പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ നവീകരണ വ്യഗ്രതയെക്കുറിച്ച് മലങ്കരസഭ നല്‍കിയ പരാതികളെക്കുറിച്ചന്വേഷിക്കുവാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് 1846-ല്‍ അയച്ച ഉത്സാഹിയും ആജാനുബാഹുവുമായ മേല്പട്ടക്കാരന്‍. തുര്‍ക്കിയില്‍ തുറബ്ദീന്‍ സ്വദേശി.
ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ്, ‘മലങ്കര മെത്രാപ്പോലീത്താ സ്ഥാനം’ രാജി വച്ചപ്പോള്‍ ആ പദവിയില്‍ തന്നെ നിയമിച്ച കല്പന പാത്രിയര്‍ക്കീസിന്‍റേതായി പ്രസിദ്ധപ്പെടുത്തി. 1848-ലെ കൊല്ലം പഞ്ചായത്ത് ഈ അവകാശവാദം നിരാകരിച്ചു. കുറേക്കാലത്തേയ്ക്ക് തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനങ്ങളില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടു. മലബാറില്‍ പോര്‍ക്കളത്തും ചാലശ്ശേരിയിലും ഓരോ പള്ളി പണിത് അവിടങ്ങളില്‍ താമസിച്ചു. ഇദ്ദേഹമാണ് പാശ്ചാത്യ സുറിയാനിയും അന്ത്യോഖ്യന്‍ ക്രമങ്ങളും മലങ്കരയില്‍ ഫലപ്രദമായി പ്രചരിപ്പിച്ചത്.
നവീകരണ കോലാഹലങ്ങളെ എതിര്‍ത്ത് സത്യവിശ്വാസത്തില്‍ നില്ക്കാനാഗ്രഹിച്ച മലങ്കരയിലെ പള്ളികള്‍ക്ക് ഇദ്ദേഹം താങ്ങുംതണലുമായി. നവീകരണത്തെ എതിര്‍ത്ത് പുതിയ പള്ളികള്‍ വച്ച് പുരാതന വിശ്വാസത്തില്‍ നില്‍ക്കുവാന്‍ ആഗ്രഹിച്ചവര്‍ക്കായി മലങ്കരയിലുടനീളം ധാരാളം പള്ളികള്‍ ഇദ്ദേഹത്തിന്‍റെ കാലത്ത് സ്ഥാപിതമായി.
മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അവകാശപ്പെട്ടിരുന്ന ഇദ്ദേഹം, മലങ്കരസഭയുടെ മാര്‍ത്തോമ്മാ പാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ട് “മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ” എന്നാണ് കല്പനകളില്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് (വാകത്താനം വലിയപള്ളിയുടെ അനുവാദ കല്പന).
1874 സെപ്റ്റംബര്‍ ഒന്നിന് (സുറിയാനി കണക്ക് ചിങ്ങം 20) അദ്ദേഹം നിര്യാതനായി. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ കബറടക്കപ്പെട്ടു. ഓര്‍മ്മ: സെപ്റ്റംബര്‍ 2.
“മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ” വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍
1
ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്തം തിങ്ങപ്പെട്ടവനും ആദിയും അറുതിയും ഇല്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ എഴുത്ത്.
വാഴ്ത്തപ്പെട്ടവനും റൂഹായ്ക്കടുത്തവനുമായ പുതുപ്പള്ളി പള്ളിയില്‍ നമുക്കുള്ള പുത്രന്‍ സ്കറിയാ കശീശയുടെയും വീട്ടുജനങ്ങളുടെയും മേല്‍ തമ്പുരാനെപെറ്റ അമ്മ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും നമസ്കാരത്താലെ തമ്പുരാന്‍റെ നന്മയും അനുഗ്രഹങ്ങളും എന്നും എന്നന്നേക്കും ഉണ്ടായിവരട്ടെ ആമീന്‍.
വാഴ്ത്തപ്പെട്ട നമുക്കുള്ള പുത്രാ നിന്നോടു നാം അറിയിക്കുന്നു. ആ ഇടവകയില്‍ വാകത്താനം മുറിയില്‍ പള്ളിക്കല്‍കുന്ന് എന്ന സ്ഥലത്ത് ഒരു കുരിശുപള്ളി വയ്ക്കുന്നതിനു ഉത്തരവു വാങ്ങിയപ്രകാരവും മറ്റും വെട്ടീപ്പറമ്പില്‍ ഉലഹന്നാന്‍ മുതല്‍പേരും ഇവിടെ വന്നു ബോധിപ്പിക്കകൊണ്ടും എന്‍റെ പുത്രനും ഇവിടെ വന്നാറെ ആ ഇടവകമേല്‍ പെരുത്തു നാം സന്തോഷിച്ചിരിക്കുന്നതാകകൊണ്ടും അപ്രകാരം തന്നെ നമ്മുടെ സ്തുതിക്കും സന്തോഷത്തിനും ആ ഇടവകയില്‍ തന്നെ നമ്മുടെയും മാര്‍ ദീവന്നാസ്യോസിന്‍റെയും അനുവാദത്താല്‍ മുന്‍ ഒരു കുരിശുപള്ളി വയ്ക്കുന്നതിനു അപേക്ഷയായി വന്നിരിക്കകൊണ്ടും ഏറ്റത്താലെ നിങ്ങളെ വാഴ്ത്തി അനുഗ്രഹങ്ങളുടെ മഞ്ഞ് നിങ്ങള്‍ കൈക്കൊള്ളും. ഇതിനെക്കുറിച്ച് എന്‍റെ പുത്രാ നിന്‍റെ ബഹുമാനത്തോടു നാം അറിയിക്കുന്നു. അവരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ഒരു കുരിശുപള്ളി വയ്ക്കുന്നതിനു അനുവാദം കൊടുത്തിരിക്കുന്നതിനാല്‍ നീ തന്നെ ചെന്ന് കല്ലും ഇട്ട് കുര്‍ബ്ബാനയും ചൊല്ലി പള്ളിപണി തുടങ്ങിവെച്ച് നമ്മുടെ അടുക്കല്‍ വരുന്നതിനു വാഴ്ത്തപ്പെട്ട നിന്‍റെ ഉപവിയോടു നാം അറിയിക്കുന്നു. നിന്നെ കണ്ട് പലകൂട്ടം കാര്യങ്ങളും വിചാരിച്ച് നിശ്ചയിപ്പാന്‍ ഒണ്ടാകകൊണ്ടു വേഗത്തില്‍ നമ്മുടെ അടുക്കല്‍ വരിക. നിന്നെ നാം വാഴ്ത്തുന്നു. ആമ്മീന്‍.
1022-ാമാണ്ട് (1847) ഇടവ മാസം 8-ാം തീയതി കരിങ്ങാശ്രപള്ളിയില്‍ നിന്നും.
2
ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്തം തിങ്ങപ്പെട്ടവനും ആദിയും അറുതിയുമില്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമശിഹായുടെ അടിയാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസു യൂയാക്കീം മെത്രാപ്പോലീത്താ എഴുത്ത്.
വാഴ്ത്തപ്പെട്ടവനും റൂഹായ്ക്ക് അടുത്തവനുമായ പുതുപ്പള്ളിപ്പള്ളിയില്‍ നമുക്കുള്ള പുത്രന്‍ സ്കറിയാ കശീശായുടെയും വീട്ടുജനങ്ങളെയും തലകള്‍ മേല്‍ തളരാതെ പെറ്റമ്മ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും നമയ്കാരത്താലെ തമ്പുരാന്‍റെ അനുഗ്രഹങ്ങളും എന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍. നിന്നെ കണ്ടു പലകൂട്ടം കാര്യങ്ങളും വിചാരിച്ച് നിശ്ചയിക്കപ്പെടേണ്ടതാകകൊണ്ടും വേഗത്തില്‍ നമ്മുടെ അടുക്കല്‍ വരിക. നിന്നെ നാം വാഴ്ത്തുന്നു.
ഇത് 1022-ാമാണ്ടു (1847) ഇടവമാസം 8-നു കരിങ്ങാശ്രപള്ളിയില്‍ നിന്നു ഒപ്പ്.
3
ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്താല്‍ തിങ്ങപ്പെട്ടവനും ആദിയും അറുതിയുമില്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മലയാളത്തിലുള്ള സുറിയാനിക്കാരുടെ മെത്രാപ്പോലീത്തായും ഈശോമശിഹായുടെ അടിയാനും മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലീഹായുമെന്ന മാര്‍ കൂറിലോസു മെത്രാപ്പോലീത്താ എഴുത്ത്.
വെട്ടീപ്പറമ്പില്‍ ഉലഹന്നാന്‍റെയും കളപ്പുരയ്ക്കല്‍ പൗലൂസിന്‍റെയും കൊച്ചുപറമ്പില്‍ പുന്നൂസിന്‍റെയും കൈതയില്‍ കോരയുടെയും ശേഷം പേരുടെയും തലകള്‍ മേല്‍ ദൈവത്തിന്‍റെ നന്മയും ആകാശത്തിനടുത്ത വാഴ്വും തമ്പുരാനെപെറ്റ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും നമസ്കാരങ്ങളാലെ വര്‍ദ്ധിച്ചു വരുമാറാകട്ടെ.
റൂഹായിക്കടുത്ത നമുക്കുള്ള മക്കളെ, നിങ്ങളുടെ ഉപവിയോടു നാം അറിയിക്കുന്നു. നമുക്കുള്ള മക്കളായ പടിഞ്ഞാറെ വെട്ടിയില്‍ സ്കറിയായും പ്ലാപ്പറമ്പില്‍ തോമ്മായും നമ്മുടെ അടുക്കല്‍ വന്നു ചേര്‍ന്നപ്പോള്‍ മാര്‍ ദീവന്നാസിയോസു മെത്രാപ്പോലീത്തായില്‍ നിന്ന് ഒരു കുറിപ്പും നമുക്കവരു കൊണ്ടുവന്നു. സകലവും നമ്മെ അവര്‍ അറിയിച്ചു. പള്ളിപണിയുടെ സംഗതി നിങ്ങള്‍ നിരുവിച്ചതുപോലെ സ്കറിയാ കശീശാ പള്ളിയുടെ അടിസ്ഥാനം ചെയ്യുന്നതിനായി നാം ഒരു കുറി അവനു കൊടുത്തയച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും ഒരുമിച്ച് മൂപ്പച്ചന്‍റെ അടുക്കല്‍ ചെന്ന് വല്യ ബഹുമാനത്താലെ കൊണ്ടുപോയി അടിസ്ഥാനം ഇടുവിക്കണം. എല്ലായ്പ്പോഴും സ്കറിയാ കശീശായുടെ നല്ല വചനങ്ങള്‍ നിങ്ങള്‍ കേട്ടുകൊള്ളുകയും മൂപ്പച്ചന്‍റെ പ്രമാണത്താലെ പുതുപ്പള്ളി പള്ളിയില്‍ നിന്നു കത്തങ്ങളെ (വൈദികരെ) കൊണ്ടുപോയി നടത്തിച്ചുകൊള്ളണം. മറ്റു വേറൊരു പള്ളിയില്‍ നിന്നും കത്തങ്ങളെ കൊണ്ടുപോയി നടത്തരുത്. കലഹം കൂടാതെ എല്ലാവരും ഉപവിയാലെ നടന്നുകൊള്ളണം. ഇതാ ഇപ്പോള്‍ നാലു കല്ലുകള്‍ ശുദ്ധമാക്കപ്പെട്ട മൂറോന്‍ കൊണ്ട് പൂശി അവമേല്‍ നമസ്കരിച്ച് പാത്രത്തില്‍ കൊടുത്തു വിടുന്നു. ടി കല്ലു നാലും നാലു കോണിലും നാലു കുപ്പി പാത്രങ്ങളിലാക്കി അടച്ചുകൊള്ളണം.
തമ്പുരാന്‍റെ അമ്മ എന്നും എന്നന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കട്ടെ. ആമീന്‍.
എന്ന് കൊല്ലം 1023-ാമാണ്ടു (1848) ധനു 19-ാം തീയതി.
(വാകത്താനത്തു സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിക്ക് അനുവാദം (രാജകല്‍പ്പന) വാങ്ങിയ വെട്ടിയില്‍ ഉലഹന്നന്‍ തൊമ്മന്‍ എഴുതിയ വാകത്താനം പള്ളിചരിത്രത്തില്‍ നിന്നും)
യൂയാക്കിം മാര്‍ കൂറിലോസിന്‍റെ ആഗമനം
പാലക്കുന്നേല്‍ മാത്തന്‍ ശെമ്മാശന്‍ അന്ത്യോഖ്യയില്‍ ചെന്ന് മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായെക്കണ്ട് അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ സ്ഥാനവുമേറ്റ് മശിഹാകാലം 1844-ാം കാലം ഇടവമാസം 4-ന് തിങ്കളാഴ്ച കൊച്ചിയില്‍ വന്നിറങ്ങി. കോനാട്ട് അബ്രഹാം മല്പാന്‍ മുതല്‍ പേര്‍ ചിലര്‍ ചെന്ന് കണ്ടാറെ അത്താനാസ്യോസ് മെത്രാപ്പോലീത്താ കൊണ്ടുവന്നിരിക്കുന്ന സ്താത്തിക്കോനില്‍ നിങ്ങളില്‍ നിന്ന് മത്തായി കശ്ശീശാ ഞങ്ങള്‍ക്കവന്‍ അടുത്തു എന്നും മറ്റു ചില ഭേദങ്ങള്‍ കാണുകയാല്‍6 നിരണത്ത് പള്ളിയില്‍ ചെന്ന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ കണ്ടാറെ പള്ളിക്കാരെല്ലാവരും കൂടി നിശ്ചയിപ്പാനുണ്ടാകയാല്‍ പള്ളിക്കാര്‍ ചിങ്ങമാസം 19-ന് കണ്ടനാട് പള്ളിയില്‍ കൂടത്തക്കവണ്ണം സാധനം എഴുതിയതും7 അദ്ദേഹവും അദ്ദേഹം വാഴിച്ച തൊഴിയൂര്‍ പള്ളിയില്‍ ഇരുന്നിരുന്ന കൂറീലോസ് മെത്രാപ്പോലീത്തായും8 കണ്ടനാട്ട് എത്തി. സാധനത്തുംപ്രകാരം അത്താനാസ്യോസ് മെത്രാപ്പോലീത്തായും പള്ളിക്കാരും വന്നുകൂടിയ ശേഷം അത്താനാസ്യോസ് മെത്രാപ്പോലീത്താ സ്താത്തിക്കോന്‍ കാണിക്കാതെ9 വിവദിച്ച് പിരിയുകയും ചെയ്തു. മുമ്പില്‍ മാത്തന്‍ ശെമ്മാശ്ശന്‍ മുതലായി ചിലര്‍ മിഷണറിക്കാരില്‍ ചേര്‍ന്ന് മതഭേദം ഉണ്ടാക്കി പാതിരി സായിപ്പുമാരോടു കൂടെ ഉരു കേറിപ്പോയ വിവരത്തിനും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മാറോക്കിയുടെ പക്കല്‍ എഴുതിക്കൊടുത്തയച്ചതിന് മുമ്പെ എഴുതി തപാലില്‍ അയച്ച് എഴുത്ത് താമസം വന്നു. പിന്നീട് അന്ത്യോഖ്യയില്‍ എത്തിയ വിവരം മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സറിഞ്ഞാറെ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ സ്ഥാനം കൊടുത്തയച്ച മാത്തന്‍ ശെമ്മാശന്‍ അദ്ദേഹത്തെ തട്ടിച്ച് (വഞ്ചിച്ച്) മെത്രാപ്പോലീത്തായുടെ സ്ഥാനം ഏറ്റു പോകയാല്‍ മലയാളത്തിലുള്ള സുറിയാനിക്കാരെ പകപ്പിക്കുമെന്ന് കരുതി മാത്തന്‍ ശെമ്മാശന്‍ അന്ത്യോഖ്യായില്‍ ചെല്ലുമ്പോള്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ കൂടെ പാര്‍ത്തിരുന്ന യോയാക്കീം കൂറിലോസ് മെത്രാപ്പോലീത്തായെ മലയാളത്തിന് സ്താത്തിക്കോന്‍ കൊടുത്ത് മാത്തന്‍ ശെമ്മാശന്‍ അവിടെ ചെന്ന് പറഞ്ഞ വിവരത്തിനും തിരുവെഴുത്ത് കൊടുത്ത് യാത്രയാക്കുകയാല്‍ അദ്ദേഹവും അദ്ദേഹത്തിന്‍റെ കൂടപ്പിറപ്പ് ഗബ്രിയേല്‍ എന്ന ക്രിസ്ത്യാനിയും കൂടി മശിഹാ കാലം 1846-ാമാണ്ട് കൊല്ലം 1021-മാണ്ട് ചിങ്ങ മാസം 26-ന് തിങ്കളാഴ്ച കൊച്ചിയില്‍ വന്നിറങ്ങിയാറെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കുറുപ്പമ്പടി പള്ളി മുതലായ രണ്ടുമൂന്ന് പള്ളിക്കാരും കൂടി എതിരേറ്റ് മട്ടാഞ്ചേരില്‍ നമ്മുടെ പള്ളിമുറിയില്‍ ഇരുത്തി. കോനാട്ട് അബ്രഹാം മല്പാന്‍ മുതലായി മറ്റു പല പള്ളിക്കാരും എത്തി. സ്താത്തിക്കോന്‍ മുതലായ തിരുവെഴുത്തുകളും കണ്ട് അദ്ദേഹത്തെ നമ്മള്‍ കൈക്കൊണ്ട പ്രകാരവും മറ്റും അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായ്ക്ക് തിരുമനസ്സറിയുന്നതിന് എല്ലാ പള്ളിക്കാരും കൂടി എഴുതി അത് തപാലില്‍ ഏല്‍പിക്കുകയും ഈ മലയാളത്തില്‍ മേല്‍പട്ടക്കാര്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഒക്കെയും ചെയ്യുന്നതിനും മറ്റും അനന്തരവനായി കല്‍പിച്ചിരിക്കുന്നപ്രകാരം പൊന്നുതമ്പുരാന്‍ തിരുമനസ്സറിയുന്നതിന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും തപാലില്‍ എഴുതി ബോധിപ്പിക്കുകയും ചെയ്തു.
ഇതിനു മുമ്പ് കണ്ടനാട് പള്ളിയില്‍ വച്ച് അത്താനാസ്യോസ് മെത്രാപ്പോലീത്താ പിണങ്ങിപ്പിരിഞ്ഞ ശേഷം റസിഡണ്ട് സായിപ്പിനെയും പൊന്നുതമ്പുരാന്‍ തിരുമനസ്സിനെയും കണ്ട് മലയാളത്തിനുടെ മെത്രാപ്പോലീത്താ ആയിട്ട് നടത്തിച്ച് കൊടുക്കുന്നതിന് ബോധിപ്പിച്ച് വരുമ്പോള്‍ യൂയാക്കീം കുറിലോസ് മെത്രാപ്പോലീത്താ വരികയും അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് നടന്നു പോകരുതെന്ന് മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ തിരുഎഴുത്ത് വരികയാല്‍ അദ്ദേഹത്തെ അനുസരിക്കുന്നത് സങ്കടമെന്നും കൂറിലോസ് മെത്രാപ്പോലീത്തായെ മലയാളത്തിനുടെ മെത്രാപ്പോലീത്താ ആയിട്ട് നടത്തിച്ച് തരുന്നതിന് പൊന്നുതമ്പുരാന്‍ തിരുമനസ്സറിയുന്നതിനും റസിഡണ്ടര്‍ സായിപ്പ് അവര്‍കളുടെ സന്നിധാനത്തിങ്കല്‍ ബോധിക്കുന്നതിനും പല ഹര്‍ജികളും ഇതിന്‍പ്രകാരം മദിരാശി ആലോചനസഭയില്‍ ഗവര്‍ണര്‍ സായിപ്പ് അവര്‍കള്‍ ബോധിക്കുന്നതിനും പല ഹര്‍ജികള്‍ എഴുതുകയും ആയതു കൂടിച്ചെന്ന് വയ്ക്കയും മറ്റും ചെയ്താറെ പാലക്കുന്നേല്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ നടത്തണമെന്ന് എങ്കിലും യൂയാക്കീം കൂറിലോസ് മെത്രാപ്പോലീത്തായ്ക്ക് വിരോധമായിട്ട് എങ്കിലും ഒരു തീര്‍ച്ച ഉണ്ടായി ഒരു കല്പനയും ഒരു ഉത്തരവുകളും തരാതെ ഇരിക്കയും ചെയ്തു. ഇങ്ങനെ ഇരിക്കുമ്പോള്‍ പള്ളിക്കാരുടെ വിവദ് (വിവാദം) കൊണ്ട് ഒരാളിനെ നിജപ്പെടുത്തി നിയമിക്കാന്‍ വേണ്ടി മെത്രാന്മാരും പള്ളിക്കാര്‍ എല്ലാവരും കൊല്ലത്ത് കച്ചേരിയില്‍ കൂടത്തക്കവണ്ണവും അവിടെ നിങ്ങളുടെ വിവദുകള്‍ കേട്ട് തീര്‍ക്കുന്നതിന് വെള്ളക്കാരില്‍ രണ്ടു പേരെയും നിശ്ചയിച്ചിരിക്കുന്നു എന്നും ആയതിന് കൊല്ലം 1022-ാമാണ്ട് മീന മാസം 1-ന് എല്ലാ പള്ളിക്കാരെയും കൊല്ലത്ത് അയച്ച് കൊള്ളണമെന്ന് മണ്ടപത്തുംവാതില്‍ തോറും ദിവാന്‍ജി സ്വാമിയുടെയും റസിഡണ്ടര്‍ സായിപ്പ് അവര്‍കളുടെയും ഉത്തരവ് വന്നതിനാല്‍ മേല്‍പ്പറഞ്ഞ തീയതിക്ക് മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്തായും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായും ദീവന്നാസ്യോസ് മെത്രാപ്പൊലീത്താ വാഴിച്ച് അഞ്ഞൂര് ഇരുത്തിയിരുന്ന മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും ശേഷം പള്ളിക്കാര്‍ എല്ലാവരും കൊല്ലത്ത് എത്തുകയും ചെയ്തു. ഇതിന്‍റെ ശേഷം തെക്കേ ദിക്കില്‍ ഒന്ന് രണ്ട് പള്ളിക്കാര്‍ അല്ലാതെ ശേഷം ഉള്ള പള്ളിക്കാര്‍ ഒക്കെയും മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്തായെ അനുസരിച്ച് നടക്കുന്നതിന് സമ്മതം എന്ന് എഴുതിവച്ചതും അതിനാല്‍ കമ്മട്ടിക്കാര്‍ അത്താനാസ്യോസ് മെത്രാന് സ്വാധീനം ആകയാല്‍ ഒരു തീര്‍ച്ചയും വരുത്താതെ ഇരുന്നതിനാല്‍ പള്ളിക്കാരും മെത്രാന്മാരും പിരിയുകയും ചെയ്തു. അവിടെനിന്ന് പാലക്കുന്നത്ത് മെത്രാന്‍ തിരുവനന്തപുരത്തിനും ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ചേപ്പാടിനും അഞ്ഞൂര് ഇരുന്നിരുന്ന കൂറിലോസ് മെത്രാന്‍ അഞ്ഞൂര്‍ക്കും മാര്‍ കൂറിലോസ് ബാവാ കുന്നംകുളങ്ങരയ്ക്കും പൊയ്ക്കളയുകയും ചെയ്തു. കൂറിലോസ് ബാവാ കുന്നംകുളങ്ങര പോയി ഇരുന്നുംകൊണ്ട് കമ്പനി ശീമയില്‍ ചാലിശ്ശേരിയില്‍ ഒരു പള്ളിയും അദ്ദേഹത്തിന്‍റെ തനത് വകയായിട്ട് പണിയിച്ച് പിന്നീട് നാലാറ് മാസം കഴിഞ്ഞശേഷം അവിടെനിന്നും കോട്ടയത്ത് സെമിനാരിയില്‍ ചെന്ന് ഇരുന്നുംകൊണ്ട് പാത്രിയര്‍ക്കീസ് ബാവായുടെ കല്പന പ്രകാരവും കാനോനാ വിധിപ്രകാരവും ശെമ്മാശന്മാരെ പെണ്ണു കെട്ടാതെ ആര്‍ക്കും പട്ടം കൊടുക്കയില്ലെന്നും ശെമ്മാശന്മാര്‍ ഇവിടെവന്ന് പഠിക്കണമെന്നും എല്ലാ പള്ളിക്കാര്‍ക്കും സാധനം എഴുതിയറിയിച്ചു. അതിന്‍ പ്രകാരം എട്ടുപത്ത് ശെമ്മാശന്മാര്‍ സെമിനാരിയില്‍ വന്ന് അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരിക്കയില്‍ രണ്ടാമത്തെ യാക്കോബ് എന്ന പാത്രിയര്‍ക്കീസ് ബാവായുടെ കല്പനപ്രകാരം മാര്‍ അത്താനാസ്യോസ് എപ്പിസ്കോപ്പാ എന്ന എപ്പിസ്കോപ്പായും അദ്ദേഹത്തിന്‍റെ കൂടെ ശെമവൂന്‍ എന്ന ഒരു റമ്പാനെയും അയയ്ക്കുന്നു എന്നും അവരെ കൂറിലോസ് ബാവായെ സഹായിപ്പാനായിട്ട് ഏറിയ എഴുത്തുകളും പുസ്തകങ്ങളും അവരുടെ കൂടെ അയച്ചിരിക്കുന്നു എന്നും പാത്രിയര്‍ക്കീസ് ബാവായുടെ കല്പനയും ഞങ്ങള്‍ ബോംബെയില്‍ എത്തിയിരിക്കുന്നു എന്നും ഉടന്‍ കൊച്ചിയില്‍ എത്തുമെന്നും ഇവരുടെ എഴുത്തും തപാല്‍ വഴി വരികയാല്‍ ഉടന്‍ ബാവാ അവിടെനിന്നും യാത്ര പുറപ്പെട്ട് കൊച്ചി കോട്ടയില്‍ ഇവരുടെ വരവിനെ നോക്കി ഒരു ബങ്കളാവും കൂലിയ്ക്ക് വാങ്ങിച്ച് പാര്‍ത്തു വന്നു. ഇങ്ങനെ പാര്‍ത്തിരിക്കുമ്പോള്‍ 1204-ാമാണ്ട് കുംഭമാസം ബാവായും റമ്പാച്ചനും ബാവായുടെ അനുജന്‍ മക്കുദിശാ യോഹന്നാന്‍ എന്ന ഒരു ക്രിസ്ത്യാനിയും കൂടെ വന്നിറങ്ങി. ബാവാ അവരെ വാദ്യഘോഷങ്ങളോടു കൂടെ എതിരേറ്റ് ബംഗ്ലാവില്‍ കൊണ്ടുവന്നു. അവര്‍ മൂവരും കൂടി പാര്‍ത്തിരിക്കുമ്പോള്‍ പള്ളിക്കാരില്‍ ഏതാനും പേരും കോനാട്ട് മല്പാനച്ചനും എടവഴിക്കല്‍ പീലിപ്പോസ് കത്തനാരച്ചനും കൂടെ വന്ന് കണ്ട് ഇവിടത്തെ വിവരങ്ങളും കുഴക്കുകളും പറഞ്ഞു മനസ്സിലാക്കിയതിന്‍റെ ശേഷം മദിരാശിയില്‍ പോയി ആവലാതി ബോധിപ്പിച്ച് തീര്‍ച്ച വരുത്തിക്കൊള്ളാമെന്നും പറഞ്ഞു. ആ സമയം കായംകുളത്തു നിന്നും മാര്‍ ദീവന്നാസ്യോസ് മെത്രാനും കൊച്ചിയില്‍ വന്നു. ആയതിന്‍വണ്ണം സമ്മതിച്ചിരിക്കെ കായംകുളത്തിനു പോകയും ചെയ്തു. ബാവാമാര്‍ ഇരുവരും റമ്പാച്ചനും കൂട്ടി ആര്‍ത്താറ്റ് പള്ളിയില്‍ പോയി ഓശാന മുതലായ ക്രമങ്ങള്‍ കഴിഞ്ഞ് നുയമ്പ് വീടിയശേഷം അത്താനാസ്യോസ് ബാവായും അദ്ദേഹത്തിന്‍റെ കൂടപ്പിറപ്പും മക്കുദിശാ യോഹന്നാനും കുന്നംകുളങ്ങരക്കാരന്‍ തെക്കേക്കര യൗസേപ്പ് കത്തനാരും കൂടി മദിരാശിയില്‍ ഗവര്‍ണര്‍ സായിപ്പ് അവര്‍കളുടെ സന്നിധാനത്തിങ്കല്‍ സങ്കടം ബോധിപ്പിപ്പാന്‍ കുന്നംകുളങ്ങരെ നിന്നും കര വഴിയായി വണ്ടിയില്‍ കയറി കൊല്ലം 1024-ാമാണ്ട് മേട മാസത്തില്‍ പോകയും ചെയ്തു. റമ്പാനച്ചനെ കൂറിലോസ് ബാവാ പഠിപ്പിക്കുന്നതിനായി ആര്‍ത്താറ്റ് പള്ളിയില്‍ പാര്‍പ്പിച്ച് ബാവാ അവിടെ നിന്നും വടക്കന്‍പറവൂര്‍ പള്ളിയില്‍ വന്ന് പാര്‍ക്കയും ചെയ്തു.
ഇങ്ങനെ ഇരിക്കുമ്പോള്‍ കടമറ്റത്തു പള്ളിയില്‍ തേക്കിലക്കാട്ട് യോസേപ്പ് കത്തനാരച്ചന്‍റെ അനന്തിരവന്‍ കുഞ്ഞിപ്പാവു ശെമ്മാശന്‍ കാനോന്‍ വിധിപ്രകാരം വിവാഹം ചെയ്തു കത്തനാരു പട്ടം ഏല്‍ക്കുന്നതിനായി ബാവായുടെ അടുക്കല്‍ വന്നാറെ ബാവാ റമ്പാച്ചനും ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കണ്ടനാട്ടു പള്ളിയില്‍ ഇരിക്കുമ്പോള്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും വരുന്നതിന് എഴുതി അയച്ച് റമ്പാച്ചന്‍ കുന്നംകുളങ്ങരെ നിന്നും വന്നു. ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കണ്ടനാട് പള്ളിയില്‍ വച്ച് അദ്ദേഹത്തിന് ത്രിമാലസ് (?) ആകയാല്‍ വന്നില്ല. മാര്‍ കൂറിലോസ് ബാവായും റമ്പാച്ചനും കൂടി മേല്‍പറഞ്ഞ ശെമ്മാശന് കൊല്ലം 1025-ാമാണ്ട് വൃശ്ചിക മാസം … ആറ് പട്ടവും … ഞായറാഴ്ച കത്തനാരു പട്ടവും കൊടുത്തു. മാര്‍ കൂറിലോസ് ബാവാ മലയാളത്ത് വന്നിറങ്ങിയാറെ ഇതുവരെയും ആര്‍ക്കും പട്ടം കൊടുത്തിട്ടും ഇല്ല. ആ പട്ടംകൊട കഴിഞ്ഞ് രണ്ട് നാല് ദിവസം കഴിഞ്ഞാറെ റമ്പാച്ചന്‍ വടക്കന്‍ പറവൂര്‍ നിന്നും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ കാണുന്നതിന് കണ്ടനാടിന് വന്നപ്പോള്‍ അതേ ദിവസം റമ്പാച്ചന്‍ വരും മുമ്പെ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കോട്ടയത്ത് സിമ്മനാരിക്ക് പോകയും ചെയ്തു. റമ്പാച്ചന്‍ കണ്ടനാട്ടും മുളന്തുരുത്തിയിലും ആയി പാര്‍ത്തു വന്നു. കൂറിലോസ് ബാവാ അവിടെനിന്നും അങ്കമാലി, അകപ്പറമ്പ് മുതലായ പള്ളികളില്‍ കൂടി വന്ന് കന്നി 20-ന് കോതമംഗലത്ത് ചെന്ന് ബാവായുടെ ചാത്തം അടിയന്തിരവും കഴിഞ്ഞ് അവിടെ പാര്‍ത്ത് രണ്ടു ശെമ്മാശന്മാരെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച് അവര്‍ക്ക് കത്തനാരു പട്ടവും കൊടുത്ത് അവിടെനിന്നും തുലാം മാസം 17-ന് കുറുപ്പംപടിക്കല്‍ പള്ളിയില്‍ വന്ന് കൂറിലോസ് ബാവായ്ക്ക് സ്ഥാനം കൊടുത്ത മാര്‍ ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായുടെ ചാത്തം അടിയന്തിരം തുലാം മാസം 20-ന് കഴിക്കത്തക്കവണ്ണം നിശ്ചയിച്ച് ഹൈക്കലായില്‍ ത്രോണോസിന് താഴെ കല്ലു കൊണ്ട് ഒരു കബര്‍ പണിയിക്കയും അതിനകത്ത് ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായുടെ കല്പന ഒരു പെട്ടിയില്‍ വച്ച് പണിയിക്കയും ചെയ്തു. കൂടാതെ കല്ലട പള്ളിയില്‍ അടങ്ങിയിരിക്കുന്ന അന്ത്രയോസ് ബാവായുടെ ചാത്തം അടിയന്തിരം കുംഭ മാസം 16-ന് ആ പള്ളിയില്‍ വച്ച് കഴിയ്ക്കയും പള്ളിയുടെ മദ്ബഹായില്‍ മേല്‍പറഞ്ഞ ബാവായുടെ കബറും മരം കൊണ്ട് പണിയിച്ചിട്ടുണ്ടായിരുന്നു. ആയതും ആ സ്ഥലത്തു നിന്നും മാറ്റി ഹൈക്കലായില്‍ തെക്കു വശത്ത് പണിയിച്ചു കൊള്ളത്തക്കവണ്ണം കല്പിക്കുകയാല്‍ ആയതും കല്പനപ്രകാരം പണിയിച്ചു. കുംഭമാസം 16-നും തുലാം മാസം 20-നും ഇപ്രകാരം ആണ്ടില്‍ രണ്ട് ചാത്തം അടിയന്തിരം ഘോഷമായി കഴിച്ചു വരുന്നു.
ഇങ്ങനെ മാര്‍ കൂറിലോസ് ബാവാ പള്ളികളില്‍ സഞ്ചരിച്ച് വേദകാര്യങ്ങളെ താല്‍പര്യമായി നടത്തുകയും ആവശ്യപ്പെടുന്നവര്‍ക്ക് ക്രമപ്രകാരം പട്ടം മുതലായത് കൊടുക്കുകയും ചെയ്തു വരുമ്പോള്‍ കൊല്ലം 1027- മാണ്ട് കര്‍ക്കിടക മാസം 15-ന് തിരുവിതാംകൂര്‍ മഹാരാജാവ് അവര്‍കളാല്‍ റസിഡണ്ട് കല്ലന്‍ സായിപ്പ് അവര്‍കളുടെ ശുപാര്‍ശയാല്‍ പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് നടക്കത്തക്കവണ്ണം വിളംബരം പ്രസിദ്ധപ്പെടുത്തി.
വിളംബരത്തിന്‍റെ പകര്‍പ്പ്
നമ്പ്ര് 249-ാമത് (രായസം)
ശ്രീ പത്മനാഭദാസ വഞ്ചി ബാലമാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജഭാഗ്യോദയ രാമരാജ ബഹദൂര്‍ ഷംഷ്യര്‍ ജംഗ മഹാരാജാവ് അവര്‍കള്‍ സകലമാന പേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം എന്തെന്നാല്‍ കോട്ടയത്ത് പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് വയസ്സ് കാലമായി സ്ഥാനം ഒഴിഞ്ഞിരിക്ക കൊണ്ടും ആ സ്ഥാനത്തേയ്ക്ക് അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്താ ആയിട്ട് നിശ്ചയിച്ചിരിക്ക കൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാരില്‍ ഉള്‍പ്പെട്ട എല്ലാവരും മേല്‍ എഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദ പോലെ നടന്ന് കൊള്‍കയും വേണം.
എന്ന് 1025-ാമാണ്ട് കര്‍ക്കിടകം 15-ാം തിയ്യതി.
ഇപ്രകാരം വിളംബരം ഉണ്ടായശേഷം മാര്‍ അത്താനാസ്യോസ് സ്തേഫാനോസ് ബാവാ ഉടനെ ഈ വിവരങ്ങള്‍ക്ക് സങ്കടം ബോധിപ്പിപ്പാനായി ഇംഗ്ലണ്ടില്‍ ചെന്ന് സങ്കടം ബോധിപ്പിച്ചു. ബഹുമാനപ്പെട്ട ഡയറക്ടര്‍മാരുടെ കോടതിയില്‍ നിന്നും ഒരു ഉത്തരവ് വാങ്ങിച്ചു. അതു വഴി ദേഹസുഖം ഇല്ലാത്തതിനാല്‍ അന്ത്യോഖ്യായ്ക്ക് തന്നെ തിരിച്ചു പോകയും ചെയ്തു.
നാം ക്ഷീണിച്ചതല്ലാതെ യാതൊരു സുഖവും നമുക്കും നമ്മുടെ ജാതിക്കും ഉണ്ടായിട്ടില്ലെന്ന് അവസാനകാല കല്പന
1
നാം ഈ മലയാളത്തില്‍ വന്നിട്ട് 20 സംവത്സരം ആയി എന്നും ഇതുവരെ ശരീരസുഖക്കേടു കൊണ്ടും മറ്റും നാം ക്ഷീണിച്ചതല്ലാതെ യാതൊരു സുഖവും നമുക്കും നമ്മുടെ ജാതിക്കും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ബഹുമാനപ്പെട്ട പാത്രിയര്‍ക്കീസിന്‍റെ ബഹുമാനത്തിനു വേണ്ടിയും ജാതിയുടെ ഗുണത്തിനുവേണ്ടിയും, ആലോചിച്ച് ഉറയ്ക്കുന്നതിനായി കുംഭമാസം 12-ന് ആ പള്ളിയില്‍ നിന്ന് ഒന്നോ രണ്ടോ പട്ടക്കാരും രണ്ടോ നാലോ മാപ്പിളമാരും മേല്‍പ്പറഞ്ഞ തീയതിക്ക് കോലഞ്ചേരി പള്ളിയില്‍ വന്ന് ചേര്‍ന്ന് കൊള്ളുകയും വേണം എന്ന് 1866-ാമത് മകര മാസം 12-ന് കുഴിക്കാട്ടുകുന്നേല്‍ പള്ളിയില്‍ നിന്നും.
2
നിങ്ങള്‍ക്കു വാഴ്വ്.
നാമിവിടെ വന്നിട്ട് 22 സംവത്സരം ആയിരിക്കുന്നു. ക്ഷവസുഖം കൊണ്ടും രോഗം കൊണ്ടും നാമെത്രയും പരവശനായിരിക്കുന്നു. അതിനാല്‍ നമ്മുടെ രോഗത്തിന് ബോംബെയില്‍ ഒരു വൈദ്യനുണ്ടെന്നും അയാള്‍ സൗഖ്യം വരുത്തുമെന്നും വര്‍ത്തമാന കടലാസില്‍ നിന്നും മറ്റും നമുക്ക് അറിവു കിട്ടിയിരിക്കുന്നത് കൂടാതെ ബാംഗ്ലൂര്‍ മുതലായ സ്ഥലങ്ങളില്‍ നാം പോയി കുറെനാള്‍ താമസിച്ചാല്‍ തീരെ സൗഖ്യം വരുമെന്ന് നമുക്കും ബോധ്യമുള്ളതിനാല്‍ എവിടേക്കെങ്കിലും മാറിത്താമസിക്കേണ്ടിയിരിക്കുന്നു. ഇവിടെ നമുക്ക് കാറ്റും വെള്ളവും മറ്റും പിടിക്കാത്തതിനാല്‍ മാറിപ്പാര്‍ക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതു തന്നെയല്ല നാം പോയി തിരിച്ചുവരുന്നതു വരെ നിങ്ങളുടെ കാര്യാദികള്‍ നടത്തിക്കുന്നതിനും മറ്റും വേണ്ടി ഒരാള്‍ക്ക് അര്‍ക്കദയാക്കോ മേല്‍പ്പട്ടക്കാരന്‍റെ സ്ഥാനം കൊടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും ആ ആളിന്‍റെ പറ്റില്‍ നിങ്ങളുടെ അറിവോടുംകൂടെ പുസ്തകങ്ങളും എഴുത്തുകളും ശുദ്ധമുള്ള മൂറോനും ഏല്‍പിച്ചു കൊടുത്തു കൊള്ളാമെന്നും അതിനാല്‍ ഈ കാര്യങ്ങള്‍ ആലോചിച്ച് നിശ്ചയിപ്പാന്‍ വേണ്ടി ആതാതു പള്ളികളില്‍ നിന്ന് ഒന്ന് രണ്ട് കശീശന്മാരും രണ്ടുനാലു ക്രിസ്ത്യാനികളും ഈ മാസം 15-ന് ഞായറാഴ്ച കരിങ്ങാച്ചിറ പള്ളിയില്‍ വന്നു ചേരുകയും വേണം
എന്ന് 1868-ക്കു കൊല്ലം 1044 ധനു 3-ന് കരിങ്ങാച്ചിറ പള്ളിയില്‍ നിന്നും.
(ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും. എഡിറ്റര്‍ ഫാ. ജോസഫ് ചീരന്‍)