ആലുവായിലെ പുണ്യ പിതാക്കന്മാരുടെ പാവന സ്മരണയ്ക്കു മുമ്പില്‍ സാഷ്ടാംഗ പ്രണാമം / ഫാ. ഡോ. എം. ഒ. ജോണ്‍

ആലുവായിലെ പുണ്യ പിതാക്കന്മാരുടെ പാവന സ്മരണയ്ക്കു മുമ്പില്‍ സാഷ്ടാംഗ പ്രണാമം

ഫാ. ഡോ. എം. ഒ. ജോണ്‍

PDF File

നീണ്ട നാല്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആലുവാ തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ പ. കാതോലിക്കാ ബാവാ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ അവിടെ അന്ത്യവിശ്രമംകൊള്ളന്ന പുണ്യപിതാക്കന്മാരുടെ കബറിടത്തില്‍ ധൂപാര്‍പ്പണം നടന്നു. പൂട്ടിക്കിടന്ന ഒരു ദേവാലയംകൂടി തുറക്കപ്പെട്ടു. മലങ്കരസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷപ്രദമായ നിമിഷങ്ങള്‍.

എങ്കിലും അവിടെ കബറടങ്ങിയിരിക്കുന്ന പിതാക്കന്മാരെ പരിശുദ്ധരായി മാത്രം കണക്കാക്കി അവരെ ഏറ്റവും അധികം ആദരിക്കുകയും അവരെ അടുത്തറിഞ്ഞു സ്നേഹിക്കുകയും, അവര്‍ സ്നേഹിക്കുകയും, അവരുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകള്‍ അവിടെ ഇല്ലായിരുന്നു എന്ന വേദന പലരും പങ്കുവെച്ചു. അത് നീറുന്ന ഒരു ഓര്‍മ്മയായി അനേകരുടെ മനസ്സില്‍ അവശേഷിക്കുന്നു. തന്‍റെ മുന്തിരിത്തോട്ടത്തില്‍ പ്രഭാതം മുതല്‍ സന്ധ്യയോളം വേല ചെയ്ത ഈ പിതാക്കന്മാര്‍ കക്ഷിവഴക്കും എല്‍ഡിഫ് യൂഡിഎഫ് രാഷ്ട്രീയവും വാഗ്വാദങ്ങളും പോര്‍വിളികളുമില്ലാത്ത നിത്യരാജ്യത്തില്‍ അഴിവില്ലാത്ത മോക്ഷത്തില്‍ രക്ഷകന്‍റെ തേജോമയമായ തിരുമുഖശോഭ കണ്ടാനന്ദിക്കുന്നു എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ആ പിതാക്കന്മാരുടെ പ്രാര്‍ത്ഥന നമുക്ക് എന്നും കോട്ടയായിരിക്കട്ടെ.

ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ മലങ്കരസഭയുടെ നാലുപിതാക്കന്മാരാണ് കബറടങ്ങിയിരിക്കുന്നത്. അങ്കമാലി – കോട്ടയം ഇടവകകളുടെ മെത്രാപ്പോലീത്തായായിരുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ് (1891-1907), അങ്കമാലി ഇടവകയുടെ മെത്രാപ്പോലീത്തായായിരുന്ന ആലുവായിലെ വലിയതിരുമേനി എന്നറിയപ്പെടുന്ന കുറ്റിക്കാട്ടില്‍ പ.പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനി (1910-1953), അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി എന്നിവരാണിവിടെ കബറടങ്ങിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നു തിരുമേനിമാരും പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ടവരായാണ് കണക്കാക്കപ്പെടുന്നത്.

കടവില്‍ അത്താനാസിയോസ് തിരുമേനിയെ 1876 ഡിസംബറില്‍ പ.പത്രോസ് പാത്രിയര്‍ക്കീസ് ബാവായാണ് മെത്രാന്‍സ്ഥാനത്തേക്കുയര്‍ത്തിയത്. അദ്ദേഹത്തിന് കോട്ടയം ഭദ്രാസനത്തിന്‍റെ ചുമതല നല്‍കി. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന അമ്പാട്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 1891-ല്‍ കാലം ചെയ്തതോടെ കടവില്‍ അത്താനാസിയോസിന് അങ്കമാലി ഭദ്രാസന ചുമതലകൂടി നല്‍കപ്പെട്ടു. അന്ന് ഇന്നത്തേപ്പോലെ രൂക്ഷമായ കക്ഷിവഴക്കൊ പ്രകടമായ ഭിന്നതയോ നിലനിന്നിരുന്നില്ല. അതേസമയം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോട് അനുഭാവം പുലര്‍ത്തുന്നവരും അത്രകണ്ട് അനുഭാവം പുലര്‍ത്താത്തവരും മലങ്കരയിലുണ്ടായിരുന്നു. അദ്ദേഹം 1907 നവംബര്‍ 2-ന് കാലം ചെയ്തു. പ.പരുമല തിരുമേനിയില്‍നിന്ന് വൈദികപട്ടവും റമ്പാന്‍സ്ഥാനവും സ്വീകരിച്ചു. പ.വട്ടശ്ശേരില്‍ തിരുമേനിക്ക് മെത്രാന്‍പട്ടം നല്‍കിയ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തന്നെയാണ് വലിയതിരുമേനിക്ക് 1910 ജൂണ്‍ 9ന് മെത്രാപ്പോലീത്താ സ്ഥാനം നല്‍കുന്നത്.

അപ്പേഴേയ്ക്കും കക്ഷിവഴക്ക് ആരംഭിച്ചിരുന്നു. സഭ വിഭജിതമായ പശ്ചാത്തലത്തില്‍ 1920ല്‍ പ.ഏലിയാസ് പാത്രിയര്‍ക്കീസ് ബാവാ പ.പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയെ കണ്ടനാട്, കോട്ടയം, നിരണം, കൊല്ലം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ അധിപനായും നിയമിച്ചു. 1934-ല്‍ എം.ഡി.സെമിനാരി അസോസിയേഷന്‍ കൂടി ഭരണഘടന അംഗീകരിക്കുകയും പ.ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുക്കുകയും ചെയ്തതോടെ വിഭജനം കൂറേക്കൂടി വര്‍ദ്ധിച്ചു. ആ പശ്ചാത്തലത്തില്‍ 1935 ആഗസ്റ്റ് 22ന് കരിങ്ങാച്ചിറ പള്ളിയില്‍ കൂടിയ പാത്രിയര്‍ക്കീസ് വിഭാഗം പള്ളി പ്രതിപുരുഷയോഗം പ.പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയെ പാത്രിയര്‍ക്കീസ് വിഭാഗം മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ ആസ്ഥാനമായിരുന്ന ആലുവാ തൃക്കുന്നത്ത് സെമിനാരി അങ്ങനെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പാത്രിയര്‍ക്കീസ് വിഭാഗം ആസ്ഥാനമായിമാറി. അന്നുമുതല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും തൃക്കുന്നത്ത് സെമിനാരി കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പാക്കപ്പെട്ടതും. ഇപ്പോള്‍ ദേവലോകം അരമനയും പഴയ സെമിനാരിയും മറ്റും ഓര്‍ത്തഡോക്സ് സഭയ്ക്ക് എത്ര പ്രിയങ്കരമാണോ അതുപോലെ ഒരുകാലത്ത് പാത്രിയര്‍ക്കീസ് വിഭാഗത്തിന് പ്രിയപ്പെട്ടതായിരുന്നു തൃക്കുന്നത്ത് സെമിനാരി. പിതാക്കന്മാരുടെ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് വൈകാരിക അടുപ്പവും ഉണ്ടായി. സഭാസമാധാനത്തിനായി പ.ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെയും പ. കുറ്റിക്കാട്ടില്‍ അത്താനാസിയോസ് തിരുമേനിയുടെയും യൂലിയോസ് ബാവായുടെയും നേതൃത്വത്തില്‍ 1941-ല്‍ നടന്ന ആലുവാ വട്ടമേശസമ്മേളനത്തിന്‍റെയും പ്രധാന വേദിയായിരുന്നു തൃക്കുന്നത്ത് സെമിനാരി.

1953 ജനുവരി 25ന് വലിയതിരുമേനി കാലംചെയ്തു. 26ന് തൃക്കുന്നത്ത് സെമിനാരിയില്‍ കബറടക്കി. അന്നു മുതല്‍ ജനുവരി 25, 26 തീയതികളില്‍ അവിടുത്തെ വലിയപെരുന്നാളായി ആചരിച്ചുവരുന്നു. അദ്ദേഹം കാലംചെയ്തപ്പോള്‍ 1942 മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗം അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ അങ്കമാലി ഭദ്രാസനാധിപനായി. അദ്ദേഹവും തൃക്കുന്നത്ത് സെമിനാരി ആസ്ഥാനമായി ഭരിച്ചു. ബഹുമുഖപ്രതിഭയും പ്രഗത്ഭനുമായിരുന്ന അദ്ദേഹത്തെ ആധൂനിക അങ്കമാലി ഭദ്രാസനത്തിന്‍റെ ശില്പിയെന്നുതന്നെ വിശേഷിപ്പിക്കാം. ഭദ്രാസനത്തില്‍ നാല്‍പതിലധികം പുതിയ പള്ളികള്‍ അദ്ദേഹം പണിയിച്ചു. കോതമംഗലം മാര്‍ അത്താനാസിയോസ് എന്‍ജിനീയറിംഗ് കോളജുള്‍പ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. 1945-ല്‍ സഭാചന്ദ്രിക എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു വയലിപ്പറമ്പില്‍ തിരുമേനിയുടേത്. 1958-ലെ സഭായോജിപ്പിന്‍റെ ഒരു പ്രധാന നേതാവായിരുന്നു വയലിപ്പറമ്പില്‍ തിരുമേനി. സഭായോജിപ്പ് ഉണ്ടായപ്പോള്‍ ആലുവ തൃക്കുന്നത്ത് സെമിനാരി മലങ്കരസഭയുടെ അവിഭാജ്യഘടകമെന്നു തിരുമേനി പ്രഖ്യാപിച്ചു. മാത്രമല്ല, അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളും നിയമാനുസൃത പൊതുയോഗം കൂടി നിശ്ചിതസമയത്തിനുള്ളില്‍ 1934-ലെ ഭരണഘടന അനുസരിച്ചിരിക്കണം എന്ന് അദ്ദേഹം എല്ലാ പള്ളികള്‍ക്കും കല്പന അയച്ചു. മലങ്കരസഭയ്ക്ക് അത് ഏറെ നേട്ടമുണ്ടാക്കി. വിഘടിച്ചുനിന്ന എല്ലാ വൈദികശ്രേഷ്ഠരും പള്ളികളും 1934-ലെ ഭരണഘടന അനുസരിച്ച് മലങ്കരസഭയുടെ അവിഭാജ്യഘടകമായി. അതില്‍ വയലിപ്പറമ്പില്‍ തിരുമേനിയുടെ പങ്ക് ഏറെ നിര്‍ണ്ണായകമായിരുന്നു. അംഗസംഖ്യയിലും പള്ളികളുടെ എണ്ണത്തിലും മലങ്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ഭദ്രാസനം തന്നെയായിരുന്നു അങ്കമാലി ഭദ്രാസനം. 1958-ല്‍ സഭായോജിപ്പുണ്ടായതുകൊണ്ടുമാത്രമാണ് ആലുവ തൃക്കുന്നത്ത് സെമിനാരി മലങ്കരസഭയ്ക്ക് ലഭ്യമായിത്തീര്‍ന്നത്. അതിനു നേതൃത്വം നല്‍കിയ ആള്‍ വയലിപ്പറമ്പില്‍ തിരുമേനിയും. 1966 നവംബര്‍ ആറാം തീയതി വയലിപ്പറമ്പില്‍ തിരുമേനി കാലം ചെയ്തു തൃക്കുന്നത്ത് സെമിനാരിയില്‍ കബറടക്കി.

1967ല്‍ വലിയതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ദിനമായ ജനുവരി 26-ാം തീയതി ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായായി ഭരണം ഏറ്റെടുത്തു. എക്യുമെനിക്കല്‍ രംഗത്തെ പേരെടുത്ത ശബ്ദമായിരുന്നു അഭിവന്ദ്യ തെയോഫിലോസ് തിരുമേനി. അനേക അന്തര്‍ദേശീയ എക്യുമെനിക്കല്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തെ മലങ്കരസഭയുടെ അംബാസിഡര്‍ എന്നു വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. 1979 മുതല്‍ അദ്ദേഹം ബോംബെ ഭദ്രാസനത്തിന്‍റെ ചുമതലയും വഹിച്ചുപോന്നു. കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പാളായിരുന്നു അദ്ദേഹം. അനേകം സ്ഥാപനങ്ങളും സ്ക്കൂളുകളും ആശുപത്രികളും സ്ഥാപിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. അങ്കമാലി ബോംബെ ഭദ്രാസനങ്ങളുടെ സര്‍വ്വതോന്മുഖമായ വികസനത്തിനും വളര്‍ച്ചയ്ക്കും തന്നാലാവതെല്ലാം ചെയ്ത ഉല്‍കൃഷ്ട വ്യക്തിത്വമായിരുന്നു തെയോഫിലോസ് തിരുമേനി. യോജിച്ച അങ്കമാലി ഭദ്രാസനത്തെ ഏകോപിപ്പിച്ച് കൊണ്ടുപോവുക എന്ന ഭാരിച്ച ദൗത്യമായിരുന്നു അദ്ദേഹത്തിന്‍റെ മുമ്പിലുണ്ടായിരുന്നത്. അത് അദ്ദേഹം തികഞ്ഞ ആത്മാര്‍ത്ഥതയോടും ദൈവാശ്രയത്തോടും നിര്‍വ്വഹിച്ചു. 1971 ആകുമ്പോഴേയ്ക്കും വീണ്ടും കക്ഷിവഴക്കാരംഭിക്കുകയും തൃക്കുന്നത്ത് സെമിനാരി ഒരു വിവാദകേന്ദ്രമായി മാറുകയും ചെയ്തു. ഇപ്പോഴുണ്ടായ കക്ഷിവഴക്കില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ച ഒരു പിതാവാണ് തെയോഫിലോസ് തിരുമേനി. എത്രമാത്രം ബുദ്ധിമുട്ടുകളും എതിര്‍പ്പുകളും ഉണ്ടാവുകയും സ്വന്തം ജീവനുപോലും ഭീഷണി ഉയരുകയും ചെയ്തിട്ടും അദ്ദേഹം സമചിത്തതയോടെ തളരാതെ തകര്‍ന്നുപോകാതെ മുമ്പോട്ടുപോയി. അദ്ദേഹത്തിന്‍റെ കാറുകത്തിക്കല്‍, ഗ്രേറ്റ്മാര്‍ച്ച്, സത്യാഗ്രഹങ്ങള്‍, ശവഘോഷയാത്ര തുടങ്ങി പ്രകടമായ അനേക പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടും മലങ്കരസഭയുടേതായി തെയോഫിലോസ് തിരുമേനി തൃക്കുന്നത്ത് സെമിനാരി കാത്തുസൂക്ഷിച്ചു. അദ്ദേഹത്തോടൊപ്പം ഒരു രക്തസാക്ഷിയുടെ പരിവേഷമണിഞ്ഞ് വന്ദ്യ മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പായുമുണ്ടായിരുന്നു. 1997 സെപ്റ്റംബര്‍ 28ന് ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തു. സെമിനാരി ചാപ്പലിനോട് ചേര്‍ന്ന് മറ്റു തിരുമേനിമാരുടെ കബറിടങ്ങള്‍ക്കു മുമ്പിലായി അദ്ദേഹത്തെ സംസ്ക്കരിച്ചു.

അങ്കമാലി ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അമ്പാട്ടു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായാണ് അങ്കമാലി ഭദ്രാസനാസ്ഥാനവും സെമിനാരിയും പണിയുവാന്‍ ആലുവാ പട്ടണമദ്ധ്യത്തില്‍ പതിനട്ടേക്കറോളം ഭൂമി പതിപ്പിച്ചെടുത്തത്. 1880-ല്‍ ദൈവമാതാവിന്‍റെ നാമത്തില്‍ ഒരു പള്ളിപണിയുവാന്‍ അദ്ദേഹംകല്ലിട്ട് പണി ആരംഭിച്ചു. 1889ല്‍ അദ്ദേഹം സെമിനാരി ചാപ്പല്‍ പണി പൂര്‍ത്തീകരിച്ച് കൂദാശചെയ്തു പ്രതിഷ്ഠിച്ചു. കൂറിലോസ് തിരുമേനി 1891 മാര്‍ച്ച് 9-ാം തീയതി കാലം ചെയ്ത് അങ്കമാലി ചെറിയപള്ളിയില്‍ കബറടങ്ങി. 1910 മുതല്‍ 1958 വരെയും 1971 മുതല്‍ ഇന്നുവരെയും ഒരു വ്യവഹാരകേന്ദ്രമായിരുന്ന ആലുവാ തൃക്കുന്നത്ത് സെമിനാരി മലങ്കരസഭയ്ക്ക് സ്വന്തം. പൂട്ടിക്കിടന്ന സെമിനാരിപള്ളി തുറന്ന് ശാന്തമായ അന്തരീക്ഷത്തില്‍ പ.കാതോലിക്കാ ബാവായ്ക്ക് വി.കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ സാധിച്ചതില്‍ അത്യുന്നതനായ ദൈവത്തെ മഹത്വപ്പെടുത്താം.

ഈ പിതാക്കന്മാരുടെ ഓര്‍മ്മദിവസം നാം പ്രാര്‍ത്ഥച്ച പ്രാര്‍ത്ഥന എത്രയോ ശ്രേഷ്ഠവും അര്‍ത്ഥവത്തവുമായിരിക്കുന്നു. ڇ…..ആകയാല്‍ കര്‍ത്താവേ നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ പൗരോഹിത്യനടപടികളില്‍ നിഷ്ഠയോടെ ജീവിച്ചു. ഇപ്പോള്‍ ഈ സഭയില്‍നിന്നും പിരിഞ്ഞുപോയിരിക്കുന്നു. പാപസാഗരത്തില്‍നിന്നും വേര്‍പെട്ട് നിന്നെ ഉള്‍ക്കൊണ്ടു. നിന്‍റെ കൃപയ്ക്ക് അര്‍ഹരായി നിന്‍റെ വി.പ്രാകാരങ്ങളില്‍ പാര്‍ത്തു. ഇങ്ങനെ രാജകീയമായ പള്ളിയറയില്‍ അവര്‍ വാസം ചെയ്തു. നിന്‍റെ സന്നിധിയില്‍ നമ്രശിരസ്ക്കരായി നിന്നുകൊണ്ട് വിശ്വാസികള്‍ക്കുവേണ്ടി മദ്ധ്യസ്ഥപ്രാര്‍ത്ഥനയും യാചനകളും നടത്തി. സദാ സ്തോത്രങ്ങളും കീര്‍ത്തനങ്ങളും നിനക്ക് സമര്‍പ്പിച്ചു. ഹാലേലൂയ്യാ സ്തുതികളാലും നിര്‍മ്മലപുകഴ്ചകളാലും നിന്‍റെ ദൈവത്വത്തെ ശുശ്രൂഷിച്ചു. ആയുഷ്പര്യന്തം എല്ലാ സമയങ്ങളിലും കൗമാപ്രാര്‍ത്ഥനകളാല്‍ നിന്നെ വണങ്ങി. വിവേകമുള്ള നിന്‍റെ ആട്ടിന്‍കൂട്ടത്തിന് അവര്‍വഴിയായി പുനര്‍ജ്ജനനസ്നാനമാകുന്ന പുത്രസ്വീകാര്യത്തിന്‍റെ ദാനവും വി.കുര്‍ബ്ബാനാനുഷ്ഠാനവും പാപമോചനവും ഭരമേല്‍പ്പിച്ചു. കര്‍ത്താവേ ഞങ്ങള്‍ അവര്‍ക്കുവേണ്ടി നിന്നോട് അപേക്ഷിക്കുന്നു. അവരെ പൗരോഹിത്യയോഗ്യതയില്‍ കൈക്കൊള്ളേണമേ. സസന്തോഷം അവരെ ലാളിക്കേണമേ. അവരുടെ ഓര്‍മ്മ യഥായോഗ്യം നടത്തുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. കര്‍ത്താവേ അവരേയും ഞങ്ങളേയും നിന്നോട് ഒന്നിച്ചുള്ള ആനന്ദത്തിനും നിന്‍റെ മോക്ഷത്തിലെ മോദത്തിനും നിന്‍റെ വിശുദ്ധന്മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നന്മകള്‍ക്കും യോഗ്യരാക്കേണമേ. പരികര്‍മ്മികള്‍ അന്തമില്ലാതെ സ്തുതിച്ച് പുകഴ്ത്തി നിശബ്ദമായി ഹാലേലൂയ്യാ പാടുന്നതും ദുഃഖമില്ലാത്തതും മരണരഹിതവുമായ ശോഭിതഭവനങ്ങളിലും സന്തോഷകരമായ അറകളിലും നിന്‍റെ വിശുദ്ധന്മാരുടെ വാസസ്ഥലത്തും അവരെ നിവസിപ്പിക്കേണമേ. സാക്ഷാല്‍ മഹാപുരോഹിതനായ നാഥാ അവര്‍ പ്രാപിച്ചിരുന്ന താലന്തുകളെ പലിശയോടുകൂടി പ്രസന്നവദനരായി നിനക്ക് ഏല്‍പ്പിക്കുമാറാകണമേ. നിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഭയില്‍ അവരെ മഹത്വീകരിക്കേണമേ. ഞങ്ങളുടെ അപ്പോസ്തോലനായ മാര്‍ത്തോമ്മാശ്ലീഹായോടുകൂടി ഹാലേലൂയ്യാ പാടി പുകഴ്ത്തുമാറാക്കേണമേ. മേഘനാഥനാമാവായ യൂഹാനോനോടൊന്നിച്ച് ഘോഷിക്കുകയും അഹറോനോടും ഏലിയാസറിനോടും ഒരുമിച്ച് ശുശ്രൂഷിക്കുകയും പ്രവാചകന്മാരോടൊപ്പം സ്തുതിയാര്‍ക്കുകയും ശ്ലീഹന്മാരോട് ചേര്‍ന്ന് സ്തോത്രം പാടുകയും സഹദേന്മാരോടുകൂടെ സന്തോഷിക്കുകയും പുണ്യവാന്മാരായ പുരോഹിതന്മാരോടൊപ്പം പ്രതിഫലം പ്രാപിക്കുകയും ചെയ്യുമാറാകണമേ…….”

aluva