ഇവര്‍ നമ്മുടെ പിതാക്കന്മാര്‍

അങ്കമാലി ഭദ്രാസനാസ്ഥാനമായ ആലുവ തൃക്കന്നത്തു സെമിനാരിയില്‍ മലങ്കര സഭയുടെ നാലു മേല്പട്ടക്കാരാണ് കബറടങ്ങിയിരിക്കുന്നത്. നാലു പിതാക്കന്മാര്‍ കബറടങ്ങിയിരിക്കുന്ന മലങ്കരയിലെ നാലു പള്ളികളില്‍ ഒന്നാണിത്. കോട്ടയം പഴയ സെമിനാരി, കോട്ടയം ദേവലോകം അരമന ചാപ്പല്‍, മഞ്ഞിനിക്കര ദയറ എന്നിവയാണ് മറ്റുള്ളവ.

1911 മെയ് 31-ന് പ. വട്ടശ്ശേരില്‍ തിരുമേനിയെ അകാനോനികമായി മുടക്കിയതിനെ തുടര്‍ന്നുണ്ടായ മങ്കരസഭയിലെ കക്ഷി വഴക്കിന് മുമ്പു സ്ഥാപിക്കപ്പെട്ടതാണ് ആലുവ തൃക്കുന്നത്തു സെമിനാരിയും പള്ളിയും. ആലുവ സെമിനാരിയില്‍ 1911 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ നടന്ന സമാന്തര പള്ളിപ്രതിപുരുഷ യോഗത്തോടെയാണ് ബാവാകക്ഷി മെത്രാന്‍കക്ഷി എന്നീ പേരുകളില്‍ മലങ്കരസഭയില്‍ രണ്ടു കക്ഷികള്‍ രൂപമെടുക്കുന്നത്. പിന്നീട് ഇവ പാത്രിയര്‍ക്കീസ് കക്ഷി, കാതോലിക്കാ കക്ഷി, എന്നിങ്ങനെ അറിയപ്പെട്ടു.

1958 സെപ്റ്റംബര്‍ 12-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്ന് ഡിസംബര്‍ 16-ന് ഇരുകക്ഷികളും യോജിച്ചു. 1934-ലെ മലങ്കരസഭാ ഭരണഘടന എല്ലാവരും അംഗീകരിച്ചു. ‘മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ’ എന്നുതന്നെയാണ് യോജിച്ച സഭ അറിയപ്പെടുന്നത്.
1970കളുടെ പൂര്‍വ്വാര്‍ത്ഥത്തില്‍ സഭയില്‍ വീണ്ടും ഭിന്നതയുണ്ടായി. പാത്രിയര്‍ക്കീസ് കക്ഷി എന്ന പേരില്‍ ഒരു വിഭാഗം ഉടലെടുത്തുവെങ്കിലും പഴയ ബാവാകക്ഷിയില്‍ ഗണ്യമായ ഒരു ഭാഗം ‘മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ’ യില്‍ തന്നെ ഉറച്ചു നിന്നു. ആ നിലയ്ക്കും, നിയമ പ്രകാരവും പുതിയ പാത്രിയര്‍ക്കീസ് കക്ഷിക്ക് പഴയ ബാവാക്കക്ഷിയുടെ പിന്തുടര്‍ച്ച അവകാശപ്പെടാനാവില്ല.

1995 ജൂണ്‍ 20-ലെ സുപ്രീം കോടതി വിധിയും അനുബന്ധ വിധികളുമനുസരിച്ച് 2002 മാര്‍ച്ച് 20-ന് പരുമലയില്‍ കൂടിയ മലങ്കര അസോസിയേഷന്‍ യോഗവും അതിലെ തീരുമാനങ്ങളും സുപ്രീം കോടതി അംഗീകരിച്ചതോടെ പാത്രിയക്കീസ് കക്ഷി ഔപചാരികമായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമായി എങ്കിലും സ്ഥാപിത താല്‍പര്യക്കാരായ ചില നേതാക്കന്മാരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഒരു വിഭാഗം 2002 ജൂലൈ 6 മുതല്‍ ‘യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ’ എന്ന പേരില്‍ വിഘടിച്ചു നില്‍ക്കുകയാണ്. പുത്തന്‍ കുരിശ് സൊസൈറ്റി എന്ന പേരിലാണ് പൊതുവെ ഇതറിയപ്പെടുന്നത്. ഈ സൊസൈറ്റി ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന മേല്‍പ്പട്ടക്കാര്‍ അവരുടെ മാത്രം സ്വന്തമെന്ന് അവകാശവാദമുന്നയിക്കുന്നുണ്ട്. കടവില്‍ തിരുമേനി, കുറ്റിക്കാട്ടില്‍ തിരുമേനി, വയലിപ്പറമ്പില്‍ തിരുമേനി, കല്ലുപുരയ്ക്കല്‍ തിരുമേനി എന്നിവരാണ് അവിടെ കബറടങ്ങിയിരിക്കുന്നത്. ഇവര്‍ നാലുപേരും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പിതാക്കന്മാരാണ്. ഇവരില്‍ രണ്ടുപേര്‍ ഒരു കാലത്ത് അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷി (1911-58)യിലായിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 1958-ലെ യോജിപ്പോടെ അന്ന് ജീവിച്ചിരുന്നവരും വാങ്ങിപ്പോയവരും മലങ്കര സഭയുടെ ഭാഗമായിത്തീര്‍ന്നു.

ഒരു കാലത്ത്, പ്രത്യേകിച്ച് ആലുവായിലെ വലിയ തിരുമേനി എന്നറിയപ്പെടുന്ന കുറ്റിക്കാട്ടില്‍ തിരുമേനി പാത്രിയര്‍ക്കീസ് കക്ഷിക്ക് നേതൃത്വം കൊടുത്തിരുന്ന കാലത്ത് (1918-53) വരെ അദ്ദേഹത്തിന്‍റെ ആസ്ഥാനം ആലുവ തൃക്കുന്നത്തു സെമിനാരിയായിരുന്നു. ഇത് അദ്ദേഹത്തിന് കൈവശം വന്നത് അങ്കമാലി ഭദ്രാസനാധിപന്‍ എന്ന നിലയിലായിരുന്നു. 1918-ല്‍ അദ്ദേഹം ബാവാ കക്ഷിയുടെ മലങ്കര മെത്രാപ്പോലീത്തായായി അവകാശവാദമുന്നയിച്ചതോടെ തൃക്കുന്നത്തു സെമിനാരി ബാവാ കക്ഷിയുടെ ആസ്ഥാനമായി എന്നു വേണമെങ്കില്‍ പറയാം. ചുരുക്കത്തില്‍ ഏതാണ്ട് മൂന്നര പതിറ്റാണ്ടു കാലം ബാവാ കക്ഷി ആലുവ തൃക്കുന്നത്തു സെമിനാരി ആസ്ഥാനമാക്കി. ഈ സെമിനാരി 1958-ല്‍ യോജിച്ച മലങ്കരസഭയിലെ അങ്കമാലി ഭദ്രാസനാസ്ഥാനമായിത്തീര്‍ന്നു. ഇതോടെ സെമിനാരി 1911-നു മുമ്പുള്ള അവസ്ഥയിലേക്ക് തിരികെപ്പോയി. ആ നിലയ്ക്ക് സഭയിലെ വിഘടിതര്‍ക്ക് ഇതിന്മേല്‍ അവകാശമില്ലാതെയായി.

ഇവിടെ കബറടങ്ങിയിരിക്കുന്ന പിതാക്കന്മാരെപ്പറ്റി ചുരുക്കത്തില്‍

കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ് (1833-1907)

വടക്കന്‍ പറവൂരിലെ കടവില്‍ കുടുംബത്തില്‍ കൂരന്‍ അവിരാ വര്‍ക്കിയുടെയും അന്നയുടെയും മകനായി 1833-ല്‍ ജനിച്ചു. 1846-ല്‍ ചേപ്പാട് മാര്‍ ദീവന്നാസ്യോസില്‍ നിന്ന് കോട്ടയം ചെറിയ പള്ളിയില്‍ വച്ച് ശെമ്മാശുപട്ടം സ്വീകരിച്ചു. 1854 ജനുവരി 18-ന് യുയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പറവൂര്‍ പള്ളി സേവനത്തോടൊപ്പം ശെമ്മാശന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് കോട്ടയം പഴയ സെമിനാരിയില്‍ സുറിയാനി പഠനം വീണ്ടും ആരംഭിച്ചപ്പോള്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് പൗലോസ് കത്തനാരെ അവിടുത്തെ പ്രധാന മല്പാനായി നിയമിച്ചു. മാര്‍ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ വച്ച് 1876 ജൂണ്‍ 27-ന് റമ്പാന്‍ സ്ഥാനവും വടക്കന്‍ പറവൂര്‍ മാര്‍തൊമ്മന്‍ പള്ളിയില്‍ വച്ച് 1876 ഡിസംബര്‍ 3-ന് മെത്രാപ്പോലീത്താ സ്ഥാനവും ലഭിച്ചു. കൊല്ലം ഭദ്രാസനത്തിനുവേണ്ടിയാണ് വാഴിക്കപ്പെട്ടതെങ്കിലും പിന്നീട് കോട്ടയം ഭദ്രാസനമാണ് സ്താത്തിക്കോന്‍ പ്രകാരം ഏല്പിച്ചത്. നാല് ക്നാനായ പള്ളികളുള്‍പ്പെടെ 20 പള്ളികളാണ് അന്നു കോട്ടയം ഭദ്രാസനത്തിലുണ്ടായിരുന്നത്.

ഗോവായില്‍ റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നുള്ള ഫാ. അല്‍വാറീസിനെ പഴയ സെമിനാരിയിലും (1889 ജൂലെ 29) അമേരിക്കക്കാരനായ ഫാ. റിനി വിലാത്തിയെ കൊളംബില്‍ വച്ചും (1892 മെയ് 29) മെത്രാന്മാരായി വാഴിച്ചപ്പോള്‍ കടവില്‍ തിരുമേനി കാര്‍മ്മികനായിരുന്നു.

അമ്പാട്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കാലം ചെയ്തപ്പോള്‍ (1891 മാര്‍ച്ച് 9) അങ്കമാലി ഭദ്രാസനച്ചുമതലയും അദ്ദേഹത്തിനു ലഭിച്ചു. മാര്‍ കൂറിലോസ് തുടങ്ങിവച്ച ആലുവ തൃക്കുന്നത്തു സെമിനാരിയുടെ പണി പൂര്‍ത്തീകരിച്ചത് മാര്‍ അത്താനാസിയോസായിരുന്നു. സുറിയാനി, മലയാളം, തമിഴ് ഭാഷകളില്‍ പണ്ഡിതനായിരുന്ന അദ്ദേഹം അനവധി ആത്മീയ പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങള്‍ സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.

1907 നവംബര്‍ 2-ന് മാര്‍ അത്താനാസിയോസ് കാലം ചെയ്തു. മലങ്കര സഭയില്‍ കക്ഷി വഴക്ക് ആരംഭിക്കുന്നതിന് നാലു വര്‍ഷം മുമ്പാണ് അദ്ദേഹം കാലം ചെയ്തത്.

കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ് (1869-1953)

എറണാകുളം ജില്ലയിലെ നായത്തോട് പൈനാടത്ത് കുറ്റിക്കാട്ടില്‍ മത്തായിയുടെയും കുഞ്ഞന്നത്തിന്‍റെയും മകനായി 1869 ജനുവരി 23-ന് ജനിച്ചു. 10-ാം വയസ്സില്‍ ശെമ്മാശ്ശനായി. പ. പരുമലത്തിരുമേനിയുടെ വത്സലശിഷ്യനും സതീര്‍ത്ഥ്യരുമായിരുന്നു പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും കോട്ടയം പഴയ സെമിനാരിയില്‍ വച്ച് ഇരുവര്‍ക്കും ഒരുമിച്ച് കശ്ശീശാപട്ടവും (1898 നവംബര്‍ 24) റമ്പാന്‍ സ്ഥാനവും (1898 നവംബര്‍ 27) നല്‍കിയത് പ. പരുമലത്തിരുമേനിയായിരുന്നു.

അകപ്പറമ്പ് പള്ളിയില്‍ വച്ച് മാര്‍ ഇഗ്നാത്തിയോസ് അബ്ദള്ള ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് 1910 ജൂണ്‍ 9-ന് മെത്രാപ്പോലീത്താ സ്ഥാനം ഏറ്റു. ആദ്യം അങ്കമാലി ഭദ്രാസനത്തിന്‍റെയും തുടര്‍ന്ന് ബാവാകക്ഷിയിലെ കൊച്ചി ഭദ്രാസനത്തിന്‍റെയും 1920-ല്‍ മറ്റു ഭദ്രാസനങ്ങളുടെയും ചുമതല ഏറ്റു. 1918-ല്‍ ബാവാ കക്ഷിയുടെ മലങ്കര മെത്രാപ്പോലീത്തായായി കരിങ്ങാച്ചിറ പള്ളിയില്‍ വച്ച് 1935 ഓഗസ്റ്റ് 22-ന് ബാവാകക്ഷിയുടെ മലങ്കര മെത്രാപ്പോലീത്തായായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1953 ജനുവരി 25-ന് കാലം ചെയ്തു.

കുറ്റിക്കാട്ടില്‍ തിരുമേനി മലങ്കരസഭയുടെ ഭരണാധികാരിയെന്ന് അവകാശപ്പെട്ടിരുന്നതല്ലാതെ മലങ്കരസഭയെ ഒരിക്കലും വിഭജിക്കണമെന്നാഗ്രഹിച്ചിരുന്നില്ല. അന്ത്യോഖ്യന്‍ അധികാരികളുടെ അനാവശ്യ കൈകടത്തലുകളെപറ്റി ജീവിതാന്ത്യ കാലത്തെങ്കിലും തികച്ചും ബോധവാനായിരുന്നു അദ്ദേഹം.

‘ആലുവായിലെ വലിയ തിരുമേനി’ എന്നറിയപ്പെടുന്നു. ‘വിശ്വാസ സംരക്ഷകന്‍’ എന്ന് വിഘടിത വിഭാഗം വിശേഷിപ്പിക്കുന്നു. ഇദ്ദേഹത്തെയും പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെയും പാമ്പാടിത്തിരുമേനിയെയും പരിശുദ്ധന്മാരായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികള്‍ മലങ്കരസഭയില്‍ ആരംഭിച്ചിട്ടുണ്ട്.

ഒന്നായിരുന്ന മലങ്കരസഭയിലാണ് ഇദ്ദേഹം മേല്‍പ്പട്ടസ്ഥാനമേറ്റത് (1910 ജൂണ്‍ 9). പിളര്‍പ്പിനുശേഷം അദ്ദേഹം പാത്രിയര്‍ക്കീസ് ഭാഗത്ത് നിലയുറപ്പിച്ചു. പിന്നീട് അതിന്‍റെ നേതൃ സ്ഥാനത്തെത്തി; കാലം ചെയ്യുന്നതുവരെയും അദ്ദേഹം പാത്രിയര്‍ക്കീസ് ഭാഗത്തായിരുന്നു. 1958-ല്‍ പാത്രിയര്‍ക്കീസു വിഭാഗം നിരുപാധികമായും ഓര്‍ത്തഡോക്സ് സഭ ഭരണഘടനയ്ക്കു വിധേയമായും മലങ്കരസഭയില്‍ യോജിപ്പുണ്ടാക്കിയതോടെ അദ്ദേഹം മലങ്കരസഭയുടെ ഭാഗമായി. ആ നിലയ്ക്ക് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് പരിഗണിക്കുന്നതില്‍ തെറ്റില്ല. അദ്ദേഹത്തിന്‍റെ മലങ്കര മെത്രാപ്പോലീത്തായെന്നുള്ള അവകാശവാദം മലങ്കര സഭ അംഗീകരിക്കുന്നില്ലെന്നു മാത്രം. അദ്ദേഹത്തിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ നേരത്തെ തന്നെ സഭാ പഞ്ചാംഗത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ.

സഹപാഠികളും ഒരിക്കല്‍ ഇരുവിഭാഗത്തിന്‍റെയും നേതാക്കന്മാരുമായിരുന്ന പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും കുറ്റിക്കാട്ടില്‍ തിരുമനിയും അവര്‍ ഇരുവരുടെയും ജീവിതകാലത്ത് അപരന്‍റെ ജീവിത വിശുദ്ധിയെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുള്ള വസ്തുത സുവദിതമാണ്.
ഇനിയും വിഘടിത വിഭാഗത്തിന്‍റെ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തെ വിമതനായി കാണുന്നവരോട് ഒരുവാക്ക്: റോമിലെ മാര്‍പാപ്പാമാരുടെ പട്ടികയില്‍ എതില്‍ മാര്‍പാപ്പാ (ആന്‍റി പോപ്പ്) ആയി കാണുന്ന ഹിപ്പോളിറ്റസ് (217-235) നെ റോമന്‍ കത്തോലിക്കാ സഭ പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. ചില എതിര്‍ മാര്‍പാപ്പാമാരെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്ത്യോഖ്യന്‍ സുറിയാനി സഭയില്‍ തന്നെ എതിര്‍ പാത്രിയര്‍ക്കീസായിരുന്ന ചിലരെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇനിയും മലങ്കരസഭയില്‍ സമ്പൂര്‍ണ്ണ ഐക്യം കൈവരിക്കുമ്പോള്‍ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെ വിഘടിത വിഭാഗത്തില്‍ കാലം ചെയ്ത മേല്‍പ്പട്ടക്കാരുടെ ഓര്‍മ്മപ്പെരുന്നാള്‍ മലങ്കരസഭാ പഞ്ചാംഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലല്ലോ.

വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് (1889-1966)

അങ്കമാലി നെടുമ്പാശേരി പൈനാടത്തു വയലിപ്പറമ്പില്‍ തോമസിന്‍റെയും ശോശാമ്മയുടെയും ദ്വിതീയ പുത്രനായി 1899 ജൂലൈ 17-നു ജനിച്ചു. മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് 1932-ല്‍ ശെമ്മാശുപട്ടവും 1934-ല്‍ പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് കശീശാപട്ടവുമേറ്റു. ഹോംസില്‍വച്ച് 1946 ആഗസ്റ്റ് നാലിന് മാര്‍ ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് മെത്രാപ്പോലീത്താ സ്ഥാനമേറ്റു. 1953 ജനുവരി 27-ന് ബാവാ കക്ഷിയിലെ അങ്കമാലി ഭദ്രാസനാധിപനായി സഭാ ചന്ദ്രിക മാസിക ആരംഭിച്ചു. സഭാ യോജിപ്പിനെ തുടര്‍ന്നു 1958-ല്‍ നടന്ന പുത്തന്‍കാവ് അസോസിയേഷന്‍ ഇദ്ദേഹത്തെ മലങ്കരസഭയുടെ മെത്രാപ്പോലീത്തായായി അംഗീകരിച്ചു. യോജിച്ച സഭയുടെ അങ്കമാലി ഭദ്രാസനാധിപനായി 1959-ല്‍ നിയമിതനായി. 1934-ലെ മലങ്കരസഭാ ഭരണഘടന സ്വീകരിക്കുകയും അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. സണ്‍ഡേസ്ക്കൂള്‍ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു 1966 നവംബര്‍ ആറിന് കാലം ചെയ്തു.

ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് (1911-1997)

കോട്ടയം പുത്തനങ്ങാടി കല്ലുപുരയ്ക്കല്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് ഒമ്പതിനു ജനിച്ചു. 1929-ല്‍ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസില്‍ നിന്ന് കോറൂയോ പട്ടവും പാമ്പാടി മാര്‍ ഗ്രീഗോറിയോസില്‍ നിന്ന് 1944-ല്‍ പൂര്‍ണ ശെമ്മാശപട്ടവും മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് വൈദിക പട്ടവും സ്വീകരിച്ചു. 1966 ഫെബ്രുവരി 26-ന് റമ്പാന്‍ സ്ഥാനം സ്വീകരിച്ചു. കോലഞ്ചേരി പള്ളിയില്‍ വച്ച് 1966 ഓഗസ്റ്റ് 24-ന് മാര്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ മെത്രാപ്പോലീത്തായായി വാഴിച്ചു. 1967 ജനുവരി 25 മുതല്‍ അങ്കമാലി ഭദ്രാസനത്തിന്‍റെയും 1979 ഫെബ്രുവരി ഒന്നു മുതല്‍ ബോംബെ ഭദ്രാസനത്തിന്‍റെ ഭരണസാരഥ്യം വഹിച്ചു. വൈദിക സെമിനാരി പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസിഡന്‍റ്, സഭകളുടെ ലോക കൗണ്‍സില്‍ കേന്ദ്ര കമ്മറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997 സെപ്റ്റംബര്‍ 28-നു കാലം ചെയ്തു.

ഇവരാണ് ആലുവായില്‍ കബറടങ്ങിയിരിക്കുന്ന നാലു മേല്പട്ടക്കാര്‍. ഇതില്‍ നിന്നും മനസ്സിലാക്കുന്നത് വിഘടിതരുടെ നേതാക്കളെ കബറടക്കിയിരിക്കുന്ന പള്ളിയെന്ന നിലയില്‍ തൃക്കുന്നത്തു സെമിനാരിയുടെമേല്‍ യാതൊരു അവകാശവാദവും അവര്‍ക്കുന്നയിക്കാന്‍ ആവില്ല. പുത്തന്‍കുരിശ് സൊസൈറ്റിക്കാര്‍ പിതൃ സ്മരണയുള്ളവരാണെങ്കില്‍ ആ പിതാക്കന്മാരുടെ കാലടികള്‍ പിന്തുടരുകയാണ് വേണ്ടത്.

(മലങ്കരസഭാ മാസിക, 2008 മാര്‍ച്ച്)

ആലുവാ തൃക്കുന്നത്ത് സെമിനാരിയുടെ ഉത്ഭവം

ജോയ്സ് തോട്ടയ്ക്കാട്

അവിഭക്ത മലങ്കരസഭയുടെ മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയുടെ കാലത്ത് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന അമ്പാട്ട് മാര്‍ കൂറിലോസ് ആണ് തൃക്കുന്നത്ത് സെമിനാരി ഇരിക്കുന്ന സ്ഥലം വാങ്ങിയത്. അവിടെ പള്ളിയും സെമിനാരിയും സ്ഥാപിച്ചത് കോട്ടയം-അങ്കമാലി ഭദ്രാസനങ്ങളുടെ കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് ആണ്. സെമിനാരി സ്ഥാപനത്തിന്‍റെ ആലോചനായോഗങ്ങളില്‍ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയും വട്ടശേരില്‍ ഗീവര്‍ഗീസ് റമ്പാനും സഭയിലെ അന്നത്തെ പ്രമുഖ അല്‍മായ നേതാക്കന്മാരും പങ്കെടുത്തിരുന്നു. അങ്കമാലിയിലെ പള്ളികളില്‍ നിന്നു സംഭാവന പിരിച്ചു പണമുണ്ടാക്കിയത് പിന്നീട് രണ്ടാം കാതോലിക്കാ ആയ വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാനാണ്. കൊച്ചുപൗലോസ് റമ്പാനും (കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് – ആലുവായിലെ വലിയ തിരുമേനി) സെമിനാരി പണിക്കായി അദ്ധ്വാനിച്ചിട്ടുണ്ട്. 1907 നവംബര്‍ 2-ന് കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്യുമ്പോള്‍ സെമിനാരി പണി മിക്കവാറും തീര്‍ന്നിരുന്നു.

മലങ്കരസഭയില്‍ തര്‍ക്കങ്ങളും വ്യവഹാരങ്ങളും ആരംഭിക്കുന്നത് 1911 ല്‍ ആണ്. കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് വില്‍പത്രപ്രകാരം കാരുചിറ ഗീവര്‍ഗീസ് റമ്പാനെയും കൊച്ചുപൗലോസ് റമ്പാനെയും സെമിനാരി ഏല്പിച്ചിരുന്നു. കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ അനാരോഗ്യം മൂലം ആലുവായില്‍ നിന്നു പോന്നതു മൂലം, അബ്ദുള്ളാ പാത്രിയര്‍ക്കീസ് വാഴിച്ച കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് തൃക്കുന്നത്തു സെമിനാരി ആസ്ഥാനമാക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്‍റെ പിന്‍ഗാമി വയലിപറമ്പില്‍ ഗീവറ്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് 1958 ല്‍ സഭാസമാധാനത്തിലൂടെ യോജിച്ച മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപനായി. അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് അങ്കമാലി ഭദ്രാസനം ഭരിച്ച് തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങി. അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ അങ്കമാലി ഭദ്രാസനം ഭരിച്ച് വരുന്നു.

Biography of Kadavil Paulose Mar Athanasius

Book about Dr. Philipose Mar Theophilos