെച്ചൂടുവാന്‍
ജനകാംഗ്യം ശമനമവര്‍ക്കേകി.
തിരുവുളമായ് ദുഷിയേറ്റാന്‍
തീ പൂണ്ടോര്‍ ശമമാര്‍ന്നു.”

ഈ വരികളിലെ ചലനാത്മകതയും നാടകീയതയും എത്രയോ ശ്രേഷ്ടമാണ്. കൂടാതെ ഹൃദയ ദ്രവീകരണ ശേഷി അനുപമവുമാണ്. യേശുവിന്‍റെ മനുഷ്യാവതാരവൃത്താന്ത കഥ, പീഢാനുഭവം തുടങ്ങിയവ ദുഃഖവെള്ളിയുടെ ഗാനങ്ങളിലൂടെ വളരെ ഹൃദയസ്പര്‍ശിയായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.

3. വി. കൂദാശക്രമങ്ങള്‍ – വി. മാമോദീസാ, വി. വിവാഹകൂദാശ, ഭവന ശുദ്ധീകരണം, രോഗികളുടെ തൈലാഭിഷേകം, രണ്ടാം വിവാഹം എന്നിവയുടെ ക്രമങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

പതിവ്രതയാം പരിപാവനസഭയെ…
ഉപമകളാല്‍ ശ്ലേമൂന്‍ ചെന്നാനേവം…
പേര്‍ത്തുസലിലം യോഹന്നാന്‍ സ്നാനത്തിന്നായ്
തുടങ്ങിയ ഗാനങ്ങള്‍ സന്ദര്‍ഭാനുഗുണമായ അര്‍ത്ഥ വൈചിത്ര്യങ്ങളിലേയ്ക്ക് അനുവാചകനെ ഉയര്‍ത്തുന്നു.

4. ശവസംസ്കാരശുശ്രൂഷാ ക്രമം – നാലു ശുശ്രൂഷകള്‍ വീതം പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ശവസംസ്കാരത്തിന് പ്രത്യേകം ക്രമം ഉള്‍പ്പെടുത്തിയിരിക്കുന്നു.

“വത്സലരെ ദൂരത്തെന്തിന് നില്ക്കുന്നെ –
ന്നരികില്‍ വരിന്‍ ശ്ലോമ്മോ തരുവിന്‍ പ്രാര്‍ത്ഥിച്ചീടുവിന്‍.”
മൃതശരീരം വീട്ടില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നതിന് ഉപയോഗിക്കാവുന്ന ഈ ഗീതം എത്രയോ അര്‍ത്ഥവത്താണ്, ഹൃദയസ്പര്‍ശിയാണ്.

5. നോമ്പിലെ നമസ്കാരം – മൂന്നുനോമ്പിലെയും വലിയനോമ്പിലെയും യാമപ്രാര്‍ത്ഥനകള്‍ പദ്യരൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലെ ഗീതങ്ങളില്‍ അനുതാപത്തിന്‍റെ ഭാവങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരിക്കുന്നു.

6. ശ്ഹീമാനമസ്കാരം – ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലെ സാധാരണ നമസ്കാരമാണ് പദ്യരൂപത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസത്തിന്‍റെ പ്രത്യേകതയും പ്രാധാന്യവും അനുസരിച്ചാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

7. ആണ്ടുതക്സ – ജനനപ്പെരുനാള്‍, ദനഹ, ശുബ്ക്കോനോ ശുശ്രൂഷ, ദുഃഖവെള്ളിയാഴ്ച സ്ലീബാ വന്ദനവിന്‍റെ ശുശ്രൂഷ, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, പെന്തിക്കോസ്തിപ്പെരുന്നാള്‍ എന്നീ ശുശ്രൂഷകളുടെ ഗീതങ്ങളാണ് ഇതില്‍. അതാത് ദിവസങ്ങളുടെ പ്രത്യേകതയും അവ നല്‍കുന്ന ആശയങ്ങള്‍, വിശ്വാസ ആചാരങ്ങള്‍ ഇവയെ മുന്‍നിര്‍ത്തിയുമാണ് ഗീതങ്ങള്‍ രചിച്ചിരിക്കുന്നത്.

8. പ. ദൈവമാതാവിന്‍റെയും പരിശുദ്ധ പരുമലതിരുമേനിയുടെയും പെരുനാളിലെ
പെങ്കീസനമസ്കാരം – പ. ദൈവമാതാവിന്‍റെയും പരിശുദ്ധ പരുമലതിരുമേനിയുടെയും പെരുനാളില്‍ ഉപയോഗിക്കുവാനായി പ്രുമിയോന്‍ – സെദ്റാ ഉള്‍പ്പെടെ തയ്യാറാക്കിയ നമസ്ക്കാരക്രമം.

9. ഹാശാഗീതങ്ങള്‍ – കഷ്ടാനുഭവ ആഴ്ചയില്‍ യേശുവിന്‍റെ കഷ്ടാനുഭവത്താലും മരണത്താലും നേടിത്തന്ന രക്ഷയെക്കുറിച്ച് കൂടുതല്‍ ബോധമതികളാകുന്നതിനും അത് അനുഭവവേദ്യമാകുന്നതിനും തക്കവിധത്തിലുള്ള ഗീതങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ കര്‍ത്താവിന്‍റെ പീഡാനുഭവ സംഭവങ്ങളെ അനുസ്മരിക്കുന്ന ഗീതങ്ങളുമാണ് ഇവ.

10. വൈദികരുടെ ശവസംസ്കാരക്രമം – പ്രാരംഭ സമാപന ശുശ്രൂഷകള്‍ കൂടാതെ എട്ടു ശുശ്രൂഷകള്‍ അടങ്ങിയതാണ് വൈദികരുടെ ശവസംസ്കാരക്രമം. പഴയ പുതിയ – നിയമ സംഭവങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

“നമ്മളിലേകനെയാ – മൃതിവേറാക്കുകയാല്‍
നമ്മള്‍ക്കതി ദുഃഖം ഏദനിലവനെത്തു – ന്നതിനാലാനന്ദം.”
മരണം, വേര്‍പാട് ഒരേസമയം ദുഃഖവും ആനന്ദവും നല്‍കുന്നു എന്ന് വ്യക്തമാക്കുന്ന വരികളാണ് അദ്ദേഹത്തിന്‍റേത്. വിടപറയലിന്‍റെ ഗീതങ്ങളും മറ്റും വളരെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍കൊണ്ടാണ് രചിച്ചിരിക്കുന്നത്.

11. വി. കുര്‍ബ്ബാനയുടെ ഹൂത്തോമ്മാ – വി. കുര്‍ബ്ബാനയുടെ സമാപന പ്രാര്‍ത്ഥന ഗീതമായിട്ട് രചിച്ചിരിക്കുന്നു.

12. പ്രാര്‍ത്ഥനായോഗമിത്രം. പാത്താമുട്ടം മാളികയില്‍ എം. സി. കുറിയാക്കോസ് റമ്പാനുമായി ചേര്‍ന്ന് തയ്യാറാക്കിയ ഗീതങ്ങളടങ്ങിയ പ്രാര്‍ത്ഥനാപുസ്തകം.

ആരാധനാചരിത്രം

മലങ്കരസഭയുടെ ആദ്യകാല ആരാധന സംബന്ധിച്ച ചരിത്രം സുവ്യക്തമല്ലെങ്കിലും പണ്ടുകാലംമുതല്‍ പുരാതന രീതിയിലുള്ള ആരാധനാക്രമം ഇവിടെ നിലനിന്നിരുന്നു. ഭാരതസഭ പ്രാചീനകാലം മുതല്‍ തന്നെ സംഗീതപ്രധാനമായ ആരാധനകള്‍ പരിരക്ഷിച്ചിരുന്നു. ചരിത്രപരമായി അലക്സാന്ത്രിയ, പേര്‍ഷ്യ, അന്ത്യോഖ്യ എന്നീ പൗരസ്ത്യ ക്രൈസ്തവ സഭകളോടുണ്ടായ സമ്പര്‍ക്കവും ബന്ധവും മൂലം സുറിയാനിഭാഷയില്‍ രചിതമായ ആരാധനാക്രമങ്ങളാണ് മലങ്കരയില്‍ ഉപയോഗിച്ചിരുന്നത്. സുറിയാനിഭാഷയിലെ ആരാധനാക്രമങ്ങള്‍ അത്യന്ത വിസ്തൃതവും കാവ്യമയവും ആണ്. ആരാധനകള്‍ ആദ്യകാലങ്ങളില്‍ ഗാനൈകരചനകള്‍ ആയിരുന്നു. പ്രതിദിന നമസ്കാരം ഒരു ക്രമം, ഞായറാഴ്ചകളിലും ആണ്ടടക്കമുള്ള പെരുനാളുകളിലേക്കുമുള്ള പ്രാര്‍ത്ഥനകള്‍ വേറൊരു ക്രമം, നോമ്പ് കഷ്ടാനുഭവ ആഴ്ച ഈ ദിവസങ്ങളിലേയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ മറ്റൊരു ക്രമം. കൂദാശകള്‍ക്കുള്ള വ്യത്യസ്തക്രമങ്ങള്‍ വേറൊരു രീതി. പുരുഷന്മാര്‍, സ്ത്രീകള്‍, ശിശുക്കള്‍, വൈദികര്‍ ഇവരുടെ ശവസംസ്കാരത്തിന് പ്രത്യേകം പ്രത്യേകം ക്രമം. പട്ടംകൊട, സന്യാസ, സന്യാസിനി സ്ഥാനദാനം, തൈലം കൂദാശകള്‍, പള്ളി, തബ്ലൈത്താ കൂദാശകള്‍ എന്നിവയ്ക്ക് പ്രത്യേകം ക്രമങ്ങള്‍ ഇങ്ങനെ ബൃഹത്തായ ഒരു ആരാധനാസംവിധാനമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയിലുള്ളത്. നമസ്കാരക്രമങ്ങളെല്ലാം ഏഴ് യാമങ്ങളിലേക്കും വ്യത്യസ്തങ്ങളാണ്. ഒട്ടുമിക്ക ഗാനങ്ങളും എട്ടു വ്യത്യസ്ത രാഗങ്ങളില്‍ ചൊല്ലത്തക്കവിധം വിന്യസിക്കപ്പെട്ടവയാണ്. ഓരോ ശുശ്രൂഷയ്ക്കും അതത് വിഷയങ്ങളുടെ ഭാവവൈവിധ്യങ്ങളനുസരിച്ച് നിര്‍ദ്ദിഷ്ട രാഗങ്ങളുണ്ട്. ഇതാണ് മൂലഭാഷയിലെ സംവിധാനം.

ആരാധനാക്രമങ്ങള്‍ മാതൃഭാഷയില്‍ എന്ന വിപ്ലവാത്മകമായ പ്രസ്ഥാനം മലങ്കരയില്‍ ആരംഭിച്ചത് നവീകരണ കാലത്താണ്. 19-ാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍ മിഷണറിമാരും നവീകരണനേതാക്കളും ആവര്‍ത്തിച്ച ഒരു മുദ്രാവാക്യമാണ് ആരാധന മാതൃഭാഷയില്‍ എന്നത്. പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാരും (പിന്നീട് കോട്ടയം പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍) കായംകുളം ഫിലിപ്പോസ് റമ്പാനും ചേര്‍ന്ന് സുവിശേഷങ്ങള്‍ സുറിയാനിയില്‍ നിന്നു മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് 1811-ല്‍ ബോംബെയില്‍ നിന്നു പ്രസിദ്ധീകരിച്ച റമ്പാന്‍ ബൈബിളാണ് ഈ പ്രസ്ഥാനത്തിലെ ശ്രദ്ധേയമായ ആദ്യ കൃതി. കര്‍ണ്ണാടക സംഗീതത്തിന്‍റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും ചുവടുപിടിച്ച് ക്ലാസിക് ശൈലിയില്‍ കുറെ മലയാളഗാനങ്ങള്‍ ഉണ്ടായി. ആ ശൈലിയില്‍ ഏതാനും സങ്കീര്‍ത്തന വിവര്‍ത്തനങ്ങളും ധ്യാനകീര്‍ത്തനങ്ങളും ഉണ്ടായി. ഇംഗ്ലീഷ് മിഷണറിമാരുടെ പ്രോത്സാഹനത്തില്‍ വളര്‍ന്ന നവീകരണപ്രസ്ഥാനം അംഗ്ലേയ ശില്പമാതൃകയില്‍ കുറെ ഗീതങ്ങള്‍ക്ക് ജന്മം നല്‍കി.

നവീകരണസഭയില്‍ നടന്ന ഈ ആരാധനാരംഗത്തെ വിപ്ലവത്തിന്‍റെ അലയടികള്‍ മലങ്കര സുറിയാനി സഭയിലും അനുഭവപ്പെട്ടു തുടങ്ങി. ആരാധനകള്‍ ഭാഗികമായി വിവര്‍ത്തനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ കീര്‍ത്തനപുസ്തകവും കുര്‍ബ്ബാനക്രമവും നമസ്കാരക്രമങ്ങളും വിവര്‍ത്തനം ചെയ്തു. കോനാട്ട് മല്പാന്മാരും ഈ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. തുടര്‍ന്ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ 1905 വരെ കുറഞ്ഞത് 15 പതിപ്പുകളിലായി പതിനായിരക്കണക്കിന് നമസ്കാരക്രമവും വി. കുര്‍ബാനക്രമവും പ്രസിദ്ധീകരിച്ചു. വീടുകളില്‍ ഉപയോഗിക്കുവാനായി ക്രോഡീകരിക്കപ്പെട്ട നമസ്കാരങ്ങളും വി. കുര്‍ബാനയില്‍ ജനങ്ങള്‍ ചൊല്ലുന്ന പ്രതിവാക്യങ്ങളും ശുശ്രൂഷകര്‍ ചൊല്ലുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും മറ്റുമാണ് ആദ്യകാല വിവര്‍ത്തനത്തിലൂടെ ലഭ്യമായത്. കുര്‍ബാനക്രമത്തില്‍ ജനങ്ങള്‍ ചൊല്ലുന്ന എല്ലാ ഗാനവും മലയാളത്തില്‍ ലഭ്യമാകണമെന്ന് ആഗ്രഹിച്ച ആളായിരുന്നു പ. പരുമലതിരുമേനി. പുലിക്കോട്ടില്‍ തിരുമേനിയുടെ സഹായസഹകരണത്തോടെ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെയും കവി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെയും സഹായത്തോടെ പരുമലതിരുമേനി തന്‍റെ ആഗ്രഹം നിറവേറ്റി. തുടര്‍ന്ന് വട്ടശേരില്‍ ഗീവര്‍ഗീസ് മല്പാനും, കോനാട്ട് മാത്തന്‍ മല്പാനും പരുമലതിരുമേനിയുടെ നേതൃത്വത്തില്‍ ക്യംതായുടെ ഏഴു യാമങ്ങളിലെ നമസ്കാരങ്ങള്‍ മലയാള ഗദ്യത്തിലേക്ക് വിവര്‍ത്തനം ചെയ്തു. വറുഗീസ് മാപ്പിളയും കൊട്ടാരത്തില്‍ ശങ്കുണ്ണിയും ചേര്‍ന്ന് അവയുടെ ഗാനാവിഷ്കാരം നടത്തി.

അടുത്തഘട്ടത്തില്‍ വി. കുര്‍ബ്ബാന, ആണ്ടുതക്സാക്രമങ്ങള്‍, കൂദാശക്രമങ്ങള്‍ എന്നിവയുടെ പ്രുമിയോന്‍ സെദ്റാകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ക്രമേണ കന്തീല, കഹനൈത്താ, കൂദാശക്രമങ്ങള്‍, ആണ്ടുതക്സാ എന്നിവയുടെ ഗാനങ്ങള്‍ ഗദ്യമായി വിവര്‍ത്തനം ചെയ്തു. കൂടാതെ കഷ്ടാനുഭവ ആഴ്ചയിലെ പ്രുമിയോന്‍ സെദറാകള്‍ വിവര്‍ത്തനം ചെയ്തതും ഈ കാലഘട്ടത്തിലാണ്. ബഥനിയിലെ ഫാ. പി. റ്റി. ഗീവര്‍ഗീസിന്‍റെ നേതൃത്വത്തിലും പുലിക്കോട്ടില്‍ ഇട്ടൂപ്പ് ശെമ്മാശന്‍, മൂക്കഞ്ചേരില്‍ പത്രോസ് ശെമ്മാശന്‍ എന്നിവരുടെ സഹകരണത്തിലും വി. കുര്‍ബാന തക്സാ പ്രസിദ്ധീകരിക്കപ്പെട്ടു. മാര്‍ യാക്കോബ്, മാര്‍ ദിവന്നാസ്യോസ്, മാര്‍ ഈവാനിയോസ് എന്നീ ചുരുക്കം ചില ക്രമങ്ങളെ അതില്‍ ഉണ്ടായിരുന്നുള്ളൂ. 1920-ലാണ് അതിന്‍റെ ആദ്യപതിപ്പ് ഇറങ്ങിയത്. വള്ളത്തോളിന്‍റെ കരസ്പര്‍ശത്താല്‍ സംസ്കൃതപദബഹുലമായ ഹാശാ ആഴ്ചയിലെ പ്രുമിയോന് സരളമായ ഒരു വിവര്‍ത്തനം നല്‍കിയത് മട്ടയ്ക്കല്‍ അലക്സന്ത്രയോസ് മല്പാനാണ്. നിത്യപ്രാര്‍ത്ഥനാക്രമം എന്ന പേരില്‍ വീടുകളില്‍ ഉപയോഗിക്കുവാന്‍ ബൃഹത്തായ ഒരു നമസ്കാരക്രമം കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്കോപ്പാ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.

വിവര്‍ത്തനരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ ചെയ്ത മറ്റൊരു വ്യക്തി ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ ആണ്. വലിയനോമ്പിലെയും മൂന്നുനോമ്പിലെയും പ്രുമിയോന്‍ സെദറാകള്‍, പള്ളികൂദാശ, പട്ടംകൊട എന്നിവയുടെ ഗദ്യപദ്യങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണക്രമം, മൂറോന്‍ കൂദാശക്രമം, സൈത്തു കൂദാശക്രമം തുടങ്ങിയവ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ആണ്. ആണ്ടടക്കമുള്ള കുര്‍ബാനയുടെ ഹൂത്തോമ്മാകള്‍, സുറിയാനിയിലും മലയാളത്തിലും രചിച്ചതും അദ്ദേഹം തന്നെ. കുന്നംകുളം പനയ്ക്കല്‍ യാക്കോബ് കത്തനാര്‍ ശ്ഹീമാ നമസ്കാരത്തിലെ പല പ്രാര്‍ത്ഥനകളും കുക്കിലിയോന്‍ സെറ്റുകളും കൂദാശക്രമത്തിലെയും ആണ്ടുതക്സായിലെയും ഏതാനും ഗാനങ്ങളും വിവര്‍ത്തനം ചെയ്ത് സുറിയാനി കീര്‍ത്തനമാല എന്ന വിവര്‍ത്തന ഗ്രന്ഥം തയ്യാറാക്കി. പിന്നീട് നരിമറ്റത്തില്‍ എന്‍. എ. യൂഹാനോന്‍ മല്പാന്‍ വലിയനോമ്പിലെയും ഹാശാ ആഴ്ചയിലെയും മൂന്നുനോമ്പിലെയും കാനോനാ നമസ്കാരത്തിന്‍റെയും ഗദ്യവിവര്‍ത്തനങ്ങള്‍ തയ്യാറാക്കി.

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ കാലത്ത് കോട്ടയം വൈദികസെമിനാരിയെ കേന്ദ്രീകരിച്ച് ശ്രദ്ധേയമായ ചില വിവര്‍ത്തനങ്ങള്‍ നടന്നു. ഫാ. വി. കെ. മാത്യൂസ് (പിന്നീട് പ. മാത്യൂസ് പ്രഥമന്‍ ബാവാ) ആയിരുന്നു പ്രധാന സംഘാടകന്‍. ക്യംതായുടെ ക്രമത്തിന് പുറമെ ഞായറാഴ്ചകളിലും പെരുനാളുകളിലും ഉപയോഗിക്കുവാന്‍ ബുധനാഴ്ച നമസ്കാരത്തില്‍ ചില ഞായറാഴ്ച ക്രമീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്ലീബാനമസ്കാരം എന്ന ഒരു ക്രമം അദ്ദേഹം എഡിറ്റു ചെയ്തുണ്ടാക്കി. അതിന്‍റെ ഗാനാവിഷ്കാരം വൃത്താനുവൃത്ത ഗീത പരിഭാഷയായി നിര്‍വഹിച്ചത് വെണ്ണിക്കുളം സി. പി. ചാണ്ടിയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മലങ്കരസഭയിലെ ഒട്ടുമിക്ക ക്രമങ്ങള്‍ക്കും ഗാനാവിഷ്കാരം നിര്‍വഹിച്ചു.

ആരാധനാ സംഗീത സാഹിത്യവും ചാണ്ടി സാറും

വൈകാരിക സംതൃപ്തിയല്ല ആത്മാവിനെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുന്നതിന് സഹായിക്കുക എന്നതാണ് ആരാധനാ സംഗീതത്തിന്‍റെ ലക്ഷ്യം. ഒരു ശബ്ദമായി കേള്‍ക്കുക എന്നതാണ് സംഗീതത്തിന്‍റെ തത്വം. ഗദ്യവായനയില്‍ കൂടി നഷ്ടപ്പെടുന്ന പങ്കാളിത്തവും ഐക്യവും ആരാധനാസമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിന് ആരാധനാസംഗീതത്തിന് സാധിച്ചു. സംഗീതം വാക്കുകള്‍ക്ക് ശക്തി പകരുന്നതോടൊപ്പം സുവിശേഷഘോഷണത്തിന്‍റെ ഉപാധിയായും ആരാധന സംഗീതം ഉപയോഗിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ‘ആരാധനാഗാന’ത്തിന് മുഖ്യമായ സ്ഥാനമുണ്ട്. മലങ്കരയില്‍ നിലവിലുള്ളത് സുറിയാനി ആരാധനയുടെ തര്‍ജ്ജമകള്‍ മാത്രമാണ്. സ്വതന്ത്രവും ദേശീയവുമായ സഭയെന്ന് അഭിമാനിക്കുകയും അവകാശപ്പെടുകയും ചെയ്യുമെങ്കിലും ആരാധന ‘വൈദേശിക’മാണ്. ആരാധനാഗാനങ്ങള്‍ സുറിയാനിയില്‍ നിന്നു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയെങ്കിലും അടിസ്ഥാനപരമായി നിറഞ്ഞുനില്‍ക്കുന്നതും സുറിയാനി സ്വാധീനമാണ്. മലങ്കരയിലെ ആരാധനാഗാനങ്ങള്‍ക്ക് കാവ്യാത്മകതയും താളാത്മകതയും നല്‍കി ആരാധനാ സാഹിത്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സി. പി. ചാണ്ടിയാണ്. അനിതരസാധാരണമായ കവിതാപാടവവും സര്‍ഗാത്മകതയും ബഹുഭാഷാ നിപുണതയും സമന്വയിക്കുന്ന പ്രതിഭാശാലിയായ സി. പി. ചാണ്ടിക്ക് ആശയങ്ങള്‍ സുലളിതപദവിന്യാസങ്ങളോടെ അതീവ പ്രാഗത്ഭ്യത്തോടെ കോര്‍ത്തിണക്കുവാന്‍ സാധിച്ചു. നിസ്തന്ദ്രവും കര്‍മ്മനിരതവുമായ തപസ്യയാല്‍ പൗരസ്ത്യ ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍ ലളിതസുന്ദരവും താളാത്മകവുമായി ഭക്തഹൃദയങ്ങളില്‍ നിറയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകതകള്‍ താഴെപറയുന്നതുപോലെ തിരിക്കാം.

രചനാശൈലി

ഗദ്യവിവര്‍ത്തനവും പദ്യവിവര്‍ത്തനവും ചേര്‍ത്തു വച്ചു പഠിക്കുമ്പോള്‍ ഒരു ഖണ്ഡികയില്‍ വിവരിച്ചിരിക്കുന്ന ആശയങ്ങളെ രണ്ടോ മൂന്നോ വരികളിലായി പദ്യവിവര്‍ത്തനം നടത്തിയിരിക്കുന്നത് കാണുവാന്‍ സാധിക്കുന്നു. ഉചിതമായ പദപ്രയോഗം കൊണ്ട് ചുരുങ്ങിയ വാക്കുകളില്‍ വലിയ സംഭവങ്ങളെ ചിത്രീകരിക്കുന്ന അദ്ദേഹത്തിന്‍റെ ഭാഷാപാണ്ഡിത്യവും രചനാശൈലിയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വിശ്വാസസത്യങ്ങളുടെ വിശദീകരണം: നല്‍കുന്ന രചനകള്‍

ഓര്‍ത്തഡോക്സ് സഭയുടെ സത്യവിശ്വാസത്തിന്‍റെ വിശദീകരണം സഭാകവിയുടെ രചനകളിലൂടെ വ്യക്തമായി നല്‍കുന്നു. ഗഹനമായ വിഷയങ്ങളെ ലളിതമായ വരികളിലൂടെ അദ്ദേഹം വിശദമാക്കുന്നു. ഉദാഹരണത്തിന് പ്രഭാതനമസ്കാരത്തിലെ ഈ ഗീതം ശ്രദ്ധിക്കുമ്പോള്‍ അത് വ്യക്തമാകുന്നു:

“നിര്‍മ്മലമാം ഉദരേ നിര്‍മ്മലമായ്
വന്നു വസിച്ചൊരു നിര്‍മ്മലനാം
ആത്മജനെ പ്രേഷിപ്പിച്ചവനാം
നിര്‍മ്മല താതന്‍ സംസ്തുത്യന്‍
തന്‍ സാമ്യം നാം പൂണ്ടിടുവാന്‍
നമ്മുടെ സാമ്യമവന്‍ പൂണ്ടു
നമ്മെ തന്‍ പിതൃസുതരാക്കി
പാവന റൂഹായൊടു ചേര്‍പ്പാന്‍
മാനവരൂപം സ്വയമേറ്റാന്‍.”

ത്രിത്വത്തിന്‍റെ ആളത്തങ്ങളും ക്രിസ്തുവിന്‍റെ മനുഷ്യാവതാരവും ഉദ്ദേശ്യവും കന്യകമറിയാമിന്‍റെ വിശുദ്ധിയും ഇതിലൂടെ പഠിപ്പിക്കുന്നു.
കൂടാതെ, സ്ലീബായുടെ മൂന്നാംമണി നമസ്കാരത്തിലെ

“അത്ഭുതമാം ഫലമേകും വൃക്ഷം
കര്‍ക്കശമാം ശില മീനേവം
പാഷണ്ഡര്‍ക്കെതിരെ ദൃഷ്ടാന്തം
മൂന്നെണ്ണം സഭ കാട്ടുന്നു
കുഞ്ഞാടിനെ വൃക്ഷം നല്‍കി,
തീക്കല്‍പ്പാറ ജലം നല്‍കി,
എസ്തീറാ മത്സ്യവുമേകി;
കന്യാക്ഷേപകരെ മൂന്നും
പരിഹാസത്തൊടു വീക്ഷിപ്പൂ.”

വി. കന്യകമറിയാമിന്‍റെ വിശുദ്ധി വ്യക്തമാക്കിത്തരുന്നു. ഇപ്രകാരമുള്ള ധാരാളം ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളില്‍ കാണുവാന്‍ സാധിക്കും.

ഇത് വിവര്‍ത്തനമാണല്ലോ, പിന്നെന്ത് പ്രത്യേകത എന്ന് ഒരുപക്ഷേ ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍ ആ വിവര്‍ത്തനം സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലൂടെ, പദങ്ങളിലൂടെ ആയിരുന്നു എന്നതാണ് ഇതിന്‍റെ ശ്രേഷ്ഠതയുടെ മാറ്റ് കൂട്ടുന്നത്.

നിത്യവും ഉപയോഗിക്കുന്ന ലളിതമായ പദാനുക്രമമാണിതില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ആധുനികോത്തരകവിതകള്‍ പോലെ തന്നെ സങ്കീര്‍ണ്ണവും വൈചിത്ര്യവുമാര്‍ന്ന വാങ്മയ ചിത്രങ്ങള്‍, ചഞ്ചലഹൃദയനായ മനുഷ്യന്‍റെ ഉല്പത്തി, ന്യായവിധി, വിശ്വാസസത്യങ്ങള്‍, ആധുനിക മനുഷ്യന്‍റെ അവസ്ഥ തുടങ്ങിയവയെക്കുറിച്ചുള്ള ബിംബകല്പനകള്‍, മിത്തുകള്‍, പ്രാസപ്രയോഗങ്ങള്‍, മിസ്റ്റിക്കാശയങ്ങള്‍ എന്നിവയിതില്‍ അനായാസേന വളരെ സുന്ദരമായിട്ടാവിഷ്ക്കരിക്കുന്നു.

സര്‍ഗ്ഗാത്മക തര്‍ജ്ജമ

സുറിയാനി ഭാഷയില്‍ ആയിരുന്ന ആരാധനാസംഗീതത്തെ വ്യക്തവും ലളിതവുമായ ഭാഷാന്തരത്തിലൂടെ ജനങ്ങളുടെ പങ്കാളിത്തം സജീവമാക്കുന്ന തരത്തില്‍ ആരാധനാസംഗീതത്തെ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് സി. പി. ചാണ്ടിയാണ്. ആരാധനാക്രമങ്ങള്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ സുറിയാനിയില്‍ ഉണ്ടായിരുന്ന അലങ്കാരഭംഗി നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിച്ചതോടൊപ്പം മലയാള പരിഭാഷയില്‍ വൃത്തഭംഗി, അര്‍ത്ഥശുദ്ധി, താളം, ലയം എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഇതാണ് ആരാധനാഗീതങ്ങളെ ജനപ്രിയമാക്കിയത്. സുറിയാനിയിലുള്ളതായ ആരാധനയെ താളലയങ്ങള്‍ക്കു വ്യത്യാസം വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനാല്‍ സുറിയാനിയില്‍ ഒരു ഗീതം എട്ടു ‘രാഗ’ത്തില്‍ (നിറം) പാടുവാന്‍ കഴിയുന്നതുപോലെ മലയാളത്തിലാക്കിയ ഗാനങ്ങളും എട്ടുരാഗത്തില്‍ പാടുവാന്‍ സാധിക്കുന്നു.

സുറിയാനി ഗാനങ്ങള്‍ മലയാളീകരിച്ചപ്പോള്‍ അര്‍ത്ഥഗാഭീര്യവും പ്രാസശൈലിയും ഹൃദയാവര്‍ജ്ജകമായ രീതിയില്‍ ക്രമീകരിക്കുകയും വൃത്തഭംഗിയും താളലയപദവിന്യാസങ്ങളുടെ അടുക്കും ചിട്ടയും പാലിക്കുകയും ചെയ്തതാണ് സഭാകവിയുടെ തര്‍ജ്ജമയുടെ മാഹാത്മ്യം.
ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള പരിപൂര്‍ണ്ണ സമര്‍പ്പണവും നിസ്തുലത്യാഗവും സംസ്കൃതം, മലയാളം, സുറിയാനി എന്നീ ഭാഷകളിലുള്ള അഗാധപാണ്ഡിത്യവും സാഹിത്യാഭിരുചിയും വൃത്തമാത്രാദി തന്ത്രങ്ങളിലെ പ്രാവീണ്യവുമെല്ലാം അദ്ദേഹത്തിന്‍റെ തര്‍ജ്ജമയുടെ മാറ്റ് കൂട്ടുന്നതിന് സഹായിച്ചു.

ആരാധനാഗാനങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതില്‍ പല പ്രയാസങ്ങളുണ്ട് എന്ന് സഭാകവി തന്നെ പറഞ്ഞിട്ടുണ്ട്. സുറിയാനി ഗീതത്തിന്‍റെ അതേ നീളത്തിലും ഛന്ദസ്സിലും യതിയിലും ആവണം ഭാഷാന്തരവും. അത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം സുറിയാനിയിലെ ഒരു വാക്കിന്‍റെ അര്‍ത്ഥം ഭാഷാന്തരം ചെയ്യുമ്പോള്‍ ഒന്നിലധികം വാക്കുകള്‍കൊണ്ടേ വിവരിക്കാനാവൂ. അതായത് ഒരൊറ്റ ക്രിയാപദത്തില്‍ ക്രിയ, കര്‍ത്താവ്, ലിംഗം, വചനം, കാലം എന്നീ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സുറിയാനിഭാഷയ്ക്ക് കഴിയും. എന്നാല്‍ ഇത് മലയാളത്തില്‍ വളരെ പരിമിതമാണ്. തന്മൂലം പരിഭാഷ പലപ്പോഴും സ്ഥൂലവും വാച്യവും ആകാറുണ്ട്. എന്നാല്‍ സഭാകവിയുടെ പരിഭാഷ ഇതിനെ പരിഹരിക്കുന്നു.
സാധാരണ തര്‍ജ്ജമകളെ അപേക്ഷിച്ച് ആരാധനാക്രമങ്ങളുടെ പരിഭാഷാ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. അര്‍ത്ഥം ചോരുകയോ രീതി മാറുകയോ ചെയ്യരുത് എന്നതാണ് മുഖ്യം. പ്രത്യേകിച്ച് യാഥാസ്തികരായ മലങ്കര നസ്രാണികള്‍ക്ക് പദത്തിന് പദം, വൃത്തത്തിനു വൃത്തം, വാക്കിനു വാക്ക് എന്നത് പരിഭാഷയ്ക്കുണ്ടായിരിക്കണമെന്നത് നിര്‍ബന്ധവും ആയിരുന്നു. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സി. പി. ചാണ്ടിസാര്‍ തന്‍റെ പരിഭാഷകള്‍ നടത്തിയത്.

ബാലസാഹിത്യ ലോകം

കുട്ടിക്കവിതകളുടെ രചനയിലാണ് സി. പി. ചാണ്ടിസാറിന്‍റെ രചനാവൈഭവം കൂടുതല്‍ പ്രകടമാകുക. ‘കുറുമൊഴികള്‍’ എന്ന ഗ്രന്ഥം പരിശോധിക്കുമ്പോള്‍ സഭാകവിയെ ‘മലങ്കരയുടെ കുഞ്ഞുണ്ണിമാഷ്’ എന്ന് വിളിക്കാം എന്ന് മനസിലാകും. ബാലന്മാരുടെ ലോലമനസിലേക്ക് അനായാസമിറങ്ങിച്ചെല്ലുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ലളിത മനോഹര പദങ്ങളുടെ വിന്യാസം ഏതു ബാലഹൃദയത്തെയും ആകര്‍ഷിക്കുന്നതാണ്. അതേ സമയം ഉദാത്തവും ഉജ്ജ്വലവുമാണ് ആ കുട്ടിക്കവിതകള്‍.

“പാരിനു ഭൂഷണമായ് മിന്നു
ഭാരതമെന്നൊരു ദേശത്തു
മലയും കടലും താരാട്ടും
മലനാടെന്നൊരു നാടുണ്ട്
കണ്ണിനി കാതിനു കുളിരേകും
മണ്ണിലെ വിണ്ണാണോ രാജ്യം
കേരമനോഹര കേദാരം
കേരളമത്ഭുത സാമ്രാജ്യം.”

ദേശസ്നേഹമാകുന്ന മലയാളിത്തമാണ് ഈ കുട്ടിക്കവിതയില്‍ നിറഞ്ഞു കാണുന്നത്. കേരളത്തിന്‍റെ നൈസര്‍ഗിക പ്രകൃതിയെ വര്‍ണ്ണിക്കുവാന്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന വരി എത്രയോ ശ്രേഷ്ഠമാണ്. ‘മണ്ണിലെ വിണ്ണാണോ രാജ്യം.’ ‘ജനനീ ജന്മഭൂമിശ്വ സ്വര്‍ഗ്ഗാദപീ ഗരീയസീ’ എന്ന ബോധം സഭാകവിയിലും വേരൂന്നിയിരുന്നു എന്ന് ഇതില്‍നിന്ന് മനസിലാക്കാം. ബാലസാഹിത്യ കൃതിയാണെങ്കില്‍ പോലും അതിലൂടെ പ്രകടമാക്കുന്ന ദേശസ്നേഹം എത്രയോ വലുതാണ്.

“വിണ്ടല നായകനെ നിന്നെ
വീണ്ടും വീണ്ടും കൂപ്പുന്നു
കണ്ടാലും നിന്നുണ്ണികളെ
ഇണ്ടലകറ്റി കാക്കണമേ.”

പ്രാസമൊപ്പിച്ചുള്ള ഈ നാലുവരിയിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്കുന്ന പ്രാര്‍ത്ഥന എത്രയോ അര്‍ത്ഥവത്താണ്.

പൂവിനോടും, പൂമരത്തിനോടും, തേനുണ്ണാന്‍ വരുന്ന വണ്ടിനോടും, കുറുമുല്ലയോടും, കിന്നാരം പറയുന്ന, കുശലം ചോദിക്കുന്ന ഭാവനാചിത്രങ്ങള്‍ അതീവ ഹൃദ്യമാണ്. പദവിന്യാസത്തിലുളവാകുന്ന താളവും ലയവും കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതാണ്.

ഹാസ്യസാമ്രാട്ടായ സഭാകവി
യുക്തമായ നര്‍മ്മോക്തികള്‍ കൊണ്ട് വായനക്കാരെയും കേള്‍വിക്കാരെയും തന്നിലേക്ക് ആകര്‍ഷിക്കുവാന്‍, അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

“ആലുമരത്തിനു ധാരാളം
ചെടവേരേകിയൊരുടയോനെ
ആടിനു മീശ കൊടുത്തോനെ
എന്നോടിങ്ങനെ ചെയ്തല്ലോ.”

“ചാക്കോയും പന്തും കൂടുരുളുന്നതു കണ്ടാല്‍
ആര്‍ക്കാണു പൊക്കമെന്നോര്‍ക്കാന്‍ പ്രയാസം.”

നിര്‍ദ്ദോഷമായ ഫലിതത്തിലൂടെ സഹൃദയരെ രസിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ് മേലുദ്ധരിച്ച കവിതകള്‍.

കവി വിനോദത്തിലൂടെ വിജ്ഞാനവും ചിരിയിലൂടെ വാരിവിതറുന്നുണ്ട്. ശിശുക്കള്‍ക്ക് പാട്ടിലൂടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഒരു ശ്രേഷ്ഠമായ രീതി അദ്ദേഹത്തിന്‍റെ കുട്ടിക്കവിതകളില്‍ കാണുവാന്‍ സാധിക്കുന്നു.

പച്ചപ്പുല്ലെവിടെ?
ശാന്തജലമെവിടെ?
ഞങ്ങളെയാരവിടെത്തിക്കും
നിങ്ങള്‍ ഇതിനൊരു മറുപടി തരുമോ?
നല്ലിടയന്‍, നല്ലിടയന്‍
യേശുവാം നല്ലിടയന്‍.

ക്രിസ്തീയ ഭജന കീര്‍ത്തന സാഹിത്യം

ഭക്തി സാഹിത്യം: ഭാഷാസാഹിത്യ ശാഖയിലെ ഒരു പ്രധാന വിഭാഗമാണ് ഭക്തി സാഹിത്യം. മലയാള സാഹിത്യശാഖയില്‍ പൂന്താനവും എഴുത്തച്ഛനും മറ്റും ഭക്തിപ്രസ്ഥാനത്തില്‍ അമൂല്യമായ സംഭാവനകള്‍ നല്കിയ ശ്രേഷ്ഠരാണ്. ഒരു ഭക്തനായ മനുഷ്യനു മാത്രമേ, മനസുനിറയെ ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിക്കു മാത്രമേ ഈശ്വരസ്തുതികളാകുന്ന കീര്‍ത്തനങ്ങള്‍ ചമയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും വി. കന്യക മറിയാമിനെക്കുറിച്ചും എഴുതി എഴുതി പാടി പാടി ആത്മ നിര്‍വൃതിയടഞ്ഞ സഭാകവി തന്‍റെ ജീവിതത്തിന്‍റെ എല്ലാ അവസ്ഥയിലും ദൈവഭക്തിയെ മുറുകെ പിടിച്ചിരുന്നു. സ്വസഭയുടെ ആരാധനാ സാഹിത്യത്തെ കീര്‍ത്തനസാഹിത്യരചനയിലൂടെ സമ്പന്നമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വി. വേദപുസ്തകത്തിലെ പഴയ – പുതിയ നിയമകഥകള്‍ സംഗ്രഹിച്ച് 51 ശ്ലോകങ്ങളിലവതരിപ്പിച്ചിരിക്കുന്ന ക്രിസ്തീയ ഭജന കീര്‍ത്തനം എന്ന കാവ്യം ഇതിന് തെളിവാണ്. ബഹുഭാഷാ പണ്ഡിതനായതുകൊണ്ടോ വിവര്‍ത്തന പ്രക്രിയ സ്വായത്തമായതുകൊണ്ടോ ഒരാള്‍ക്ക് കീര്‍ത്തനങ്ങള്‍ രചിക്കുവാനാകില്ല. കവിത്വസിദ്ധി കൂടി സ്വായത്തമായിരിക്കണം. ആ കവിത്വസിദ്ധി ഒരു അനുഗ്രഹമായി അദ്ദേഹത്തില്‍ നിറഞ്ഞുനിന്നതിനാലാണ് അദ്ദേഹം രചിച്ച കീര്‍ത്തനങ്ങളും വിവര്‍ത്തനങ്ങളും അനശ്വരങ്ങളായി തീര്‍ന്നത്.

മതഗ്രന്ഥ പരിജ്ഞാനവും സംസ്കാരവും സ്വാംശീകരിച്ച വ്യക്തികള്‍ക്ക് മാത്രമേ കീര്‍ത്തന സാഹിത്യത്തില്‍ അനശ്വരരാകുവാന്‍ സാധിക്കുകയുള്ളൂ. അപ്രകാരം വേദപുസ്തക പരിജ്ഞാനവും, ക്രൈസ്തവ സംസ്കാരവും സ്വാംശീകരിച്ച് തന്‍റെ ജീവിതത്തിലൂടെ, തന്‍റെ രചനയിലൂടെ സഭാകവി പകര്‍ന്നുനല്‍കുന്നു.

എല്ലാ ഭജനകീര്‍ത്തനവും പോലെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനയാലാണ് തന്‍റെ കാവ്യം സഭാകവി ആരംഭിക്കുന്നത്.

“വിയത്തലം വിരിച്ചു മന്നിനെ മനഞ്ഞ താതനെ
ദയാര്‍ദ്രനായ് മനുഷ്യജന്മമേറ്റെടുത്ത പുത്രനേ
ക്ഷയോന്മുഖര്‍ക്കു ജീവനേകീടുന്ന പാവനാത്മനെ
ത്രിയേക സത്യദൈവമേ ജഗത്പതേ നമോസ്തുതേ.”

കാവ്യാരംഭത്തിലെ ഈ പ്രാര്‍ത്ഥനയില്‍ ത്രിത്വത്തിലെ ആളത്തങ്ങളെയും പ്രവര്‍ത്തികളെയും വ്യക്തമാക്കി സഭയുടെ സത്യവിശ്വാസം പഠിപ്പിക്കുകയും ചെയ്യുന്നു. അതായത് വെറും ഭക്തിപ്രകടനം മാത്രമല്ല, സഭയുടെ കാതലായ സത്യവിശ്വാസത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് തന്‍റെ കാവ്യത്തില്‍ വി. വേദപുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ സംഗ്രഹിച്ച് പ്രതിപാദിക്കുന്നു.

‘പളുങ്കിനൊത്തു മാനസം വഹിക്കുവോര്‍ക്കു ദേവനെ
തെളിഞ്ഞു തന്നെ കണ്ടിടാം ജഗത്പതേ നമോസ്തുതേ’ എന്ന് നമ്രശിരസ്കനായി നിന്നു കവി പാടുമ്പോള്‍ ആസ്വാദകനില്‍ പാപബോധം ഉളവാകുന്നു. സദ്വികാരങ്ങള്‍ ആസ്വാദക ഹൃദയത്തില്‍ അഭിസംക്രമിക്കുന്നു.

ഹൂത്തോമ്മോയുടെ ലാളിത്യം

സഭാകവിയുടെ ആദ്യഗ്രന്ഥമാണ് വി. കുര്‍ബ്ബാനയുടെ ഹൂത്തോമ്മൊ. പ. ഔഗേന്‍ ബാവാ ആണ്ടടക്കമുള്ള ഹൂത്തോമ്മോ ഗാനങ്ങള്‍ രചിക്കുന്നതിനു മുമ്പു മുതലേ തക്സായിലെ ഹൂത്തോമ്മോയുടെ വിവര്‍ത്തനങ്ങള്‍ സഭാകവി രചിച്ചിരുന്നു. ഇന്നും അത് പ്രയോഗത്തിലിരിക്കുന്നു. അത്രമേല്‍ ഹൃദയാവര്‍ജ്ജകമാണ് അവയുടെ രചന.

ദൈവവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന വ്യക്തിജീവിതത്തിന്‍റെ പ്രതിഫലനങ്ങള്‍ സ്തുതികളും സ്തോത്രങ്ങളും ഉള്‍ക്കൊണ്ട് ദൈവസ്നേഹത്തിന്‍റെ ആഴത്തെ വ്യക്തമാക്കുവാന്‍ അദ്ദേഹത്തിന്‍റെ രചനകള്‍ സഹായിക്കുന്നു.

“കരളലിവേറീടും താതാ – നിരുപമ കരുണാസാഗരമെ
ദിനമിതിലങ്ങേയ്ക്കര്‍പ്പിച്ചോ – രിത്തിരുബലിയെക്കൈക്കൊള്‍ക.”

ഔഗേന്‍ബാവായുടെ ഭാഷ വളരെ പരുഷമാണ്. ‘പരനാം ദേവാ തിരുഹൃദയം, പരനാംദേവാ ദേവാ’ എന്നൊക്കെ ആവര്‍ത്തിച്ചിരിക്കുന്നു. അത് മാറ്റി ‘പരമോന്നതമാം പദമതിലമരും പരനാം ദേവാ’ എന്ന് ചാണ്ടിസാര്‍ തര്‍ജ്ജമചെയ്തു. അതു വളരെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

“കഴുകീടണമേ കറകളെയെല്ലാം തിരുസോപ്പായാല്‍
ഓര്‍ത്തീടരുതേ കര്‍ത്താവേ നീ ഞങ്ങളുടെ പിഴകള്‍
ശോകം നിറയും ലോകനിവാസം വിട്ടുപിരിഞ്ഞോര്‍-
ക്കേകുക മോദം ശോഭനമാകും ശാശ്വതഗേഹേ”
“വാഴ്ത്തുക ഞങ്ങളെ ദേവേശാ! കാത്തരുളുക നിര്‍മ്മാതാവേ
കര്‍ത്താവേ തുണയായവനേ കാണിക്കണമേ ജീവവഴി.”

ഉപസംഹാരം

മലങ്കരയുടെ നാദത്തിന് മിഴിവേകിയശേഷം ആരവങ്ങളില്ലാതെ അനശ്വരതയിലേക്ക് നടന്നുകയറിയ സി. പി. ചാണ്ടിസാറിനെ ആരാധിക്കുന്ന സഭ പാടുന്ന ഗീതങ്ങളില്‍ തുളുമ്പുന്ന കാവ്യഭംഗിയും മാത്യഭാഷയുടെ തുടിപ്പും മലങ്കരയുടെ മഹാകവിയാക്കുന്നു. ആരാധനാഗാനങ്ങള്‍ അവ ജന്മം കൊണ്ട ഭാഷയുടെ സൗന്ദര്യം ഒരിറ്റുപോലും ചോര്‍ന്നുപോകാതെ വിവര്‍ത്തനം ചെയ്തത് സഭാകവിയുടെ സര്‍ഗ്ഗാത്മകതയുടെ ശ്രേഷ്ഠതയാണ് വെളിവാക്കുന്നത്. അനിതര സാധാരണമായ കവിത്വവും ഭാഷാനിപുണതയും കോര്‍ത്തിണക്കി കര്‍മ്മനിരതമായ തപസ്യയാല്‍ സംഗീതത്തിലൂടെ പൗരസ്ത്യ ക്രൈസ്തവ അദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് ദൈവജനത്തെ പ്രാപ്യമാക്കിയത് ഈ ശ്രേഷ്ഠകവിയാണ്. മലങ്കരസഭാമക്കള്‍ക്ക് ദൈവീക രഹസ്യങ്ങളുടെ മര്‍മ്മങ്ങളെ ഗാനാരാധനയില്‍ കൂടെ അനുഭവവേദ്യമാക്കിത്തീര്‍ക്കുവാന്‍ സഹായിച്ച മലങ്കരസഭയുടെ കിന്നരമാണ് സഭാകവി സി. പി. ചാണ്ടി.

കവിത കുറിയ്ക്കാന്‍ കടലാസു തികയാത്ത, നിര്‍മ്മല സുഹൃത്ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച, കുട്ടികളെ കൂട്ടുകാരാക്കുന്ന, ഭാരതീയ മഹര്‍ഷി പാരമ്പര്യത്തിന്‍റെ ബലമുള്ള കണ്ണിയായ ബഹുഭാഷാ നിപുണന്‍. സഭാ നേതൃത്വസ്ഥാനികളുടെ അനുഗ്രഹാശ്ശിസ്സുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് ആരാധനാഗീതങ്ങളെ രചിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്ത, പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കാതെ സഭാസേവനം നടത്തിയ സഭാകവി ചാണ്ടിസാര്‍ രചിച്ച ഗീതങ്ങള്‍ ആരാധനാ സാഫല്യം ലഭ്യമാവുന്ന വിധത്തിലുള്ളവയായിരുന്നു.

ലളിതസുന്ദരവും അര്‍ത്ഥസമ്പുഷ്ടവും കാവ്യാത്മകവുമായ ഭാഷയിലൂടെ അദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് സഹായകങ്ങളായ കവിതകള്‍ രചിച്ച അദ്ദേഹം പ്രവാചകസമാനമായ ദിവ്യാത്മപ്രചോദനം ഉള്ള വ്യക്തിയായിരുന്നു. അത്യുത്തമങ്ങളായ ആദര്‍ശസമുച്ചയങ്ങളെ മനുഷ്യവംശത്തെ സമുദ്ധരിക്കുന്ന ലോകോത്തരങ്ങളായ ആനന്ദാനുഭൂതികളാക്കുന്നവരാണ് കവികള്‍.

ഒരു കവിയെ സ്യഷ്ടിക്കുവാന്‍ സാധ്യമല്ല. കവി സ്വയം സൃഷ്ടിക്കപ്പെടുകയാണ്. വല്ലപ്പോഴും അപൂര്‍വ്വമായി മാത്രമേ സര്‍ഗ്ഗധനരായ കവികള്‍ ഉണ്ടാവുകയുള്ളൂ. അങ്ങനെ വന്നുചേര്‍ന്ന ഒരു പ്രതിഭാധനനാണ് ചാണ്ടിസാര്‍. മലയാള സാഹിത്യത്തിന് അമൂല്യസംഭാവനകള്‍ നല്‍കുവാന്‍ പ്രാപ്തനായിരുന്ന അദ്ദേഹം സഭയുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ മാത്രമായി ഒതുങ്ങപ്പെട്ടതുകൊണ്ട് മലയാളസമൂഹത്തിന്, മലയാള സാഹിത്യത്തിന് സംഭവിച്ചിരിക്കുന്ന നഷ്ടം വലുതാണ്.

മനുഷ്യമനസ്സിനെ സംസ്ക്കരിച്ച് ഹൃദയവികാസം ഉളവാക്കുന്ന രചനാശൈലിയുടെ ഉടമ, ഭിന്നരുചികളായ മനുഷ്യരില്‍ സാര്‍വ്വജനീനമായ ഒരു വീക്ഷണഗതി വളര്‍ത്തിയെടുക്കുന്ന ഗുരു, പ്രകൃതിയുടെ സത്ത ദൈവാരാധനയാണെന്ന ദര്‍ശനം മനുഷ്യമനസില്‍ വളര്‍ത്തിയ ഋഷി, വിണ്ണിലുള്ള വീട്ടിലെത്താന്‍ അനുവാചകരെ മാടിവിളിക്കുന്ന കീര്‍ത്തനങ്ങളുടെ രചയിതാവ്, പച്ചപ്പുല്ലും ശാന്തജലവും കാട്ടിത്തരുന്ന വഴികാട്ടി വിശുദ്ധിയുടെ പ്രഭയാണ് യാഥാര്‍ത്ഥ സ്വത്തെന്ന് വിളിച്ചോതുന്ന ശ്രേഷ്ഠന്‍, മനസുകൊണ്ട് ഉണ്ണികളോടൊപ്പം ആടിപ്പാടുന്ന അപ്പൂപ്പന്‍, മുല്ലപ്പൂവിനു പഞ്ചാരമുത്തം നല്‍കുന്ന സ്നേഹഗായകന്‍ ഇതെല്ലാമായിരുന്നു സഭാകവി ചാണ്ടിസാര്‍.

തന്‍റെ സര്‍ഗശക്തി മുഴുവന്‍ സഭയ്ക്കായി സമര്‍പ്പിച്ച അദ്ദേഹം സഭയുടെ ആരാധനാസാഹിത്യത്തെ ധന്യമാക്കി. ആരാധിക്കുന്ന സഭയുടെ ശബ്ദം സഭാകവി സി. പി.

ാണ്ടി സാറിന്‍റെ ശബ്ദമാണ്. അനേകരുടെ അധരങ്ങളില്‍ നിന്നുയരുന്ന സ്തുതിഗീതങ്ങളിലൂടെ സഭയുടെ സംഗീതമായി ഇനിയും അദ്ദേഹം ജീവിക്കും. മലങ്കരസഭയുടെ പരിശുദ്ധാത്മ കിന്നരത്തിന് സഭാമക്കളുടെ പ്രണാമം.

കടപ്പാട്

* മലങ്കര ഓര്‍ത്തഡോക്സ് സഭാവിജ്ഞാനകോശം
* സഭാകവി സി. പി. ചാണ്ടി: മലങ്കരസഭയുടെ സ്വര്‍ഗ്ഗീയ കിന്നരം.
* 2005 ജൂണ്‍ ലക്കം മലങ്കരസഭാ മാസിക.
* ശ്ഹീമാ നമസ്കാരം, വി. കുര്‍ബ്ബാനക്രമം, ആണ്ടുതക്സാ കൂദാശക്രമങ്ങള്‍,
ഹൂത്തോമൊ തുടങ്ങിയ പുസ്തകങ്ങള്‍.
* കല്‍ദായ സഭയുടെ ശവസംസ്ക്കാര ശുശ്രൂഷാക്രമം.