നെച്ചൂർ പള്ളിയിൽ പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

Manorama, 14-10-2017

നെച്ചൂർ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

പിറവം: നെച്ചൂർ സെന്‍റ് തോമസ് പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന സുപ്രീം കോടതി വിധിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി .അനുകൂലമായ കോടതി സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജോസഫ് മലയിൽ വി.കുർബ്ബാന അർപ്പിച്ചു എങ്കിലും ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പള്ളി ആർ.ഡി.ഒ പൂട്ടുകയാണ് ഉണ്ടായത്. തുടർന്ന് പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യം ഉന്നയിച്ച് ഓർത്തഡോക്സ് സഭ ഹൈകോടതിയെ സമീപിക്കുകയായിരുന്നു .

ഒരു മാസം നീണ്ട വാദത്തിന് ഒടുവിൽ ജസ്റ്റിസുമാരായ ആന്റണി ഡൊമനിക് ,ദാമ്മ ശേഷാദരി നായിഡു എന്നിവർ അടങ്ങിയ രണ്ട് അംഗ ബെഞ്ച് ആണ് പോലീസ് സംരക്ഷണം നൽകി കൊണ്ട് വിധി പ്രസ്താവിച്ചത്. ഇതോടെ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന നെച്ചൂർ സെന്‍റ് തോമസ് പള്ളിയിൽ ഓർത്തഡോക്സ് സഭ വികാരിക്കും ഇടവക അംഗങ്ങൾക്കും പ്രവേശിക്കാനുള്ള അവസരം സംജാതമായി.