ചന്ദനപ്പള്ളി: ആഗോള തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓത്തഡോക്സ് വലിയപള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. രാവിലെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലെ സ്വര്‍ണക്കൊടിമരത്തില്‍ വികാരി ഫാ. ബിജു തോമസ് കൊടി ഉയര്‍ത്തി. ഫാ. കുര്യന്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ, ഫാ. ടി എം സാമുവേല്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന്വിവിധ കുരിശടികളിലും ഭവനങ്ങളിലും പെരുന്നാള്‍ കൊടി ഉയര്‍ത്തി.
പകല്‍ മൂന്നിന് പരമ്പരാഗത രീതിയിലുള്ള കൊടിമര ഘോഷയാത്ര ആരംഭിച്ചു. കുടമുക്ക് ഭാഗത്ത്നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് മുത്തുക്കുടകളും വാദ്യമേളങ്ങളും നിറപ്പകിട്ടേകി. ചെത്തിയൊരുക്കിയ കമുകിന്‍ കൊടിമരത്തില്‍ മാവില ചാര്‍ത്തി അലങ്കരിച്ചു. തുടര്‍ന്ന് കല്‍ക്കുരിശിങ്കല്‍ കൊടി ഉയര്‍ത്തി. ഘോഷയാത്രയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കൊടിമരഘോഷയാത്രയ്ക്ക് വികാരി ഫാ. ബിജു തോമസ്, ഫാ. കുര്യന്‍ വര്‍ഗീസ്, കോര്‍ എപ്പിസ്കോപ്പ, ഫാ. ഇടിക്കുള ഡാനിയേല്‍, ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, ഫാ. ജേക്കബ് ബേബി, ഫാ. ജേക്കബ് ഡാനിയേല്‍, ഫാ. ജേക്കബ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ഏഴിന് രാവിലെ മൂന്നിന്മേല്‍ കുര്‍ബാന, 10ന് സ്വര്‍ണകുരിശ് സമര്‍പ്പണം, 10.30ന് സെന്റ് ജോര്‍ജ് ഷ്രൈന്‍ എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന പദയാത്രികര്‍ക്ക് സ്വീകരണം. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന. പദയാത്ര സംഗമം, ജല വിഭവ മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. എട്ടിന് റാസ, 12ന് ഗാനമേള.
എട്ടിന് രാവിലെ ചെമ്പില്‍ അരിയിടീല്‍ കര്‍മം. തുടര്‍ന്ന് മൂന്നിന്മേല്‍ കുര്‍ബാന. 11.30ന് തീര്‍ത്ഥാടക സംഗമം ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്നിന് ചെമ്പെടുപ്പ് റാസ. അഞ്ചിന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്, ആറിന് ആശിര്‍വാദം, എട്ടിന് ഗാനമേള. 14ന് കൊടിയിറക്കോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.