1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകൾ ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ-ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര സഭാ നേതൃത്വത്തിൽ നിന്നും ശ്രദ്ധാപൂർവമായ ചില നടപടികൾ ഇപ്പോഴാണ് ഉണ്ടാകേണ്ടത് .
സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ടുള്ള പ. കാതോലിക്കാ ബാവായുടെ പ്രസ്താവന നല്ലതു തന്നെ. അതോടൊപ്പം മറുഭാഗത്തുള്ളവർക്ക് ഈ വിധി അനുസരിക്കുവാനും സഭയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാനും ഉള്ള സാഹചര്യം ഉണ്ടാകണം. 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള വിശ്വാസികൾക്കും, വൈദികർക്കും, എപ്പിസ്‌കോപ്പമാർക്കും ആ പാതയിലേക്ക് വരുവാനുള്ള സാഹചര്യം ഒരുക്കേണ്ടതായിട്ടുണ്ട്.
ചില പ്രായോഗിക നിർദ്ദേശങ്ങൾ കുറിക്കുന്നു.
1 . ഇപ്പോൾ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള വൈദീകരെ തല്ക്കാലം ആ ഇടവകയിലോ മറ്റേതെങ്കിലും ഇടവകകളിലോ അസിസ്റ്റൻഡ് വികാരിമാരായി ചുമതല നൽകണം.
2 . ഇപ്പോൾ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള മെത്രാച്ചന്മാർക്കും തല്ക്കാലം അതാതു ഭദ്രാസനങ്ങളിലോ, മറ്റേതെങ്കിലും ഭദ്രാസനങ്ങളിലോ അസിസ്റ്റൻമാരായി ചുമതല നൽകണം. പിന്നീട് 1934 -ലെ ഭരണ ഘടന പ്രകാരം മലങ്കര അസോസിയേഷൻ തെരഞ്ഞെടുത്തു അംഗീകരിക്കുന്ന മുറക്ക് സ്വതന്ത്ര ചുമതലകൾ നൽകാവുന്നതാണ്
3 . ആവശ്യമെങ്കിൽ അതിനായി മലങ്കര അസോസിയേഷൻ കൂടി പൊതുധാരണയോടുകൂടി 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള മെത്രാച്ചന്മാരെ അംഗീകരിച്ചുകൊണ്ട് മലങ്കരസഭയിലെ കക്ഷിവഴക്കുകൾ എന്നന്നേക്കുമായി ഇല്ലാതാക്കുവാനുള്ള ഒരു പരിശ്രമം ദൈവത്തിൽ ആശ്രയിച്ചുകൊണ്ടു പ്രാർഥനാപൂർവം നടപ്പിലാക്കുവാൻ മലങ്കര സഭ നേതൃത്വം മുൻകൈ എടുക്കണം.
4 . ജൂലൈ 3 -ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ പിറവം പള്ളിയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയോടെ അവയെല്ലാം മാറിക്കിട്ടി. ഇനി അധികകാലം അവർക്കും പിടിച്ചുനിൽക്കുവാൻ സാധിക്കില്ല. ബഹു. സുപ്രീംകോടതി വിധികളുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് മലങ്കര സഭാ സമാധാനത്തിനായുള്ള ഒരു പുതിയ പാത വെട്ടിതുറക്കേണ്ടത് മലങ്കര സഭാ നേതൃത്വമാണ്.
5. കോടതി വിധി പ്രകാരം കീഴടക്കലിന്റെയോ, പിടിച്ചടക്കലിന്റെയോ, ഇറക്കിവിടലിന്റെയോ ഭാവം പ്രായോഗിക രീതിശാസ്ത്രമല്ല, ദൈവീകവുമല്ല.
6 . 1934 ഭരണഘടനയിലും സുപ്രിം കോടതി വിധിയിലും അടിസ്ഥാനമിട്ട് സഭയിൽ ശാശ്വത സമാധാനം ഉണ്ടാക്കുവാൻ സ്വത്വര നടപടി ഉണ്ടാകണം. അതിന് കാര്യശേഷിയുള്ളവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം.
7 . നാളെകളിൽ ബഹു.സുപ്രിം കോടതി മലങ്കര സഭാ നേതൃത്വത്തോടും, പരിശുദ്ധ കാതോലിക്കാ ബാവായോടും ചോദിക്കുവാൻ പോകുന്ന ചോദ്യം ഇതായിരിക്കും. “മലങ്കര സഭാസമാധാനത്തിനായി നിരവധി വിധികൾ ഞങ്ങൾ പുറപ്പെടുവിച്ചു. ഇരു വിഭാഗങ്ങളിലുമുള്ള വൈദീകരെയും മെത്രാച്ചന്മാരെയും 1934 ലെ ഭരണഘടന അനുസരിച്ചു ഏകോപിച്ചുകൊണ്ടുപോകുവാൻ നിങ്ങൾ എന്ത് മേൽനടപടികളാണ് സ്വീകരിച്ചത് ?”
സഭാ ഐക്യത്തെ പറ്റി പരിശുദ്ധ പാമ്പാടി തിരുമേനി: ” … സഭ വിട്ടുപോകാനല്ല ഏതു തരത്തിലും സഭയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. അതിനുവേണ്ടിയാണ് നാം ഇത് പറയുന്നത്. ഇരുഭാഗത്തുനിന്നും അല്പസ്വല്പം വിട്ടുവീഴ്ചകൾ ചെയ്തു ഏതു തരത്തിലെങ്കിലും തമ്മിൽ യോചിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. വഴക്കും വ്യവഹാരവും വർദ്ധിപ്പിക്കാനല്ല നിങ്ങൾ ശ്രമിക്കേണ്ടത്. ഈ നോമ്പ് കാലത്ത് സഭയുടെ സമാധാനത്തിനായി നിങ്ങളെല്ലാവരും ഹൃദയപൂർവ്വം പ്രാർത്ഥിക്കണമെന്നു നിങ്ങളുടെ സ്നേഹത്തോടു നാം നിർബന്ധിക്കുന്നു.
ഇനിയും മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർപ്പുവിളിക്കും.