മലങ്കരസഭാ ചരിത്രത്തിലെ മൂന്നാമത്തെ തെയോഫിലോസ്

മലങ്കര സഭയുടെ ചരിത്രത്തിൽ തെയോഫിലോസ് എന്ന പേരിൽ മേല്പട്ട സ്ഥാനം പ്രാപിച്ച മൂന്നാമത്തെ പിതാവാണ് കാലം ചെയ്ത ഡോ. സഖറിയാ മാർ തെയോഫിലോസ്

തെയോഫിലോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ദൈവസ്നേഹിതൻ അഥവാ ദൈവത്തിന്റെ സ്നേഹിതൻ എന്നാണ്. വിശുദ്ധ വേദപുസ്തകത്തിൽ ലൂക്കോസിന്റെ സുവിശേഷത്തിലും അപ്പോസ്തോല പ്രവർത്തികളിലും ഈ പേര് പരാമർശിക്കുന്നുണ്ട്. (ലൂക്കോസ് 1 : 1 & അപ്പോ: പ്രവർത്തികൾ 1 : 1) ഈ പരാമർശിക്കുന്ന തെയോഫിലോസ് റോമാ സർക്കാരിലെ ഒരു പ്രമുഖ വ്യക്തിയാണെന്ന് വിശ്വസിക്കപ്പെടുന്നു. സഭാ ചരിത്രത്തിൽ നമുക്ക് പ്രധാനമായും രണ്ട് തെയോഫിലോസുമാരെ കാണുവാൻ സാധിക്കും. അവരിൽ ഒന്നാമൻ എ.ഡി. രണ്ടാം നൂറ്റാണ്ടിൽ അന്ത്യോഖ്യായിലെ ബിഷപ്പായിരുന്ന മാർ തെയോഫിലോസ് ആണ്. വി.ത്രിത്വം എന്ന ആശയം ആദ്യമായി കാണുന്ന ലേഖനങ്ങളിൽ ചിലത് ഈ പിതാവിന്റെ ആയിരുന്നു. രണ്ടാമത്തെ തെയോഫിലോസ് എ.ഡി 385 മുതൽ അലക്‌സാന്ത്രിയായിലെ പാത്രിയർക്കീസ് ആയിരുന്ന മാർ തെയോഫിലോസ് ആണ്. ഇദ്ദേഹത്തെ കോപ്റ്റിക്- സിറിയൻ സഭകൾ പരിശുദ്ധനായി പരിഗണിക്കുന്നു.

മലങ്കരയിൽ ആദ്യമായി ഒന്നിലധികം മെത്രാന്മാർ ഉണ്ടാകുന്നത് 1877-ഇൽ മാത്രമാണ്. അന്ന് പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് മലങ്കര മെത്രാന്റെ ഏക നായകത്ത്വത്തെ തകർക്കുവാൻ അഞ്ചു മെത്രാന്മാരെ വാഴിച്ചു. അന്ന് വാഴിച്ച മെത്രാന്മാർക്ക് ഗ്രീഗോറിയോസ്, യൂലിയോസ്‌, അത്തനാസിയോസ്, ദീവന്നാസിയോസ് തുടങ്ങിയ പേരുകളാണ് നൽകിയത്. അക്കൂട്ടത്തിൽ ഒന്നും തെയോഫിലോസ് എന്ന പേരിൽ മെത്രാൻ ഇല്ലായിരുന്നു. മലങ്കരയിൽ ആദ്യമായി തെയോഫിലോസ് എന്ന പേരിൽ ഒരു മെത്രാൻ ഉണ്ടാകുന്നത് അറ നൂറ്റാണ്ടിനു ശേഷമാണ്. കൃത്യമായി പറഞ്ഞാൽ 1929 ഫെബ്രുവരി 16-നു ബഥനി ആശ്രമ അംഗമായ യാക്കോബ് റമ്പാച്ചന് യാക്കോബ് മാർ തെയോഫിലോസ് എന്ന പേരിൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവ എപ്പിസ്കോപ്പ സ്ഥാനം നൽകി. പിന്നീട് ഗീവറുഗീസ് മാർ ഈവാനിയോസ് (ബഥനി) സഭയെ പരിത്യജിച്ചു റോമാ സഭയിലേക്കു ചേർന്നപ്പോൾ ഇദ്ദേഹവും അദ്ദേഹത്തോടൊപ്പം സഭ വിട്ടുപോയി. ഇദ്ദേഹമാണ് സഭാ ചരിത്രത്തിൽ തെയോഫിലോസ് എന്ന പേരിൽ പട്ടമേറ്റ ആദ്യ വ്യക്തി.

ആദ്യമായി പട്ടമേറ്റ ആളിലൂടെ സഭയ്ക്ക് എന്തെങ്കിലും കുറവോ കളങ്കമോ ഏറ്റിരുന്നു എങ്കിൽ അതിനെ പൂർണ്ണമായും നീക്കി സഭയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യക്തിയായിരുന്നു രണ്ടാമത് പട്ടമേറ്റ മാർ തെയോഫിലോസ്. സഭയുടെ അംബാസിഡർ ആയി ലോക സഭാവേദികളിൽ തിളങ്ങി നിന്ന ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ്. 1911 മെയ് 9-നു ജനിച്ചു. ഇംഗ്ലണ്ടിലെ കാൻറ്റർബറി അഗസ്റ്റിൻ കോളേജിലും ചിക്കാഗൊ യൂണിവേഴ്സിറ്റിയിലും പഠനം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 1929-ഇൽ പ.ഗീവർഗീസ് മാർ ദീവന്നാസിയോസിൽ നിന്ന് കോറൂയോ പട്ടവും 1944-ഇൽ പ. പാമ്പാടി തിരുമേനിയിൽ നിന്ന് വൈദീക പട്ടവും സ്വീകരിച്ചു. അഖില ലോക വിദ്യാർത്ഥി – എക്യൂമിനിക്കൽ – WCC സമ്മേളനങ്ങളിൽ മലങ്കര സഭയുടെ സ്ഥിരം മുഖമായിരുന്നു പിതാവ്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് ചുമതലകൾ വഹിച്ചു. 1966 – ഇൽ കോലഞ്ചേരി വലിയപള്ളിയിൽ വച്ച് പരിശുദ്ധ ബസേലിയോസ്‌ ഔഗേൻ പ്രഥമൻ ബാവ മെത്രാപ്പോലീത്തായായി വാഴിച്ചു. അങ്കമാലി – ബോംബെ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചു. തടാകം ആശ്രമത്തിന്റെ വിസിറ്റർ ബിഷപ്പായും സേവനം അനുഷ്‌ഠിച്ചു. 1997 സെപ്തംബർ 28-നു കാലം ചെയ്തു. തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കി.

മലങ്കര സഭയിൽ മാർ തെയോഫിലോസ് എന്ന പേരിൽ മെത്രാൻ സ്ഥാനം പ്രാപിച്ച മൂന്നാമത്തെ മെത്രാപ്പോലീത്തയായിരുന്നു കാലം ചെയ്ത സഖറിയാ മാർ തെയോഫിലോസ് തിരുമേനി. തിരുമേനി 1952 സെപ്തംബർ മാസം പതിനാറാം തീയതി ചെങ്ങരൂർ മഞ്ഞനാംകുഴിയിൽ എം.പി. ചാണ്ടിപ്പിള്ളയുടെയും അച്ചാമ്മ ചാണ്ടിപ്പിള്ളയുടെയും മകനായി ജനിച്ചു. ചെങ്ങരൂർ സെ.ജോർജ്‌ പള്ളിയായിരുന്നു മാതൃ ഇടവക. കല്ലൂപ്പാറ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്നു കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. കേരളാ സർവ്വകലാശാലയിൽ നിന്നു ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം പഴയ സെമിനാരിയിൽ വേദശാസ്ത്ര പഠനത്തിനായി ചേർന്നു. പഴയ സെമിനാരിയിൽ നിന്നു ജി.എസ്.ടി ബിരുദവും സെറാംമ്പൂർ സർവകലാശാലയിൽ നിന്നു ബി.ഡി. ബിരുദവും കരസ്ഥമാക്കി. അമേരിക്കയിലെ സെ. വ്ലാഡിമിർ സെമിനാരിയിൽ നിന്നു ഡോക്ട്രേറ്റ് ബിരുദവും കരസ്ഥമാക്കി.

1977-ൽ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയിൽ നിന്നു ശെമ്മാശു പട്ടവും 1991 മെയ് 15-നു ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയിൽ നിന്നു കശീശാ പട്ടവും സ്വീകരിച്ചു. 1999 മുതൽ എം.ജി.ഒ.സി.എസ്.എമ്മിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. അതോടൊപ്പം തിരുവനന്തപുരത്തും കോട്ടയത്തുമുള്ള സ്റ്റുഡന്റ് സെന്ററുകളുടെ വാർഡനായും സേവനം അനുഷ്ഠിച്ചു.

2004 ജൂൺ 10 നു പരുമല സെമിനാരിയിൽ കൂടിയ അസോസിയേഷൻ ഫാ. എം.സി ചെറിയാനെ മറ്റ് മൂന്നു പേരൊടൊപ്പം മേൽപ്പട്ട സ്ഥാനത്തേക്കു തിരഞ്ഞെടുത്തു. 2005 മാർച്ചു മാസം അഞ്ചാം മാർത്തോമാ തീയതി പരുമല സെമിനാരിയിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതിയൻ ബാവാ സഖറിയാ മാർ തെയോഫിലോസ് എന്ന പേരിൽ എപ്പിസ്കോപ്പാ ആയി വാഴിച്ചു. തുടർന്ന് മലബാർ ഭദ്രാസനത്തിലേക്കു നിയോഗിക്കപ്പെട്ടു. ഭദ്രാസന ചുമതലയോടൊപ്പം എം.ജി.ഒ.സി.എസ്.എമ്മിന്റെ വൈസ് പ്രസിഡന്റ് പദവും തിരുമേനി അലങ്കരിച്ചിരുന്നു.

ഇങ്ങനെ മാർ തെയോഫിലോസ് എന്ന പേരിൽ സഭയിൽ പട്ടമേറ്റ മൂന്നാമത്തെ മെത്രാപ്പോലീത്തയാണ് തടാക ആശ്രമത്തിൽ അന്ത്യ വിശ്രമത്തിനായി ഒരുങ്ങുന്നത്. പിതാവിന്റെ മധ്യസ്ഥത നമുക്കും പരിശുദ്ധ സഭയ്ക്

ും കോട്ടയാകട്ടെ. 2015-ഇൽ കാലം ചെയ്ത മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയുടെ പേരും സഖറിയാസ് മാർ തെയോഫിലോസ് എന്നായിരുന്നു. യാക്കോബായ വിഭാഗത്തിൽ മാർ തെയോഫിലോസ് എന്ന പേരിൽ ഒരു മെത്രാപ്പോലീത്ത ഉണ്ട്.- കുറിയാക്കോസ് മാർ തെയോഫിലോസ്.

Source: OVS Online.