മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാർഥന ഹൂസ്റ്റണിൽ നടന്നു.

കാലം ചെയ്ത മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാർഥന ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടന്നു. പ്രാർഥനാ ശുശ്രൂഷകൾക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാനസനാധിപൻ  ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ.സഖറിയാസ്  മാർ അപ്രേം, എന്നിവർ നേതൃത്വം നൽകി. ഹൂസ്റ്റൺ ഏരിയയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും സംബന്ധിച്ചു.
മലബാർ ഭദ്രാസനാധിപനും ഓർത്തോഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ മുൻ  ജനറൽ സെക്രട്ടറിയുമായിരുന്ന  ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ വേർപാടിൽ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത, ഡോ.സഖറിയാസ്  മാർ അപ്രേം, എം ജി ഒ സി എസ് എം മുൻ ജനറൽ സെക്രട്ടറി ഫാ.ജോൺ തോമസ് എന്നിവർ അനുശോചനം അറിയിച്ചു.
മികച്ച സംഘാടകൻ, വിട്ടുവീഴചയില്ലാത്ത ജീവിത വിശുദ്ധി, ദൈവ സ്നേഹം പാവപ്പെട്ടവരിലേക്ക് പകരുവാൻ പരിശ്രമിച്ചുകൊണ്ടു ദൈവത്തിന്റെ കരങ്ങളും നിസഹായരുടെ സ്നേഹിതനുമായി മാറുവാൻ ജീവിതം ഉഴിഞ്ഞുവച്ച  ഡോ. സഖറിയാ മാർ തെയോഫിലോസ്‌. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു.  അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്റോസ് എന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മന്ദിരവും ഫ്ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്‍കി. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്‍റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും  എം ജി ഒ സി എസ് എം മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്ന ഫാ.ജോൺ തോമസ് അനുസ്മരിച്ചു