ഗ്രിഗോറിയന്‍ കലണ്ടര്‍ / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

ഗണിത ശാസ്ത്രജ്ഞനായ ഫാദര്‍ ക്രിസ്റ്റഫര്‍ ക്ലാവിയൂസിന്‍റെയും വത്തിക്കാന്‍ ലൈബ്രേറിയനായ അലോഷ്യസ് ലിലിയസിന്‍റെയും പരിഷ്ക്കാര നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജൂലിയന്‍ കലണ്ടറിലെ പിശകു പരിഹരിച്ച് 1582 -ല്‍ പോപ്പ് ഗ്രിഗറി XIII ഏര്‍പ്പെടുത്തിയതാണ് ‘ഗ്രിഗോറിയന്‍ കലണ്ടര്‍’ (Gregorian Calendar). AD 730 ല്‍ വെനറബിള്‍ ബീഡ് (Venerable Bede) എന്ന ആംഗ്ലോ-സാക്സണ്‍ സന്യാസി, ഒരു വര്‍ഷം 365.25 ദിവസങ്ങളല്ലെന്നും 365.2522 ദിവസങ്ങളാണെന്നും അതുകൊണ്ട് ഒരു ജൂലിയന്‍ വര്‍ഷം 0.0078 ദിവസം (11 മിനിറ്റ് 14 സെക്കന്‍റ്) കൂടുതലാണെന്നും കണ്ടുപിടിച്ചു. പക്ഷേ നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും ഈ പിശകു പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ല.

1582 -ല്‍ പോപ്പ് ഗ്രിഗറി XIII നിഖ്യാ സുന്നഹദോസ് (325) മുതല്‍ അന്നുവരെ ജൂലിയന്‍ കലണ്ടറില്‍ ഏകദേശം 10 ദിവസത്തിന്‍റെ പിശകുണ്ടെന്നു കണക്കാക്കി. ഇതു പരിഹരിക്കാന്‍ 1582 ഒക്ടോബര്‍ നാല് വ്യാഴാഴ്ച കഴിഞ്ഞു വരുന്ന ദിവസം ഒക്ടോബര്‍ അഞ്ച് എന്നതിന് പകരം ഒക്ടോബര്‍ 15 വെള്ളിയാഴ്ചയായി കണക്കാക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1582 മാര്‍ച്ച് 11 -നു വസന്തവിഷുവം വന്നപ്പോള്‍ 1583-ല്‍ ഇത് നിഖ്യാ സുന്നഹദോസ് കാലത്തെപ്പോലെ മാര്‍ച്ച് 21 -നു തന്നെ വന്നു.

ജൂലിയന്‍ കലണ്ടറില്‍ നാലിന്‍റെ ഗുണിതങ്ങളായ എല്ലാ വര്‍ഷങ്ങളും അധിവര്‍ഷങ്ങളാണ്. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ 100 -ന്‍റെ ഗുണിതങ്ങളായ വര്‍ഷങ്ങള്‍ (Centesimal years), അവ നാലിന്‍റെ ഗുണിതങ്ങളാണെങ്കിലും സാധാരണ വര്‍ഷങ്ങളാണ്. അവയില്‍ 400 ന്‍റെ ഗുണിതങ്ങളായ വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങള്‍ തന്നെയായിരിക്കും. ജൂലിയന്‍ കലണ്ടറില്‍ 400 വര്‍ഷം കൊണ്ടു സംഭവിക്കുന്ന ഏകദേശം മൂന്നു ദിവസത്തിന്‍റെ വ്യത്യാസം ഗ്രിഗോറിയന്‍ കലണ്ടറില്‍ ഇങ്ങനെ പരിഹരിച്ചിരിക്കുന്നു. എങ്കിലും 0.0003 ദിവസത്തിന്‍റെ അതായത്, 10000 വര്‍ഷം കൊണ്ട് മൂന്നു ദിവസത്തിന്‍റെ വ്യത്യാസം അവശേഷിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ 4000 -ന്‍റെ ഗുണിതങ്ങളായ വര്‍ഷങ്ങളെ സാധാരണ വര്‍ഷങ്ങളായി പരിഗണിക്കുന്നു. ഈ ക്രമീകരണമുണ്ടായിട്ടും 20000 വര്‍ഷം കൊണ്ട് ഒരു ദിവസത്തിന്‍റെ വ്യത്യാസം ഉണ്ടാകുന്നുണ്ട്.

ഗ്രിഗോറിയന്‍ കലണ്ടറില്‍ 1700, 1800, 1900, 2100, 2200, 2300, 2500, …., 4000 തുടങ്ങിയ വര്‍ഷങ്ങള്‍ സാധാരണ വര്‍ഷങ്ങളാകുമ്പോള്‍ ജൂലിയന്‍ കലണ്ടറില്‍ ഇവ അധിവര്‍ഷങ്ങളാണ്. രണ്ടു കലണ്ടറിലും 1600, 2000, 2400, 2800, 3200, 3600, 4400, 4800, 5200 തുടങ്ങിയവ അധിവര്‍ഷങ്ങളാണ്.

ജൂലിയന്‍-ഗ്രിഗോറിയന്‍ കലണ്ടറുകളിലെ തീയതികള്‍ തമ്മിലുള്ള വ്യത്യാസം 1582-1700 കാലത്ത് പത്തും 1700-1800 കാലത്ത് പതിനൊന്നും 1800-1900 കാലത്ത് പന്ത്രണ്ടും 1900-2100 കാലത്ത് പതിമൂന്നും 2100-2200 കാലത്ത് പതിനാലും ആണ്. ജൂലിയന്‍ കലണ്ടറിലെ തീയതി ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതിയാക്കുന്നതിന് ഈ വ്യത്യാസം കൂട്ടണം; ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതി ജൂലിയന്‍ കലണ്ടറിലെ തീയതിയാക്കുന്നതിന് വ്യത്യാസം കുറയ്ക്കണം.

റോമന്‍ കത്തോലിക്കാ രാജ്യങ്ങള്‍ അധികം വൈകാതെ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചെങ്കിലും പല ഓര്‍ത്തഡോക്സ്-പ്രൊട്ടസ്റ്റന്‍റ് രാജ്യങ്ങളും 18 -ാം നൂറ്റാണ്ടുവരെ ഇതു സ്വീകരിച്ചില്ല. 1752 സെപ്റ്റംബര്‍ രണ്ടുകഴിഞ്ഞു വരുന്ന ദിവസം സെപ്റ്റംബര്‍ 14 ആയി പ്രഖ്യാപിച്ചുകൊ ണ്ടാണ് ബ്രിട്ടന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചത് (അന്ന് കലണ്ടറുകള്‍ തമ്മിലുള്ള വ്യത്യാസം 11 ദിവസമായിരുന്നു). 1800 മുതല്‍ 1840 വരെയുള്ള അധിവര്‍ഷങ്ങളെ സാധാരണ വര്‍ഷങ്ങളാക്കിക്കൊണ്ടാണ് സ്വീഡന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചത്. 1918 ജനുവരി 31 കഴിഞ്ഞുവരുന്ന ദിവസം ഫെബ്രുവരി 14 ആയി പ്രഖ്യാപിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. (1917 നവംബര്‍ ഏഴിന് റഷ്യയില്‍ നടന്ന ബോല്‍ഷെവിക് വിപ്ലവം ഒക്ടോബര്‍ വിപ്ലവമെന്ന് അറിയപ്പെടുന്നത് അന്ന് ജൂലിയന്‍ കലണ്ടറില്‍ 1917 ഒക്ടോബര്‍ 25 ആയിരുന്നതു കൊണ്ടാണ്). ജപ്പാന്‍ 1873 ലും ചൈന 1912 ലും ഗ്രീസും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും 1923 ലും ടര്‍ക്കി 1927 ലും പുതിയ രീതി സ്വീകരിച്ചു.

സുറിയാനി കണക്ക്

കേരളത്തിലെ സുറിയാനി സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നത് (1953 മെയ് 14) വരെ (1950 വരെയെങ്കിലും) തീയതികള്‍ രേഖപ്പെടുത്തിയിരുന്നത് പ്രത്യേക രീതിയിലാണ്. വര്‍ഷം ക്രിസ്ത്വബ്ദത്തിലേതും (ചിലപ്പോള്‍ മലയാള അബ്ദത്തിലേതുമാകാം). മാസം മലയാള അബ്ദത്തിലേതും തീയതി ജൂലിയന്‍ കലണ്ടറിലേതുമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജൂലിയന്‍ കലണ്ടറിലെ ജനുവരിക്ക് മകരം എന്നും ഫെബ്രുവരിക്ക് കുഭം എന്നും അങ്ങനെ ഡിസംബറിന് ധനു എന്നും പേരു പറയുന്നു. സുറിയാനി പഞ്ചാംഗത്തിലെ മാസങ്ങളും (കോനൂന്‍ഹ്രോയ് മുതല്‍ കോനൂന്‍ ക്ദീം വരെ) ഇതിനോടു ചേര്‍ന്നു വരും. സുറിയാനി കണക്കില്‍ 1912 കന്നി രണ്ട് എന്നത് ജൂലിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ രണ്ടും ഗ്രിഗോറിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ 15 ഉം ആണ് (13 ദിവസം വ്യത്യാസം).  ഇത് മലയാള അബ്ദത്തില്‍ 1088 ചിങ്ങം 31 ആണ്. അതുപോലെ 1876 ആഗസ്റ്റ് 27, 1876 ചിങ്ങം 31 ആണ്. അതുപോലെ 1876 ആഗസ്റ്റ് 27, 1876  ചിങ്ങം 15 (സു. ക.), 1052 ചിങ്ങം 13 (ങഋ) എന്നിവ ഒരേ ദിവസമാണ് (ഇവിടെ വ്യത്യാസം 12 ദിവസം). 1953 നു മുമ്പ് ചില സഭകള്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിച്ചിരുന്നത് അന്ന് സുറിയാനി കണക്കില്‍ ധനു 25 ആയതുകൊണ്ടാണ്.

സുറിയാനി കണക്കും പ
രുന്നാള്‍ തീയതികളും – വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ (Liturgical Calendar and Feast Dates: An article by Verghis John Thottappuzha
(Bethel Patrika December 2015 pp.15 – 16)

ആരാധനാവത്സരത്തിലെ വൈവിദ്ധ്യം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ