യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ: രോഗവും മരണവും

11-ാമത്. ബ. മാര്‍ കൂറിലോസ് ബാവായ്ക്ക് അത്യന്ത ദീനമാകയാല്‍ ഉടനെ അവിടെ ചെന്ന് ചേരത്തക്കവണ്ണം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും പാമ്പാക്കുട യോഹന്നാന്‍ മല്പാനച്ചനും കുറുപ്പംപടിക്കല്‍ വെളിയത്തു കോറിഎപ്പിസ്കോപ്പായ്ക്കും കല്ലറയ്ക്കല്‍ കോരയും കോട്ടൂര്‍ പള്ളിയില്‍ മുറിമറ്റത്തില്‍ പൗലൂസ് കത്തനാരച്ചനും എഴുതിയിരിക്കുന്ന എഴുത്തുകളും ഈ എഴുത്തുകള്‍ അതാത് സ്ഥലത്ത് എത്തിക്കുന്നതു കൂടാതെ ബാവായുടെ ദീനവിവരവും ഇനിയും വേണ്ട തക്കവര്‍ക്ക് എഴുതി അയച്ചുകൊള്ളുന്നതു കൂടാതെ ഉടനെ വന്നുചേരണമെന്നും അത്യന്ത വ്യസനത്താല്‍ എന്‍റെ പേര്‍ക്കും എഴുത്തുംകൊണ്ട് കര്‍ക്കിടക മാസം 14-ന് തിരുവല്ലായില്‍ നിന്നും അനുജന്‍ മക്കുദിശാ ഗബ്രിയേലിന്‍റെ എഴുത്തു വരികയാല്‍ ആ ഉടന്‍ തന്നെ മേല്‍പ്പറഞ്ഞവര്‍ക്ക് എഴുത്തുകള്‍ എഴുതിച്ചതു കൂടാതെ ഉടനെ ഞാനും മട്ടുമ്മല്‍ കത്തനാരച്ചനും കൂടി തിരുവല്ലായ്ക്ക് പോകയും 16-ന് ചൊവ്വാഴ്ച അവിടെ എത്തുകയും ചെയ്തു. പിന്നീട് വടക്കു നിന്നും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കുറുപ്പംപടിക്കല്‍ കല്ലറക്കല്‍ കോരയും പൊയ്ക്കാട്ടില്‍ കത്തനാരച്ചനും തുരുത്തിപ്പുള്ളി പള്ളിയില്‍ കുഞ്ഞിട്ടി കുറട്ടിക്കുടി കത്തനാരച്ചനും ചേട്ടാളത്തുങ്കല്‍ കത്തനാരച്ചനും ബാവായുടെ വാലിഭക്കാരനാകുന്ന ഇട്ടൂപ്പും പാലക്കുഴ പള്ളിയില്‍ കൊന്നാനാ കത്തനാരച്ചനും കോട്ടൂര്‍ പള്ളിയില്‍ മുറിമറ്റത്തില്‍ കത്തനാരച്ചനും ചെന്നക്കാട്ട് കത്തനാരച്ചനും ഇത്രയും പേര്‍ വടക്കര്‍ തിരുവല്ലായില്‍ എത്തുകയും ബാവായ്ക്ക് ദീനത്തിന് ഒട്ടും സുഖമില്ലാതെ കാണുകയാല്‍ 21-ന് ഞായറാഴ്ച ബാവായെ കുമ്പസാരിപ്പിച്ച് കുര്‍ബാന കൊടുക്കയും ചെയ്തു. പിന്നീട് വടക്കു നിന്നും ചെന്നിരുന്ന ഞങ്ങളുടെ താല്‍പര്യത്താലും ബാവായ്ക്ക് അല്പം സുഖം കാണുകയാല്‍ അദ്ദേഹത്തിന്‍റെ ഇഷ്ടത്താലും വടക്കേ ദിക്കിലുള്ള പള്ളികളിലേക്ക് എവിടെയെങ്കിലും നീങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്തു. ഇക്കാര്യത്തിന് അനുജന്‍ മക്കുദിശാ ഗബ്രിയേലിന് നല്ല മനസ്സില്ലായിരുന്നു. ആയത് തിരുവല്ലായില്‍ അവന്‍റെ വാസസ്ഥലവും അവന്‍ സ്വന്തമായി ഒരു പള്ളി വയ്പ്പിച്ചിരിക്കകൊണ്ട് കാലം ചെയ്യുന്നപക്ഷം അവിടെ തന്നെ അടക്കണമെന്നുള്ള താല്പര്യത്താല്‍ ആയിരുന്നു. ഞങ്ങളുടെ താല്പര്യത്താലും ബാവായുടെ മനസ്സിനാലും ആയത് സമ്മതിക്കാതെ വടക്കോട്ട് പോകണമെന്ന് ധൃതി ആയി കല്പിക്കുകയാല്‍ 24-ാം തീയതി ബോട്ടു വരുത്തി അന്നേ ദിവസം വൈകുന്ന സമയം ഞങ്ങളും ബാവായും അനുജന്‍ മക്കുദിശായും അവന്‍റെ മകന്‍ മല്ക്കി എന്ന പൈതലും കൂടി അവിടെനിന്ന് യാത്ര പുറപ്പെട്ട് 26-ാം തീയതി വെള്ളിയാഴ്ച വെളുപ്പിന് തെക്കന്‍പറവൂര്‍ പള്ളിയില്‍ എത്തി താമസിച്ചു. ഇതിനിടയില്‍ 22-ാം തീയതി തിങ്കളാഴ്ച ബാവാ തിരുമനസ്സുകൊണ്ട് ബാവായുടെ പേര്‍ വച്ച് മക്കുദിശായുടെ പേര്‍ക്ക് അദ്ദേഹം പറഞ്ഞുകൊടുത്ത് മുറിമറ്റത്ത് കത്തനാരച്ചനെക്കൊണ്ട് സുറിയാനി ഭാഷയില്‍ എഴുതിച്ച ഒരു എഴുത്ത് സാക്ഷികളോടു കൂടി ഒപ്പിടുവിച്ച് തിരുവല്ലായില്‍ വച്ചുതന്നെ മക്കുദിശായ്ക്ക് കൊടുത്തു.
ആ എഴുത്തിലെ സാരം: നമ്മുടെ പിതാക്കന്മാര്‍ ഇന്ന ദിക്കുകാര്‍ ആയിരുന്നു എന്നും ഇത്രാമാണ്ടു മുതല്‍ തുറബ്ദീനില്‍ ഹാബാബാ എന്ന പട്ടണത്തില്‍ കൂടിയിരിക്കുന്നു എന്നും മറ്റും ആ തലമുറകളുടെ വിവരം പോലെ എഴുതിയതു കൂടാതെ നീയും നിന്‍റെ മക്കളും ഈ നാട്ടില്‍ താമസിക്കരുതെന്നും തിരികെപ്പോയി അവിടെത്തന്നെ താമസിച്ചു കൊള്ളണമെന്നും നമ്മുടെ അപ്പന്‍റെ വകയായി മൂന്ന് മുന്തിരിത്തോപ്പുള്ളതില്‍ ഒന്ന് നിനക്കും മറ്റൊന്ന് ജ്യേഷ്ഠന്‍റെ മകന്‍ യോഹന്നാനും ആയി അനുഭവിക്കുന്നതു കൂടാതെ ദയറായ്ക്ക് സമീപമുള്ള മറ്റേ മുന്തിരിത്തോപ്പ് ദയറായിലേക്ക് വഴിപാടായി കൊടുത്തുകൊള്ളണമെന്നും ആ ദയറായ്ക്ക് വടക്കു വശത്ത് നമ്മുടെ പിതാവ് മുന്തിരിത്തോപ്പിനായി കിളച്ചിട്ടിരിക്കുന്ന സ്ഥലം നന്നാക്കി വേല ചെയ്ത് പാര്‍ത്തുകൊള്ളണം എന്നും ദൈവം കൃപ ചെയ്തു ഈ ദീനത്തില്‍ നിന്ന് നാം രക്ഷപ്പെടുന്ന പക്ഷം സൊരുമിച്ച് പൊയ്ക്കൊള്ളാമെന്നും ആയതല്ലാത്തപക്ഷം എന്‍റെ കാലശേഷത്തിങ്കല്‍ നീയും മക്കളും ഈ നാട്ടില്‍ താമസിക്കാതെ പോയിക്കൊള്ളണമെന്നും മറ്റും എഴുതി സാക്ഷിക്കാരായ ഞങ്ങളെക്കൊണ്ടും ഒപ്പിടുവിച്ച് മക്കുദിശായെ വിളിച്ച് കൈയില്‍ കൊടുത്തതു കൂടാതെ അവന്‍റെ മക്കള്‍ ഇരുവരെയും വിളിച്ച് അവരെയും അനുഗ്രഹിച്ചതു തന്നെ അല്ലാ അവിടെ കൂടപ്പെട്ടിരുന്ന എല്ലാവരെയും അനുഗ്രഹിക്കയും ചെയ്തു.
ബാവായോട് സൊരുമിച്ച് പുലിക്കോട്ട് മെത്രാച്ചന്‍ പോന്നില്ല. അദ്ദേഹം തിരുവല്ലായില്‍ താമസിക്കയത്രേ ചെയ്തത്.
26-ാം തീയതി വെള്ളിയാഴ്ച മുതല്‍ 28-ാം തീയതി ഞായറാഴ്ച വരെ അവിടെ താമസിക്കുകയും പിന്നീട് ഞായറാഴ്ച മുളന്തുരുത്തിയില്‍ നിന്ന് ചാത്തുരുത്തില്‍ ഗീവറുഗീസ് റമ്പാച്ചനും ശേഷം യോഗക്കാരും കൂടി വന്ന് അവിടേക്ക് നീങ്ങണമെന്ന് അപേക്ഷിക്കുകയാല്‍ അപ്രകാരം നീങ്ങാമെന്ന് കല്പിച്ചു. വിട്ടയക്കുന്നതിനെക്കുറിച്ച് പറവൂര്‍ പള്ളിക്കാര്‍ക്ക് അത്യന്തം വ്യസനമായി എന്ന് വരികിലും തല്‍ക്കാലം അവര്‍ക്ക് മനസ്സില്ലായിരുന്നു എങ്കിലും 29-ാം തീയതി തിങ്കളാഴ്ച ഉഷസ്സിന് അവിടെ നിന്നും പുറപ്പെട്ട് മുളന്തുരുത്തി പള്ളിയില്‍ എത്തി താമസിച്ചു. കണ്ടനാട്ട് പള്ളിയില്‍ നീങ്ങി താമസിക്കണമെന്ന് ബാവായ്ക്കും താമസിപ്പിക്കണമെന്ന് ഞങ്ങള്‍ക്കും താല്‍പര്യമായിരുന്നു. അവസാന സമയത്ത് പാത്രിയര്‍ക്കീസ് ബാവാ മുടക്കി മഹറോന്‍ ചൊല്ലിയിരിക്കുന്ന പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്നു പറയുന്ന ആള്‍ വന്നുചേരുന്നതിന്നും അദ്ദേഹം മുഖാന്തിരം യാതൊരു കര്‍മ്മങ്ങള്‍ക്കും ഇടവരരുതതെന്നും ബാവാ കല്പിക്കുകയാല്‍ അതുപ്രകാരം നടത്തിക്കുന്നതിന് വിളംബരത്താലും 39-ാം ആണ്ട് ഉണ്ടായിരിക്കുന്ന സര്‍ക്കുലര്‍ ഉത്തരവിനാലും ഞങ്ങള്‍ക്ക് പാടില്ലെന്നും അതിന്മണ്ണം ഞങ്ങള്‍ ചെയ്യുന്നപക്ഷം ഉത്തവിന്‍പ്രകാരം പള്ളി വിട്ട് വേറെ പള്ളി കെട്ടി പോകേണ്ടി വരുമെന്നും ബാവായുടെ അവസാനത്തില്‍ മേല്‍പറഞ്ഞ ആള്‍ വന്ന് ചേരുന്നതിന് ഒരുങ്ങിയിരിക്കുന്നു എന്നും അദ്ദേഹം സമീപേ പള്ളിക്കര പള്ളിയില്‍ ഇരിപ്പുണ്ടെന്നും ബോധിപ്പിക്കുകയാല്‍ അത്രേ മുളന്തുരുത്തി പള്ളിക്ക് നീങ്ങുന്നതിന് ഇടവന്നത്. മേല്‍പ്രകാരം ഒന്നും വരുന്നതല്ലെന്ന് മുളന്തുരുത്തിക്കാര്‍ അറിയിക്കയും ചെയ്തു.
മുളന്തുരുത്തിയില്‍ വന്നെത്തിയതിന്‍റെ ശേഷം ദീനം പ്രതിദിനം കൂടുതലായി കാണുകയാല്‍ സൈത്തു പൂശല്‍ കഴിക്കണമെന്ന് ബാവായോട് ഞങ്ങളും പള്ളിക്കാരും കൂടി അറിയിച്ചു. ആയതിനെ ബാവാ സന്തോഷത്തോടു കൂടി കൈക്കൊണ്ടതു തന്നെയല്ല പരദേശത്തിന് എനിക്ക് തിരികെ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നും ആയതിന് ഇനി ഇടവരുന്നതല്ലെന്നും സൊല്ല (ശല്യം) കൂടാതെ ഒരു പള്ളിയില്‍ ഇരുന്ന് കാലം കഴിക്കണമെന്നല്ലാതെ എനിക്ക് താല്പര്യമില്ലെന്നും ഞാന്‍ മരിച്ചാല്‍ പാപത്തിന് എടവരുത്താതെ കഴിച്ചുകൊള്ളുന്നതു തന്നെയല്ലാ പള്ളിയകത്തു എന്‍റെ ശവം അടക്കരുതെന്നും മതില്‍ക്കകത്ത് എവിടെയെങ്കിലും കല്ലു കൊണ്ട് പണിതുണ്ടാക്കി അടക്കിക്കൊള്ളണമെന്നും സൈത്ത് പൂശല്‍ നാളെത്തന്നെ കഴിക്കണമെന്നും കല്പിച്ചത് കൂടാതെ നാളെ മുതല്‍ ദിവസം ഒന്നുക്ക് ഒരു പറ അരിയ്ക്ക് കഞ്ഞി വച്ച് പത്തു ദിവസത്തേയ്ക്ക് പത്തു പറ അരിയ്ക്ക് കഞ്ഞി ധര്‍മ്മക്കാര്‍ക്ക് കൊടുക്കണമെന്നും അനുജന്‍ മക്കുദിശായെ വിളിച്ച് കല്പിച്ചു. അതുപ്രകാരം അവന്‍ ചിലവ് ചെയ്ത് കഴിക്കുകയും ചെയ്തു. അന്ന് തന്നെ റമ്പാച്ചന്‍ സൈത്തു പൂശലിന്‍റെ24 കാര്യത്തെക്കുറിച്ച് സമീപേ ഉള്ള ഏതാനും പള്ളിക്കാര്‍ക്ക് എഴുതി അയച്ചു. അതിന്‍റെ സാരം: നാളെ ബാവായ്ക്ക് സൈത്തു പൂശല്‍ കഴിക്കത്തക്കവണ്ണം നിശ്ചയിച്ചിരിക്ക കൊണ്ട് വിവരം നിങ്ങളെയും അറിയിച്ചിരിക്കുന്നു എന്ന് 1049-ാമാണ്ട് കര്‍ക്കിടകം 31-ാം തീയതി.
ഇപ്രകാരം കണ്ടനാട്, കരിങ്ങാശ്ര, നടമേല്‍, കുറിഞ്ഞി, തെക്കന്‍ പറവൂര്‍, മാന്തുരുത്തേല്‍ ഈ പള്ളികളിലേക്ക് മാത്രം മേല്‍പ്രകാരം എഴുതി അയച്ചു. പിന്നീട് ചിങ്ങ മാസം 1-ന് വ്യാഴാഴ്ച റമ്പാച്ചനും ഞാനും മുറിമറ്റത്തില്‍ കത്തനാരച്ചനും കൂടി മൂന്നിന്മേലായി കുര്‍ബാന ചൊല്ലി ബാവായെ കുമ്പസാരിപ്പിച്ച് കുര്‍ബാന കൊടുക്കയും ചെയ്തത് കൂടാതെ ഏകദേശം ഉച്ച കഴിഞ്ഞ സമയം ബാവായെ മുറിയില്‍ നിന്നും പള്ളിയകത്ത് അലങ്കരിച്ചിരുന്ന സ്ഥലത്ത് ബാവായെ കിടത്തി മേല്‍പ്പറഞ്ഞ ഞങ്ങള്‍ മൂവരും കാപ്പ ഇടുകയും ശേഷം കൂടപ്പെട്ട പട്ടക്കാരും ശെമ്മാശന്മാരും ളോഹ മുതലായവ ഇട്ട് ചമഞ്ഞ് കന്തിലാ എന്നു പറയുന്ന സൈത്തു പൂശലിന്‍റെ ക്രമം തുടങ്ങി കഴിക്കുകയും ചെയ്തു.
അന്ന് ഏകദേശം 40-ല്‍ അധികം കത്തനാരച്ചന്മാരും ശെമ്മാശന്മാരും ഏകദേശം പുരുഷന്മാരും സ്ത്രീകളുമായി 2000-ല്‍ അധികവും കൂടപ്പെട്ടിട്ടുണ്ടായിരുന്നു. അന്ന് കൂടപ്പെട്ടവര്‍ക്കുണ്ടായ മനോവ്യസനവും ദുഃഖവും എന്തു മാത്രമാണെന്ന് പറവാന്‍ ഇല്ല. സൈത്തു പൂശലിന്‍റെ ക്രമം കഴിഞ്ഞ് ജനത്തെ അനുഗ്രഹിച്ച ബാവാ മുറിയില്‍ വന്നതിന്‍റെ ശേഷം അനുജന്‍ മക്കുദിശായെ വിളിച്ച് കൂടപ്പെട്ട പട്ടക്കാര്‍ക്ക് എല്ലാവര്‍ക്കും നമ്മുടെ നാടിന്‍റെ മുറപ്രകാരം ഓരോരുത്തര്‍ക്കും ഓരോ രൂപാ വീതം കൊടുക്കണമെന്നും ആയത് പട്ടക്കാരനുള്ള അവകാശമാകുന്നു എന്നും കല്പിച്ചു. അതുപ്രകാരം പട്ടക്കാര്‍ക്ക് കൊടുത്താറെ ആരും വാങ്ങിച്ചില്ല. വൈകുന്നേരമായപ്പോള്‍ ജനക്കൂട്ടം പിരിയുകയും ചെയ്തു. ദീനം ദിനംപ്രതി കൂടുതലായി കാണുകയും ഇളവില്ലാതെ എല്ലാ സ്ഥലങ്ങളില്‍ നിന്നും പട്ടക്കാരും ജനങ്ങളും വന്ന് സമയംപോലെ കൈയും കാലും മുത്തി ആശീര്‍വാദം കൈക്കൊണ്ടു വന്നിരുന്നു. ഇങ്ങനെ ഇരിക്കുമ്പോള്‍ ചിങ്ങമാസം 6-ന് ചൊവ്വാഴ്ച ഉഷസ്സിന് പള്ളിക്കര നിന്നും ബാവായെ കാണുന്നതിനായി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്താ വന്നു. ബാവായെ കണ്ടു. ദീനവിവരങ്ങള്‍ ചോദിച്ചറിഞ്ഞതു തന്നെയല്ലാ ഇതുവരെ ബാവായുമായി ഉണ്ടായിട്ടുള്ള കാര്യങ്ങള്‍ക്ക് ഒന്നു പൊറുതി കൂടെ പറഞ്ഞാറെ നമുക്ക് യാതൊരു മുഷിച്ചില്‍ ഇല്ലെന്നും പാത്രിയര്‍ക്കീസ് ബാവായുടെ കല്പന അനുസരിച്ചു നടക്കുന്നത് നമുക്ക് സന്തോഷമെന്നും അതുപ്രകാരം നടന്നാല്‍ ഈ ലോകത്തില്‍ യശസ്സും ആ ലോകത്തില്‍ ഗുണവും പ്രാപിക്കുമെന്നും മറ്റും ചില ഗുണദോഷങ്ങള്‍ മാത്രം കല്‍പിക്കയത്രേ ചെയ്തത്. ബാവായ്ക്ക് നല്ല സന്തോഷം ഇല്ലാത്തതിനാലും പള്ളിക്കാര്‍ക്ക് മെത്രാനെന്നുള്ള സ്ഥാനം കാണാത്തതിനാലും ഏകദേശം എട്ടു നാഴിക പുലര്‍ന്നതിന്‍റെ ശേഷം യാത്ര പറഞ്ഞ് അവിടെനിന്നും കാല്‍നടയായി നടന്ന് വള്ളം കയറി കണ്ടനാട്ട് എത്തി അസ്തമിച്ച് അവിടെനിന്നും പള്ളിക്കരയ്ക്ക് തിരികെ പോകയും ചെയ്തു. ഉടനെ മുളന്തുരുത്തി പള്ളിക്കാരും റമ്പാച്ചനും കൂടി പുലിക്കോട്ട് മെത്രാച്ചന്‍ തെക്കു നിന്നു വന്നെത്തായ്കയാല്‍ അഞ്ചല്‍ മാര്‍ഗ്ഗമായി എഴുതി അയച്ചതു കൂടാതെ കൈവശത്തില്‍ എഴുത്ത് അയക്കുകയും 12-ന് അദ്ദേഹം മുളന്തുരുത്തി പള്ളിയില്‍ എത്തുകയും ചെയ്തു. ബാവായ്ക്ക് ദീനത്തിന് സുഖമില്ലാതെ കൂടുതലായിക്കാണുകയും 14-ന് ബുധനാഴ്ച ബാവാ മുളന്തുരുത്തി പള്ളി യോഗക്കാരെയും മെത്രാപ്പോലീത്തായേയും മറ്റും വരുത്തി ബാവായെ അടക്കേണ്ടുന്ന കാര്യത്തെക്കുറിച്ച് ഒന്ന് എഴുതിക്കൊടുത്തതു തന്നെയല്ല പാത്രിയര്‍ക്കീസ് ബാവായുടെ കല്പന അനുസരിച്ച് മാത്രം നടക്കയും ദൈവഭക്തിയോടു കൂടി ഈ ജാതിയെ ഭരിച്ചുകൊള്ളണമെന്നും അനുജന്‍ മക്കുദിശായെ പരദേശത്തു അയച്ചുകൊള്ളണമെന്നും പാലക്കുന്നന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്പന അനുസരിച്ച് നടന്നുകൊള്ളാമെന്നും സര്‍ക്കാര്‍ മുഖാന്തിരം റജിസ്റ്റര്‍ ചെയ്ത് എഴുതി വയ്ക്കുന്ന സമയം സൊരുമിച്ച് നടന്നുകൊള്ളണമെന്നും മറ്റും പുലിക്കോട്ടില്‍ മെത്രാച്ചനോട് കല്പിക്കുകയും ചെയ്തു. അടക്കേണ്ട കാര്യത്തെക്കുറിച്ച് എഴുതിയത്.
മതില്ക്കകത്ത് വടക്കേ മൂലയില്‍ മതില്‍ വിട്ട് രണ്ടോ മൂന്നോ കോല്‍ മാറ്റി മൂന്നരക്കോല്‍ നീളവും മൂന്നരക്കോല്‍ വീതിയും അകമായിട്ടും ചുമര്‍ ബലമായിട്ടും അരക്കോല്‍ തറ പൊക്കവും ചതുരമായിട്ട് വളച്ച് തറയില്‍ നിന്നും അകം മൂന്നരക്കോല്‍ പൊക്കവും ആയിട്ട് പണിയിപ്പിച്ച് അതില്‍ നടുക്ക് ഒരു കോല്‍ വിസ്താരത്തില്‍ നട ഉണ്ടാക്കി പണിയിപ്പിച്ച് എന്നെ അടക്കിക്കൊള്ളണം. പെട്ടി കൂടാതെ കല്ലുകൊണ്ടു തന്നെ പള്ളിക്കര കബര്‍ പോലെ പണിയിപ്പിച്ച് കൊള്ളണം. കിഴക്കേ ചുമരും വടക്കേ ചുമരും ഒന്നുപോലെ മേല്‍ വളക്കണം. പടിഞ്ഞാട്ട് ചെറിയ വാതിലും ശേഷം മൂന്ന് വശവും ഓരോ ചെറിയ ജനാലയും വളക്കുന്ന വശവും ചുമരൊന്നുപോലെ ബാക്കി പണിത് അതിന് മേല്‍ മണ്ണിട്ട് തല്ലണം. അതിന് മേല്‍ കുമ്മായം തേക്കണം. വെള്ളം പോകുന്നതിന് രണ്ടു വശത്തെയും ഓവ് ഇടണം. ഒരു കരിങ്കല്ലേല്‍ ഇന്ന ദിക്കുകാരന്‍ ഇന്നാള്‍ എന്നവരും ഈ രാജ്യത്ത് വന്ന് ഇന്ന ജാതിക്കുവേണ്ടി വളരെ കഷ്ടപ്പെട്ട് ഇത്രാമാണ്ട് ഇന്ന ദിവസം കാലം ചെയ്തു എന്ന് സുറിയാനിയിലും മലയാളത്തിലും എഴുതി കബറിന്‍റെ ഒരു വശത്ത് കണ്ടനാട് മുറിയിന്മേല്‍ വച്ചിരിക്കുന്നതു പോലെ വച്ചുകൊള്ളണം. ഇതിന്മണ്ണം കല്പിച്ചപ്രകാരം എഴുതി യോഗത്തില്‍ എടമ്പാടത്ത് അബ്രഹാം കത്തനാരച്ചന്‍റെ കയ്യില്‍ കൊടുത്തേല്‍പിക്കുകയും ഇതിന്മണ്ണമല്ലാതെ പള്ളിയകത്തോ മറ്റു സ്ഥലത്തോ എന്നെ അടക്കരുതെന്നും പറവൂര്‍ക്കാരുടെ അപേക്ഷപ്രകാരം എന്‍റെ ശവം അവിടേയ്ക്ക് കൊടുത്തയക്കരുതെന്നും ആയത് അവരും ശേഷി ഇല്ലാത്ത പള്ളിക്കാരും പള്ളി ചെറുപ്പവും മതിലിനകത്ത് പണിതുണ്ടാക്കി എന്നെ അവിടെ അടക്കുന്നതിന് മാത്രം സ്ഥലക്കുറവും വെടിപ്പും ഇല്ലാത്തതിനാലാകുന്നു എന്ന് കൂടെ കല്പിച്ചു. ഇപ്രകാരം കല്പിക്കുവാനുള്ള കാരണം പറവൂര്‍ നിന്നും ബാവാ നീങ്ങിയതിന്‍റെ ശേഷം അവരുടെ ശേഷിക്കുറവ് നിമിത്തം ബാവാ നീങ്ങിയതാകുന്നു എന്ന് അവര്‍ കരുതി യോഗമായി അവര്‍ കൂടി ആലോചിച്ച് ബാവായുടെ ദീനം വകയ്ക്കും അടിയന്തിരം വകയ്ക്കും ആയിരം രൂപാ വീതം പിരിച്ച് എടുക്കുകയും ആണ്ടിനാല്‍ ചാത്തം കഴിക്കേണ്ട വകയ്ക്ക് ആ ചിലവിന് തക്കതായി രണ്ട് മുറി പറമ്പ് രജിസ്റ്റര്‍ ചെയ്തു വച്ചുകൊള്ളാമെന്നും ആലോചിച്ച് ഉറച്ചു. ആ യോഗക്കാര്‍ വന്ന് ബാവായോടും വിട്ടയക്കണമെന്ന് യോഗത്തോടും അപേക്ഷിക്കുകയാല്‍ യോഗസമ്മതം പോലെ എന്ന് ബാവായും ദീനം സുഖം വരാതെ ഒരു സ്ഥലത്തേക്കും അയയ്ക്കുന്നതല്ലെന്ന് യോഗക്കാരും തല്‍ക്കാലം ശാന്തത പറഞ്ഞതിനെ മോഹം കൊണ്ട് പറവൂര്‍ക്കാര്‍ക്ക് മനസ്സിലാകാഞ്ഞതിനാല്‍ കാലം കഴിഞ്ഞാല്‍ ശവം കിട്ടണമെന്നു കൂടി അവര്‍ അപേക്ഷിച്ചു. അതിനാലത്രേ ഇപ്രകാരം കല്പിക്കാനിട വന്നത്.
ഇത് കൂടാതെ കടമറ്റം, കുറുപ്പംപടി, കരിങ്ങാശ്ര മുതലായി ഏതാനും പള്ളിക്കാരും ശവം എങ്കിലും കിട്ടണമെന്നുള്ള ആഗ്രഹത്താല്‍ ഈ അന്ത്യസമയത്ത് ബാവാ നീങ്ങണമെന്ന് മുളന്തുരുത്തി വന്ന് അപേക്ഷിച്ചു. പോകുന്നതിനുള്ള പ്രയാസത്താലും മുളന്തുരുത്തി പള്ളിക്കാരുടെ ആഗ്രഹത്താലും ആയതിന് ഇടവന്നില്ല.
ഇങ്ങനെ ഇരിക്കുമ്പോള്‍ പനയ്ക്കല്‍ ഐപ്പൂരു എന്നവന്‍ ബാവായെ കാണുന്നതിനായിട്ടും മറ്റും വരികയും ബാവായ്ക്കുള്ള ദീനം ദീര്‍ഘമാകുന്നു എന്ന് മെത്രാച്ചനെ പറഞ്ഞ് മനസ്സിലാക്കി 19-ന് തിങ്കളാഴ്ച 8 നാഴിക പുലര്‍ന്നതിന്‍റെ ശേഷം അസ്തമിച്ച് തിരികെ വന്നുകൊള്ളാമെന്നും പറഞ്ഞ് ഐപ്പൂരും മെത്രാച്ചനും കൂടി ബാവായെ അറിയിക്കാതെ കൊച്ചിക്ക് പോവുകയും ചെയ്തു. അന്ന് ഉച്ച കഴിഞ്ഞശേഷം ദീനം കൂടുതലായികാണുകയും ബാവാ എല്ലാവരെയും വിളിച്ച് എനിക്ക് നന്നാ സുഖക്കേടുണ്ടെന്നും ഇന്നത്തെ ദിവസം വിട്ടു പോകുന്നതല്ലെന്നും അതിനാല്‍ നിങ്ങള്‍ പ്രത്യേകിച്ച് സൂക്ഷിച്ചിരുന്നു കൊള്ളണമെന്നും കല്പിച്ചതു കൂടാതെ അനുജന്‍റെ മകന്‍ മല്ക്കി എന്നവനെ വിളിച്ച് നിന്‍റെ അപ്പന്‍റെ വാക്കു കേട്ട് നടന്നുകൊള്ളണമെന്നും മറ്റും പറഞ്ഞതുകൂടാതെ അവിടെ കൂടപ്പെട്ടിരുന്നവരായ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചു. ഞാന്‍ മരിച്ചാല്‍ എല്ലാ പള്ളിക്കാരും വന്ന് കാണ്മാന്‍ തക്കവണ്ണം എന്നെ വച്ചേക്കണമെന്നും ആയതിന് എന്‍റെ വയറു കീറി ഔഷധം ഇട്ട് തുന്നി കെട്ടിയാല്‍ ഇരിക്കുമെന്നും മറ്റും കല്പിക്കുകയാല്‍ ആയത് പാടില്ലെന്നും മൂന്ന് ദിവസം വരെ വച്ചേക്കാമെന്നും മറ്റും സങ്കടമായി അറിയിച്ചതിനാല്‍ നിങ്ങളുടെ മനസ്സുപോലെ എന്ന് കല്പിക്കുകയും അനുജന്‍ മക്കുദിശാ പാവമാകയാല്‍ നിങ്ങള്‍ അവന് സഹായിക്കുന്നതു കൂടാതെ അവനെക്കൊണ്ട് യാതൊന്നും ചെലവ് ചെയ്യിപ്പിക്കരുതെന്നും കൂടെ കല്പിച്ചതു തന്നെയല്ല അവര്‍ തമ്മില്‍ അറബി ഭാഷയില്‍ പറകയുണ്ടായി. ഞങ്ങള്‍ കല്പനപ്രകാരം പ്രത്യേകമായി സൂക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ പതിനൊന്ന് മണി അടിച്ചതിന്‍റെ ശേഷം ഇനി വളരെ താമസമില്ലെന്നും പുലിക്കോടന്‍ എവിടെ എന്നും കല്പിച്ചു. പുലിക്കോട്ടച്ചന്‍ ഇവിടെ ഇല്ലെന്നും ഇന്ന് കൊച്ചിയ്ക്ക് പോയി എന്നും ഇപ്പോള്‍ തന്നെ വരുമെന്നും അറിയിച്ചു. ആ സമയം ഉഷ്ണം വളരെ ഉണ്ടായിരുന്നു. ശ്വാസത്തിന്‍റെയും അധികം ഇല്ലെന്നു വരികിലും അധിക താമസം ഇല്ലാ എന്ന് പറയത്തക്ക പ്രകാരത്തില്‍ ഉണ്ടായിരുന്നു. 12 മണി കഴിഞ്ഞശേഷം ഇനി താമസം ഒട്ടും ഇല്ലെന്നും സമയം അടുത്തിരിക്കുന്നു എന്നും എന്‍റെ മരണ സമയം എന്‍റെ തലയില്‍ മസ്നപ്സ ഇടുവിക്കയും അരക്കെട്ട് കെട്ടുകയും ചെയ്യുന്നതു കൂടാതെ സ്ലീബാ എന്‍റെ കയ്യില്‍ തന്ന് ആ സമയം മ്ഹൈമ്മ്നീനാന്‍ ബ്ഹാദ് ആലൂഹാ എന്ന് വിശ്വാസപ്രമാണം ഉറച്ചു ചൊല്ലിക്കൊള്ളണമെന്നും മരിച്ചാലുടനെ കസേര മേല്‍ ഇരുത്തി കുര്‍ബാനയ്ക്കുള്ള ഉടുപ്പുകള്‍ ഇടുവിച്ച് സ്ലീബായും വടിയും മുറപ്രകാരം കൈയില്‍ പിടിപ്പിക്കണമെന്നും കിഴക്കോട്ട് മുഖമായി അടക്കിക്കൊള്ളണമെന്നും മറ്റും കല്പിച്ചു. ആ സമയം കൂടപ്പെട്ടിരിക്കുന്നവരായ ഞങ്ങള്‍ക്കുണ്ടായ മനോവ്യസനവും ദുഃഖവും എന്തു മാത്രമെന്ന് വിസ്തരിച്ച് പറവാനില്ല.
ഒരു മണി കഴിഞ്ഞ സമയം മുതല്‍ കൂടുതലായിത്തുടങ്ങി. കല്പിച്ച പ്രകാരം തലയില്‍ മസ്നപ്സായും മറ്റും ഇടുവിച്ചു. സ്ലീബായും കയ്യില്‍ കൊടുത്തു. കല്പനപ്രകാരം ചൊല്ലി വിശ്വാസപ്രമാണം രണ്ടു പ്രാവശ്യം ചൊല്ലി എത്തുന്നതിന് മുന്നം ജീവന്‍ വിട്ടു മാറി. ആയുടന്‍ ഞങ്ങള്‍ കസേര മേല്‍ ഇരുത്തി മണി നോക്കിയപ്പോള്‍ ശ്വാസം വിട്ടുമാറിയത് മൂന്നു മണിയ്ക്കെന്ന് നിശ്ചയിച്ചുറച്ചു. കൃത്യമായി ഏഴര നാഴിക വെളുപ്പാനുണ്ടായിരുന്നു. ബാവായുടെ കല്പനയാല്‍ വെളുക്കുന്നതിനു മുമ്പെ കാലം ചെയ്യുമെന്ന് കരുതി21 കതിനാ നിറച്ച് വയ്ക്കുകയും പാണ്ടി വാദ്യം ചെണ്ട മുതലായത് കൊണ്ടുവന്ന് ഏനപ്പെട്ട് കിടക്കുകയും ചെയ്തിരുന്നു. ശ്വാസം വിട്ട ഉടനെ തന്നെ കൂട്ട മണി ഇടുകയും വെടി വയ്ക്കുകയും വാദ്യം മുതലായത് കൊട്ടുകയും ചെയ്തു. ആ സമയം തന്നെ സമീപേ ഉള്ള ബഹുജനം വന്നു കൂടപ്പെട്ടു. ഞങ്ങള്‍ കുളിപ്പിച്ച് കുര്‍ബാനക്കുപ്പായം മുതലായത് ഇടുവിച്ച് സ്ലീബായും പിടിപ്പിച്ച് വെളുക്കുന്നതിന് മുന്നം കസേരമേല്‍ ഇരുത്തി എടുത്ത് മദ്ബഹായില്‍ കൊണ്ടുചെന്ന് പടിഞ്ഞാട്ട് മുഖമായി ഇരുത്തി. സുഗന്ധതൈലങ്ങളും പൂശി. റമ്പാച്ചനും ഞാനും പാലക്കാട് കത്തനാരച്ചനും കൂടി മൂന്നിന്മേലായി ചൊല്ലുകയും ശേഷം പേരും ചൊല്ലുകയും ചെയ്തു കഴിഞ്ഞശേഷം കൊഹനൈത്തായില്‍ ഒരു തെശ്മെശ്ത്താ കഴിക്കയും ചെയ്തശേഷവും മെത്രാച്ചന്‍ വന്നെത്തായ്കയാല്‍ ഈ വിവരം പള്ളിക്കാര്‍ തന്നെ പള്ളികള്‍ക്ക് എഴുതണമെന്ന് പറഞ്ഞതിനെ അനുസരിച്ച് എഴുതുകയും പിന്നീട് മെത്രാച്ചനെ ആള് പോയിരിക്ക കൊണ്ട് ഉടനെ വരുമെന്നും വന്നിട്ട് അദ്ദേഹത്തിന്‍റെ പേരില്‍ എഴുതി അയക്കണമെന്നും തര്‍ക്കിച്ചതിനാല്‍ എഴുതിയത് അയച്ചില്ല. അദ്ദേഹം വന്നെത്തുമ്പോഴേക്കും അയപ്പാനായി അദ്ദേഹത്തിന്‍റെ പേരും വച്ച് എഴുതി ഉണ്ടാക്കി. ഏകദേശം ഉച്ചസമയത്ത് കൊച്ചിയില്‍ നിന്ന് അദ്ദേഹവും വന്നെത്തി. വരുംവഴിയില്‍ മദ്ബഹായില്‍ കരേറി വലിയ സങ്കടത്താല്‍ ബാവായെ മുത്തി കരഞ്ഞ് മുറയിട്ടു. ആ സമയം കൂടപ്പെട്ടിരുന്ന ബഹുജനവും മുറയിട്ടുപോയി. ആ സമയം വലിയ ഒരു വിലാപം ആയിരുന്നു. വടക്കുള്ള എല്ലാ പള്ളികള്‍ക്കും വെവ്വേറെയും തെക്കേ പള്ളികളില്‍ തിരുവല്ലായില്‍ പള്ളികള്‍ക്കും കോട്ടയത്തും കുറിച്ചി നീലംപേരൂര്‍ക്കാര്‍ക്കും നിരണം മുതലായി തെക്കുള്ള എല്ലാ പള്ളിക്കാര്‍ക്കും വിശേഷിച്ച് അനുജന്‍ മക്കുദിശായുടെ കെട്ടിയവളുടെ വല്യപ്പന്‍ ആകുന്ന ചാലക്കുഴിയില്‍ പൗലോസ് മാത്തനും മാത്രം എഴുതി അയച്ചു.
വടക്കേ പള്ളിക്കാര്‍ക്ക് എഴുതിയതിന്‍റെ പകര്‍പ്പ്: മലയാളത്തിനുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന്. നമുക്കുള്ള മക്കളായ കണ്ടനാട് പള്ളിയിലെ വികാരിയും ദേശത്തു പട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക് വാഴ്വ്.
ശുദ്ധമുള്ളവനും എത്രയും പെരികെ പെരികെ ബഹുമാനപ്പെട്ടവനും ആയ നമ്മുടെ മാര്‍ കൂറിലോസ് ബാവായുടെ അത്യന്ത ദീനം നിങ്ങള്‍ അറിഞ്ഞിരിക്കുന്നതല്ലോ ആകുന്നു. ഇന്നേ ദിവസം ഏഴര നാഴിക വെളുപ്പാനുള്ളപ്പോള്‍ അദ്ദേഹം ഭാഗ്യങ്ങളുടെ സ്ഥലത്തിന് വാങ്ങുകയും ചെയ്തു. അപ്പോള്‍ മുതല്‍ അടക്കത്തിനുള്ള ശുശ്രൂഷ തുടങ്ങിയിരിക്കുന്നു. അടക്കം 22-ന് വ്യാഴാഴ്ച എന്ന് നിശ്ചയിച്ചിരിക്ക കൊണ്ട് ആയതിന് ആ പള്ളിവക പൊന്നുംകുരിശും, വെള്ളിക്കുരിശുകളും കൊട, കൊടി മുതലായതും കൂടി നിങ്ങളും ഒരുങ്ങപ്പെട്ട് കാണ്മാന്‍ ആഗ്രഹിക്കുന്നു. എന്ന് 1874-ാമത് ചിങ്ങ മാസം 20-ാം തീയതി ചൊവ്വാഴ്ച മുളന്തുരുത്തി പള്ളിയില്‍ നിന്നും.
ഇപ്രകാരം വടക്കുള്ള എല്ലാ പള്ളികള്‍ക്കും എഴുതി അയച്ചു. തെക്കര്‍ക്ക് നിങ്ങളും ഒരുങ്ങപ്പെട്ട് കാണ്‍മാന്‍ ആഗ്രഹിക്കുന്നു എന്ന് മാത്രമല്ലാതെ പള്ളിവക സാമാനങ്ങള്‍ കൊണ്ടുവരണമെന്ന് എഴുതിയിട്ടില്ല. ശേഷം വാചകങ്ങള്‍ ഒക്കെയും ഒന്നുപോലെ ആകുന്നു.
20-ാം തീയതി മുതല്‍ക്ക് ജനക്കൂട്ടവും പട്ടക്കാരുടെ കൂട്ടവും കൂടപ്പെട്ടു തുടങ്ങി. 21-ാം തീയതി സമീപേ ഉള്ള പള്ളികളിലെ വെള്ളിക്കുരിശ്, പൊന്‍ കുരിശ്, അരുളിക്കാ, മെഴുകുതിരിക്കാലുകള്‍, ധൂപക്കുറ്റികള്‍ മുതലായ വെള്ളിസാമാനങ്ങള്‍ വന്നുതുടങ്ങി. 22-ന് ഒരു പൊന്‍കുരിശും 14 വെള്ളിക്കുരിശും തഴക്കുടയും മുത്തുക്കുടയും കൂടി ഏകദേശം 50-ല്‍ അധികം ഉണ്ടായിരുന്നു. 100 വരെ കൊടികളും ഉണ്ടായിരുന്നു. 22-ന് കാലത്തെ മെത്രാച്ചനും റമ്പാച്ചനും മറ്റും കൂടി മൂന്നിന്മേല്‍ കുര്‍ബാന ചൊല്ലി ബാവായെക്കുറിച്ച് അല്‍പമായി പ്രസംഗിച്ചു. ഒരു പെട്ടി വയ്ക്കുമെന്നും കാണിക്ക ഇടണമെന്ന് കൂടി പറഞ്ഞ് കുര്‍ബാന കഴിഞ്ഞപ്പോള്‍ പെട്ടി വച്ച് ജനങ്ങള്‍ കാണിക്ക ഇട്ടു തുടങ്ങി. ജനപ്പെരുപ്പത്താല്‍ കൈമുത്തിക്കേണ്ടെന്ന് കൂടി നിശ്ചയിച്ചു. 20 മുതല്‍ അന്നുവരെ പട്ടക്കാര്‍ കൈമുത്തത്തക്കവണ്ണവും ജനങ്ങള്‍ കാലു മുത്തത്തക്കവണ്ണവും നിശ്ചയിച്ചു. അപ്രകാരം നടന്നു വന്നു. അന്നത്തെ ജനക്കൂട്ടത്താല്‍ വല്ല അപകടവും വരുമെന്ന് ഭയന്ന് ഒന്നും വേണ്ടാ എന്നു നിശ്ചയിച്ചു. ഉടനെ ശേഷം കൊഹനൈത്തായും ചൊല്ലിത്തികച്ച് ഉച്ചയോടു കൂടി മദ്ബഹായില്‍ ഉയര്‍ത്തി അവിടെ നിന്നും പള്ളിയുടെ വാതുക്കലും ഉയര്‍ത്തി കമ്പോളത്തിലേക്ക് നഗരി കാണിപ്പാനായി കൊണ്ടുപോയി. മെത്രാച്ചനും റമ്പാച്ചനും മറ്റ് എട്ട് പത്ത് പട്ടക്കാര്‍ കാപ്പ ഇടുകയും ശേഷം പേര്‍ ഒക്കെയും കറപ്പ് ളോഹയും ശെമ്മാശന്മാരില്‍ പലരും അല്‍മത്തിയും ശേഷം പേര്‍ ളോഹയും ഊറാറയും ഇട്ടു ചമഞ്ഞിരിക്കുന്നു. പടിഞ്ഞാറേ കുരിശു മുതല്‍ കിഴക്കേ കുരിശു വരെ നഗരതോരണങ്ങളും മറ്റും തൂക്കി അലങ്കരിച്ചിരുന്നു. ഏകദേശം 200-ല്‍ അധികം പട്ടക്കാരും പന്തീരായിരത്തില്‍ അധികം ജനക്കൂട്ടവും ഉണ്ടായിരുന്നു. ഇതുപ്രകാരം സുറിയാനിക്കാരുടെ ഒരു ആഘോഷക്കൂട്ടം ഉണ്ടായിട്ടില്ലെന്നും മേലാല്‍ ഉണ്ടാകുന്നതല്ലെന്നും പലരും ഊഹിച്ചും പറയുന്നു. ജനക്കൂട്ടത്തിന്‍റെ പെരുപ്പം കൊണ്ടും മറ്റും കിഴക്കേ കുരിശിങ്കല്‍ നഗരി കാണിപ്പാന്‍ കൊണ്ടുപോകാതെ പടിഞ്ഞാറു നിന്നും വരുന്ന വഴി തന്നെ മതില്‍ക്കകത്ത് കയറ്റി പള്ളിയുടെ കിഴക്കുവശത്തും ഉയര്‍ത്തി കല്പന പ്രകാരം പണിയിച്ചുവരുന്ന കബറിന് സമീപേ വച്ചു. വടിയും മുടിയും സ്ലീബായും മോതിരവും പാത്രിയര്‍ക്കീസ് നിന്നെ ഏല്‍പിച്ചിരിക്കുന്ന അധികാരവും ഞാന്‍ ഏറ്റിരിക്കുന്നു എന്നും തന്‍റെ ആട്ടിന്‍കൂട്ടത്തെ മേഞ്ഞു നടത്തിക്കൊള്ളുന്നു എന്നും പറഞ്ഞ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ വാങ്ങുകയും ചെയ്തു. ഉടനെ മരം കൊണ്ട് ഉണ്ടാക്കിയിരുന്ന വടിയും സ്ലീബായും പിടിപ്പിച്ച് കസേരയില്‍ നിന്നും എടുത്ത് കബറിനകത്ത് എറങ്ങി നിന്നിരുന്ന നടമേല്‍ പള്ളി ഇടവകയില്‍ പടയാട്ടില്‍ കത്തനാരച്ചന്‍റെ കൈയില്‍ കൊടുക്കയും അയാളിന്‍റെ ശക്തിയാലെയും ശേഷംപേരുടെ സഹായത്താലും പണിയിച്ചിരുന്ന നടയില്‍ അലങ്കരിച്ചിരുന്ന സ്ഥലത്ത് കിഴക്കോട്ട് മുഖമായി ഇരുത്തി കുന്തുരുക്കത്താല്‍ കബര്‍ നിറക്കണമെന്നും ഒരു പളുങ്കു വിളക്കു കബറിനകത്ത് കത്തിച്ച് നിര്‍ത്തണമെന്നും പറഞ്ഞ് അനുജന്‍ മക്കുദിശാ പളുങ്കു വിളക്കും അഞ്ചോ ആറോ തുലാം കുന്തുരുക്കവും കൊച്ചിയ്ക്ക് ആളയച്ച് വരുത്തിയിട്ടുണ്ടായിരുന്നു. ക്രമപ്രകാരം മെത്രാച്ചന്‍ സൈത്ത് ഒഴിച്ച ശേഷം കുന്തുരുക്കവും ഇട്ടു നിറയെ വെളിച്ചെണ്ണ ഒഴിച്ച് വിളക്കും കൊളുത്തിത്തൂക്കി കബറിടം മൂടി. അപ്പോള്‍ ഏകദേശം ഏഴര നാഴിക പകല്‍ ഉണ്ടായിരുന്നു. ഉടനെ കബറിന്‍ പക്കല്‍ ഉണ്ടായിരുന്ന സ്ലോസാകളും മറ്റും ക്രമംപോലെ ചെയ്ത് കബര്‍ വന്ദനയും കഴിച്ച് ഞങ്ങള്‍ മാറിയതിന്‍റെ ശേഷം നേരം വൈകുന്നതു വരെ കബറിങ്കല്‍ ജനക്കൂട്ടം കുമ്പിട്ട് കഴിഞ്ഞില്ല. അതിനാല്‍ തന്നെ ജനക്കൂട്ടത്തിന്‍റെ പെരുപ്പം ഊഹിക്കാവുന്നതാകുന്നു.
ഉടന്‍ അനുജന്‍ മക്കുദിശാ ഗബ്രിയേല്‍ ധര്‍മ്മം കൊടുക്കുന്നതിനായി ഇരുനൂറില്‍ ചില്വാനം ചേല മുണ്ടും ഏതാനും ചക്രവും ഏനപ്പെടുത്തീട്ടുണ്ടായിരുന്നതിനെ കൊടുപ്പാനായി ശ്രമിച്ചു. ആയതും ധര്‍മ്മക്കാരെ ഇരുത്തി ക്രമംപോലെ കൊടുത്തു പിരിച്ചു. ഏകദേശം ധര്‍മ്മം വകയ്ക്ക് 70 രൂപാ വരെ ചിലവുള്ളതായി അറിയുന്നു.
ഇതിന്‍റെ ശേഷം മെത്രാപ്പോലീത്തായും, പിരിഞ്ഞത് നീങ്ങി ശേഷം പള്ളിക്കാരും കൂടി പള്ളിയകത്ത് ഇറങ്ങി വന്ന് ക്രമമായി ഇരുന്ന് അടിയന്തിരത്തെക്കുറിച്ച് ആലോചിച്ചതില്‍ നാല്‍പതാം ദിവസമായി കഴിക്കത്തക്കവണ്ണവും ആയതിന് 500 പറ അരിയും അതിനടുത്ത സാമാനങ്ങളും വേണമെന്നും ആയത് വലിയ പപ്പടം മുതലായി ഈ ദിക്കുകളില്‍ പുലകുളി എന്ന് പറഞ്ഞ് നടന്നുവരുന്ന അടിയന്തിരം പോലെ വേണമെന്നും ആ വകയ്ക്കുള്ള ചെലവുകള്‍ എല്ലാ പള്ളിക്കാരും കൂടി വേണ്ടതാകയാല്‍ തെക്കുള്ള പള്ളിക്കാര്‍ക്ക് അടിയന്തിരത്തിനുള്ള കോപ്പുകളോടു കൂടി വരത്തക്കവണ്ണവും വടക്കന്‍ പള്ളിക്കാര്‍ക്ക് പള്ളികളുടെ അവസ്ഥ പോലെ 500 പറ അരിയും കോപ്പും വീതിച്ച് എഴുതിക്കൊള്ളണമെന്നും നിശ്ചയിച്ചു. പള്ളിക്കാര്‍ മിക്കവരും പിരിയുകയും ചെയ്തു. ഇതിന്‍റെ ശേഷം 1022-ാ മാണ്ട് ബാവാ മുളന്തുരുത്തി പള്ളിയില്‍ നീങ്ങിയപ്പോള്‍ പള്ളിക്കാര്‍ ഒരു വലുതായ, സ്വര്‍ണ്ണം പൂശിയ വെള്ളിക്കാസാ ബാവായ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ആ കാസാ ഈവാനിയോസ്25മ ബാവാ ഇവിടെ കബറടങ്ങിയപ്പോള്‍ തങ്ങള്‍ക്ക് അവകാശം കിട്ടിയിരിക്കുന്നതാകയാല്‍ ആ കാസാ കിട്ടണമെന്നും ആയത് തരാതെ ഞങ്ങള്‍ സമ്മതിക്കുകയില്ല എന്നും മറ്റും അനുജന്‍ മക്കുദിശായോട് പള്ളിക്കാര്‍ കൂടി ചോദിച്ചു. കാസാ എവിടെ എന്ന് അവന് വിവരം ഇല്ലാത്തതിനാലും കബറടക്കം കഴിഞ്ഞ സമയം തന്നെ ഇപ്രകാരം ചോദിച്ചതിനാലും അവന് വളരെ മനോവ്യസനത്തിനും ദുഃഖത്തിനും ഇട വന്നു. പള്ളിക്കാരുടെ കാസ ഇല്ലെന്ന് വരികില്‍ ആയതിന് 225 രൂപ കിട്ടണമെന്നും ആയത് ഇല്ലാത്തപക്ഷം അനുജന്‍ മക്കുദിശായുടെയും ബാവായുടെയും സാമാനങ്ങള്‍ ഞങ്ങള്‍ വിട്ടയക്കുന്നതല്ലെന്ന് പറകയാല്‍ കലഹങ്ങള്‍ക്കും അപശ്രുതിക്കും ഇടവരുമെന്ന് കരുതി ഞങ്ങള്‍ മക്കുദിശായെ പറഞ്ഞു സമ്മതിപ്പിച്ചു. മെത്രാച്ചന്‍റെ അടുക്കല്‍ യോഗക്കാരെ വരുത്തി രൂപാ ഇരുന്നൂറ്റിഇരുപത്തഞ്ചു കൊടുപ്പിച്ചും വ്യവഹാരം ഒതുക്കി. അന്നു തന്നെ അടിയന്തിരത്താല്‍ 23-ാം തീയതി വെള്ളിയാഴ്ച മെത്രാച്ചനും പനയ്ക്കല്‍ ഐപ്പൂരുവും കൂടി കൊച്ചിയ്ക്ക് പോകയും ഞങ്ങള്‍ മക്കുദിശായോട് സൊരുമിച്ച് താമസിക്കുകയും ചെയ്തു. നാല്പതു ദിവസം വരെ മക്കുദിശാ അവിടെ താമസിക്കണമെന്നും മറ്റും പള്ളിക്കാരും മെത്രാച്ചനും മക്കുദിശായോട് പറഞ്ഞു. കാസായുടെ വ്യവഹാരത്താല്‍ അവരുടെ നേരെ ഒട്ടും രസമില്ലാത്തതിനാല്‍ നാല്പതു വരെ താമസിപ്പാന്‍ പാടില്ലെന്നും മറ്റും പറഞ്ഞാറെ ഏതായാലും ഞാന്‍ കൊച്ചിയില്‍ നിന്നും തിരികെ വരുന്നതുവരെ താമസിക്കണമെന്ന് മെത്രാച്ചന്‍ കല്പിച്ചതിനാല്‍ അങ്ങനെ ആകാമെന്ന് സമ്മതിച്ചു എങ്കിലും പിറ്റേദിവസം 24-ന് ശനിയാഴ്ച കാലത്ത് മുളന്തുരുത്തിയില്‍ നിന്നും സകല സാമാനങ്ങളും എടുപ്പിച്ചുംകൊണ്ട് മക്കുദിശായും മകനും ഞാനും മുറിമറ്റത്തു കത്തനാരച്ചനും ബാവായുടെ വാലിഭക്കാരനും കൂടി അയ്യങ്കേരില്‍ തുകലന്‍ കുഞ്ഞവിരാ പാര്‍ക്കുന്ന വീട്ടില്‍ വന്നു. മക്കുദിശാ എനിക്ക് ബാവായുടെ കൈയെഴുത്തായി അദ്ദേഹം ചൊല്ലിവന്നിരുന്ന കുര്‍ബാന തക്സായും അദ്ദേഹം കയറി നടന്നിരുന്ന മഞ്ചലും തന്നു. മുറിമറ്റത്തിന് ഒരു പഴയ ളോഹയും അദ്ദേഹം ചൊല്ലി വന്നിരുന്ന ശീലക്കൂട്ടവും മറ്റും കൊടുത്തു. ബാവായുടെ വാലിഭക്കാരന്‍ ഇട്ടൂപ്പിനും മകന്‍ യോഹന്നാനും കൂടി 50 രൂപായും ബാവായുടെ ഏതാനും കുപ്പായങ്ങളും കൊടുത്തു. പെട്ടി തുറന്നു നോക്കിയതില്‍ കണ്ടിട്ടുള്ള മസ്നപ്സാകള്‍ ഒക്കെയും റമ്പാച്ചന് കൊടുപ്പാനായി മുറിമറ്റത്ത് കത്തനാരച്ചന്‍റെ പറ്റില്‍ കൊടുത്തയച്ചു. പിറ്റേദിവസം ഞാനും മക്കുദിശായും കൂടി കൊച്ചിയ്ക്ക് പോയി ബാവാ മരിച്ചു എന്നുള്ള വിവരം കമ്പി തപാല്‍ വഴി മര്‍ദ്ദീനിലേക്കയച്ചു. ആയതിന് ഇരുപത്തൊന്‍പതേ മുക്കാലേ അരയ്ക്കാല്‍ രൂപാ ചിലവുണ്ട്.
എഴുതി അയച്ചതിന്‍റെ പകര്‍പ്പ്: കൊച്ചിയില്‍ നിന്നും മക്കുദിശാ ഗബ്രിയേല്‍ ഡയര്‍ബക്കറിലേക്ക്. അന്ത്യോഖ്യായുടെ യാക്കോബായ സുറിയാനിക്കാരുടെ പാത്രിയര്‍ക്കീസിന്. എന്‍റെ ജ്യേഷ്ഠന്‍ കൂറിലോസ് യോയാക്കീം മെത്രാപ്പോലീത്താ ഈ മാസം 20-ന് മരിച്ചു. ഈ വിവരം മര്‍ദീനിലും തൂര്‍ അബ്ദീനില്‍ ഹബാബ് മുതലായ പട്ടണങ്ങളിലും അറിയിക്കുന്നതിന് അപേക്ഷിക്കുന്നു. എന്ന് 1874 ചിങ്ങ മാസം 28-ാം തീയതി.
ഇതിന്‍റെ ശേഷം മക്കുദിശാ തിരുവല്ലായ്ക്കും ഞാന്‍ തിരിച്ച് ഇങ്ങോട്ടും സ്വത്വം ചൊല്ലി പിരിയുകയും ചെയ്തു.
ബഹുമാനപ്പെട്ടവനും ശുദ്ധമുള്ളവനുമായ ഈ കൂറിലോസ് ബാവ കൊല്ലം 1022-ാമാണ്ട് ചിങ്ങ മാസം 22-ാം തീയതി ഇറങ്ങി മശിഹാ കാലം 1874-ന് കൊല്ലം 1050-ാമാണ്ട് ചിങ്ങ മാസം 20-ന് സ്വര്‍ഗ്ഗാരോഹണം പ്രാപിച്ചു. 22-ന് കബറില്‍ മൂടപ്പെടുകയും ചെയ്തു. ഇതിന്നിടയില്‍ ഈ ദിക്കുകളില്‍ ഏറിയ ഞെരുക്കങ്ങളും സങ്കടങ്ങളും ഈ ജാതിയെക്കുറിച്ച് സഹിച്ചു എങ്കിലും തന്‍റെ വിശ്വാസവും തന്‍റെ പിതാവായ പാത്രിയര്‍ക്കീസിന്‍റെ കല്പനയും ഒരു ലംഘനവും കൂടാതെ വെടിപ്പോടെ നടന്നു വന്നു. ഇത്രയും വലിയവനും ശുദ്ധമുള്ളവനും കാഴ്ചയില്‍ സൗന്ദര്യമുള്ളവനും കാര്യങ്ങള്‍ക്ക് ശേഷിയും പ്രാപ്തിയും ഉള്ളവനും സുറിയാനി മുതലായി ഏഴെട്ട് ഭാഷയില്‍ പൂര്‍ണ്ണവാനും പകരമില്ലാത്ത മല്പാനും ശാസ്ത്രീയമായി ഇതിന് മുമ്പില്‍ മലയാളത്ത് ഒരു മേല്‍പട്ടക്കാരന്‍ വന്നതായി ഒരു കേള്‍വിയും ഇല്ല. ഇനി മേലില്‍ വരുന്നപ്രകാരവും അറിയുന്നില്ല. ഇതിന്നിടയില്‍ പരദേശത്തു നിന്നു വന്നിരുന്ന ബാവാമാരും റമ്പാന്‍മാര്‍ മുതലായ പട്ടക്കാരും ക്രിസ്ത്യാനികളും ഇതുപോലെയുള്ള വിദ്വാന്‍ ഇനി പരദേശത്തില്ലെന്നും അവിടെ പഠിപ്പിക്കുന്നതിന് വേണ്ടി ഇദ്ദേഹത്തെ ആ ദിക്കുകാര്‍ അപേക്ഷിക്കുന്നു എന്നും പറകയുണ്ടായി. ഈ രാജ്യത്ത് വന്ന ശേഷം കാറ്റും വെള്ളവും യാവെനയും പിടിക്കായ്കയാല്‍ ദേഹസുഖം തീരെ ഇല്ലാത്തതിനാലത്രേ ആയതിന് ഇട വരാതെ ഇവിടെത്തന്നെ കബറടങ്ങുന്നതിന് ഇട വന്നത്. ഇദ്ദേഹം ആത്മവൈദ്യനായിരുന്ന പ്രകാരം തന്നെ ശരീരവൈദ്യനും ആയിരുന്നു. ഏറിയ ജനത്തിന്‍റെ പല ദീനങ്ങള്‍ സൗഖ്യപ്പെടുത്തിയതു കൂടാതെ വാതത്താല്‍ തളരപ്പെട്ടവരെയും രോഗത്താല്‍ ചെവി കേള്‍പ്പാന്‍ വഹിയാത്തവരെയും സംസാരിപ്പാന്‍ പാടില്ലാത്തവരെയും കൂടെ സുഖപ്പെടുത്തുകയും മറ്റു ചില വിസ്മയ പ്രവൃത്തികള്‍ ചെയ്ത് ജനത്തെ രക്ഷിച്ചു വന്നു. ഈ വക വൈദ്യങ്ങള്‍ വാലിഭക്കാരന്‍ ഇട്ടൂപ്പ് എന്നവന്‍ അഭ്യസിക്കുകയും ആ വകയ്ക്കുള്ള സാമാനങ്ങള്‍ അവന് കൊടുക്കപ്പെടുകയും ചെയ്തതിനാല്‍ അവനും അല്പമായി ചില വിസ്മയങ്ങള്‍ ചെയ്തു വരുന്നുണ്ട്.
ഇദ്ദേഹം മലയാളത്തു വരുമ്പോള്‍ 28 വയസ്സ് പ്രായം ഉണ്ടായിരുന്നു. മരിക്കുന്ന സമയം 56 വയസ്സ് പ്രായമേ ആയിട്ടുള്ളൂ എന്ന് വരികിലും താടി മുതലായ്ത് ഒക്കെയും നരയ്ക്കുകയും പല്ലിന് ചില ഇളക്കങ്ങള്‍ തട്ടി ചിലതൊക്കെയും പോകുന്നതിനിട വന്നു എങ്കിലും രോഗം കൊണ്ടുള്ള ക്ഷീണമല്ലാതെ കാഴ്ചയില്‍ യാതൊരു സൗന്ദര്യക്കുറവും ഉണ്ടായിട്ടില്ല. ഈ വലിയ ആഘോഷമായ കബറടക്ക ദിവസം വടക്കേ ദിക്കിലുള്ളവര്‍ അങ്കമാലി, വടക്കന്‍പറവൂര്‍, ശ്രായി25 ഈ മൂന്ന് പള്ളിക്കാര്‍ ഒഴികെ ശേഷം പള്ളിക്കാര്‍ ഒക്കെയും വന്നു കൂടപ്പെട്ടിട്ടുണ്ടായിരുന്നു. അവര്‍ക്ക് അറിവ് കിട്ടിയശേഷം വന്നെത്തുന്നതിന് ഇട ഇല്ലാത്തതിനാലത്രേ അവരും ശേഷം തെക്കുള്ള പള്ളിക്കാരും വന്നെത്തുന്നതിന് ഇടയാവാഞ്ഞത്.
മുന്‍ നിശ്ചയിച്ചപ്രകാരം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അടിയന്തിരത്തിന് പള്ളികളിലേക്ക് എഴുതിയതിന്‍റെ പകര്‍പ്പ്:
നിങ്ങള്‍ക്ക് വാഴ്വ്. എത്രയും ബഹുമാനപ്പെട്ട നമ്മുടെ മാര്‍ കൂറിലോസ് ബാവാ അവര്‍കള്‍ കാലം ചെയ്ത വിവരം നിങ്ങളെ തിരിയപ്പെടുത്തുകയും കബറടക്കത്തിന് നിങ്ങള്‍ വന്നുചേരുകയും കബറടക്കം കഴിഞ്ഞതിന്‍റെ ശേഷം അടിയന്തിരം കഴിക്കേണ്ടുന്ന കാര്യം എങ്ങനെ വേണ്ടൂ എന്നു നിങ്ങളോടും മറ്റ് കൂടപ്പെട്ട പള്ളിക്കാരോടും നാം ആലോചിച്ചതില്‍ ബഹുമാനപ്പെട്ട നമ്മുടെ ബാവായുടെ നാമമഹത്വത്തിനായി 40-ാം ദിവസത്തില്‍ വന്ന് കൂടപ്പെടുന്നവര്‍ക്കൊക്കെയും തൃപ്തികരമായി ഭക്ഷിപ്പാന്‍ തക്കവണ്ണം ഘോഷിച്ച് ഒരു അടിയന്തിരം കഴിക്കണമെന്നും ആയത് എല്ലാപള്ളിക്കാരുടെ ചിലവിന്‍പേരിലും സഹായത്തിന്മേലും വേണമെന്നും അല്ലാഞ്ഞാല്‍ പ്രയാസമായിത്തീരുമെന്നും അതിന് പള്ളികളുടെ യഥാശക്തി (പോലെ) വരി ഇട്ട് എഴുതി അയക്കണമെന്നും മറ്റും നിങ്ങളുംകൂടി നിശ്ചയിച്ചിരിക്കുന്നപ്രകാരം ഇവിടെ ആലോചിച്ച് വരി ഇട്ടാറെ നിങ്ങള്‍ പള്ളിക്കാരുടെ പേരില്‍ 20 പറ അരിയും സാമാനങ്ങള്‍ക്ക് 15 രുപായും നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ ഈ നിശ്ചയത്തെ നിങ്ങളും കൈക്കൊണ്ട് 40-ാം ദിവസമാകുന്ന കന്നി മാസം 28-ാം തീയതിക്ക് രണ്ടു ദിവസം മുമ്പുകൂട്ടി അരിയും സാമാനങ്ങള്‍ക്കുള്ള രൂപാ (യുമായി) ഇവിടെ എത്തി മുന്‍കൂട്ടി ഏല്പിക്കേണ്ടതാകയാല്‍ ആയത് 15 ദിവസം മുമ്പെയും ഇവിടെ എത്തിക്കുന്നതുകൂടാതെ അടിയന്തിരദിവസം നിങ്ങള്‍ എല്ലാവരും വന്ന് ചേരുകയും ഇപ്പോള്‍ ഈ എഴുത്ത് എത്തിയ വിവരത്തിനും അരിയും രൂപായും അവധിപ്രകാരം അയക്കുന്ന വിവരത്തിനും മറ്റും മറുപടി കൊടുത്തയച്ചു കൊള്‍കയും വേണം. നമ്മുടെ കര്‍ത്താവീശോമശിഹായുടെ കൃപയും സമാധാനവും നിങ്ങള്‍ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
എന്ന് 1874-ന് കൊല്ലം 1050-ാമാണ്ട് ചിങ്ങ മാസം 30-ാം തീയതി മുളന്തുരുത്തി പള്ളിയില്‍ നിന്നും.
ഇപ്രകാരം കണ്ടനാട്ട് പള്ളിക്കാര്‍ക്കും ശേഷം വടക്കുള്ള പള്ളിക്കാര്‍ക്കും പള്ളികളുടെ ശക്തിയ്ക്ക് തക്കവണ്ണവും തെക്കുള്ള പള്ളിക്കാര്‍ക്ക് അടിയന്തിരത്തിലേക്ക് കോപ്പുകളും കൊണ്ട് വന്നുചേരണമെന്നും മറ്റും എഴുതി അയച്ചു.
…………..
13-ാമത്. ബാവായുടെ 40 അടിയന്തിരത്തിന് എഴുതി അയച്ചപ്രകാരം വടക്കേ ദിക്കുകളില്‍ നിന്നും നാലാറ് പള്ളികള്‍ ഒഴികെ എല്ലാ പള്ളികളില്‍ നിന്നും അരിയും രൂപായും കൊണ്ടുവന്നതു കൂടാതെയുള്ള ഏതാനും പള്ളികളില്‍ നിന്നും കൂടെ കൊണ്ടുവന്നു. പള്ളിക്കാര്‍ കൊണ്ടുവരുമോ ഇല്ലയോ എന്നുള്ള സംശയത്തിന്‍ പേരില്‍ മുളന്തുരുത്തിക്കാര്‍ തനിച്ച് വീതിച്ച് 100 പറ അരിയും 200 പറ അരിക്കുള്ള സാമാനങ്ങളും അവര്‍ ശേഖരിച്ചതു തന്നെയല്ലാ 40-ാം ദിവസത്തിന്‍റെ അടിയന്തിരത്തിന് ഉഴുന്നാട, കുഴലപ്പം, നെയ്യപ്പം, കള്ളപ്പം, ചീഡ മുതലായ പലഹാരങ്ങള്‍ കൂടെ അവര്‍ വീതിച്ചുണ്ടാക്കി. അടിയന്തിരം ഇതുപോലെ ഒരു സ്ഥലത്തും ഒരിക്കലും കഴിഞ്ഞിട്ടില്ലാത്തപ്രകാരം അത്രേ പുഷ്ടിയായി നടന്നിരിക്കുന്നത്. അടിയന്തിര ദിവസം ഏകദേശം കല്ലൂര്‍കാടന്‍ പറയ്ക്ക് 500 പറ അരിയും വച്ച് സദ്യ മുശാ (?) ആയി കഴിഞ്ഞിരിക്കുന്നു. ആ ദിവസത്തില്‍ 200-ല്‍ അധികം പട്ടക്കാരും പന്തീരായിരത്തില്‍ അധികം ജനക്കൂട്ടവും കൂടപ്പെട്ടിട്ടുണ്ടായിരുന്നു. പട്ടക്കാര്‍ക്ക് നാലു നേരത്തെ ഭക്ഷണവും കൊടുത്തത്രേ പിരിഞ്ഞിരിക്കുന്നത്. അനുജന്‍ മക്കുദിശാ ഗബ്രിയേല്‍ 27-ന് വെള്ളിയാഴ്ച അസ്തമനത്തിനത്രേ വന്നത്. നമസ്കാരം കഴിഞ്ഞ് കബറും പക്കല്‍ ധൂപം ഇടുന്ന സമയത്ത് 1 1/2 തുലാത്തില്‍ അധികവും 20 രൂപാ വരെ ചെലവ് ചെന്നതുമായ ഒരു നിലവിളക്ക് പുതുതായി വാര്‍പ്പിച്ചു കൊണ്ടുവന്നത് ആ സമയം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടും കൂടപ്പെട്ട യോഗത്തോടും ചോദിച്ച് വിളക്കിലെ തിരി മുഴുവനും കത്തിച്ച് കബറിടത്ത് വച്ചു. 29-ാം തീയതി ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് കബറിങ്കല്‍ വന്നിട്ടുണ്ടായിരുന്നതില്‍ ശേഷിച്ചിരുന്ന ചേന, മത്തങ്ങാ, വെള്ളരിക്ക മുതലായത് വിറ്റതു കൂടാതെ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും ശേഷം ഉണ്ടായിരുന്ന യോഗക്കാരും പള്ളിയകത്ത് വന്നിരുന്ന് കബറിടത്തിങ്കല്‍ വഴിപാട് വക്കുന്നതിനായി വച്ചിരുന്ന പെട്ടി എടുപ്പിച്ചുകൊണ്ടു വന്നു. എണ്ണിക്കണ്ടതില്‍ ചക്രവും പുത്തനും കാശും രൂപായും കൂടി 5100-ല്‍ അധികം ഉണ്ടായിരുന്നത് കൂടാതെ പുലയരുടെയും മത്തങ്ങാ മുതലായത് ലേലത്തില്‍ ഇട്ട് വിറ്റതും കൂടി അന്നേ ദിവസം ആ പള്ളിക്ക് മുതല്‍ക്കൂട്ടുണ്ടായ രൂപാ 200-ല്‍ ചില്വാനം ആയിരുന്നു. ബാവാ അവിടെ കബറടങ്ങിയ ദിവസം മുതല്‍ 40-ാം ദിവസം വരെ കബറിടത്തിങ്കല്‍ 10000 ചക്രം വരെ നടവരവ് വന്നതായി അറിയുന്നു. കബറടക്ക ദിവസത്തില്‍ 2000ത്തില്‍ ചില്വാനവും ദിവസം ഒന്നുക്ക് 10 ചക്രത്തില്‍ കുറയാതെയും 20 ചക്രത്തില്‍ കൂടാതെയും വന്നിരുന്നു. 40-ാം ദിവസം 7000 ചക്രം വരെയും ഉണ്ടായിരുന്നതു കൂടാതെ 78 എണ്ണം വെള്ളി പണിത്തരവും 13 എണ്ണം സ്വര്‍ണ്ണ പണിത്തരവും ഉണ്ടായിരുന്നു. ആകെപ്പാടെ നോക്കിയാല്‍ 10,000-ല്‍ അധികം ചക്രം ഉള്ളതായി തോന്നുന്നു. വടക്കേ ദിക്കുകളില്‍ നിന്നും സാധനത്തിന്‍പ്രകാരം കോപ്പുകള്‍ കൊണ്ടുവരാത്ത ചില പള്ളിക്കാര്‍ 40 അടിയന്തിരം അതത് പള്ളികളില്‍ വച്ച് തന്നെ കഴിച്ചിരിക്കുന്നു. തെക്കുള്ളതില്‍ അധികം പള്ളിക്കാരും കോപ്പുകള്‍ കൊണ്ടുവരികയും വടക്കരെ പോലെ അതത് സ്ഥലങ്ങളില്‍ വച്ച് കഴിക്കുകയും അടിയന്തിരത്തില്‍ വന്ന് സംബന്ധിക്കുകയും ചെയ്തില്ല. ആയത് ബാവായോടും മെത്രാച്ചനോടും ഉള്ള മുഷിച്ചില്‍ കൊണ്ടും പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാച്ചന്‍ വിരോധിച്ചിട്ടുമല്ല. കുറെനാളായി തെക്കേ ദിക്കുകളില്‍ അധികം പേരും സുറിയാനി മാര്‍ഗ്ഗത്തില്‍ നിന്ന് വഴിതെറ്റി പ്രോട്ടസ്റ്റന്‍റ് മതത്തോട് ചേര്‍ന്നിട്ടുള്ള ചില വിശ്വാസങ്ങള്‍ കൂട്ടിക്കലര്‍ത്തി പരിശുദ്ധന്മാരോടും തമ്പുരാനെപ്പെറ്റ അമ്മയോടും പ്രാര്‍ത്ഥിക്കുന്നതും മരിക്കപ്പെട്ടവര്‍ക്കുവേണ്ടി ഉള്ള അപേക്ഷയും അബദ്ധമാകുന്നു എന്നുള്ള വിശ്വാസത്തില്‍ അത്രേ അവര്‍ നടന്നുവരുന്നത്. അതിനാലത്രേ അവര്‍ ഇതില്‍ സംബന്ധിക്കപ്പെടാതെ ഇരുന്നത് എന്നു തോന്നുന്നു.
അരി കൂടാതെ അരിവകയ്ക്കും കോപ്പുകള്‍ വകയ്ക്കുമായി 200-ല്‍ അധികം രൂപാ മെത്രാച്ചന്‍റെ കൈയില്‍ വശം സാധനപ്രകാരം തെക്കും വടക്കുമുള്ള പള്ളികളില്‍ നിന്ന് പിരിഞ്ഞുവന്നതും അരി പള്ളിക്കാരുടെ കൈവശത്തിലും ആയിരുന്നു. മെത്രാച്ചന്‍റെ കൈവശത്തില്‍ വന്ന രൂപയില്‍ നിന്ന് കോപ്പുകള്‍ വകയ്ക്ക് 50 രൂപാ വരെ പള്ളിക്കാര്‍ വായ്പ വാങ്ങിയിരുന്നത് തിരികെ അവര്‍ അദ്ദേഹത്തിന് കൊടുത്തില്ല. ആയത് ചെലവില്‍ തള്ളിയത് തന്നെയല്ല ശേഷിപ്പ് ഏകദേശം ഉദയംപേരൂര്‍ ഒത്തപറയില്‍ 30 പറ അരിയും ഉണ്ടായിരുന്നു. ആയതും പള്ളികാര്യത്തിലേക്ക് തന്നെ ചേര്‍ത്തിരിക്കുന്നു. ആയത് കൂടാതെ അന്നേ ദിവസം വന്നവരില്‍ അടിയന്തിരത്തിന് ചിലവ് നീക്കി 100 രൂപാ വരെ പള്ളിയ്ക്ക് മുതല്‍കൂട്ട് വന്നിരിക്കുന്നതും മെത്രാച്ചന് ചിലവ് വകയ്ക്ക് പള്ളിക്കാര്‍ പറ്റിയത് നീക്കി 150 രൂപായില്‍ അധികം അദ്ദേഹത്തിനും കിട്ടിയിരിക്കുന്നു. 40 ദിവസം വരെ മൂന്നിന്മേല്‍ കുര്‍ബാന ചൊല്ലിയ വകയ്ക്ക് പട്ടക്കാര്‍ക്ക് ഈ വരവില്‍ നിന്ന് കൊടുക്കണമെന്ന് പറഞ്ഞു എങ്കിലും ആയത് കൊടുക്കുകയും വാങ്ങുകയും ചെയ്തില്ല.
ബാവാ തിരുമനസിലെ നാല്പതടിയന്തിരവും കഴിഞ്ഞ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 30-ന് അസ്തമിച്ച് കൊച്ചിയ്ക്ക് പോകയും ചെയ്തു.
ബാവാ തിരുമനസു കൊണ്ട് കല്പിച്ച് എഴുതിയപ്രകാരം കബറടക്കം ചെയ്തശേഷം ആ സ്ഥലത്ത് 40-ാം ദിവസത്തിനിടയില്‍ കബറിന് മീതെ മദ്ബഹാ പോലെ കല്പിച്ച് എഴുതിയപ്രകാരം വളച്ച് തീര്‍ത്തതു തന്നെയല്ലാ ആയതിന്‍റെ ഉള്ളും കുമ്മായം തേച്ച് വെടിപ്പാക്കി. ഹൈക്കലായുടെ സ്ഥാനത്ത് തറയിട്ട് തീര്‍ന്നു. ഉടനെ ആയത് പണിയിച്ച് കൊള്ളാമെന്നും അവിടെ അച്ചന്മാരെ അടക്കണമെന്നും നിശ്ചയിച്ചത് തന്നെയല്ല ബാവായുടെ കബറിടം പണിതതിന് കിഴക്കു വശത്ത് തെക്കുവടക്ക് എടത്തെ ഒരു ഇടമതിലിന് തറയിട്ട് ആയതിനകത്ത് ക്രിസ്ത്യാനികളെ അടക്കണമെന്ന് നിശ്ചയിച്ച് അവിടെ അടക്കി വരുന്നു.
ഇതിനിടയില്‍ 11-ാമത് ലക്കത്തില്‍ പറഞ്ഞപ്രകാരം അനുജന്‍ മക്കുദിശാ ഗബ്രിയേല്‍ പോയശേഷം ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അദ്ദേഹത്തിന്‍റെ അനുവാദം കൂടാതെ മക്കുദിശാ തെക്കോട്ട് പോയി എന്നും കമ്പിതപാല്‍ വഴി പാത്രിയര്‍ക്കീസ് ബാവായ്ക്ക് അറിയിച്ചതില്‍ അദ്ദേഹത്തിന്‍റെ പേര്‍ വച്ചിട്ടില്ലെന്നും ബാവായുടെ സാമാനങ്ങളില്‍ പുസ്തകങ്ങള്‍ പോലും അദ്ദേഹത്തിന് കൊടുത്തില്ലാ എന്നും ബാവായുടെ മുദ്രയും കൊടുക്കാതെ കൊണ്ടുപോയിരിക്കുന്നു എന്നും മറ്റും മുഷിച്ചില്‍ പറഞ്ഞ് മക്കുദിശായുടെ പേരില്‍ കൊച്ചി ദിവാന്‍ജി അവര്‍കളുടെ പേര്‍ക്കും മറ്റും ഹര്‍ജി ബോധിപ്പിച്ചു.
ഹര്‍ജിയുടെ പകര്‍പ്പ്: എഴുതി ബോധിപ്പിക്കുന്നത്, നമ്മുടെ കാരണവനായ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ അവര്‍കള്‍ക്ക് ദീനം പരവശമായി ഇക്കഴിഞ്ഞ ചിങ്ങ മാസം 20-ന് കാലം ചെയ്യുകയും 22-ന് ശവം അടക്കുകയും ചെയ്തു. അദ്ദേഹത്തിനുള്ള മുതല്‍കാര്യങ്ങള്‍, ചമയക്കോപ്പുകള്‍, പൂജാപാത്രങ്ങളും പൊതുവില്‍ ചേരപ്പെടേണ്ടതും അങ്ങനെയുള്ളതൊക്കെയും പരിശോധിച്ച് തിട്ടം വരുത്തേണ്ടതിന് മുളന്തുരുത്തിയില്‍ ഇരിപ്പുള്ള പെട്ടിയും മുളന്തുരുത്തില്‍ ചാലില്‍ കുഞ്ഞിച്ചെറിയയുടെ പക്കല്‍ ഉള്ള 2000-ല്‍ ചില്വാനം ഉറുപ്പികയും ഇതുകൂടാതെ അദ്ദേഹത്തിന്‍റെ ദീനത്തിന്‍റെ കൂടുതലില്‍ പോരുമ്പോള്‍ അനുജനായ മക്കുദിശാ ഗബ്രിയേല്‍ എന്ന ആള്‍ കെട്ടിയിരിക്കുന്ന തിരുവല്ലായില്‍ ചാലക്കുഴിയില്‍ വച്ച് അപ്പോത്തിക്കിരികളെ വരുത്തി ഒന്നിച്ച് പരിശോധിക്കാം എന്നും മറ്റും പറഞ്ഞതിനെ പ്രമാണിച്ച് അനുജന്‍ മക്കുദിശായെ മുളന്തുരുത്തി പള്ളിയില്‍ അദ്ദേഹം കിടന്ന് മരിച്ച മുറിയില്‍ തന്നെ താമസിപ്പിച്ച് നാം താങ്കളെ കാണുന്നതിന് വേണ്ടി 23-ാം തീയതി കൊച്ചിയ്ക്ക് പോന്ന സമയത്തില്‍ മേല്പടി മക്കുദിശാ എന്ന ആള്‍ ചിലരുടെ ദുരാലോചന മേല്‍ ഇതൊന്നിച്ച് പട്ടികയില്‍ പറയുന്ന സാമാനങ്ങളും ചാലിയുടെ പക്കല്‍ സൂക്ഷിപ്പിന് വച്ചിരിക്കുന്ന രൂപാ 2000-ത്തില്‍ ചില്വാനവും കരസ്ഥമാക്കി ആ രാത്രിയില്‍ തന്നെ ബ്രിട്ടീഷ് ശീമ കൊച്ചികോട്ടയ്ക്ക് പോകയും ഇപ്പോള്‍ അവന്‍റെ കെട്ടിയവളുടെ ഭവനമായ തിരുവല്ലായ്ക്ക് പോയ പ്രകാരവും കേള്‍ക്കുന്നു. അതിനാല്‍ താങ്കളുടെ ദയവുണ്ടായി മേല്പടി മക്കുദിശാ ഗബ്രിയേല്‍ എന്നവനെ വരുത്തി അവന്‍ അപഹരിച്ചുകൊണ്ടുപോയിരിക്കുന്ന വസ്തുക്കള്‍ തരുവിച്ച് സങ്കടം തീര്‍ത്ത് രക്ഷിപ്പാന്‍ അപേക്ഷിക്കുന്നു.
എന്ന് കൊല്ലം 1050-ാമാണ്ട് കന്നി മാസം … തീയതി.
പട്ടികയുടെ പകര്‍പ്പ്.
ഇപ്രകാരം ഹര്‍ജിയും അതോടൊന്നിച്ച് പട്ടികയും കൊച്ചി ദിവാന്‍ജി അവര്‍കളെ ബോധിപ്പിച്ചാറെ ടി കാര്യം തഹസീല്‍ദാരെ മുറയ്ക്ക് ബോധിപ്പിക്കേണ്ടതാകുന്നു എന്ന് യാദാസ്തു കൊടുക്കുകയും പിന്നീട് കന്നി മാസം 18-ന് മുളന്തുരുത്തിയില്‍ നിന്നും കൊച്ചിയ്ക്ക് പോയി ദിവാന്‍ജി അവര്‍കളുമായി കണ്ട് തഹസീല്‍ദാരുടെ അടുക്കല്‍ ചെന്ന് വിസ്തരിക്കുന്നത് സങ്കടമെന്നും സമക്ഷത്തില്‍ തന്നെ കേട്ട് തീര്‍ച്ച വരുത്തണമെന്നും മറ്റും സങ്കടം ബോധിപ്പിക്കുകയാല്‍ ആയതിനെ സ്വീകരിച്ച് ഈ കാര്യം ഏതെല്ലാംപ്രകാരമെന്ന് വിചാരണക്ക് തഹസീല്‍ദാരുടെ പേര്‍ക്ക് ഉത്തരവയച്ച് വിചാരണ നടത്തുന്നതിനിടയില്‍ 40-ാം ദിവസം മക്കുദിശായും വന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ ഈ കാര്യത്തെക്കുറിച്ച് ഞാനും തുകലന്‍ കുഞ്ഞിപൈലോ എന്ന ആളും കുറുപ്പംപടിക്കല്‍ വെളിയത്ത് ഗീവറുഗ്ഗീസ് കോറിഎപ്പിസ്ക്കോപ്പായും കുന്നംകുളത്തൂ പനയ്ക്കല്‍ മാത്തുവും കോട്ടയത്തു കുന്നുംപുറത്തു കുര്യന്‍ റൈട്ടരും പാമ്പാക്കുട ഗീവറുഗ്ഗീസ് മല്പാനും കൂടി കേട്ടതില്‍ ബാവായുടെ സാമാനങ്ങള്‍ മെത്രാച്ചനുമായി ചോദിക്കാതെ ഓരോരുത്തര്‍ക്ക് തന്നിഷ്ടമായി മക്കുദിശാ കൊടുത്തതും കൊച്ചിയില്‍ നിന്ന് മെത്രാന്‍ വരുന്നതിന് മുമ്പ് മുളന്തുരുത്തിയില്‍ നിന്ന് പോയതും കമ്പിതപാലില്‍ അറിയിച്ചതില്‍ മെത്രാച്ചന്‍റെ പേര്‍ വക്കാതെ ഇരുന്നതും സാമാനങ്ങളിലും പുസ്തകങ്ങളിലും മെത്രാച്ചന് പ്രത്യേകിച്ചും ഉപയോഗപ്പെടുന്നത് അദ്ദേഹത്തിന് കൊടുക്കാതെ ഇരിക്കുന്നതും ശരി അല്ലെന്നും മറ്റും മക്കുദിശായോടും ഇപ്രകാരമൊക്കെയും മക്കുദിശാ പ്രവര്‍ത്തിച്ചു എങ്കിലും അവന്‍ പരദേശിയും ബാവായുടെ മരണത്താല്‍ വ്യസനിക്കപ്പെട്ടവനും ദുഃഖിതനും ആകയാല്‍ ആലോചന കൂടാതെയും ഇവകള്‍ ഓര്‍ക്കാതെയും ഹര്‍ജി ബോധിപ്പിച്ചത് യുക്തമായില്ലെന്ന് മെത്രാച്ചനോടും അറിയിക്കുകയാല്‍ ഇരുകൂട്ടക്കാരും നിങ്ങള്‍ കൂടി നിശ്ചയിക്കും വണ്ണം സമ്മതിക്കാമെന്ന് പറകയും ഞങ്ങള്‍ കൂടി ആലോചിച്ചതില്‍ ബാവായ്ക്ക് വളരെ സാമാനങ്ങള്‍ ഉണ്ടെന്ന് വരികിലും ബാവാ 1022-ാമാണ്ട് ഇവിടെ വന്നപ്പോള്‍ ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാച്ചന്‍ ബാവായ്ക്ക് കൊടുത്തിട്ടുള്ള കല്ലു വച്ച മോതിരവും ബാവായുടെ സ്താത്തിക്കോന്‍ മുതലായി പൊതുവിലേക്ക് വേണ്ടപ്പെടുന്ന സകല എഴുത്തുകുത്തുകളും ബാവായുടെ പട്ടംകൊട പുസ്തകവും മറ്റുമുള്ള പുസ്തകങ്ങളും ബാവായുടെ പക്കല്‍ ഇരിപ്പുണ്ടായിരുന്ന മൂറോനും മുദ്രയും മറ്റും മെത്രാച്ചന് കൊടുക്കുന്നതു കൂടാതെ കൊച്ചി കോട്ടയില്‍ മക്കുദിശാ ഗബ്രിയേല്‍ ലേലത്തില്‍ നിന്നും തിരിയെ വാങ്ങിയിരിക്കുന്ന പള്ളി ഇതുവരെ പണിയിച്ച് നന്നാക്കിയിട്ടില്ലാത്തതിനാല്‍ ആയത് പൊതുവില്‍ നന്നാക്കിക്കുന്നതിനും മറ്റും വേണ്ടി മക്കുദിശാ അധികാരം ഒഴിഞ്ഞ് പൊതുവിലേക്ക് എഴുതി കൊടുക്കണമെന്നും മേലാല്‍ യാതൊരുവിധ മുഷിച്ചിലും കൂടാതെ മെത്രാച്ചനുമായി യോജിച്ച് നടന്നുകൊള്ളണമെന്ന് മക്കുദിശായോടും സഹോദരനെപ്പോലെ സകലത്തിലും മക്കുദിശായെ വിചാരിച്ചുകൊള്ളണമെന്നും മറ്റും മെത്രാച്ചനോടും അറിയിച്ചു. ഇരു കൂട്ടക്കാരും തമ്മില്‍ യോജിച്ചു എങ്കിലും മുന്‍പറഞ്ഞപ്രകാരമുള്ള സാമാനങ്ങള്‍ കൊടുക്കുന്നതും പൊതുവിലേക്ക് പള്ളി എഴുതി കൊടുക്കുന്നതും ഈ തുലാ മാസം 10-ാം തീയതിക്കകം തിരുവല്ലായ്ക്കു പോയി കൊച്ചിയില്‍ എത്തി അവിടെ വച്ച് ആയി കൊള്ളാമെന്നും ആയതിന് ഞാന്‍ കൂടെ കൂടി ചെയ്യിക്കത്തക്കവണ്ണവും പറഞ്ഞു. മക്കുദിശാ 30-ന് തിരുവല്ലായ്ക്ക് പോകയും ചെയ്തു. പിന്നീട് മക്കുദിശാ പറഞ്ഞുപോയപ്രകാരം തിരുവല്ലായില്‍ നിന്ന് തിരിച്ച് വന്നില്ല. മെത്രാച്ചന്‍ 12-ാം തീയതി വരെ കൊച്ചിയില്‍ താമസിച്ചു. മക്കുദിശായെ കാണാഞ്ഞതിനാല്‍ അവിടെനിന്നും മല്പാനച്ചന്‍റെ ചാത്തം അടിയന്തിരത്തിനായി അവരുടെ അപേക്ഷപ്രകാരം പാമ്പാക്കുടയ്ക്ക് പോകയും ചെയ്തു.
(ശെമവൂന്‍ മാര്‍  ദീവന്നാസ്യോസ് രചിച്ച കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും. എഡിറ്റര്‍ ഫാ. ജോസഫ് ചീരന്‍)