മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ

ദൈവരാജ്യത്തിന്‍റെ മഹത്വവത്ക്കരണവും മാനവരാശിയുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി മതങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിനോടനുബന്ധിച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഇത്യോപ്യയിലെ സ്ലീബാ പെരുന്നാള്‍ ആഘോഷം യുനസ്കോ “മഹത്തായ പൈത്രീകമായി” ഉള്‍പ്പെടുത്തിയതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നും അത്രയ്ക്ക് സവിശേഷത നിറഞ്ഞ ആഘോഷങ്ങളാണ് ഇതോടനുബന്ധിച്ച് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ത്താവിന്‍റെ കുരിശ് കണ്ടെത്തിയതിനെ അനുസ്മരിക്കുന്നതാണ് സ്ലീബാ പെരുന്നാള്‍. കര്‍ത്താവിന്‍റെ കുരിശ് കണ്ടെത്തല്‍, ഒരര്‍ത്ഥത്തില്‍ സ്വയം കണ്ടെത്തലാണ്. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ജീവിതത്തില്‍ കുരിശ് വഹിക്കുന്നത് ഭാരമായി തോന്നുകയില്ലെന്നും പരിശുദ്ധ ബാവാ അഭിപ്രായപ്പെട്ടു.

ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇത്യോപ്യന്‍ പ്രസിഡന്‍റ് മുലാതു തെഷോമെയും, പത്നി മിസ്സിസ് മുലാതുവും, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്, ജേക്കബ് മാത്യൂ തുടങ്ങിയവരും സംബന്ധിച്ചു.