നസ്രാണിയെന്നതില്‍ അഭിമാനിക്കുക / എം. തോമസ് കുറിയാക്കോസ്

(കോട്ടയം എം.ഡി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ +2 വിദ്യാര്‍ത്ഥി എം. തോമസ് കുറിയാക്കോസ് 2012 നവംബര്‍ 2-ന് പരുമല സെമിനാരിയില്‍ നടന്ന എം.ജി.ഒ.സി.എസ്.എം. വിദ്യാര്‍ത്ഥി സംഗമത്തില്‍ പ. കാതോലിക്കാബാവായുടെ സാന്നിദ്ധ്യത്തില്‍ നല്‍കിയ കാതോലിക്കേറ്റ് ശതാബ്ദി സന്ദേശം)

“മലങ്കരേ പരിപാവന ചരിതേ മഹിതേ മാതാവേ
വിലങ്ങഴിഞ്ഞൊരു വിശ്രുത സഭയേ നീ സൗഭാഗ്യവതി
ബന്ധനമറ്റൂ കരഗതമായി പൂര്‍വ്വ സ്വാതന്ത്ര്യം
ഹന്ത! മലങ്കരസഭയേ തൂവുക സന്തോഷാശ്രുകണം.”

നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കാര്‍മേഘവും ഇരുട്ടും ഭേദിച്ച്, തേജോമയനായ സൂര്യനായി മലങ്കരയില്‍ ഉദയം ചെയ്ത പൗരസ്ത്യ കാതോലിക്കേറ്റിന് ഇന്നു നൂറു വയസ്സ്. ചെറിയ ആട്ടിന്‍കൂട്ടമേ ഭയപ്പെടേണ്ട എന്ന പ്രഖ്യാപനവുമായി മാര്‍തോമ്മന്‍ നസ്രാണികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ കാതോലിക്കേറ്റേ, ആ കാതോലിക്കേറ്റിന്‍റെ പ്രൗഢിയായ പ. പിതാവേ, മലങ്കര നസ്രാണി പൈതൃകം പേറുന്ന സഹോദരങ്ങളെ, നിങ്ങള്‍ക്കെന്‍റെ നമസ്ക്കാരം.

55-ന്‍റെ ചെറുപ്പത്തില്‍ത്തന്നെ നീതിയുടെ കിരീടവുമായി സ്വര്‍ഗ്ഗത്തിലേക്കു കരേറി മുകളിലാകാശങ്ങളിലിരുന്ന് സകല ലോകത്തിനുംവേണ്ടി മുട്ടിപ്പായി അപേക്ഷിക്കുന്ന പ. പരുമല മാര്‍ ഗ്രിഗോറിയോസ് എന്ന പരുമലകൊച്ചുതിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന പരുമല എന്ന ഈ പുണ്യഭൂമി. ഇവിടം ഒരു അത്ഭുതമാണ്. പമ്പാനദിയുടെ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന ഭാരത സംസ്ക്കാരത്തിന്‍റെയും ആചാര സംശുദ്ധിയുടെയും മന്ദമാരുതന്‍ ആത്മാവിനെപ്പോലും ത്രസിപ്പിച്ച് കടന്നു പോകുന്നയിടം. ചരിത്രം ഓര്‍മ്മിക്കുന്നവര്‍ക്ക് ആറാം കാതോലിക്കാ മുതല്‍ ഇങ്ങോട്ട് തുടര്‍ച്ചയായി മൂന്ന് കാതോലിക്കാ വാഴ്ചകളുടെ ചിത്രം ഓര്‍മ്മയില്‍ തെളിയിച്ചുനില്ക്കുന്ന, കോപ്റ്റിക്ക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട മലങ്കരയിലെ ആദ്യ ദേവാലയം എന്ന നിലയില്‍ ആഗോള ക്രൈസ്തവ സംസ്കൃതിയിലേക്ക് തുറന്നുവച്ച വാതിലാകുന്ന ഇവിടെ ചരിത്രവും, പാരമ്പര്യങ്ങളും, വിശുദ്ധിയും, സംസ്ക്കാരങ്ങളും സമ്മേളിക്കുന്നു. ഇവിടം ഭാരത ക്രൈസ്തവതയുടെ പുണ്യഭൂമിയാകുന്നു.

മലങ്കര നസ്രാണിയുടെ ദേശീയതയുടെ ഭാഗമായ അസ്സോസിയേഷന്‍ വിളിച്ചുകൂട്ടുന്നതിന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് തടസ്സം നിന്നപ്പോള്‍ (മലങ്കരയുടെ തനതു സ്വയംശീര്‍ഷകത്വത്തിന് പാത്രിയര്‍ക്കീസ് തടസ്സം നിന്നപ്പോള്‍) മലങ്കരയുടെ തനിമയുടെ സ്വയംശീര്‍ഷകത്വം നഷ്ടപ്പെട്ടു പോകരുത് എന്ന ഉള്‍ബോധംകൊണ്ട്, കാലം ചെയ്യുന്നതു വരെ കൃത്യമായി എല്ലാ അസ്സോസിയേഷന്‍ കമ്മിറ്റികളിലും പങ്കെടുക്കുകയും, പിന്നീട് പ്രസിഡണ്ട് മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റ് ആയിത്തീരുകയും, യാതൊരു സംബന്ധവും പാടില്ലെന്നു പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് കല്‍പ്പിച്ച മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ തന്‍റെ മേല്‍സ്ഥാനീയനാണ് എന്നു പരസ്യമായി പ്രഖ്യാപിക്കുകയും, സ്വസാമ്രാജ്യമായ അന്ത്യോഖ്യായില്‍ പോലും സിനഡിന്‍റെ അംഗീകാരമില്ലാതെ മെത്രാന്മാരെ വാഴിക്കാത്ത പാത്രിയര്‍ക്കീസ്, മലങ്കരയുടെ അറിവോ സമ്മതമോ കൂടാതെ മെത്രാപ്പോലീത്താമാരെ വാഴിക്കുകയും, മലങ്കരയെ ഇടവകകളാക്കി തിരിക്കുകയും ചെയ്ത കാലത്ത്, സ്വാഭാവികമായും ഉണ്ടാകാവുന്ന സകല പ്രശ്നങ്ങളും തരണം ചെയ്യുന്നതിന് മലങ്കരസഭയെ എപ്പോഴും സഹായിക്കുകയും ചെയ്ത, മലങ്കരയെ നയിക്കേണ്ടത് മലങ്കര നസ്രാണിയാണെന്ന വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന പ. പരുമല തിരുമേനിയുടെ അന്ത്യവിശ്രമസ്ഥാനത്തു നിന്നുകൊണ്ട് മലങ്കര നസ്രാണിയുടെ വ്യക്തിത്വത്തിന് മകുടം ചാര്‍ത്തിയ കാതോലിക്കേറ്റിന്‍റെ പൊരുളും പ്രസക്തിയും ചര്‍ച്ച ചെയ്യുവാന്‍ ലഭിച്ച ഈ അവസരം മലങ്കര നസ്രാണി എന്ന നിലയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്.

പൊന്നുവിളയുന്ന മലങ്കരയുടെ മണ്ണും വെള്ളിനിറയുന്ന മലങ്കരയുടെ പള്ളി ഭണ്ഡാരങ്ങളും കണ്ട് ആര്‍ത്തിപൂണ്ട വിദേശ രാഷ്ട്രീയ അധികാരികള്‍ തങ്ങളുടെ വിശ്വാസസംഹിതകളിലേക്ക് മലങ്കര നസ്രാണിയെ പറിച്ചുനടുവാന്‍ ശ്രമിച്ച കാലത്ത്, അതിനെ ശക്തമായി പ്രതിരോധിക്കുവാന്‍ മലങ്കര നസ്രാണിക്കുണ്ടായിരുന്ന ആയുധം – ലോകത്തെ തന്‍റെ വരുതിയിലാക്കാനും കിടുകിടാ വിറപ്പിക്കാനും റോമാ പാപ്പാ ചട്ടം കെട്ടിവിട്ട പോര്‍ട്ടുഗീസ്-സ്പാനിഷ് പടയോട്ടകാലത്ത് അവരുടെ ദ്വിഗ്വിജയങ്ങളെല്ലാം അസ്തപ്രജ്ഞമാകുമാറ് ഞങ്ങള്‍ക്ക് ഞങ്ങളുടെ മാര്‍ഗ്ഗമുണ്ട് എന്ന് മലങ്കര നസ്രാണിയെക്കൊണ്ടു പറയിച്ച പിതൃത്വബോധം. പൂണൂലും കടുക്കനും കുടുമയും ധരിച്ച നസ്രാണി പൗരുഷവും, ചട്ടയും മുണ്ടുമുടുത്ത സ്ത്രീത്വവും നിര്‍വിഘ്നം പ്രസ്താവിച്ചു – ആര്‍ഷഭാരത സംസ്ക്കാരത്തിലധിഷ്ഠിതമായ നസ്രാണിയുടെ ക്രൈസ്തവത. പോര്‍ട്ടുഗീസുകാര്‍ കേരളം കാണും മുമ്പ്, കെട്ടുന്ന മിന്നില്‍ വിളക്കിച്ചേര്‍ത്ത ക്രൂശിന്‍റെ പാരമ്പര്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുമ്പോഴും, ക്രിസ്തീയതയില്‍നിന്ന് അണുവിട വ്യതിചലിക്കുകയില്ല എന്നു പ്രഖ്യാപിച്ച നമ്മുടെ തനതു വ്യക്തിത്വം. ചുറ്റുമുള്ള സകലതിനെയും ക്രിസ്തീയതയിലേക്കാകര്‍ഷിച്ച ആദിമ നസ്രാണിയുടെ പരിശുദ്ധി.

നസ്രാണിയെന്നാല്‍ ഭാരതീയന്‍ എന്നഭിമാനിച്ചിരുന്ന നമ്മുടെ പിതാക്കന്മാര്‍ ഈ ജീവിതചര്യയെ – ആരെയും കൂസാത്ത അവന്‍റെ വ്യക്തിത്വത്തെ – പാരമ്പര്യങ്ങളിലധിഷ്ഠിതമായ അവന്‍റെ ജീവിതരീതിയെ – ആത്മീയ ജന്മം തന്ന അപ്പന്‍റെ ഓര്‍മ്മയ്ക്കായി മാര്‍ത്തോമായുടെ മാര്‍ഗ്ഗം എന്നു വിളിച്ചു. ജനിച്ചു വീഴുന്ന ഓരോ മലങ്കര നസ്രാണിയിലും മുലപ്പാലിനൊപ്പം ഇഴുകിച്ചേരുന്ന ഇതേ പാരമ്പര്യബോധവും ബോധ്യവുമാണ് പറമ്പില്‍ ചാണ്ടിയിലാരംഭിച്ച്, ബഥനിയുടെ മാര്‍ ഈവാനിയോസ് മകുടം ചാര്‍ത്തിയ വന്‍ ചതികളേയും, നവീകരണത്തിന്‍റെ കുട ചൂടിയ പാശ്ചാത്യവല്‍ക്കരണത്തെയും, പിന്നെ അന്ത്യോഖ്യന്‍ മുഷ്ക്കിന്‍റെ നീരാളിക്കൈകളേയും അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നതിന് മലങ്കര നസ്രാണിയെ പ്രാപ്തനാക്കിയത്.

ഈ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം കാലാകാലങ്ങളായി നേരിട്ട വെല്ലുവിളികളുടെ മേലുള്ള മലങ്കര നസ്രാണിയുടെ ആത്യന്തിക വിജയം, മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തെ തച്ചുടയ്ക്കുവാനും, പ. മാര്‍ത്തോമാ ശ്ലീഹാ സ്വതന്ത്രയായി സ്ഥാപിച്ച – ലോകമെങ്ങും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും ആനയും അമ്പാരിയും പകല്‍വിളിയും പാവാടയുമായി രാജതുല്യമായ ജീവിതം നയിച്ചിരുന്ന നമ്മെ അവരുടെ വരുതിക്കു കൊണ്ടുവരാന്‍ ശ്രമിച്ചവരോടുള്ള ശക്തമായ മറുപടി – ചരിത്രത്തിന്‍റെ കറുത്ത അദ്ധ്യായങ്ങള്‍ നമ്മില്‍നിന്നു തട്ടിയെടുക്കുവാന്‍ ശ്രമിച്ച ആദിമ ക്രൈസ്തവ സഭയുടെ തനിമയും സ്വത്വവും ചോദ്യം ചെയ്യാനാവാത്തവണ്ണം നമുക്ക് തിരികെയെടുത്തു തന്ന മാര്‍ത്തോമന്‍ പൈതൃകമെങ്കില്‍ – ആ ഉപ്പിന്‍റെ കാരമാകുന്നു കാതോലിക്കേറ്റ്. ഉപ്പിനെ ഉപ്പായി നിലനിര്‍ത്തുന്ന തനിമ. കാതോലിക്കാ എന്നു ചൊല്ലി വാഴ്ത്തിയ അല്‍ഭുത പ്രതിഭാസം അതാകുന്നു ഇന്ത്യയിലെ പൗരസ്ത്യ കാതോലിക്കേറ്റ്.

ഈ കാരണം കൊണ്ടുതന്നെ കാതോലിക്കേറ്റ് എന്നത് അധികാരസ്ഥാനം എന്നതിനപ്പുറം അത് എന്‍റെ വിശ്വാസത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും വിഷയമാണ്. അന്യന്‍റെ മുമ്പില്‍ എറാന്‍ മൂളി തല കുനിച്ച് കൈ നീട്ടിപ്പോകരുതെന്ന് എനിക്കു കാണിച്ചുതന്ന എന്‍റെ സംസ്ക്കാരമാണ് കാതോലിക്കേറ്റ്. പകരം വെക്കരുതെന്ന് എന്‍റെ പിതാക്കന്മാര്‍ എന്നെ പഠിപ്പിച്ച എന്‍റെ ആത്മാഭിമാനത്തിന്‍റെ സത്തയാണ് എനിക്കു കാതോലിക്കേറ്റ്.

അവനോടു കൂടി മരിക്കേണ്ടതിന് നാമും പോക എന്നു പ്രഖ്യാപിച്ച മാര്‍തോമന്‍ ധൈര്യത്തിന്‍റെ നസ്രാണി പ്രതീകമാകുന്നു കാതോലിക്കേറ്റ്. എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു വിളിച്ച വിശ്വാസ പൂര്‍ണ്ണതയുടെ ദൃശ്യപ്രതിബിംബമാണ് കാതോലിക്കേറ്റ.് മേല്‍പട്ടസ്ഥാനവും മൂറോനും വച്ച് വിലപറയാന്‍ ശ്രമിച്ചവരോട് നിങ്ങളുടെ താളത്തിനു തുള്ളാന്‍ മലങ്കര നസ്രാണിയെ കിട്ടില്ല എന്നും, അതിനു ഞങ്ങള്‍ക്കു സൗകര്യമില്ലെന്നും പറഞ്ഞ മാര്‍ത്തോമന്‍ പൈതൃകത്തിന്‍റെ അഭിമാനബോധമാണ് കാതോലിക്കേറ്റ്. രക്തംകൊണ്ടു മലങ്കര നസ്രാണി രചിച്ച അവന്‍റെ പിതൃത്വബോധമാണ് കാതോലിക്കേറ്റ്.

മലങ്കരയുടേതോ ഇന്‍ഡ്യയുടേതോ മാത്രമായി സ്ഥാപിക്കാമായിരുന്നിട്ടും 1912-ല്‍ ഇവിടെ സ്ഥാപിക്കപ്പെട്ടത് കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ പൗരസ്ത്യ കാതോലിക്കേറ്റായിരുന്നു. ഈ കാതോലിക്കാ പ. മാര്‍ തോമാശ്ലീഹായുടെ സിംഹാസനത്തിലാരൂഢനാണ് എന്ന് വ്യക്തമാക്കുകവഴി, കാലത്തിനനുസരിച്ച് മാറ്റം ഉണ്ടാകുമ്പോഴും മാര്‍ത്തോമന്‍ പൈതൃകവും പിതൃത്വവും ഞങ്ങള്‍ എല്ലാക്കാലത്തും കാത്തുസൂക്ഷിക്കുമെന്നും, മലങ്കരയുടെ നടപടിക്രമങ്ങളില്‍ അടിസ്ഥാനമായ ഒരു ഭരണം മതി മലങ്കര നസ്രാണിക്കെന്നും നാം പ്രഖ്യാപിക്കുകയായിരുന്നു.

അതെ, മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു ശരിയായ നസ്രാണിയാകുന്നു. മലങ്കരയെ സ്നേഹിക്കുന്ന ഒരു പൂര്‍ണ്ണ തദ്ദേശീയന്‍. മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകുന്ന – പാരമ്പര്യങ്ങള്‍ മറന്നുകളയുന്ന – ഒരു ദേശത്ത് ഇവ രണ്ടും മുറുകെപ്പിടിക്കുന്ന നല്ല ഒന്നാംതരം നസ്രാണി.

സ്വയംപ്രഖ്യാപിത കാതോലിക്കാമാര്‍ക്കും, അവരുടെ ഏറാന്‍മൂളികള്‍ക്കും ഒരിക്കലും തങ്ങള്‍ക്കുണ്ട് എന്നവകാശപ്പെടാനാകാത്ത ഈ പ്രത്യേകത തന്നെയാണ് കാതോലിക്കായെ പൂര്‍ണ്ണനാക്കുന്നത്. ബദലിനും സാമന്തനും എടുത്തണിയാനാവാത്ത, കോപ്പി അടിക്കനാവാത്ത, ഈ സ്വയാവബോധവും സ്വാതന്ത്ര്യവുമാണ് മലങ്കരസഭയുടെ കാതോലിക്കായെ തുല്യം വെക്കാനാകാതെ തദ്ദേശീയ ഭരണസംവിധാനത്തിലെ മുമ്പനാക്കുന്നത്; എല്ലാ അര്‍ത്ഥത്തിലും കാതോലിക്കാ, സാര്‍വ്വത്രിക പിതാവ് എന്ന പേരിന് യോഗ്യനാവുന്നത്. പണ്ട് പേര്‍ഷ്യന്‍ മെത്രാന്‍ വഹിച്ചിരുന്ന ആത്മീയ മേലദ്ധ്യക്ഷ സ്ഥാനത്തിന് ഒരു നസ്രാണിയെതന്നെ യോഗ്യനാക്കിയ കാതോലിക്കേറ്റിനെ അതുകൊണ്ടു തന്നെ സംബോധന ചെയ്യുവാനുതകുന്ന ഏറ്റവും നല്ല നാമം ഇന്ത്യയൊക്കെയുടെയും വാതില്‍ എന്നാകുന്നു. ക്രൈസ്തവതയുടെ ഇന്ത്യയിലേക്കുള്ള വാതിലാണ് കാതോലിക്കേറ്റ്. നസ്രാണികള്‍ക്ക് ദൈവികതയിലേക്കുള്ള വാതിലാണ് കാതോലിക്കേറ്റ്

എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണവും തദ്ദേശീയവുമായ പൗരസ്ത്യ കാതോലിക്കേറ്റിന്‍റെ യഥാര്‍ത്ഥ പ്രസക്തി എന്താണ്? സാധാരണ ചോദിച്ചു കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. മഫ്രിയാനേറ്റ് എങ്കിലും കൊതിച്ച മലങ്കര നസ്രാണിക്ക് അതുപോലും കിട്ടില്ല എന്ന അവസ്ഥയില്‍ നിന്ന് പാത്രിയര്‍ക്കീസിന് തുല്യസ്ഥാനിയായ കാതോലിക്കായെ നല്‍കിത്തന്നത് ദൈവത്തിന്‍റെ വലിയൊരു കരുണയായിരുന്നു. വ്യക്തമായ ഒരുദ്ദേശ്യം കൂടിയുണ്ടായിരുന്നു ഈ സ്ഥാനലബ്ദിക്ക്. ഈ ഉദ്ദേശ്യം തന്നെയാണ് കാതോലിക്കേറ്റിന്‍റെ ലക്ഷ്യം. ആ ലക്ഷ്യമാണ് കാലാകാലങ്ങളായി മലങ്കരസഭയുടെ സ്വപ്നം. ഹരിതാഭമായ ഈ സ്വപ്നത്തിലേക്ക് സഭയെ എത്തിക്കുക എന്നിടത്താണ് കാതോലിക്കേറ്റിന്‍റെ യഥാര്‍ത്ഥ പ്രസക്തി.

ആദ്യകാലങ്ങളില്‍ സഭ ഈ സ്വപ്നത്തെക്കുറിച്ച് മൗനം പാലിച്ചു. ആളുകള്‍ ഇതെങ്ങനെയെടുക്കും. സമൂഹം ഇതെങ്ങനെ സ്വീകരിക്കും എന്നീ സംശയങ്ങളും.

എന്നാല്‍ കിഴക്കിന്‍റെ മഹാനായ കാതോലിക്കാ പ. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍, കാലക്രമത്തില്‍ വിഘടിച്ചുപോയ മലങ്കര നസ്രാണികള്‍, തൊട്ടു വിശ്വാസം സ്വീകരിച്ച, മാര്‍തോമായുടെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് അഖിലഭാരത സഭയായി പുനരൈക്യപ്പെടുകയും, പൗരസ്ത്യ കാതോലിക്കാ ആ സഭയെ ഭരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സ്വപ്നം എന്ന് പ്രഖ്യാപിച്ച്, കാതോലിക്കേറ്റിന്‍റെ പ്രസക്തി എന്ത് എന്ന് ചോദിച്ചു മുറവിളി കൂട്ടിയവരുടെ വായടപ്പിച്ചു. ഞങ്ങളുടെ വാതായനങ്ങള്‍ തുറന്നുകിടക്കുന്നു എന്ന് ഇതേ പരുമലയില്‍ വച്ച് പ്രഖ്യാപിച്ച – സ്വയം സ്വീകരിച്ച പേരു കൊണ്ടല്ല, മറിച്ച് പ്രവൃത്തികൊണ്ടു ശ്രേഷ്ഠനായ പ. ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ്, കാലമെത്ര മാറിയാലും ആശയങ്ങളിലും ആദര്‍ശങ്ങളിലും ഉറച്ചുനില്‍ക്കുന്നവനാണ് മലങ്കര നസ്രാണി എന്നു വീണ്ടും പ്രഖ്യാപിച്ചു.

മുടിയനായ പുത്രന്‍റെ ഉപമയിലെ പുറപ്പെട്ടുപോയ പുത്രനായി കാത്തിരിക്കുന്ന അപ്പനെപ്പോലെ മലങ്കരസഭയും കാത്തിരിക്കുകയാണ് – കലഹിച്ചുപോയ തന്‍റെ മക്കള്‍ക്കു വേണ്ടി. എന്നെങ്കിലുമൊരിക്കല്‍ തന്‍റെ പുത്രന്മാര്‍ സത്യം മനസ്സിലാക്കി തിരികെയെത്തും എന്ന പ്രതീക്ഷയില്‍ വാതില്‍ തുറന്നിടുന്നു ഈ അമ്മ. മക്കള്‍ക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് – തന്‍റെ തനിമക്കു കളങ്കമേല്‍ക്കാത്ത ഏതു വിട്ടുവീഴ്ചയ്ക്കും ഈ അമ്മ തയ്യാറാവുക തന്നെ ചെയ്യും.

മടങ്ങിവരുന്ന മക്കള്‍ കൊണ്ടുപോയതെല്ലാം മടക്കിക്കൊണ്ടു വരണം എന്ന് ഈ അമ്മക്ക് യാതൊരു നിര്‍ബന്ധവും ഇല്ല. ഭാണ്ഡക്കെട്ടുകളും കെട്ടുകാഴ്ചകളുമില്ലാതെ ഏതു മക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരികെ വരാം. സന്തതിയുള്ള കാലത്തോളവും, ഒടിച്ചിട്ട കമ്പ് മുറി കൂടാത്ത കാലത്തോളവും, ഇനി മേലില്‍ റോമന്‍ പാപ്പായുടെ അധീശത്വം അംഗീകരിക്കില്ലെന്നു സത്യം ചെയ്ത മലങ്കര നസ്രാണിയെ ചതിച്ച പറമ്പില്‍ ചാണ്ടിയുടെ പിന്‍ഗാമികള്‍ക്കോ, സായിപ്പന്മാര്‍ വച്ചുനീട്ടിയ സമ്പത്തും സ്ഥാനമാനങ്ങളും കണ്ട് പ്രൊട്ടസ്റ്റന്‍റുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, പ്രൊട്ടസ്റ്റന്‍റുകാരെന്നൊ സുറിയാനി ക്രിസ്ത്യാനികളെന്നൊ ഇന്നും പറയാനാകാത്ത, പട്ടത്വം വെറുമൊരലങ്കാരമായി കെട്ടിത്തൂക്കിനടക്കുന്ന – പേരു കൊണ്ട് മാര്‍ത്തോമന്‍ പൈതൃകം അവകാശപ്പെടാം എന്നു മോഹിക്കുന്നവര്‍ക്കും, എന്നും അടിമയായി കഴിയാനിഷ്ടപ്പെട്ട് എന്ന വ്യാജേന, പാത്രിയര്‍ക്കീസിന്‍റെ പേരില്‍ മലങ്കരയുടെ സ്വത്തും സ്ഥാനമാനങ്ങളും തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന, മലങ്കരസഭയുടെ സകലതും കോപ്പി അടിച്ച് വിജയിക്കാം എന്നു പ്രതീക്ഷിക്കുന്ന ഉപായികള്‍ക്കും, കാതോലിക്കാ സ്ഥാനം ലഭിക്കാത്തതില്‍ ഭഗ്നാശനായി സന്യാസവ്രതനിഷ്ഠകള്‍ വലിച്ചെറിഞ്ഞ് തിരുവനന്തപുരത്തെ സുഖശീതളത്വത്തിലേക്ക് എടുത്തുചാടിയ മാര്‍ ഈവാനിയോസിന്‍റെ – റോം നല്‍കാതെ സ്വയം എടുത്തണിഞ്ഞ കാതോലിക്കാ എന്ന നാമം പേറുന്ന പിന്‍ഗാമികള്‍ക്കും വരാം. പക്ഷേ, മാര്‍തോമ്മന്‍ പൈതൃകവും സ്തുതിചൊവ്വാക്കപ്പെട്ട വിശ്വാസവും നസ്രാണിത്തവും വീണ്ടും സ്വീകരിക്കാം, എന്ന ഉറപ്പോടു കൂടിയാകണം ആ വരവ്.

കാതോലിക്കേറ്റിന്‍റെ ഏറ്റവും വലിയ പ്രസക്തി അത് അഖിലഭാരത സഭയുടെ പുനരുജ്ജീവനത്തിനായി ശക്തമായി പ്രയത്നിക്കുകയും എക്യുമെനിസനത്തിനുവേണ്ടി ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ്. എന്നാല്‍ സാര്‍വ്വലൗകിക കൂട്ടായ്മ എന്ന് ബഥനിയുടെ മാര്‍ ഈവാനിയോസിന്‍റെ പിന്‍ഗാമികള്‍ അവകാശപ്പെടുന്ന റോമന്‍ കത്തോലിക്കാസഭയ്ക്കും റോമന്‍ പാപ്പായ്ക്കും അടിമയാകുന്ന എക്യുമെനിസമല്ല. മറിച്ച് മലങ്കരയുടെ സ്വയംഭരണാവകാശവും തദ്ദേശീയതയും പകരം വെയ്ക്കാത്ത പരിപൂര്‍ണ്ണ ഐക്യമാകുന്നു. ആ കാര്യത്തില്‍ നസ്രാണി പിന്തുടരുന്നത് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ പിന്തുടരുന്ന പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ എക്യുമെനിസമാകുന്നു. ഈ എക്യുമെനിസത്തിന്‍റെ ലക്ഷ്യമാകട്ടെ, നമ്മുടെ ആന്ത്യന്തിക സ്വപ്നമാകുന്ന അഖിലഭാരത സഭയുടെ പുനരുജ്ജീവനമാകുന്നു.

അതിനാദ്യം, സഭയുടെ രാജാവാകുന്ന കാതോലിക്കാ എന്ന പേര് എടുത്തണിഞ്ഞിട്ട്, രാജകുമാരന്‍ സ്ഥാനത്തിനായി റോമിലേക്കും അന്ത്യോഖ്യായിലേയും ഇരക്കാന്‍ പോകുന്നത് വിഘടനക്കാരും സ്ഥാനമോഹികളും അവസാനിപ്പിക്കണം. അന്ന് സ്പിരിച്വല്‍ കൊളോണിയലിസം എന്ന കുട്ടിച്ചാത്തനെ കുപ്പിയിലടച്ച് ഭാരതസഭ ഒന്നാവുകയും മറ്റു ലോകസഭകളുമായി ആത്യന്തികബന്ധം പുനസ്ഥാപിക്കപ്പെടുകയും ചെയ്യും.

മലങ്കരസഭയുടെ കാതോലിക്കേറ്റിന്‍റെ മറ്റൊരു പ്രസക്തി, അത് അന്തര്‍ദേശീയ തലത്തില്‍ ഭാരത ക്രൈസ്തവതയുടെ പ്രതിരൂപമാകുന്നു എന്നതാണ്. അന്ത്യോഖ്യായുടെയും റോമിന്‍റെയും കീഴിലുള്ള ഇതര സ്വയംഭൂ കാതോലിക്കാമാരും സില്‍ബന്ധികളും, ഭാരതത്തിന്‍റെ ജീവിതരീതിയറിയാതെ കെട്ടിപ്പൊക്കിയ പ്രൊട്ടസ്റ്റന്‍റുകാരും, എവിടെയെങ്കിലും കയറിപ്പറ്റാന്‍ തീവ്രശ്രമം നടത്തുന്ന നവീകരണക്കാരും മൗനികളാകുമ്പോള്‍ ക്രൈസ്തവലോകത്തെ ഏക ഇന്ത്യന്‍ ദേശീയതയാണ് പൗരസ്ത്യ കാതോലിക്കാ. നമ്മെ ലോകത്തിനു മുമ്പില്‍ വരച്ചുകാട്ടുന്ന നമ്മുടെ ദേശീയബോധം.

ഇത്രയേറെ ദേശീയതയോടും പൈതൃകത്തോടും നീതിപുലര്‍ത്തുന്ന ഒരു സ്ഥാനത്തിന് പക്ഷേ ഇന്ന് അതിനു തക്ക ബഹുമാനം തരാതിരിക്കാന്‍ പലരും മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ട് എന്നത് ഏറ്റവും ഖേദകരമായ ഒരു വസ്തുത തന്നെയാണ്. പൗരസ്ത്യ കാതോലിക്കായെ താറടിച്ചു കാണിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് മാധ്യമങ്ങളും രാഷ്ട്രീയ സ്ഥാനികളും നല്‍കുന്ന പിന്തുണ ഇന്ന് സകല അതിരുകളും ഭേദിച്ചു കഴിഞ്ഞു.

പ്രിയപ്പെട്ട മാധ്യമങ്ങളെ, ഭരണജ്ഞരെ, മലങ്കരസഭ പ്രതികരിക്കാഞ്ഞതുകൊണ്ട് സന്തോഷിക്കേണ്ട. പ്രതികരിക്കാത്തത് ഞങ്ങളുടെ കഴിവുകേടല്ല. മറിച്ച്, അത് ഞങ്ങളുടെ രീതിയല്ലാത്തതുകൊണ്ട് മാത്രമാണ്. സിംഹതുല്യമായ ശാന്തതയുള്ളവളാണ് മലങ്കരസഭ. ശാന്തത വിട്ട് ആ സിംഹമുണര്‍ന്നാല്‍ – ഒന്നു ഗര്‍ജജിച്ചാല്‍ – നിങ്ങളുടെ സകല സന്തോഷങ്ങളും അവിടെ അവസാനിക്കും.

ഞങ്ങടെ മെത്രാന്‍ ആബൂന്‍ മാര്‍ പീലക്സിനോസ് തിരുമേനി, പിറമാടത്ത് കിടന്നോളാന്‍, പറയാനാര്‍ക്കാണവകാശം എന്നു ചോദിച്ച്, പണ്ടുമുതലേ ഭാരതത്തിന്‍റെ നീതിന്യായവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന പാത്രിയര്‍ക്കീസു കക്ഷിക്കാരുമായി കോടതി വ്യവഹാരങ്ങളിലേക്ക് മലങ്കരസഭ ഇറങ്ങിപ്പുറപ്പെടാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നത് കണ്ടിട്ട്, ഇതു സ്വത്തിനു വേണ്ടിയുള്ള പോരാട്ടം എന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നവരേ, ഇതു സ്വത്തിനുള്ള പോരാട്ടമല്ല, സ്വത്വത്തിനാണ്. പാരമ്പര്യത്തോടും പൈതൃകത്തോടുമുള്ള ഞങ്ങളുടെ അടങ്ങാത്ത അഭിനിവേശമാണ് ഞങ്ങളെക്കൊണ്ടിത് ചെയ്യിക്കുന്നത്. ഞങ്ങളുടെ ദേശത്തോടുള്ള ബഹുമാനവും കടമയുമാണ് ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടത്.

നിലയ്ക്കല്‍ പ്രശ്നത്തിന്‍റെ പേരില്‍ കേരളം കത്തിയമരുമായിരുന്ന കാലത്ത് ഒരു ദേവദൂതനെപ്പോലെ ഉദയം ചെയ്ത പ. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍, കാതോലിക്കേറ്റിന്‍റെ ദേശീയമുഖത്തിന്‍റെ പ്രതീകമാകുന്നു. താപസനായ പ. ദിദിമോസ് പ്രഥമന്‍, ഭാരത ക്രൈസ്തവ സഭകളുടെ ചരിത്രത്തിലാദ്യമായി വനിതകള്‍ക്ക് സഭാഭരണത്തിനവസരം കൊടുത്ത് ജനാധിപത്യത്തിന്‍റെയും തുല്യതയുടെയും ശരിയായ വക്താവാണെന്ന് നിസ്സംശയം പ്രഖ്യാപിച്ചു.

അരമനയും പള്ളിയും വിശ്വാസികള്‍ തിരിച്ചുപിടിക്കും എന്ന് പ്രഖ്യാപിച്ചതു വഴി, വിശ്വാസികള്‍ തന്‍റെ കീഴിലുള്ള ഗുണ്ടകളാണെന്നും, അവര്‍ക്കെന്തു സംഭവിച്ചാലും തനിക്കൊന്നുമില്ല എന്നും പ്രഖ്യാപിക്കുന്ന ഇതര സ്വയംപ്രഖ്യാപിത ശ്രേഷ്ഠന്മാരുടെ ഇടയില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിച്ച്, സ്വന്തം ജീവന്‍പോലും പണയംവച്ച്, സ്വന്തം സഭയോടുള്ള നീതിനിഷേധത്തിന്‍ പ്രതികരിച്ച, ജനങ്ങളെ കരുതുന്ന വലിയ പിതാവ് ഭരിക്കുന്ന സഭയാണ് നമ്മുടേത്.

അതിനും മുമ്പ്, സ്വന്തം അപ്പന്‍റെ ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാണാന്‍ എം.ഡി. സെമിനാരി സ്കൂളിന്‍റെ കയ്യാലപ്പുറത്തു കയറി നില്‍ക്കേണ്ടി വന്ന, ആ അപ്പന്‍റെ കബറില്‍ ധൂപം വെയ്ക്കുവാന്‍ സഭാസമാധാനം വരെ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കേണ്ടി വന്ന ഒരു കാതോലിക്കാ ഭരിച്ച സഭയാണ് എന്‍റേത്.

ഇന്ന് വിഘടിതര്‍ തങ്ങളുടെ കുത്തകയാക്കി വെച്ചിരിക്കുന്ന പ. ബസേലിയോസ് യല്‍ദോ മഫ്രിയാനായെ ആദ്യം പരിശുദ്ധന്‍ എന്നു പ്രഖ്യാപിച്ചത് മലങ്കരയിലെ മൂന്നാമത്തെ കാതോലിക്കായായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയനാണ്. അങ്ങനെ, ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട പോലെ ചെയ്യുന്നവരാണ് മലങ്കര നസ്രാണികള്‍ എന്നു വ്യക്തമാക്കിയ കാതോലിക്കായാണ് എന്‍റേത്.

മരുഭൂമിയിലെ ചാറ്റല്‍മഴപോലെ വല്ലപ്പോഴുമെത്തുന്ന ഒരു പ്രഹേളികയല്ല എന്‍റെ ആത്മീയ അദ്ധ്യക്ഷന്‍. മറിച്ച് എപ്പോഴും എന്‍റെ സഭയോടുകൂടിയിരുന്ന്, എപ്പോഴും ആ സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാതോലിക്കായാണ്. ഞാന്‍ എങ്ങനെ പറയും ഇതിലും ശ്രേഷ്ഠമായൊരു സ്ഥാനം ഉണ്ടന്ന്. ഞാന്‍ എങ്ങനെ പറയും ഈ സ്ഥാനത്തിനു തുല്യമായൊരു സ്ഥാനം വേറൊരാള്‍ വഹിക്കുന്നുണ്ടെന്ന്. നമ്മള്‍ക്കെങ്ങനെ പറയാനാവും ലോകക്രൈസ്തവ സഭകളില്‍ ഇതിലും ശ്രേഷ്ഠമായൊരു സ്ഥാനമുണ്ടെന്ന്.

പണ്ട് പാത്രിയര്‍ക്കീസുകക്ഷി, ജനിക്കും മുമ്പേ മരിച്ച ചാപിള്ള എന്നു നമ്മുടെ കാതോലിക്കേറ്റിനെ വിശേഷിപ്പിച്ചു. എന്നാല്‍ ഞാന്‍ പറയുന്നു, പൂര്‍ണ്ണ സ്വയംശീര്‍ഷകത്വവും സ്വാതന്ത്ര്യവുമുള്ള ഞങ്ങളുടെ കാതോലിക്കേറ്റല്ല മറിച്ച്, അര്‍ത്ഥരാത്രിയില്‍ കുട പിടിക്കുവാന്‍ – അര്‍ത്ഥം കിട്ടുവാന്‍ – ശ്രമിച്ചുവരുന്ന നിങ്ങളുടെ സ്വയംഭൂ കാതോലിക്കാമാരാണ് ഉദരത്തില്‍വെച്ചുതന്നെ മണ്‍മറഞ്ഞുപോയ ചാപിള്ളമാര്‍. മാര്‍ത്തോമന്‍ പൈതൃകത്തിന്‍റെ അസ്തിത്വവും വ്യക്തിത്വവുമായ കാതോലിക്കേറ്റ് ശതാബ്ദി വര്‍ഷത്തില്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം ഇതാണ്.

അപ്പനേയും വല്യപ്പനേയും, മുലയൂട്ടി വളര്‍ത്തിയ അമ്മയേയും തള്ളിപ്പറഞ്ഞിട്ട് ഭിക്ഷ പോലെ ലഭിക്കുന്ന സ്ഥാനമാനങ്ങളോ വേഷഭൂഷാദികളോ മലങ്കര നസ്രാണിക്കു വേണ്ട. കേവലം മൂന്നു മാല ധരിക്കുവാന്‍ മാത്രം കാതോലിക്കാ ആയവരുടെ മുന്നില്‍, നെഞ്ചില്‍ ചേര്‍ന്നു കിടക്കുന്ന മാലയിലെ പ. മാര്‍ത്തോമ്മാശ്ലീഹായുടെ രൂപത്തെ നെഞ്ചിന്‍റെ ഉള്ളില്‍ പ്രതിഷ്ഠിച്ച ഈ പ. പിതാവിന്‍റെ ആത്മീയ പുത്രന്മാരാകുന്നു മലങ്കര നസ്രാണികള്‍. മലങ്കര നസ്രാണിയെ നാമാക്കി നിലനിര്‍ത്തുന്ന ഈ നസ്രാണിഗുണം കൈവിട്ടു കളയാതിരിക്കുന്നതിന് നമ്മെ പ്രാപ്തരാക്കി എന്നതാണ് കാതോലിക്കേറ്റിന്‍റെ ഏറ്റവും വലിയ പ്രസക്തി. പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് പറഞ്ഞതുപോലെ ദൈവത്തിന്‍റെ സഭ, ദൈവം നടത്തിക്കൊള്ളും എന്ന് അടിയുറച്ചു വിശ്വസിക്കുന്ന മലങ്കര നസ്രാണിക്ക് ദൈവമായി കൊണ്ടുവന്നു തന്ന മഹല്‍ സൗഭാഗ്യം.

കേപ്പായേ നീ നിന്‍റെ വാള്‍ ഉറയിലിടുക, കേപ്പായേ നീ നിന്‍റെ വാള്‍ ഉറയിലിടുക, കേപ്പായേ നീ നിന്‍റെ വാള്‍ ഉറയിലിടുക, എന്ന് ആദ്യം പോര്‍ട്ടുഗീസുകാരോടും ഒരര്‍ത്ഥത്തില്‍ പ്രൊട്ടസ്റ്റന്‍റുകളോടും പിന്നെ അന്ത്യോഖ്യരോടും പറഞ്ഞ മാര്‍ത്തോമ്മന്‍ പിതൃത്വബോധം സുശക്തമാണ്

.

മലങ്കര നസ്രാണി കൂനന്‍കുരിശു മുതല്‍ ഇതുവരെ നടത്തിയ സകല പ്രവര്‍ത്തനങ്ങളും മലങ്കരസഭയുടെ സ്വാതന്ത്ര്യം മുറുകെ പിടിക്കുന്നതിനുവേണ്ടിയായിരുന്നു. കാലമേറെ മാറിയാലും നാം ഈ ബോദ്ധ്യത്തില്‍നിന്നു പിന്നോട്ടു പൊയ്ക്കൂട.

അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ പറഞ്ഞതുപോലെ, ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ മരിക്കേണ്ടിവന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ അടരാടും. ഇത്തരം മെത്രാപ്പോലീത്താമാരുടെ, ഗംഭീര വ്യക്തിത്വങ്ങളുടെ ശ്രമഫലമായി നേടിയെടുത്ത സ്വാതന്ത്ര്യം ഒരിക്കലും കളഞ്ഞുകുളിക്കാതിരിക്കുക. സഭയുടെ മകുടമാകുന്ന കാതോലിക്കേറ്റിന്‍റെ ഉയര്‍ച്ച സ്വന്തം ഉയര്‍ച്ചയായും, ആ കാതോലിക്കേറ്റിന്‍റെ തളര്‍ച്ച സ്വന്തം തളര്‍ച്ചയായും എണ്ണുക. ജീവനുള്ള കാലത്തോളം മലങ്കര നസ്രാണിയായി നിലനില്‍ക്കുക. അന്ത്യംവരെ നസ്രാണിത്വം കൈവിട്ടു കളയാതിരിക്കുക. അതാണ് എന്‍റെ കാതോലിക്കേറ്റ് ശതാബ്ദി സന്ദേശം.