നവോത്ഥാനം സഭയില്‍ സൃഷ്ടിക്കപ്പെടണം / ഫാ. ഡോ. ജോണ്‍ പണിക്കര്‍
നവോത്ഥാനം സഭയില്‍ സൃഷ്ടിക്കപ്പെടണം
ഫാ. ഡോ. ജോണ്‍ പണിക്കര്‍
1. മലങ്കരമെത്രാപ്പോലീത്താ സഭാഭരണഘടനയിലെ കേന്ദ്രബിന്ദുവാണ്.
ഭദ്രാസനങ്ങള്‍ ഭരണഘടനാനുസൃതം മലങ്കരമെത്രാപ്പോലീത്തായോടുള്ള വിധേയത്വം പുലര്‍ത്തണം. ഇടവകകളും ഭദ്രാസന കേന്ദ്രം വഴി മലങ്കര മെത്രാപ്പോലീത്തായോട് വിധേയത്വത്തില്‍ ആയിരിക്കണം. സഭാഭരണഘടന ഉറപ്പിക്കുന്ന ഈ സത്യം വികലമാക്കുന്ന ചില പ്രവണതകള്‍ അടിമുതല്‍ മുടിവരെ എല്ലാ രംഗങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും വരുന്നതിനാല്‍ വിഭാഗീയതയും അതുമൂലമുള്ള അരാജകത്വവും സഭാസാക്ഷ്യത്തിനു മങ്ങലേല്പിക്കുന്നു. ഭരണഘടനാനുസൃതം രൂപം കൊണ്ടിട്ടുള്ള ഭരണസമിതികള്‍ പരസ്പരവിശ്വാസത്തോടെ മലങ്കരസഭ എന്ന കാഴ്ചപ്പാടില്‍ ചുമതലകള്‍ നിര്‍വഹിക്കണം.
2. മലങ്കരസഭയുടെ തനിമയും ഉള്‍ഭരണ സ്വാതന്ത്ര്യവും ഉറപ്പിക്കുന്നതിന് കോടതിവിധികളും വ്യവഹാരങ്ങളും സഹായകമായിട്ടുണ്ട്. എന്നാല്‍ സമീപകാല സംഭവങ്ങള്‍ കോടതി വ്യവഹാരങ്ങളുടേയും വിധികളുടെയും സാധുതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ളവയാണ്. ‘കോടതിവിധികള്‍ പരിഹാരമല്ല’ എന്ന വിഘടിത വിഭാഗത്തലവന്‍റെ പ്രസ്താവനകളും അതിനു സര്‍ക്കാരും, മാധ്യമങ്ങളും, ഇതരസഭകളും നല്‍കുന്ന ഒത്താശകളും കൗശലത്തിന്‍റേതാണെന്ന് മനസ്സിലാക്കുവാന്‍ വിശ്വാസികള്‍ക്കു സാധിക്കുന്നില്ല. കോടതിവിധികള്‍ ഉണ്ടാകുന്നതിലെ കാലതാമസം, ഉണ്ടാകുന്ന വിധികള്‍ നടപ്പിലാക്കുവാന്‍ മടിക്കുന്ന സര്‍ക്കാരുകള്‍, സഭയിലെ കേസ് നടത്തിപ്പുകാരുടെ നിഷ്ക്രിയത, ഇങ്ങനെ പലതും സഭാമക്കളുടെ ചിന്താക്കുഴപ്പത്തിന് കാരണങ്ങളാണ്. ഇവയ്ക്കു പരിഹാരമുണ്ടാകണം. മലങ്കരസഭ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന സത്യം ഉറപ്പിക്കുകയും അതോടൊപ്പം ദൈവസ്നേഹം പങ്കിടീലിന്‍റെ അനുഭവമാക്കി വിട്ടുവീഴ്ചകള്‍ ആവശ്യമായിടത്ത് അപ്രകാരമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യണം.
3. സഭയിലെ പല ആഭ്യന്തരപ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ തുടരുന്നത് വിശ്വാസികളുടെ മനോബലം തകരുന്നതിനു കാരണമാകുന്നു. പ്രാദേശികതലങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് പ്രാദേശികതലത്തില്‍ തന്നെ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. സഭയുടെ ആരാധനാരീതികള്‍, ആരാധനാ സമയമാറ്റങ്ങള്‍ എന്നിവ സംബന്ധിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
4. പ. കാതോലിക്കാ ബാവാ ആത്മശിക്ഷണത്തിന്‍റെയും അച്ചടക്കത്തിന്‍റെയും പ്രധാനാചാര്യനാണ്. സഭയില്‍ അച്ചടക്കരാഹിത്യം ഉണ്ടാകുന്നത് പ. പിതാവിന് അസ്വസ്ഥത നല്‍കും. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും സ്വാശ്രയ വളര്‍ച്ചയ്ക്കുമൊക്കെ പ്രാധാന്യമുണ്ടെങ്കിലും അച്ചടക്കം പാലിച്ചെങ്കിലേ പറ്റുകയുള്ളു. ചിലരുടെ വ്യക്തിഗത വിഷയങ്ങളില്‍ നിന്നു ജനിക്കുന്ന പകയും വിദ്വേഷവും സഭയെ ആക്ഷേപിക്കുവാനും ശിഥിലീകരിക്കുവാനും ഉപയോഗിക്കുമ്പോള്‍ ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെടും. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നല്ലതാണെങ്കിലും വൈരനിര്യാതനബുദ്ധിയോടെ നടത്തുന്ന ‘തേജോവധ സംസ്കാരം’ ദൈവജനത്തിന്‍റെ ധാര്‍മ്മികതയെ നഷ്ടപ്പെടുത്തുന്നതാണ്.
5. സാമൂഹിക പ്രതിസന്ധികളോടുള്ള ക്രിയാത്മക പ്രതികരണം അത്യാവശ്യമാണ്. ന്യൂനപക്ഷാവകാശ സംരക്ഷണത്തിനുവേണ്ടി മലങ്കരസഭയുടെ അദ്ധ്യക്ഷന്മാരെ മുമ്പില്‍ നിര്‍ത്തി കാര്യം നേടുന്ന രീതി കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ ഇടയില്‍ ഉണ്ടെങ്കിലും ക്രൈസ്തവ സഭകളുടെയോ അവയിലെ അംഗങ്ങളുടെയോ അനാവശ്യ ഇടപെടലുകള്‍ മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളോടു ക്രിയാത്മക പ്രതികരണം നടത്തുവാന്‍ ആരും തയാറാകുന്നില്ല. വിഷയങ്ങളുടെ പ്രസക്തിയും പ്രതികരണങ്ങളുടെ ലക്ഷ്യവും മനസ്സിലാക്കി ദൈവികമായി പ്രതികരിക്കുവാന്‍ മലങ്കരസഭയ്ക്കു സാദ്ധ്യമാകണം.
6. സ്ഥാനങ്ങള്‍ക്ക് ഉചിതമായ പ്രവര്‍ത്തനശൈലി ഉണ്ടാകുന്ന സഭാസെക്രട്ടറിയേറ്റ് ആവശ്യമാണ്. പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥാനചലനം ഉണ്ടാകണം. സെക്രട്ടറിയേറ്റ് അംഗങ്ങളും ജീവനക്കാരും ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചുകൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകണം.
7. മലങ്കരസഭയുടെ മാര്‍ത്തോമ്മാ പൈതൃകം അര്‍ത്ഥവത്താകത്തക്ക രീതിയിലുള്ള ആത്മീയ നവോത്ഥാനം ആവശ്യമായിരിക്കുന്നു. റീത്ത്, പെന്തക്കോസ്ത് തുടങ്ങി വിവിധ സമൂഹങ്ങളിലേക്ക് കാലാകാലങ്ങളിലായി ചേക്കേറിയിരിക്കുന്ന വിശ്വാസികളേയും സമൂഹങ്ങളേയും മാതൃസഭയിലേക്ക് പുനരൈക്യപ്പെടുത്തുവാനുള്ള ജീവനും നവോത്ഥാനവും സഭയില്‍ സൃഷ്ടിക്കപ്പെടണം.
(പ. ദിദിമോസ് ബാവായ്ക്കു കാതോലിക്കാ സ്ഥാനം ലഭിച്ച 2005-ല്‍ ജോണ്‍ പണിക്കരച്ചന്‍ മലങ്കരസഭാ മാസികയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍)